Tuesday, July 21, 2009
കന്നിക്കൊയ്ത്ത് -സാമ്പ്രദായികപഠനം
കന്നിക്കൊയ്ത്തു്-പ്രശ്നാധിഷ്ഠിതബോധനം
Sunday, July 5, 2009
മലയാളത്തിന് അനുവദിക്കപ്പെട്ട സമയം
സര്‍ഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുക, സാഹിത്യ കൃതികള്‍ ആസ്വദിക്കുവാനുള്ള ശേഷി വളര്‍ത്തുക.
ആശയവിനിമയശേഷി വളര്‍ത്തുക.
വിവിധ സാഹിത്യ രൂപങ്ങളുടെ രചനാതന്ത്രങ്ങള്‍ പരിചയപ്പെടുത്തുക.
രചനാശേഷിയെ വിപുലമാക്കാന്‍ സഹായിക്കും വിധം വിവിധ സാഹിത്യരൂപങ്ങളെ കുറിച്ചുള്ള അറിവും അവബോധവും നല്‍കുക.
നമ്മുടെ കാലത്തെ ദൃശ്യ-ശ്രാവ്യ- ആശയ വിനിമയോപാധികള്‍ ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുക.
ആകെ പഠനസമയം 72 മണിക്കൂര്‍. ആകെ മൊഡ്യൂളുകള്‍ 4. അതുപ്രകാരം ഒരു മൊഡ്യൂളിനു് ലഭിക്കുന്ന പഠനസമയം 18 മണിക്കൂര്‍.
മൊഡ്യൂള്‍ 1: എഴുത്തിന്റെ സാമാന്യ നിയമങ്ങള്‍
a) ചെറുകഥ, കവിത, നോവല്‍, നാടകം, തിരക്കഥ എന്നീ സാഹിത്യരൂപങ്ങള്‍, വിവിധതരം എഴുത്തുകളുടെ സവിഷേഷതകള്‍ എന്നിവ പരിചയപ്പെടുക.
b) പ്രമുഖ എഴുത്തുകാര്‍ തങ്ങളുടെ രചനകളെക്കുറിച്ചു നടത്തിയ നിരീക്ഷണങ്ങള്‍ വായിക്കുക.
വിശദപഠനത്തിന്:
സര്‍ഗസാഹിതി
ഒരു കഥ ജനിക്കുന്നു (കാഥികന്റെ പണിപ്പുര) - എം.ടി.വാസുദേവന്‍ നായര്‍
എന്റെ കവിത - വൈലോപ്പിള്ളി (വൈലോപ്പിള്ളി സമ്പൂര്‍ണ്ണകൃതികള്‍, വാള്യം-2)
എന്റെ പണിപ്പുര (ഇടശ്ശേരിയുടെ പ്രബന്ധങ്ങള്‍) - ഇടശ്ശേരി
രംഗപ്രധാനം - ഒരു കല (നാടകദര്‍ശനം) - ജി. ശങ്കരപ്പിള്ള
കഥയില്‍ നിന്ന് തിരക്കഥയിലേക്ക് - ആര്‍.വി.എം.ദിവാകരന്‍ (ഭാഷാപോഷിണി 2006 ഫെബ്രുവരി)
വിശദപഠനത്തിനു് അഞ്ചു ലേഖനങ്ങള്‍. ആകെ സമയം 18 മണിക്കൂര്‍. ഒരു ലേഖനത്തിനു് 18/5 =3.6 മണിക്കൂര്‍. നോവല്‍, ചെറുകഥ എന്നിവയുടെ പ്രത്യേകതകള്‍ പരിചയപ്പെടുത്താനും ടെസ്റ്റ്‌പേപ്പര്‍, സെനിനാര്‍, അസൈന്‍മെന്റ് എന്നിവ നടത്താനുമുള്ള സമയം കൂടി ഇതില്‍നിന്നു കണ്ടെത്തണം.
മൊഡ്യൂള്‍ 2: രചനാപരിശീലനം
a) ഫീച്ചര്‍ റൈറ്റിങ്ങ് (റേഡിയോ, ടി.വി., പത്രം തുടങ്ങിയ മാധ്യമങ്ങളിലേക്കുള്ള ഫീച്ചറുകള്‍ തയ്യാറാക്കുന്ന വിധം) ലഘുലേഖ, ലിറ്റില്‍ മാഗസിന്‍, വാള്‍ മാഗസിന്‍ എന്നിവ തയ്യാറാക്കല്‍
b) വിജ്ഞാനാധിഷ്ഠിത പരിപാടികളുടെ സ്ക്രിപ്റ്റ്, ശാസ്ത്രം, സാഹിത്യം, കല, സിനിമ, സംഗീതം, സേ്പാര്‍ട്‌സ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ വ്യക്തികളുമായുള്ള അഭിമുഖം, ജീവചരിത്രക്കുറിപ്പുകള്‍ എന്നിവ തയ്യാറാക്കുന്ന വിധം.
c) നിലവിലുള്ള ഒരു സാഹിത്യകൃതി റേഡിയോ, ടി.വി. തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ അവലംബിക്കേണ്ട രീതികള്‍.
d) മലയാള ഭാഷയിലെ ശരിയായ രൂപങ്ങളെ പരിചയപ്പെടുക. ഉച്ചാരണം, വ്യാകരണം, പദകോശം, വരമൊഴി എന്നിവയില്‍ വിവധമാധ്യമരൂപങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം നടത്തുക.
