Sunday, May 10, 2009

അദ്ധ്യാപകവൃത്തിയുടെ സംരക്ഷണത്തിനും വിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നതിനുമായി ഒരുമിക്കുക

ടീച്ചേഴ്‌സ് യൂണിറ്റി ഫോറം പുറത്തിറക്കിയ ലഘുലേഖ

ഒന്നര ദശാബ്ദമായി കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ലോകബാങ്കില്‍നിന്നും വായ്പ സ്വീകരിച്ചകൊണ്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാനപരിവര്‍ത്തനങ്ങള്‍ അതിന്റെ വിനാശലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയാണിത്. ലോകമെമ്പാടും ജനാധിപത്യാശയങ്ങള്‍ പ്രഭചൊരിഞ്ഞ നാളുകളില്‍ സൃഷ്ടിക്കപ്പെട്ടതും നമ്മുടെ നാട്ടില്‍ ദേശീയപോരാട്ടത്തിലൂടെ വളര്‍ന്നുവികസിച്ചതുമായ നവോത്ഥാനവിദ്യാഭ്യാസപ്രക്രിയ അസ്തമിക്കുകയാണ്. അറിവും സ്വഭാവമഹിമയും ആര്‍ജ്ജിച്ച ഉത്തമനായ മനുഷ്യനെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ആ വിദ്യാഭ്യാസപ്രക്രിയയുടെ ലക്ഷ്യം. മനുഷ്യകേന്ദ്രിതമായ പ്രസ്തുത വിദ്യാഭ്യാസവ്യവസ്ഥയ്ക്കു പകരം വിപണികേന്ദ്രിതമായ `ടെയ്‌ലര്‍ മേഡ്' വിദ്യാഭ്യാസം ആധിപത്യമുറപ്പിച്ചുകഴിഞ്ഞു. വിജ്ഞാനവിരുദ്ധതയാണ് അതിന്റെ മുഖമുദ്ര. വാചാടോപമാണ് അതിന്റെ സവിശേഷത. വിദ്യാവിഹീനതയാണ് അതിന്റെ ലക്ഷ്യം. നിലനിന്നിരുന്നതെല്ലാം വിദ്യാഭ്യാസവിരുദ്ധമായിരുന്നുവെന്ന് അവര്‍ ആക്ഷേപിച്ചു. അദ്ധ്യാപകന്‍, പാഠ്യപദ്ധതി, പാഠപുസ്തകം, പരീക്ഷ, ബോധനം, മൂല്യനിര്‍ണ്ണയം തുടങ്ങിയവയിലെല്ലാം അറുപിന്തിരിപ്പന്‍ സമീപനമാണ് നിലനില്ക്കുന്നതെന്ന് അവര്‍ വാദിച്ചു. സാഹിത്യ- വൈജ്ഞാനിക പ്രബുദ്ധതകൊണ്ട് മലയാളത്തെ ഔന്നിത്യങ്ങളിലെത്തിച്ച, എണ്ണമറ്റ പ്രതിഭകളെ രൂപപ്പെടുത്തിയ, വിഖ്യാതമായ കേരളമുന്നേറ്റത്തെ വാര്‍ത്തെടുത്ത, ദശാബ്ദങ്ങളിലൂടെ വികസിച്ചുവന്ന പാഠ്യപദ്ധതിയെയും പഠന-ബോധന സമ്പ്രദായങ്ങളെയും കഴമ്പുകെട്ടതെന്ന് മുദ്രയടിച്ച് ഒറ്റരാത്രികൊണ്ടവര്‍ കുഴിച്ചുമൂടി.

ചിട്ടയായ ബോധനത്തിന്റെയും വിജ്ഞാനദാനപ്രക്രിയയയുടെയും ശക്തമായ ഉപകരണങ്ങളായിരുന്ന പാഠപുസ്തകങ്ങള്‍ അര്‍ത്ഥശൂന്യമായ വിരസപ്രതിപാദനങ്ങളുടെ വിലക്ഷണരേഖകളായി മാറി. `കുട്ടികളുടേത്' എന്ന പേരില്‍ അരോചകമായ ഒരു ഭാഷയും അവതരിപ്പിച്ചു. സര്‍ഗ്ഗധനതയുടെ സ്പര്‍ശം പോലുമില്ലാത്ത അശിക്ഷിതരുടെ രചനാവൈകൃതങ്ങളെ പാഠപുസ്തകങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. കുട്ടികളുടെ മനസ്സുമായി എന്തുതരം പ്രതിപ്രവര്‍ത്തനമാണ് ഈ പുസ്തകങ്ങള്‍ നടത്തുക?

പരീക്ഷതന്നെ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന സമീപനമാണ് പുതിയ പാഠ്യപദ്ധതിയുടെ മുഖമുദ്ര. അറിവിന്റെ സ്വാംശീകരണമെന്നത് അര്‍ത്ഥപൂര്‍ണ്ണമായ ഓര്‍മ്മശക്തിയും അതിന്റെ പ്രയോഗവുമാണെന്ന വസ്തുത ബോധപൂര്‍വ്വം തള്ളിക്കളഞ്ഞുകൊണ്ട്, ഓര്‍മ്മശക്തി പരീക്ഷിക്കാനേ പാടില്ലെന്ന് ശഠിച്ചുകൊണ്ട്, എഴുന്നള്ളിച്ചിരിക്കുന്ന `പരീക്ഷ' അടിമുടി കഴമ്പുകെട്ട ഒരേര്‍പ്പാടായി മാറിയിരിക്കുന്നു. എന്തെഴുതിയാലും ഉത്തരമാകുന്ന, ഒന്നും എഴുതിയില്ലെങ്കിലും ഉത്തരമാകുന്ന തരത്തിലുള്ള പോസ്റ്റ് മോഡേണ്‍ ചോദ്യങ്ങളാണ് പരീക്ഷയിലുള്ളത്. മൂല്യനിര്‍ണ്ണയമാകട്ടെ പരീക്ഷ ഒരു വ്യര്‍ത്ഥമായ ഏര്‍പ്പാടാണെന്ന് സ്ഥാപിക്കാനുള്ള സമ്പ്രദായമായി മാറ്റപ്പെട്ടുകഴിഞ്ഞു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയിലെ വിജയികളില്‍ അവസാനഗ്രേഡുകള്‍ വാങ്ങിയ 2,30,000 കുട്ടികളില്‍ എത്രപേര്‍ക്ക് എഴുത്തും വായനയും അറിയാം? എത്രപേര്‍ക്ക് ഗണിതത്തിന്റെ അടിസ്ഥാനമുറച്ചിട്ടുണ്ട്? ഡി.ഇ.പി.യുടെ പാഠ്യപദ്ധതി സൃഷ്ടിച്ച ഭീതിജനകമായ നിലവാരത്തകര്‍ച്ച മറച്ചുവെയ്ക്കുന്നതിനായി അവതരിപ്പിച്ചിരിക്കുന്ന മൂല്യനിര്‍ണ്ണയസമ്പ്രദായം ഒരു വലിയ വിഭാഗം കുട്ടികളോടു ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത ചതിയായി മാറിയിരിക്കുന്നു. ഇനിയും ഇതിന് കാഴ്ചക്കാരായിരിക്കാന്‍ നമുക്കു കഴിയുമോ?