സഹായകഗ്രന്ഥങ്ങള്‍
മലയാള ശൈലി - കുട്ടികൃഷ്ണമാരാര്‍
സാഹിത്യസാഹ്യം - എ.ആര്‍.രാജരാജവര്‍മ്മ
ഫീച്ചര്‍ രചന - എം.പി.സുരേന്ദ്രന്‍ (ഒലീവ്)
ദൃശ്യ ഭാഷ - കെ.എസ്.രാജശേഖരന്‍ (കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്)
ടെലിവിഷന്‍ ജേര്‍ണലിസം - വി. രാജഗോപാല്‍
പത്ര ഭാഷ - കേരള പ്രസ്സ് അക്കാദമി
മലയാളം സ്റ്റൈല്‍ പുസ്തകം - കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്
രണ്ടാം മൊഡ്യൂളില്‍ നാലുവിഭാഗങ്ങളാണുള്ളതു്. അതില്‍ ഓരോന്നിനും 4.5 മണിക്കൂര്‍ ലഭിക്കും. എ. വിഭാഗത്തില്‍ 1. റേഡിയോ, 2. ടി.വി., 3. പത്രം തുടങ്ങിയ മാധ്യമങ്ങളിലേക്കുള്ള ഫീച്ചറുകള്‍ തയ്യാറാക്കുന്ന വിധം, 4. ലഘുലേഖ, 5. ലിറ്റില്‍ മാഗസിന്‍, 6. വാള്‍ മാഗസിന്‍ എന്നിവ തയ്യാറാക്കല്‍ എന്നിങ്ങനെ ആറു് ഉപവിഭാഗങ്ങളില്‍ ഓരോന്നിനും ലഭിക്കുന്ന സമയം 45 മിനുട്ട്.
ബി. വിഭാഗത്തില്‍ 1വിജ്ഞാനാധിഷ്ഠിത പരിപാടികളുടെ സ്ക്രിപ്റ്റ്, 2ശാസ്ത്രം, 3സാഹിത്യം, 4കല, 5സിനിമ, 6സംഗീതം, 7സേ്പാര്‍ട്‌സ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ വ്യക്തികളുമായുള്ള അഭിമുഖം, 8ജീവചരിത്രക്കുറിപ്പുകള്‍ എന്നിവ തയ്യാറാക്കുന്ന വിധം എന്നിങ്ങനെ എട്ടു് ഉപവിഭാഗങ്ങളില്‍ ഓരോന്നിനും ലഭിക്കുന്ന സമയം 33മിനുട്ട്. ഇങ്ങനെയാണതിന്റെ പോക്കു്.
മൂന്നാം സെമസ്റ്ററിലെ മലയാളസാഹിത്യം എന്ന കോമണ്‍കോഴ്‌സില്‍ ഇതു് വളരെ പ്രകടമായി കാണാം.
ഉദ്ദേശ്യലക്ഷ്യങ്ങള്‍
മലയാളസാഹിത്യത്തെ സാമാന്യമായി പരിചയപ്പെടുത്തുകയും സാഹിത്യത്തില്‍ താല്പര്യം ജനിപ്പിക്കുകയും ചെയ്യുക.
വ്യത്യസ്ത സാഹിത്യ രൂപങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെ വിദ്യാര്‍ത്ഥിക്ക് പരിചയപ്പെടുത്തുകയും സാഹിത്യാസ്വാദനശേഷി വളര്‍ത്തുകയും ചെയ്യുക
സമകാലീന സാഹിത സിദ്ധാന്തങ്ങളെക്കുറിച്ച് സാമാനേപരിചയം ഉണ്ടാക്കുക.
പഠനസമയം 90 മണിക്കൂര്‍. ഒരു മൊഡ്യൂളിനു് 90/4 = 22.5
മൊഡ്യൂള്‍ 1
മലയാളകവിതയെക്കുറിച്ച് സാമാന്യമായ അറിവ് ലഭിക്കുന്ന പാഠഭാഗങ്ങളാണ് ഈ ഭാഗത്ത് നിര്‍ദേശിക്കുന്നത്. ഇതിഹാസം, മഹാകാവ്യം, ഖണ്ഡകാവ്യം, ഭാവഗീതി എന്നീ സാഹിത്യരൂപങ്ങളെക്കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തിക്കൊണ്ടായിരിക്കണം വിശദപഠനം നടത്തേണ്ടത്.
a) ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, പൂന്താനം, രാമപുരത്ത് വാര്യര്‍, ഉണ്ണായി വാര്യര്‍ തുടങ്ങിയവരുടെ രചനാരീതികളെ സാമാന്യമായി പരിചയപ്പെടുത്തി താഴെ പറയുന്ന കവിതാഭാഗങ്ങള്‍ വിശദമായി പഠിക്കുക.