അദ്ധ്യാപനത്തിന്റെ നിരുദ്യോഗീകരണം (De- professionalisation of Teaching) 

അദ്ധ്യാപകവൃത്തിയുടെ അസ്തിത്വം - അതിന്റെ സിദ്ധാന്തവും പ്രയോഗവും- ഇത്രമേല്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ഒരു കാലവും ഇതിനുമുമ്പുണ്ടായിട്ടില്ല. വാചികവും അല്ലാത്തതുമായ ബോധനത്തെ നിഷ്കാസനം ചെയ്തുകൊണ്ട് പകരം സ്വയം പഠനമെന്ന സിദ്ധാന്തം അവതരിപ്പിച്ചതുതന്നെ അദ്ധ്യാപകനെ വിദ്യാഭ്യാസപ്രക്രിയയുടെ പടിക്കുപുറത്ത് നിര്‍ത്താനുള്ള കാര്യപരിപാടിയുടെ തുടക്കമായിരുന്നു. അറിവിലേക്കു നയിക്കുന്ന മാര്‍ഗ്ഗദര്‍ശി എന്ന നിലയിലുള്ള അദ്ധ്യാപകന്റെ ആധികാരികമായ പങ്കിനെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ആദ്യം `സഹായി'യെന്നും പിന്നീടു് `സാമൂഹികപ്രവര്‍ത്തക'നെന്നും മുദ്രചാര്‍ത്തി, അദ്ധ്യാപകനില്ലാതെയും നടത്താവുന്ന ഒന്നാണ് വിദ്യാഭ്യാസമെന്നു സ്ഥാപിക്കുകയാണ് പുതിയ പരിഷ്ക്കാരത്തിന്റെ വക്താക്കള്‍. കേവലം `സഹായി'മാത്രമാണു് അദ്ധ്യാപകനെങ്കില്‍ അയാള്‍ക്ക് നിശ്ചിയോഗ്യത വേണമെന്നോ സ്ഥിരമായി നിയമിക്കപ്പെടണമെന്നോ നിര്‍ബ്ബന്ധമില്ലല്ലോ. തൊഴില്‍രംഗത്തെ ഏകപ്രവര്‍ത്തനതത്വമായി ആഗോളവല്ക്കരണം അംഗീകരിച്ചിട്ടുള്ള കരാര്‍വല്ക്കരണം അങ്ങനെ വിദ്യാഭ്യാസരംഗത്തും വ്യാപകമാകുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്ന, അവര്‍ നല്കുന്ന തുച്ഛമായ പ്രതിഫലം കൈപ്പറ്റുന്ന ഒരു കൂലിത്തൊഴിലാളിയായി അദ്ധ്യാപകന്‍ മാറുകയാണ്. `വികേന്ദ്രീകരണ'മെന്നത് ജനക്ഷേമരംഗത്തുനിന്നുള്ള `സ്റ്റേറ്റി'ന്റെ പിന്മാറ്റത്തിനായി ആഗോളവല്ക്കരണം അവതരിപ്പിക്കുന്ന രാഷ്ട്രീയ അജണ്ട മാത്രമാണ്. വിദ്യാഭ്യാസത്തിന്റെ വികേന്ദ്രീകരണം നടപ്പാക്കിയ ചിലി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ പൊതുവിദ്യാഭ്യാസം പൂര്‍ണ്ണമായി തകര്‍ന്നുവെന്നത് നാം കാണാതിരുന്നുകൂടാ. പഞ്ചായത്തിന്റെ ഇടപെടല്‍ പ്രയോഗത്തിലെന്നല്ല, ആശയമെന്ന നിലയില്‍പ്പോലും ഒരു വലിയ ചതിക്കുഴിയായി മാറുന്നത് ഇതിനാലാണ്. കേരളവിദ്യാഭ്യാസച്ചട്ടം പൊളിച്ചെഴുതിയത് വിദ്യാഭ്യാസത്തിന്റെ വികേന്ദ്രീകരണം എന്ന ലക്ഷ്യം നിറവേറ്റാനാണെന്നതാണ് സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസസംവിധാനവും അദ്ധ്യാപകരും നേരിടുന്ന ഏറ്റവും വലിയ വിപത്ത്.

പ്രൗഢഭാഷയുടെ വ്യക്തതയും ഗണിതത്തിന്റെ സൂക്ഷ്മതയും ശാസ്ത്രത്തിന്റെ യുക്തിയും സ്വാംശീകരിച്ച് വളര്‍ന്ന ശിഷ്യസമ്പത്തിന്റെ സ്ഥാനത്ത് എഴുത്തും വായനയും പോലുമറിയാത്ത വി്യദാര്‍ത്ഥികളെ സൃഷ്ടിച്ച്, അവര്‍ക്ക് നിരര്‍ത്ഥകമായ വിജയപതക്കം നല്കി പുറത്തേക്ക് തള്ളുന്ന കാഴ്ച എന്ത് ജോലിസംതൃപ്തിയാണ് നമുക്ക് നല്കുന്നത്? നമ്മുടെ അദ്ധ്വാനം സാമൂഹ്യരംഗത്ത് സൃഷ്ടിപരമായതൊന്നിനും ജന്മം നല്കാതെ വ്യര്‍ത്ഥമായി ഒടുങ്ങുന്നത് നമ്മില്‍ ഏല്പിക്കുന്ന മാനസികാഘാതം എത്രയോ അളവറ്റതാണ്. എങ്കില്‍ ഇനിയും നിശ്ശബ്ദരായിരിക്കാന്‍ നമുക്ക് കഴിയുമോ?

ക്ലാസ് മുറികളില്‍ ദേശസ്നേഹത്തിന്റെ വിത്തുവിതച്ച് സാമൂഹ്യരംഗത്ത് മഹാവൃക്ഷങ്ങളെ വളര്‍ത്തിയ അദ്ധ്യാപകതലമുറ അവസാനിക്കുകയാണ്. കേരളത്തിന്റെ ബലിഷ്ഠമായ മതേതര-സാംസ്ക്കാരിക മനോഘടനയുള്‍പ്പെടെയുള്ള സാമൂഹ്യനന്മകളെ രചനാത്മകമായി കോര്‍ത്തിണക്കിയ അദ്ധ്യാപകസമൂഹം അസ്തമിക്കുകയാണ്. നമ്മുടെ വിഖ്യാതമായ പൊതുവിദ്യാഭ്യാസസംവിധാനം കല്ലിനുമേല്‍ കല്ലുവെച്ച് പടുത്തുയര്‍ത്താന്‍ ത്യാഗപൂര്‍വ്വം പണിയെടുത്ത അദ്ധ്യാപകന്‍ - പൊതിച്ചോര്‍ മോഷണത്തിന്റെ ദുര്‍വ്വിധി രുചിച്ച കാരൂര്‍ക്കഥകളിലെ അദ്ധ്യാപകന്‍ - പൊതുവിദ്യാഭ്യാസത്തോടൊപ്പം അപ്രത്യക്ഷമാവുകയാണ്. പ്രയോജനരഹിതമായ കുറേ പാഠ്യപ്രവര്‍ത്തനങ്ങളുടെ ചുമടുതാങ്ങികളായി, യശസ്സാര്‍ന്ന ഒരു വിദ്യാസൗധത്തിന്റെ തകര്‍ച്ചയുടെ മൂകസാക്ഷികള്‍ മാത്രമായി നമുക്കെത്രകാലം തുടരാനാവും?

അറിവ് നിഷേധിക്കുന്ന ഒരു പാഠ്യപദ്ധതിക്കെതിരെ ഉരിയാടാന്‍ അനുവദിക്കാത്ത തൊഴില്‍സുരക്ഷിതത്വമില്ലായ്മ ഒരുവശത്ത്; തന്നില്‍ വിശ്വാസമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ ഒരു വലിയ തലമുറ തകരുന്നത് കാണേണ്ടിവരുന്നതിന്റെ ധാര്‍മ്മികവേദന മറുവശത്ത്. ഇതിനിടയില്‍പ്പെട്ട് നിസ്സഹായരായി നില്ക്കുകയല്ല അദ്ധ്യാപകര്‍ ചയ്യേണ്ടത്. മാറിമാറി വരുന്ന ഭരണാധികാരികള്‍ വിദ്യാഭ്യാസതാല്പര്യവും ജനതാല്പര്യവും പരിഗണിക്കാതെ ആഗോള ഏജന്‍സികളുടെ ചൊല്പടിക്കുനിന്നുകൊണ്ട് അടിച്ചേല്പിക്കുന്ന വികലവും വിധ്വംസകവുമായ നയനടപടികളെ ജനാധിപത്യപരമായി വിലയിരുത്താനും തിരുത്താനുമുള്ള ധാര്‍മ്മികബാദ്ധ്യത വിദ്യാഭ്യാസരംഗത്ത് മറ്റാരെക്കാളും നമുക്കില്ലേ? അക്കാദമിക് താല്പര്യങ്ങളാല്‍ പ്രചോദിതമായ അത്തരം ചര്‍ച്ചകളും സംവാദങ്ങളുമല്ലേ ഒരു ജനാധിപത്യസമൂഹത്തിന്റെ വിദ്യാഭ്യാസനയങ്ങളും നടപടികളും തിരുത്തുകയും നവീകരിക്കുകയും ചെയ്യേണ്ടത്? കഴിഞ്ഞ ഒരു ദശകത്തിലേറെയായി നമ്മുടെ ക്ലാസ്സ്‌റൂം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത `വാചാടോപങ്ങള്‍' നാമെത്ര സഹിച്ചു? കോഴ്‌സുകളും ക്ലസ്റ്റര്‍ പരിശീലനങ്ങളും മനുഷ്യാദ്ധ്വാനവും പണവും ദുര്‍വ്യയം ചെയ്യുന്ന പൊറാട്ട് നാടകങ്ങളായധഃപതിച്ചിട്ട് വര്‍ഷങ്ങളെത്രയായി?

അറിവും മനോഭാവവും വളര്‍ത്തി ധാരണകള്‍ (concepts) രൂപപ്പെടുത്തുകയും ആ ധാരണകളുടെയടിസ്ഥാനത്തില്‍ ശേഷികള്‍ (competencies) ആര്‍ജ്ജിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നതാണ് ആധുനികവിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രമെന്ന് സംസ്കൃതി മനസ്സിലാക്കിയിട്ട് നൂറ്റാണ്ടുകളായി. എന്നിട്ടും വിജ്ഞാനത്തെയും ധാരണകളെയും പാടേ നിരാകരിക്കുന്ന, വാചികപഠനത്തെയും (verbal learning) വാചികബോധനത്തെയും (verbal teaching) പരിഹസിക്കുന്ന പാഠ്യപദ്ധതിയുടെ അടിസ്ഥാനദര്‍ശനം ചോദ്യം ചെയ്യപ്പെടാത്തതെന്തുകൊണ്ട്? മാറിയ ലോകസാഹചര്യത്തില്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും (content) പ്രദാനവും (delivery) നിര്‍വ്വഹണവും (management) പുനഃക്രമീകരിക്കുകയെന്ന ആഗോള അജണ്ടയുടെ ഭാഗമായി നവലിബറല്‍ ആശയങ്ങള്‍ ഒളിഞ്ഞിരിക്കുന്ന പാഠപുസ്തകങ്ങള്‍, ഭീകരമായ നിലവാരത്തകര്‍ച്ചയുടെ ഈ കാലഘട്ടത്തില്‍പ്പോലും ശരിയായി വിലയിരുത്തപ്പെടാതെ പോകുന്നതെന്തുകൊണ്ട്? ഇവിടെ നാമൊരു ആത്മപരിശോധനയ്ക്ക് വിധേയമായേ പറ്റൂ. സമൂഹം അദ്ധ്യാപകരില്‍നിന്നും പ്രതീക്ഷിക്കുന്ന ജാഗ്രത കാട്ടുവാന്‍ നാം തയ്യാറായേ മതിയാകൂ. വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള ഉറച്ച നിലപാടില്‍നിന്നുകൊണ്ട് പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള തുറന്ന ചര്‍ച്ചയും സ്ഥിരതയാര്‍ന്ന പ്രചാരണവും സംഘടിപ്പിക്കാന്‍ നാം ഒരു വേദിയില്‍ ഒന്നിക്കേണ്ടതുണ്ടു്. നമ്മുടെ അദ്ധ്യാപകസംഘടന ഏതുമാകട്ടെ. നിലനില്ക്കുന്ന സംഘടനകളില്‍ തുടര്‍ന്നുകൊണ്ടുതന്നെ അദ്ധ്യാപകവൃത്തിയുടെ മഹത്വവും അന്തസ്സും വീണ്ടെടുക്കുന്നതിനായുള്ള പ്രചാരണങ്ങളില്‍ നമുക്കൊരുമിക്കാം. വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കവും അക്കാദമികനിലവാരവും പുനഃസ്ഥാപിക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം. അദ്ധ്യാപകര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പെരുപ്പിക്കുകയല്ല ഐക്യത്തിനായുള്ള സ്വാഭാവികഘടകങ്ങള്‍ കണ്ടെത്തിക്കൊണ്ട് നിലകൊള്ളുകയാണ് വേണ്ടതെന്ന് സാഹചര്യം നമ്മോടാവശ്യപ്പെടുന്നു. അത്തരമൊരു പ്രവര്‍ത്തനത്തിനായി കേരളസംസ്ഥാന ജനകീയപ്രതിരോധസമിതിയുടെ മുന്‍കയ്യില്‍ ടീച്ചേഴ്‌സ് യൂണിറ്റി ഫോറം എന്നൊരു വേദിക്ക് രൂപം നല്കുകയാണ്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി പ്രതിരോധസമിതി വിദ്യാഭ്യാസമേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ പാരമ്പര്യമാണ് ഈ വേദിയുടെ ഊര്‍ജ്ജവും ഉറവിടവും. വിദ്യാഭ്യാസവും സംസ്ക്കാരവും നാഗരികതയും നിലനിന്നുകാണാനാഗ്രഹിക്കുന്ന ഏതൊരാളും ഇത്തരമൊരു പ്രവര്‍ത്തനവുമായി സഹകരിക്കണമെന്നും സഹാദ്ധ്യാപകരെ ഇതിലേക്ക് ബന്ധപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ,
ടീച്ചേഴ്‌സ് യൂണിറ്റി ഫോറം സംസ്ഥാനസമിതിക്കുവേണ്ടി,
ടി. മാധവന്‍, പ്രസിഡന്റ്, 04985 261625
കെ. ബിജിരാജ്,  സെക്രട്ടറി, 9387680303 