1.ഗോവര്‍ദ്ധനോദ്ധാരണം (കൃഷ്മഗാഥ) - ചെറുശ്ശേരി
തന്നെയവന്നുള്ളോരെല്ലാരുമിങ്ങനെ.....
............ ആനന്ദഗാനം തുങ്ങിനാനേ..)
2. ഗാന്ധാരീവിലാപം (സ്ത്രീപര്‍വ്വം) എഴുത്തച്ഛന്‍
3. കല്ല്യാണസൗഗന്ധികം - കുഞ്ചന്‍ നമ്പ്യാര്‍
അതുകണ്ടുഹനുമാനുമതുലം......
.................വീണുവണങ്ങി പദാന്തേ.....)
b) ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരുടെ രചനകള്‍ സാഹിത്യചരിത്രത്തിലുണ്ടാക്കിയ ഭാവുകത്വവ്യതിയാനം തിരിച്ചറിയുക. ഇവരുടെ ഒരു ഖണ്ഡകാവ്യമോ കവിതാഭാഗമോ വിശദമായി പഠിക്കുകയും അക്കാലത്തെഴുതിയ മറ്റു കവികളുടെ രചനകളെ പരിചയപ്പെടുകയും ചെയ്യുക.
വിശദപഠനത്തിനു്
ചണ്ഡാലഭിക്ഷുകി (രണ്ടാം ഖണ്ഡം) - കുമാരനാശാന്‍
മലകേറല്‍ (തപ്തഹൃദയം) - ഉള്ളൂര്‍
ഒരുതോണിയാത്ര - വള്ളത്തോള്‍
c) നവോത്ഥാനകാലത്തും അതിനുശേഷവുമുള്ള കവിതാ ചരിത്രം സാമാന്യമായി മനസ്സിലാക്കുക, പുതിയ കവിതകളുടെ സവിശേഷതകള്‍ മനസ്സിലാക്കുക. ആറുകവിതകളുടെ സമാഹാരത്തില്‍ മൂന്നെണ്ണം വിശദമായി പഠിക്കുക.
1. സര്‍പ്പക്കാട് - വൈലോപ്പിള്ളി
2. കറുത്തചെട്ടിച്ചികള്‍ - ഇടശ്ശേരി
3. ബാക്കിവല്ലതുമുണ്ടോ - എന്‍.വി. കൃഷ്ണവാരിയര്‍
4. പാവം മാനവഹൃദയം - സുഗതകുമാരി
5. മാമ്പഴക്കാലം - പി.പി. രാമചന്ദ്രന്‍
6. അലഞ്ഞുതിരിയുന്ന കവിത - റഫീക്ക് അഹമ്മദ്
(വൈലോപ്പിള്ളി, സുഗതകുമാരി, റഫീക്ക് അഹമ്മദ് എന്നിവരുടെ കവിതകളാണ് ഈ സെമസ്റ്ററില്‍ പഠിക്കേണ്ടത്)
മൂന്നു വിഭാഗങ്ങളിലായി 9 കൃതികള്‍. ഓരോന്നിനും ലഭിക്കുന്ന സമയം 22.5/9 = 150 മിനുട്ട്, അഥവാ രണ്ടര മണിക്കൂര്‍.
Sunday, June 21, 2009
കുറിഞ്ഞിയില്‍ ഡോ.സോമനാഥന്റെ ലേഖനത്തിനു് വന്ന പ്രതികരണത്തിനു് മറുപടി
Thursday, June 18, 2009
മലയാളത്തിന്റെ പുതിയ പാഠ്യപദ്ധതി
Tuesday, June 9, 2009
മലയാളത്തിനും വേണോ ഒരു ശങ്കരസര്‍വ്വകലാശാല?