NB: എല്ലാ ജില്ലകളിലും ഫോറത്തിന്റെ കോര്‍ കമ്മറ്റികള്‍ രൂപീകരിക്കാനും അംഗങ്ങളും വിദ്യാഭ്യാസവിഷയവിദഗ്ദ്ധരുമായി നടത്തുന്ന ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സമഗ്രവിദ്യാഭ്യാസരേഖ - കേരള എജ്യുക്കേഷന്‍ മെമ്മോറിയല്‍ - തയ്യാറാക്കാനും ഉദ്ദേശിക്കുന്നു.

സെപ്റ്റംബര്‍ 5, അദ്ധ്യാപകദിനത്തില്‍ നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ അവതരിപ്പിക്കുന്ന രേഖ കേരളത്തിലെ രണ്ടാം വിദ്യാഭ്യാസനവോത്ഥാനത്തിന്റെയും അദ്ധ്യാപകപ്രസ്ഥാനത്തിന്റെയും ദിശാസൂചകമായ മാര്‍ഗ്ഗരേഖയായി മാറ്റേണ്ടത് മുഴുവന്‍ അദ്ധ്യാപകരുടെയും വിദ്യാഭ്യാസസ്നേഹികളുടെയും ബാദ്ധ്യതയും ഉത്തരവാദിത്തവുമായി ഞങ്ങള്‍ കരുതുന്നു. അതിനായി പ്രസ്തുത വിഷയത്തിലുള്ള കാഴ്ചപ്പാടുകള്‍ താഴെക്കാണുന്ന വിലാസത്തില്‍ എഴുതി അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കെ. രാജന്‍, മുല്ലക്കൊടി പി.ഒ., കണ്ണൂര്‍ 670602. 
ഫോണ്‍: 9995564312
e-mail: rajanmullakdkodi@gmail.com



Wednesday, May 6, 2009

കെമിസ്ട്രി വിദ്യാര്‍ത്ഥികള്‍ ചിന്താവിഷ്ടയായ സീത പഠിക്കണോ?

കോഴിക്കോട് ജില്ലയിലെ ഹയര്‍സെക്കണ്ടറി മലയാള അദ്ധ്യാപകവേദി ഇറക്കിയ നോട്ടീസു്


ബിരുദതലത്തില്‍ മാതൃഭാഷാപഠനത്തിന്റെ സമയം വെട്ടിച്ചുരുക്കണം. പഠിക്കുന്നെങ്കില്‍ ഒന്ന് മിണ്ടിപ്പറയാനുള്ള ഭാഷയേ വേണ്ടൂ. സാഹിത്യത്തെ അടുപ്പിക്കരുത്. ഹയര്‍സെക്കണ്ടറി തലത്തിലാണെങ്കില്‍ മാതൃഭാഷ സൗകര്യമുണ്ടെങ്കില്‍ പഠിച്ചാല്‍ മതി - സംസ്ഥാനത്തെ വിദ്യാഭ്യാസപരിഷ്ക്കരണത്തിന് നിയോഗിച്ച വിദഗ്ദ്ധര്‍, വിദ്യാഭ്യാസത്തെ കരകയറ്റാന്‍ കണ്ടുപിടിച്ച ഉപായം ഭാഷാപഠനത്തെ പടിയിറക്കുന്ന ഇത്തരം നിര്‍ദ്ദേശങ്ങളാണ്.

ഹയര്‍സെക്കണ്ടറി തലം വരെയുള്ള പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഹയര്‍സെക്കണ്ടറി മലയാളം അദ്ധ്യാപകര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. സാംസ്ക്കാരികനായകരെയും വിദ്യാഭ്യാസവിദഗ്ദ്ധരെയും രംഗത്തിറക്കി പ്രതിരോധം തീര്‍ത്തു. അന്ന് പത്തി മടക്കിയ പാമ്പ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസകൗണ്‍സിലിലൂടെ ബിരുദപഠനത്തെ വിഴുങ്ങാന്‍ എത്തിയിരിക്കുന്നു. ഹയര്‍സെക്കണ്ടറിയിലെ കടി വിട്ടിട്ടുമില്ല. പാഠ്യപദ്ധതി ചട്ടക്കൂട് അപ്പടി 2010-ല്‍ നടപ്പാക്കുമെന്നു് സൂചന.

ഭാഷയെയും സംസ്ക്കാരത്തെയും സേ്‌നഹിക്കുന്നവര്‍, അഥവാ നാടിന്റെ മൂല്യങ്ങളെയും ഈടുവെയ്പുകളെയും മാനിക്കുന്നവര്‍ ഒന്നടങ്കം ഈ നീക്കങ്ങളെ ചെറുക്കാന്‍ രംഗത്തിറങ്ങണം. ഇതിനായി സംസ്ഥാനത്തൊട്ടുക്കും `മലയാളവേദി'കള്‍ രൂപവല്ക്കരിച്ചുവരുകയാണ്. ഈ ചരിത്രദൗത്യത്തില്‍ മലയാളം അദ്ധ്യാപകര്‍ അവരുടെ പങ്ക് നിര്‍വ്വഹിക്കേണ്ടതുണ്ട്.

പ്രൈമറി-സെക്കണ്ടറി-ഹയര്‍സെക്കണ്ടറി തലങ്ങളില്‍ ഭാഷയും സാഹിത്യവും അഭ്യസിച്ച ഒരാള്‍ ചില വിഷയങ്ങള്‍ പ്രത്യേകമായി പഠിക്കുകയാണ് ബിരുദപഠനഘട്ടത്തില്‍. നിലവിലെ ബി.എ. - ബി.എസ് സി. വിദ്യാര്‍ത്ഥികള്‍ ഒന്നാംഭാഷയായി ഇംഗ്ലീഷും രണ്ടാംഭാഷയായി മാതൃഭാഷയോ ഏതെങ്കിലും ഭാഷയോ പഠിക്കണം. ബിരുദപഠനത്തിന്റെ മൂന്നു ഭാഗങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണം ഭാഷകള്‍ക്ക് നീക്കിവെച്ചിരിക്കുന്നു. ഇക്കാലമത്രയും പാഠിച്ചവര്‍ക്കോ അദ്ധ്യാപകര്‍ക്കോ വിദ്യാഭ്യാസവിചക്ഷണര്‍ക്കോ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം തോന്നിയിട്ടില്ല.