തര്‍ജ്ജനി ജൂണ്‍ ലക്കം എഡിറ്റോറിയല്‍
തഞ്ചാവൂരില്‍ തമിഴു് സര്‍വ്വകലാശാലയുണ്ടു്, കുപ്പത്തു് തെലുഗു് സര്‍വ്വകലാശാലയുണ്ടു്, എന്തിനു്, കാലടിയില്‍ സംസ്കൃതത്തിനും സര്‍വ്വകലാശാലയുണ്ടു്. എന്നിട്ടും മലയാളത്തിനു് ഒരു സര്‍വ്വകലാശാല വേണം എന്നു് നമ്മുടെ സാംസ്കാരികനായകന്മാര്‍ക്കു് തോന്നാതിരിക്കാന്‍ കാരണമെന്താണു്? മലയാളത്തിനു് സര്‍വ്വകലാശാല വേണം എന്നു് ഇതു വരെ ആരും പറയാതെയല്ല. പക്ഷേ അതെല്ലാം മലയാളവാരം കൊണ്ടാടുമ്പോള്‍ മലയാളം രണ്ടാം ഭാഷയാണ് ഇപ്പോഴും നമ്മുക്കു് എന്ന പോലെ ഒരു പരിഭവം പറച്ചില്‍ മാത്രമായിരുന്നു. പോയാലൊരു വാക്കു്, കിട്ടിയാല്‍ ഒരാന എന്ന മട്ടില്‍. അത്ര കടുത്ത ഭാഷാഭ്രാന്തില്ലാത്തവരായതിനാല്‍ മലയാളികളാരും അതു് കാര്യമാക്കിയിരുന്നില്ല. ഇപ്പോഴും സ്ഥിതി അങ്ങനെ തന്നെ. എന്നാലും മലയാളത്തിനു് ഒരു സര്‍വ്വകലാശാല വേണം എന്ന വാദം ഇപ്പോള്‍ ശക്തമായി ഉയര്‍ന്നു വരുന്നുണ്ടു്. പാഠ്യപദ്ധതിയില്‍ മലയാളം പ്രാന്തവത്കരിക്കപ്പെടുകയോ പടിയിറക്കപ്പെടുകയോ ചെയ്യുന്ന നടപ്പുസാഹചര്യത്തില്‍ അതിനെതിരെ സംസാരിക്കുന്നവരില്‍ ഒരു വിഭാഗമാണു് ഇപ്പോള്‍ ഈ വാദം ഉന്നയിക്കുന്നതു്. കേരളത്തില്‍ ഓരോ ജില്ലയിലും മലയാളവേദി രൂപീകരിച്ചു് പ്രവര്‍ത്തനം നടത്തുന്ന ഒരു സംഘം ഉന്നയിക്കുന്ന വാദം എന്ന നിലയില്‍ മുന്‍കാലത്തെ വെറും പറച്ചിലിന്റെ കൂട്ടത്തില്‍ കളയേണ്ടതല്ല ഇത്. അദ്ധ്യാപകരും സാംസ്കാരികപ്രവര്‍ത്തകരും ഇന്നു് സര്‍വ്വകലാശാലാവാദത്തിന്റെ പക്ഷത്തില്‍ നിലയുറപ്പിച്ചിട്ടുണ്ടു്.
മലയാളഭാഷ പ്രാന്തവത്കരിക്കപ്പെടാനുള്ള കാരണം അതു് നമുക്കു് ജ്ഞാനത്തിന്റെ ഭാഷയല്ലാത്തതിനാലാണു് എന്നും മലയാളഭാഷയെ ജ്ഞാനഭാഷയായി വികസിപ്പിച്ചെടുക്കണമെന്നും അതിനു് മലയാള സര്‍വ്വകലാശാല വേണം എന്നും പുതിയ സര്‍വ്വകലാശാലാവാദത്തെ സംഗ്രഹിക്കാം. ഒരു പക്ഷേ, സര്‍വ്വകലാശാലാവാദത്തിന്റെ സൂക്ഷ്മവിശാദാംശങ്ങള്‍ ഈ സംക്ഷേപണപ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കയില്ല. എന്നിരുന്നാലും വാദത്തിന്റെ യുക്തി മനസ്സിലാക്കാന്‍ ഇത്രയും മതി. സര്‍വ്വകലാശാലയില്‍ കുറഞ്ഞ ഒരു പ്രശ്നപരിഹാരത്തെക്കുറിച്ചു് ആലോചിക്കുന്നില്ല. മാത്രമല്ല, മേല്പറഞ്ഞ ലക്ഷ്യം നേടുവാനായി നിലവിലുള്ള സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കുന്നതിനെക്കുറിച്ചോ, അവയില്‍ പുതിയ ചില വിഭാഗങ്ങള്‍ ആരംഭിച്ചു് പ്രശ്നപരിഹാരം സാദ്ധ്യമാവുമോ എന്നതിനെക്കുറിച്ചോ ഒന്നും ആലോചിക്കാതെ പുതിയ ഒരു സര്‍വ്വകലാശാല തന്നെ വേണം എന്നു് വാദിക്കുമ്പോള്‍, അതു് ഉദ്ദിഷ്ടഫലം നല്കുമോ എന്നു് ആലോചിക്കേണ്ടതല്ലേ?
തിരുവനന്തപുരത്തുള്ള കേരള സര്‍വ്വകലാശാലയാണല്ലോ കേരളത്തിലെ ആദ്യത്തെ സര്‍വ്വകലാശാല. രാജഭരണത്തിന്റെ കാലത്തു് സ്ഥാപിക്കപ്പെട്ട ആ സര്‍വ്വകലാശാലയുടെ ആദ്യനാളുകള്‍ അത്യുന്നതമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. സര്‍വ്വകലാശാലയുടെ പ്രഖ്യാപിതമായ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനം കേരളത്തിലെ ഭാഷയും സാഹിത്യവും പരിപോഷിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടത്തുക എന്നതായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനും കണ്ടത്തില്‍ വറുഗീസുമാപ്പിളയും കൂട്ടരും ഭാഷാപോഷിണിസഭ സ്ഥാപിക്കുമ്പോള്‍ പ്രഖ്യാപിച്ച ലക്ഷ്യവും ഇതു തന്നെയായിരുന്നു. കേരളത്തില്‍, കാലാന്തരത്തില്‍ സ്ഥാപിക്കപ്പെട്ട സമസ്തസര്‍വ്വകലാശാലകളുടേയും പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ഭാഷയും സാഹിത്യവും മുഖ്യസ്ഥാനം നേടിയിട്ടുണ്ടു്. ഭാഷാപോഷണത്തിനായി, സര്‍വ്വകലാശാലയ്ക്കു പുറമെ കേരള സാഹിത്യ അക്കാദമിയും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കപ്പെട്ടിട്ടുണ്ടു്. ഇവയെല്ലാം പ്രഖ്യാപിതലക്ഷ്യം സാധിക്കാന്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചുവെന്നു് കണക്കാക്കുകയാണെങ്കില്‍ ഒരു നൂറ്റാണ്ടിലേറെക്കാലം അദ്ധ്വാനിച്ചിട്ടും മലയാളം പരിപുഷ്ടമായില്ല എന്നു വേണം കരുതാന്‍. അങ്ങനെയെങ്കില്‍, ആരു് ശ്രമിച്ചാലും രക്ഷിച്ചെടുക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ഗുരുതരമായ പ്രശ്നം മലയാളഭാഷയ്ക്കുണ്ടായിരിക്കണം.
ഭാഷയ്ക്കു് സഹജമായുള്ള പ്രശ്നം കൊണ്ടല്ല അതു് പരിപുഷ്ടമാവാതെ പോയതെങ്കില്‍ നമ്മുടെ സര്‍വ്വകലാശാലകളും സാഹിത്യ അക്കാദമിയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്നും ഉത്തരവാദപ്പെട്ടവര്‍ അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും വേണം കരുതുവാന്‍. ആരൊക്കെയായിരുന്നു ഇത്തരം സ്ഥാപനങ്ങളെ മുന്‍കാലത്തു് നയിച്ചിരുന്നതു് എന്നു് പരിശോധിക്കുമ്പോഴാണു് ഇങ്ങനെ പറയാമോ എന്നു് സംശയം തോന്നുന്നതു്. ഇന്നു് നയിക്കുന്നവരുമായി ഒരു താരത്യമ്യം പോലും സാദ്ധ്യമാവാത്ത നിലയില്‍ ഔന്നത്യമുള്ളവര്‍. ആ മഹാരഥന്മാരെ, പാര്‍ട്ടി നോമിനികളോടൊപ്പം ചേര്‍ത്തു പറയുക എന്നതു തന്നെ മഹാപാപമാണു്. മഹാരഥന്മാരായ നായകരോടൊപ്പമുണ്ടായിരുന്നവരുടെ കഴിവില്ലായ്മ കാരണം അവര്‍ വിഭാവനം ചെയ്ത പദ്ധതികള്‍ പരാജയപ്പെട്ടു പോയതാണോ? ഇവിടെയാണു് മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും കാണാന്‍ പോയ നിവേദകസംഘത്തില്‍ ഉണ്ടായിരുന്ന ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ പേരു് ശ്രദ്ധേയമാകുന്നതു്.
ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ കേരള സര്‍വ്വകലാശാലയിലെ മലയാളം വകുപ്പിന്റെ നായകനായിരുന്ന കാലത്താണു് അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ ഒന്നാം ലോക മലയാളസമ്മേളനം സംഘടിപ്പിക്കപ്പെട്ടതു്. അക്കാലത്തെ പത്രത്താളുകള്‍ പരിശോധിച്ചു നോക്കുക. അതിരൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണു് അന്നു് അദ്ദേഹം നേരിടേണ്ടി വന്നതു്. ഏറെപ്പേരൊന്നുമുണ്ടായിരുന്നില്ല അനുമോദിക്കാന്‍. ലോകമലയാളം എന്നതു തന്നെ പരിഹാസവിഷയമാണു്. പുതുശ്ശേരി രാമചന്ദ്രന്‍ എതിര്‍ക്കപ്പെടാന്‍ കാരണമെന്തായിരുന്നു. നമ്മുടെ രാഷ്ട്രീയ-സാംസ്കാരികനായകന്മാര്‍ അന്നു് കൈക്കൊണ്ട നിലപാടു് എന്തായിരുന്നു?