എല്ലാവിധ ചെറുത്തുനില്പുകളെയും അതിജീവിച്ച് മുതാലാളിത്തം അതിവേഗത്തില്‍ അതിര്‍ത്തികള്‍ കീഴടക്കി വ്യാപിക്കുകയാണ്. ഒരു വ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിന് ഇനിയും നിലനില്ക്കുകയും വളരുകയും വേണം. സാമൂഹികവ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തം വ്യാപിക്കുമ്പോള്‍ അത് എന്തിനെയും വിപണിക്ക് പാകത്തില്‍ ചരക്കുകളാക്കി മാറ്റുകയും അത്തരമൊരവസ്ഥയെ ഉള്‍ക്കൊള്ളാനുള്ള നൈതികതയും മൂല്യബോധവും സൃഷ്ടിച്ചെടുക്കുകയും ചെയ്യും. ഒരു സമൂഹത്തെ വ്യവസ്ഥകള്‍ക്കനുകൂലമാക്കിയെടുക്കുന്നത് വിദ്യാഭ്യാസമാണ് എന്നതുകൊണ്ട് മുതലാളിത്തത്തിന് വിദ്യാഭ്യാസത്തില്‍ ഇടപെടാതെ വയ്യ.

വിപണിനിയന്ത്രിത സാമൂഹികവ്യവസ്ഥയില്‍ ചരക്കുകള്‍ക്കു മാത്രമേ മൂല്യമുള്ളൂ. ഭാഷ രണ്ടുതരത്തില്‍ വിപണിവ്യവസ്ഥയ്ക്ക് അസൗകര്യമാണ്. ഒന്ന്, അതിന് പ്രത്യക്ഷവും പ്രകടവുമായ വിപണിമൂല്യമില്ല. രണ്ട്, വിപണിയുടെ കച്ചവടയുക്തിക്ക് എതിരായി സമൂഹത്തെ തിരിച്ചുവിടാനുള്ള ആന്തരികമായ കരുത്ത് അതിനുണ്ട്. സൂക്ഷ്മമായ വിശകലനത്തില്‍ ലോകമാസകലം പുതുതായി മുതലാളിത്തത്തെ പുണരുന്ന സമൂഹത്തില്‍ വിദ്യാഭ്യാസം അഴിച്ചുപണിയുന്നതിനും ഭാഷ, ചരിത്രം, സംസ്ക്കാരം എന്നിവയെ പാഠ്യപദ്ധതിയില്‍നിന്ന് ചോര്‍ത്തിക്കളയുന്നതിനുമുള്ള പ്രത്യയശാസ്ത്രഭൂമിക ഇതാണ്. വിപണിവ്യവസ്ഥയില്‍ ചോര്‍ന്നുപോകുന്നതിനെ സംരക്ഷിക്കുന്നതിനാണ് ഭാഷയും സാഹിത്യവും അഭ്യസിക്കുന്നത്.

തലമുറകളിലൂടെ അതിജീവനത്തിന് സമൂഹത്തെ സഹായിച്ചത് സംസ്ക്കാരമാണ്. ആയിരത്താണ്ടുകളിലൂടെ വിനിമയം ചെയ്ത എണ്ണമറ്റ അറിവുകള്‍, ജീവിതദര്‍ശനങ്ങള്‍, സവിശേഷമായ ജനാധിപത്യത്തെ നിലനിര്‍ത്താനുള്ള നൈതികത, സാമൂഹികബോധം, എല്ലാത്തിനെയും കണ്ണി ചേര്‍ക്കുന്ന മൂല്യങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ് സംസ്ക്കാരം. സംസ്ക്കാരവും ഭാഷയും മുറിച്ചുമാറ്റാന്‍പറ്റാത്ത രീതിയില്‍ ഇഴ ചേര്‍ന്നുകിടക്കുന്നു. സൂക്ഷ്മവും സങ്കീര്‍ണ്ണവും മിക്കപ്പോഴും നിര്‍വ്വചനങ്ങള്‍ക്കതീതവുമാണ് ഈ പ്രതിഭാസം. എന്നാല്‍ വിപണിയുടെ കച്ചവടയുക്തിക്ക് സംസ്ക്കാരത്തിന്റെ സങ്കീര്‍ണ്ണതകളെ ക്ഷമാപൂര്‍വ്വം ഉള്‍ക്കൊള്ളാനുള്ള സമയമില്ല. അത് അതിന്റെ പ്രത്യക്ഷയുക്തിക്ക് ചേരുന്നതെടുക്കും. അല്ലാത്തവയെ നിഷ്ക്കരുണം തള്ളിക്കളയും. വിപണനമൂല്യമനുസരിച്ച് കാട് കുറെ ഭൂമിയും മരങ്ങളുമാണ്; പുഴ മണലും വെള്ളവും മാത്രമാണ്; തൊഴിലാളി കായികശേഷിയുടെ വില്പനക്കക്കരന്‍ മാത്രമാണ്; ഓണം വാങ്ങലിന്റെ ഉത്സവമാണ്.

മലയാളിസമൂഹം ഇന്ന് കടന്നുപോകുന്നത് ഒരു അന്തരാളവ്യവസ്ഥയിലൂടെയാണ്. ഫ്യൂഡലിസത്തിന്റെ ഉല്പാദനബന്ധങ്ങളില്‍നിന്ന് വിടുതലായി, എന്നാല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയോ കൃത്യമായ ജനാധിപത്യവ്യവസ്ഥയോ രൂപപ്പെടുത്താന്‍ നമുക്കായിട്ടുമില്ല. പതുങ്ങി നിലക്കുന്ന ഫ്യൂഡല്‍ മൂല്യങ്ങളും വ്യവസ്ഥയുടെ ബലഹീനത അവസാരമാക്കുന്ന ദല്ലാളന്മാരുമാണ് ഇന്ന് വ്യവസ്ഥയെ നിയന്ത്രിക്കുന്നത്. അനുദിനം നമ്മെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന വിപണിമൂല്യം യഥാര്‍ത്ഥത്തില്‍ തകര്‍ക്കുന്നത് ഇനിയും നേടിയെടുത്തിട്ടില്ലാത്ത മനോഹരമായൊരു സ്വപ്‌നത്തെയാണ്. അതുകൊണ്ടാണ് എന്തിനാണ് കെമിസ്ട്രി പഠിക്കുന്നവന്‍ ചിന്താവിഷ്ടയായ സീത വായിക്കുന്നത് എന്ന് ചോദിക്കുമ്പോള്‍ നാം പകച്ചുപോകുന്നത്.