മറ്റു വല്ല ഭാഷയും പഠിച്ചു് എവിടെയെങ്കിലും പണിതേടിപ്പോകാനുള്ള മലയാളികളോടു് മലയാളം പഠിക്കാന്‍ പറയുന്നതിലെ യുക്തിരാഹിത്യം ഒരു നെടുങ്കന്‍ യുക്തിയായി എല്ലായ്പോഴും പറയാറുള്ള കേരളീയരുടെ നിലപാടില്‍ ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോള്‍ മലയാളത്തിനു് വേണ്ടി വാദിക്കുന്ന അദ്ധ്യാപകര്‍ അവരുടെ ജോലിസ്ഥിരതയെക്കുറിച്ചുള്ള ആശങ്ക കാരണമാണു് ബഹളമുണ്ടാക്കുന്നതു് എന്നാണു് നമ്മുടെ വിദ്യാഭ്യാസാസൂത്രകര്‍ പോലും കണക്കാക്കുന്നതു്. അതിനാല്‍, അദ്ധ്യാപകരുടെ ആശങ്കയകറ്റാന്‍ ആരുടെയും പണി പോകില്ല എന്ന ഉറപ്പാണു് ആസൂത്രകര്‍ നല്കുന്നതു്. ഭാഷാദ്ധ്യാപകര്‍ക്കു് തൊഴിലുറപ്പുപദ്ധതിയാണോ വേണ്ടതു് എന്ന പ്രസക്തമായ ചോദ്യം തൃശ്ശൂര്‍ പാഠ്യപദ്ധതിശില്പശാലയില്‍ പങ്കെടുത്ത ഒരു അദ്ധ്യാപകന്‍ അന്നു് ചോദിക്കുകയുണ്ടായി. ഒരു ചോദ്യം ഇതാണു്: പുതുശ്ശേരി രാമചന്ദ്രന്‍ അന്നു് അസ്വീകാര്യനും ഇന്നു് സ്വീകാര്യനാവുകയും ചെയ്യുന്നതു് എന്തുകൊണ്ടാണു്? അതിലെ യുക്തി ഭാഷയുമായി ബന്ധപ്പെട്ടതു മാത്രമാണോ?
ഭാഷയായാലും പൗരാവകാശമായാലും വിചിത്രയുക്തികള്‍ നിരത്തുന്ന ബുദ്ധിജീവികള്‍ അധിവസിക്കുന്ന ദേശമാണു് കേരളം. അധികാരത്തിന്റെ ഇടനാഴികളില്‍ എത്തിച്ചേരാനും അതിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും ആവശ്യമായ അളവില്‍ വികൃതമായ രാഷ്ട്രീയബോധവും വിധേയത്വവും കൊണ്ടു നടക്കുകയെന്നതാണു് കേരളീയ ബുദ്ധിജീവികളുടെ രീതി. ഏതെങ്കിലും രാഷ്ട്രീയജീര്‍ണ്ണതയെ സ്വന്തം പക്ഷമായി ഏറ്റെടുത്തു് കൊണ്ടുനടക്കുകയും അതിനു വേണ്ടി അധരസേവനം ചെയ്യുകയുമാണു് തങ്ങളുടെ ദൗത്യം എന്നു് അവര്‍ നിശ്ചയിക്കുന്നു. എതിര്‍പക്ഷത്തെ അവഹേളിക്കുവാന്‍ എന്തും ചെയ്യുക എന്ന നിലയിലുള്ള പുരോഗതി ഈ ബുദ്ധിജീവികള്‍ കൈവരിച്ചിട്ടുണ്ടു്. നിര്‍ല്ലജ്ജമായ ഈ പാദദാസ്യം യോഗ്യതയായി ചുമന്നു നടക്കുന്നവരാണു് സര്‍വ്വകലാശാലകളിലും അക്കാദമികളിലും ഇന്‍സ്റ്റിറ്റിയൂട്ടിലും നായകരായി നിയോഗിക്കപ്പെടുന്നതു്. ബിരുദതലത്തില്‍ പഠിച്ച സയന്‍സിന്റെ ബലത്തില്‍ കൊച്ചിയിലെ ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാലയുടെ തലപ്പത്തു് സാഹിത്യനിരൂപകന്‍ അവരോധിക്കപ്പെട്ടതു് മുതല്‍ സംസ്കൃതസര്‍വ്വകലാശാലയിലെ അസംസ്കൃത വൈസ്ചാന്‍സലര്‍മാര്‍വരെ മാതൃകകളായി നമ്മുടെ മുന്നിലുണ്ടു്. ശാസ്ത്രജ്ഞരും സംസ്കൃതപണ്ഡിതരും പുറത്തു നില്ക്കട്ടെ, നമ്മുടെ ഒരാള്‍ അവിടെ ഇരിക്കട്ടെ എന്നതാണു് ന്യായം. എന്താണു് ഇങ്ങനെ നിയോഗിക്കപ്പെടുന്നവരുടെ ദൗത്യം? അവരെ നിയോഗിച്ച യജമാനന്മാരുടെ താല്പര്യത്തിനു് പാകത്തില്‍ കാര്യങ്ങള്‍ നടത്തുക. അവിടെ ന്യായവും നീതിയും ശരിതെറ്റുകളും ഒന്നുമില്ല. സര്‍വ്വകലാശാലകളെക്കുറിച്ചു് പത്രത്തില്‍ വരുന്ന വാര്‍ത്തകളോരോന്നും ഇതു് ശരിവെക്കുന്നവയാണു്. രാഷ്ട്രീയയജമാനന്മാരുടെ ഉച്ചക്കിറുക്കുകള്‍ക്കു് വിധേയരാവാന്‍ വിസമ്മതിക്കുന്നവരെ ഏതൊക്കെ രീതിയില്‍ പീഡിപ്പിക്കാമോ, അതെല്ലാം ചെയ്യുക,അതിനു കൂട്ടു നില്ക്കുക; ഇങ്ങനെ നിരവധി വാര്‍ത്തകള്‍ നിത്യേനയെന്നോണം നമ്മള്‍ കേള്‍ക്കുന്നു.
കാഞ്ചി കാമകോടിപീഠം പണം നല്കാമെന്നു പറഞ്ഞതിനാലാണു് കാലടിയില്‍ സംസ്കൃതസര്‍വ്വകലാശാല തുടങ്ങിയതു്. സംസ്കൃതഭാഷയോടും അതില്‍ സംഭൃതമായ ഭാരതീയവൈജ്ഞാനികതയുടെ ബൃഹദ്ശേഖരത്തോടുമുള്ള താല്പര്യമൊന്നുമായിരുന്നില്ല സംസ്കൃതസര്‍വ്വകലാശാല സ്ഥാപിക്കപ്പെടുന്നതിന്നു പിന്നില്‍. കാമകോടിപീഠം കാശു കൊടുത്തു, സര്‍വ്വകലാശാല നിവലില്‍ വരികയും ചെയ്തു. അതിന്റെ ആദ്യത്തെ ഗുണഭോക്തൃക്കള്‍ കേരള ഹൈക്കോടതിയിലെ വക്കീല്‍മാരാണു്. കാരണം, അവിടെ നടന്ന നിയമനങ്ങള്‍ എല്ലാം ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണു്. അതിനാല്‍ ഒന്നാംവട്ടം നിയമിക്കപ്പെട്ടവര്‍ ഭൂരിപക്ഷവും പുറത്താക്കപ്പെട്ടു. വീണ്ടും നടന്നു നിയമനം. അതും അഴിമതിയുടെ പുതിയ നിലവാരം തന്നെ സൃഷ്ടിക്കുന്ന വിധത്തില്‍ ചട്ടത്തിനു വിരുദ്ധമായിരുന്നു. ഇതുവരെ അവിടെ നടന്ന അദ്ധ്യാപകനിയമനങ്ങളൊന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാതിരുന്നിട്ടില്ല. ചട്ടവിരുദ്ധതയും അഴിമതിയും ഏതു നിലയിലാണു് സംസ്കൃതത്തെ പോഷിപ്പിക്കുന്നതു്? നിയമനത്തില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണവും കോടതിവ്യവഹാരവും മറ്റു് സര്‍വ്വകലാശാലകളിലും ഉണ്ടാവാറുണ്ടു്. എന്നാല്‍ ഇക്കാര്യത്തില്‍ ലോക റെക്കോഡിനു വേണ്ടിയുള്ള മത്സരത്തിലാണു് എന്നു് തോന്നിപ്പിക്കുന്ന വിധത്തിലാണു് ശങ്കരസര്‍വ്വകലാശാല. അങ്ങനെയിരിക്കെ അവിടെ നിയമിക്കപ്പെട്ട ഒരു വൈസ് ചാന്‍സലര്‍ അദ്ധ്യാപകരുടെയും ജീവനക്കാരുടേയും എതിര്‍പ്പുകാരണം ചക്രശ്വാസം വലിച്ചു. അദ്ദേഹം സംസ്കൃതത്തിന്റെ ആളായതുകൊണ്ടോ അല്ലാത്തതുകൊണ്ടോ ആയിരുന്നില്ല എതിര്‍പ്പു്. വൈസ് ചാന്‍സലര്‍മാരുടെ ചെയ്തികള്‍ക്കെതിരെ സമരം ഉണ്ടാകുന്നതു് പതിവാണു്. എന്നാല്‍ ഇദ്ദേഹത്തിന്റെ ചെയ്തികള്‍ ആരംഭിക്കുന്നതിന്നു മുമ്പുതന്നെ സമരം തുടങ്ങി. വൈസ്ചാന്‍സലര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പേ അദ്ദേഹത്തിനെതിരെ സമരം ചെയ്താലും ന്യായീകരിക്കപ്പെടുന്ന അന്തരീക്ഷമാണു് സര്‍വ്വകലാശാലയില്‍ നിലവിലുള്ളത് എന്നു പറഞ്ഞാല്‍ പോലും അതിശയോക്തിയല്ല. സംസ്കൃതത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട ഈ സര്‍വ്വകലാശാലയുടെ വിശേഷം ആയിരം നാവുള്ള അനന്തനു പോലും പറഞ്ഞു തീര്‍ക്കാനാവില്ല. ഈ വിശേഷങ്ങളൊന്നും സംസ്കൃതവുമായി ഒരു നിലയിലും ബന്ധപ്പെട്ടതല്ല. സര്‍വ്വകലാശാല എന്ന അസംസ്കൃതസ്ഥാപനത്തിന്റെ വിശേഷമാണു് അതെല്ലാം.