മലയാളി ഉള്ളില്‍ താലോലിക്കുന്ന ഒരു മാവേലിമന്റം ഉണ്ട്. അതെന്താണെന്ന് ഈ ലോകത്തില്‍ മലയാളിക്ക് മാത്രമേ മനസ്സിലാവൂ. ഈ മാവേലിമന്റത്തിന്റെ അലകും പിടിയും തീര്‍ക്കുന്നത് മലയാളിയുടെ വൈകാരികതയാണ്. പുട്ടുപൊടിയുടെ വിപണിയെ ഒരുപക്ഷെ ഈ വൈകാരികത സഹായിച്ചേക്കും. പുട്ടിനു പകരം ഓട്ട്‌സോ മറ്റുവിഭവങ്ങളോ വിപണിയുയെ പുതുപാഠമാകുമ്പോള്‍ വിപണിയെ സംബന്ധിച്ച് ഈ വൈകാരികത ഒരസംബന്ധമാവും. മാവേലിമന്റത്തിലേക്കുള്ള അന്വേഷണവും വളര്‍ച്ചയും സംവാദവും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാമാണ് മലയാളത്തിന്റെ കവിതകളും കഥകളും തമാശകള്‍ പോലും. കേവലയുക്തിക്കപ്പുറത്ത് നില്ക്കുന്ന ഈ മൂല്യമില്ലാച്ചരക്കുകളാണ് മലയാളിയുടെ ജനാധിപത്യബോധത്തെ നിര്‍ണ്ണയിക്കുന്നത്. ഈ ജനാധിപത്യബോധമാണ് ഓരോ മലയാളിയും പരസ്പരം ചേട്ടനോ ചേച്ചിയോ അനിയനോ അനിയത്തിയോ ഒക്കെയായി തിരിച്ചറിയപ്പെടുന്നതിന്റെ നിദാനം. അങ്ങനെയാണ് അപരന്റെ ദുഃഖത്തിന് എന്റേതിനെക്കാളും കരുതലും കരുണയും ലഭിക്കുന്നത്. ഇത്തരം നൈതികത പ്രത്യേക പ്രായത്തിലോ അളവിലോ വ്യക്തിയിലേക്ക് സ്വാംശീകരിക്കുന്നതല്ല. സാമൂഹീകരണത്തിന്റെ തുടക്കംതൊട്ട് മരണംവരെ ഒരു പക്ഷെ അതിനപ്പുറവും നടക്കുന്ന നിരന്തരപ്രക്രിയയാണത്.

ഒന്നാലോചിച്ചാല്‍ ഇന്നത്തെ ആഗോളീകരണസന്ദര്‍ഭത്തില്‍ ഇത് മലയാളത്തിനു മാത്രമുള്ള ഒറ്റപ്പെട്ട ദുര്യോഗമല്ല. ഭാഷകളുടെ മരണം എന്ന സങ്കല്പംതന്നെ ചര്‍ച്ച ചെയ്യുന്നത് ഈ ഘട്ടത്തിലാണ്. ആഗോളസാഹചര്യത്തില്‍ അധികാരപരവും തൊഴില്‍ല്‍പരവുമായ പരിഗണനകള്‍ മുന്‍നിര്‍ത്തി സര്‍വ്വമണ്ഡലങ്ങളും ആസൂത്രണം ചെയ്യുമ്പോള്‍ പലപ്പോഴും പരിക്കേല്ക്കുന്നത് മാതൃഭാഷയ്ക്കാണ്. തൊഴില്‍പരവും സാമ്പത്തികവുമായ പരിഗണനകള്‍ക്കപ്പുറത്ത് ഭാഷയെയും സാഹിത്യത്തെയും സംസ്ക്കാരത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന ജനതയ്ക്കുമാത്രമേ അവരുടെ മാതൃഭാഷ കൈമോശം വരാതെ സൂക്ഷിക്കക്കന്‍ കഴിയൂ.

ആധുനിക സമൂഹമെന്നത് ഭാഷാസമൂഹങ്ങളാണ്. അംഗത്വം പ്രധാനമായും ഒരാള്‍ക്ക് ലഭിക്കുന്നത് ഭാഷാപരമായ അംഗത്വത്തിലൂടെയാണ്. ജാതിമതഗോത്രപരമായ അതിര്‍ത്തികളെ മറികടന്നുകൊണ്ടാണ് ആധുനികമായ ഓരോ ഭാഷാസമൂഹവും രൂപപ്പെട്ടത്. ഭാഷാപരമായ ഈ ഐക്യം തകര്‍ന്നാല്‍ സ്വാഭാവികമായും ജാതിമതഗോത്രപരമായ ഭൂതങ്ങള്‍ തിരിച്ചുവരാനാണ് സാദ്ധ്യത. ആ നിലയില്‍ ആധുനികസമൂഹത്തിന്റെ കാവലാളാണ് ഭാഷ. ഐക്യകേരളത്തിന്റെ നിലനില്പ് മലയാളഭാഷയുടെ നിലനില്പുമായി ബന്ധപ്പെട്ടാണ്.

സംസ്കൃതകേന്ദ്രിതമായ ഭാഷാബോധത്തില്‍നിന്ന് അടിസ്ഥാനജനവിഭാഗം സംസാരിക്കുന്ന മലയാളത്തിലേക്കുള്ള പരിവര്‍ത്തനത്തെയാണല്ലോ മേല്പത്തൂരിന്റെ കൃതിക്കു പകരം പൂന്താനത്തിന്റെ ഭാഷാകൃതിയെ സ്വീകരിക്കുന്ന ഐതിഹ്യം സൂചിപ്പിക്കുന്നത്. അതുകഴിഞ്ഞ് ഇംഗ്ലീഷ് മേധാവിത്തത്തോടും കലഹിച്ചാണ് മലയാളം അതിന്റെ സ്വത്വബോധം സ്ഥാപിച്ചെടുത്തത്. ഭാഷയും അധികാരവുമായുള്ള ബന്ധത്തെക്കൂടി ഇത് വ്യക്തമാക്കുന്നുണ്ട്. ഭാഷാപരിണാമം ഒരധികാരപരിണാമത്തെക്കൂടി സൂചിപ്പിക്കുന്നുണ്ട്. മലയാളം കൈമോശം വരികരയൈക്കല്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സാമൂഹ്യാംഗീകാരം ഇല്ലാതാകുകയെന്നാണര്‍ത്ഥം. അതുകൊണ്ടുതന്നെ മാതൃഭാഷയ്ക്കുനേരെ സാമൂഹ്യതലത്തിലും ഭരണകൂടതലത്തിലും ഉണ്ടാകുന്ന അവഗണനകളെ നിസ്സാരമായിത്തള്ളാന്‍ സാദ്ധ്യമല്ല. മാതൃഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാനും ജീവിക്കാനുമുള്ള അവകാശം ഇന്ന് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളിലൊന്നായി കണക്കാക്കുന്നുണ്ട്.