ഇങ്ങനെ ഒരു സര്‍വ്വകലാശാല മാതൃകയായിടത്ത് മലയാളത്തിനു് ഒരു സര്‍വ്വകലാശാല ഉണ്ടായാല്‍ അതു് നിലവിലുള്ള സര്‍വ്വകലാശാലകളില്‍ നിന്നു് ഈ അസംസ്കൃതാവസ്ഥയില്‍ വല്ല വ്യത്യാസവും ഉണ്ടാക്കുമോ? ഉണ്ടാകും എന്നു് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ ഈ നാട്ടില്‍ ജീവിക്കുന്നവരായിരിക്കില്ല. ഈ നാട്ടില്‍ ജീവിക്കുന്നവര്‍ ആരെങ്കിലും അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ അവിടെ വൈസ് ചാന്‍സലര്‍, പ്രോവൈസ് ചാന്‍സലര്‍, റജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ തുടങ്ങി ഗുമസ്തവൃത്തി വരെയുള്ള ഏതെങ്കിലും പദവിക്കായി കുപ്പായം തുന്നിവെച്ചവരായിരിക്കും.
Friday, May 22, 2009
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍(2009 മെയ് 17) വി. സി. ശ്രീജന്‍ നല്കിയ അഭിമുഖത്തില്‍നിന്നു്
വി.സി.ശ്രീജന്‍: കുട്ടികള്‍ മൂല്യങ്ങള്‍ സ്വാംശീകരിക്കുന്നതു് ഭാഷാസാഹിത്യപഠനത്തിലൂടെയാണു്. മുസ്ലിം, കൃസ്ത്യന്‍ സമുദായങ്ങള്‍ കുട്ടികളെ മതമൂല്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടു്. ഹിന്ദു സമുദായത്തില്‍ കുട്ടികളെ മതമൂല്യങ്ങള്‍ പഠിപ്പിക്കുന്നില്ല എന്നാണു് എന്റെ അറിവു്. വഴിപാടു നടത്തിയാല്‍ ദൈവം തന്റെ കാര്യം മാത്രം ശരിയാക്കിത്തരും എന്നതിനപ്പുറം മറ്റൊന്നും കുട്ടി മനസ്സിലാക്കുന്നില്ല. ഇന്നുള്ള സാഹിത്യപഠനം നിര്‍ത്തിയാല്‍ പരോക്ഷമായ മൂല്യപാഠം പോലും ഹിന്ദുമതത്തിലെ കുട്ടികള്‍ക്കു് നഷ്ടമാവും. ആ കുട്ടികള്‍ വലുതായി തട്ടിപ്പും വെട്ടിപ്പും നടത്തിയാല്‍ കുറ്റം പറയാനാവില്ല. ആഗോളവാദത്തിനു പ്രാദേശികസംസ്കൃതികള്‍ നശിച്ചു കിട്ടിയാല്‍ സന്തോഷമായിരിക്കും. അതിനു പറ്റിയ വിദ്യ ഭാഷാസാഹിത്യങ്ങളെ ഉപേക്ഷിക്കുന്നതാണു്. പക്ഷെ യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ക്കൂളുകളില്‍ ഭാഷകളും പ്രാദേശിക ഡയലക്ടുകളും കലയും രാജ്യചരിത്രവും പൗരധര്‍മ്മവും സംഗീതവുമെല്ലാം പഠിപ്പിക്കുന്നു. ഐച്ഛികമായി മതപഠനം പോലുമാകാം. ഇവിടെയാകട്ടെ, ഇംഗ്ലീഷില്‍ ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഏതോ ഒരു പണിക്കരുടെ മാര്‍ക്‌സിയന്‍ നേതൃത്വത്തില്‍ നാം മലയാളത്തെ പടി കടത്തുന്നു. നമ്മള്‍ എന്തു പറഞ്ഞാലും അവര്‍ അതു തീരുനീനിച്ചുറച്ചാണു്. മലയാളശം വിദ്യാലയങ്ങളില്‍നിന്നു പുറത്താവും, സംശയം വേണ്ട. ഒരു നിലവാരവുമില്ലാതെ അധഃപതിച്ചുകൊണ്ടിരിക്കുന്ന കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും മലയാളത്തെ രക്ഷിക്കാനാവില്ല എന്നതു വേറെ കാര്യം. അവയ്ക്കു പുറമെ രൂപം കൊള്ളാനിരിക്കുന്ന ജനകീയക്കൂട്ടായ്മകള്‍ക്കു മാത്രമേ മലയാളത്തെ രക്ഷിക്കാനാവൂ.