അതിനാല്‍ ഭാഷാപഠനത്തെ പരിമിതപ്പെടുത്തുന്ന പരിഷ്ക്കരണങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും സംരക്ഷണത്തിന് മലയാളവേദി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ആളുകളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.


ഹയര്‍സെക്കണ്ടറി മലയാള അദ്ധ്യാപകവേദി, കോഴിക്കോട് ജില്ല.

Monday, May 4, 2009

സി.ജെ.ജോര്‍ജ്ജിന്റെ ലേഖനം ചിന്ത.കോമില്‍

ചിന്ത.കോമിലെ തര്‍ജ്ജനി മാസികയില്‍ സി.ജെ.ജോര്‍ജ്ജിന്റെ ലേഖനം: ഭാഷാപഠനവും മലയാളമനസ്സും

ലേഖനത്തില്‍ നിന്നു്:
ഗവണ്‍മെന്റ്‌ ഉത്തരവുകള്‍ അനുസരിക്കപ്പെടും എന്നു് വിചാരിക്കാം. എന്നാ‍ല്‍ ഉന്നതവിദ്യാഭ്യാസരംഗത്തു് പഠനമാദ്ധ്യമമായി മലയാളത്തെ പ്രതിഷ്ഠിക്കാവുന്ന നില ഭാഷ കൈവരിച്ചിട്ടി‍ല്ലെന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കാനാവുമോ. മലയാളം മാത്രം പഠിപ്പിക്കുന്ന സര്‍വ്വകലാശാല സ്ഥാപിച്ചാല്‍ അതിനെ രണ്ടാംകിട സര്‍വ്വകലാശാലയായി മുദ്രകുത്തുതിലേക്കാവില്ലേ എത്തിപ്പെടുക എന്ന സംശയവുമുണ്ടു്‌. എല്ലാ വിഷയങ്ങളും മലയാളത്തില്‍ പഠിപ്പിക്കാവുന്ന മട്ടി‍ല്‍ നമ്മുടെ മലയാളം വികസിച്ചു കഴിഞ്ഞുവോ എന്നും ആലോചിക്കേണ്ടതുണ്ടു്‌. അത്തരം വികാസം ഉണ്ടാക്കാനുള്ള വേദി എന്ന നിലയിലാണു് സര്‍വ്വകലാശാല ഉണ്ടാകുന്നതെങ്കില്‍ പ്രയോജനപ്രദമായേക്കും. എന്നാ‍ല്‍ അതു് നമ്മുടെ ഭാഷാപരിസരത്തുള്ള ഇംഗ്ലീഷിനെ അഭിമുഖീകരിച്ചുകൊണ്ടേ സാദ്ധ്യമാവുകയുള്ളൂ എന്നാ‍ണു് തോന്നന്നു‍തു്‌. വാസ്തവത്തില്‍, ഇംഗ്ലീഷ്‌ നമ്മുടെ സന്നിഹിതസാഹചര്യമാണു്‌. അതിനെ സംവാദാത്മകമായി അഭിമുഖീകരിക്കുന്നതിനു പകരം അപരമായും എതിര്‍ധ്രുവമായും കണ്ടുകൊണ്ടുള്ള പരിഷ്കാരയത്നങ്ങളാണു് നമ്മുടെ ഭാഷയുടെ ചില പ്രധാനപ്പെട്ട മേഖലകളിലുള്ള അവികസിതാവസ്ഥയ്ക്കും ഒഴിയാബാധയായ അപകര്‍ഷബോധത്തിനും അടിസ്ഥാനമായിരിക്കുന്ന ഒരു സംഗതി.
മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാല്‍ അതു് നാളിതുവരെ കൈവരിച്ചിട്ടു‍ള്ള വികാസത്തില്‍ സംവാദത്തിന്റെയും സമന്വയത്തിന്റേതുമായ പ്രവര്‍ത്തനക്രമമുണ്ടു് എന്നു് കാണാം. ആ ക്രമത്തിലുള്ള സര്‍ഗ്ഗാത്മകമായ നീക്കം സ്വാതന്ത്ര്യാനന്തരകാലത്തു് സ്ഥാപനങ്ങളിലൂടെ തടയപ്പെട്ടതിനാലാണു് വിജ്ഞാനവിനിമയത്തിനുള്ള ഭാഷ എന്ന നിലയിലേക്കുള്ള വികാസം തടസ്സപ്പെട്ടതു് എന്നു്‍ കാണേണ്ടിവരും. കൊളോണിയല്‍ കാലത്തു് ഉല്പാദിപ്പിക്കപ്പെട്ട ധാരണകളേക്കാള്‍ സ്വാതന്ത്ര്യാനന്തരകാലത്തെ അനുഭവയാഥാര്‍ത്ഥ്യങ്ങളാണു് മലയാളത്തെ അപകര്‍ഷപ്പെടുത്തിയതു്‌. മലയാളത്തിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വിദ്യാഭ്യാസത്തിന്റെയും ഭാഷാസൂത്രണത്തിന്റെയും ഭരണത്തിന്റെയും മേഖലകളില്‍ നടന്ന നീക്കങ്ങള്‍ അക്കാലത്തോളം നടന്നുവന്ന ഭാഷാസമന്വയപ്രക്രിയയെ തടസ്സപ്പെടുത്തുകയായിരുന്നു‍ ചെയ്തതു്‌. മലയാളം അപര്യാപ്തമായ ഭാഷയാണെന്ന ബോധം ജനങ്ങളില്‍ ഉറയ്ക്കുവാന്‍ ഇടയാക്കിയതു് ഇതാണു്. അതിനെ മറികടക്കുകയും മലയാളിക്കു് ശരണം പ്രാപിക്കാവുന്ന തരത്തില്‍ സമ്പന്നതയുള്ള ഭാഷയായി പരിണമിക്കുകയും ചെയ്താല്‍ മാത്രമേ മലയാളത്തെ ആധുനികമായ ഒരു ഭാഷയായി കാണാനും ഉല്‍ക്കര്‍ഷത്തിന്റെ ഭാഷയായിക്കണ്ടു് സ്വീകരിക്കാനും മലയാളി തയ്യാറാവുകയുള്ളൂ.

ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്‍ ചെയ്യുക

Sunday, May 3, 2009

ചിന്ത.കോമില്‍ പി. സോമനാഥന്റെ ലേഖനം: ഇതിലും ഭേദം ആഗോളവത്കരണം തന്നെ

ലേഖനത്തില്‍ നിന്നു്

ഷേക്‌സ്പിയറെ പഠിച്ചിട്ടെന്താണു കാര്യം? തുഞ്ചത്തെഴുത്തച്ഛനെ പഠിച്ചാല്‍ ജോലി കിട്ടുമോ? ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും ആല്‍ഫ്രഡ് മാര്‍ഷലിനെയും ഗ്രാംഷിയെയും പഠിച്ചിട്ടെന്തു കാര്യം എന്ന ചോദ്യം രാജ്യദ്രോഹമാണു്. ചുരണ്ടിയാല്‍ സമ്മാനം കിട്ടുന്നതിനു മാത്രമേ പ്രയോജനമുള്ളൂ എന്നാണു് വാദം. ഉടനടി പ്രയോജനമുള്ളതു മാത്രമാണു് വേണ്ടതെങ്കില്‍ സാഹിത്യ അക്കാദമിയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും എന്തിനാണു്? ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ഉള്ളപ്പോള്‍ വിവിധ സര്‍വ്വകലാശാലകളിലെ അക്കാദമിക്‍ കൗണ്‍സിലുകളും ബോര്‍ഡ് ഒഫ് സ്റ്റഡീസും പിരിച്ചു വിടേണ്ടതല്ലേ? മലയാളം പറയുന്നതിനു് ടാക്സ് നല്കണമെന്നു് കൗണ്‍സില്‍ പറഞ്ഞാല്‍ അതും നടപ്പിലാക്കാന്‍ മടിക്കാത്തവരെക്കൊണ്ടു് കേരളത്തിനു് പൊറുതിമുട്ടിയിരിക്കുന്നു.

കേരളത്തിലെ അദ്ധ്യാപകസംഘടനകളല്ലാതെ ലോകത്തിലെ ഏതെങ്കിലും ട്രേഡ് യൂനിയന്‍ തങ്ങളുടെ ഉപജീവനമായ തൊഴില്‍മേഖലയെ ഇങ്ങനെ ഒറ്റിക്കൊടുക്കുമെന്നു് കരുതാനാവില്ല. പക്ഷെ ഒരു സമൂഹത്തിന്റെ പരമ്പരാഗതസ്വത്തും സ്വത്വവുമായ ഭാഷയെയും സാഹിത്യത്തെയും ഇങ്ങനെ താറുമാറാക്കാനുള്ള അധികാരവും അവകാശവും അദ്ധ്യാപകസംഘടനകളുടെ പേരില്‍ ഏതാനും തല്പരകക്ഷികള്‍ക്കു് വിട്ടുകൊടുക്കുന്നതു് കേരളജനതയോടുചെയ്യുന്ന വഞ്ചനയാണു്. എഴുത്തുവിദ്യയും സാഹിത്യപാരമ്പര്യവുമുള്ള ഒരു ഭാഷ പണ്ടു് ഈ ഭൂപ്രദേശത്ത് ഉണ്ടായിരുന്നു എന്നു വരും തലമുറ കണ്ടെത്തിയേക്കും. സര്‍വ്വനാശത്തിലേക്കു് അതിനെ പരിഷ്ക്കരിച്ചു പരിഷ്ക്കരിച്ചെടുത്തതിന്റെ ഉത്തരവാദിത്തം ആഗോളവല്ക്കരണത്തിനാണു് എന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്നതു് നീതി കേടാണു്. ഈ നെറികേടിനെക്കാള്‍ എന്തുകൊണ്ടും നല്ലതു് ആഗോളവല്ക്കരണമാണു്, അതിന്റെ മുഴുവന്‍ വിപത്തുകളോടെയാണെങ്കില്‍പ്പോലും.



ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്കു് ചെയ്യുക

Wednesday, April 29, 2009

ഭാഷയെ തമസ്ക്കരിക്കുന്നതാരു്


പേരാമ്പ്ര ഭാഷാവേദി പുറത്തിറക്കിയ ലഘുലേഖ

കേരളത്തില്‍ വിദ്യാഭ്യാസപരിഷ്ക്കാരത്തിന്റെ ഒരു വ്യാഴവട്ടം കടന്നുപോയിരിക്കുന്നു. മുമ്പെല്ലാം സിലബസ് പരിഷ്ക്കരണത്തില്‍ ഒതുങ്ങിനില്ക്കുന്ന നവീകരണങ്ങളാണു് നടന്നിരുന്നതു്. അതാതു വിഷയത്തില്‍ പ്രഗത്ഭ്യമുള്ളവരാണു് പരിഷ്കാരങ്ങള്‍ ഏറ്റെടുത്തു നടത്തിയിരുന്നതു്. ഇപ്പോഴാകട്ടെ, നടപ്പിലാകുന്ന പരിഷ്ക്കാരത്തിന്റെ എല്ലാ ഘട്ടങ്ങളിലും പങ്കാളിയാകാനും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ നല്കാനും ഓരോ അദ്ധ്യാപകനും അവസരം ലഭിക്കുന്നുണ്ടു്. തത്ത്വത്തില്‍, ഓരോ വിഷയവും അതു പഠിപ്പിക്കുകയും പഠനാനുഭവങ്ങള്‍ സമ്പാദിക്കുകയും ചെയ്തിട്ടുള്ള അദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്യപ്പെടുന്നു. പ്രത്യക്ഷത്തില്‍ പുതിയ കാലത്തെ പരിഷ്കാരങ്ങള്‍ ഏറെ ജനാധിപത്യപരമാണു്. ഇതു സമ്മതിച്ചാല്‍, ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ള പദ്ധതിയുടെ മുഴുവന്‍ മെച്ചങ്ങള്‍ക്കും അതേപോലെ അതിന്റെ മുഴുവന്‍ ദോഷങ്ങള്‍ക്കും ഉത്തരവാദിത്തം കേരളത്തിലെ ഓരോ അദ്ധ്യാപകനുമുണ്ട് എന്നു പറയേണ്ടിവരും. ആ ഉത്തരവാദിത്തബോധത്തോടെ നമ്മുടെ വിദ്യാഭ്യാസരംഗത്തു നടന്നുവരുന്ന പരിഷ്കാരങ്ങളെ വിലയിരുത്തുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് തോന്നുന്നത്.

പുറത്തു കാണുന്നതുപോലെ ജനാധിപത്യപരമായ പരിഷ്കാരങ്ങളാണോ നടന്നുവരുന്നത്? ആരോ നിശ്ചയിച്ച പദ്ധതികള്‍ അദ്ധ്യാപരുടെയും പൊതുസമൂഹത്തിന്റെയും സമ്മതിയുള്ളതെന്നു വരുത്തിത്തീര്‍ത്തു നടപ്പാക്കുകയല്ലേ ചെയ്യുന്നത്? കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് അധികാരവും സാമര്‍ത്ഥ്യവുമുള്ള ചില വന്‍സ്രാവുകള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിച്ചുകൊണ്ട് തന്ത്രപൂര്‍വ്വം കളിക്കുകയല്ലേ ചെയ്യുന്നത്? കളി നമ്മുടേത്, ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്കും - സുരക്ഷിതമായ കളി. ഇനിയുമുണ്ട് ചോദിക്കേണ്ട കാര്യങ്ങള്‍. സമൂലമായ ഒരു പരിഷ്ക്കരണം നടത്തുന്നതിനു് മുന്നോടിയായി നിലവിലുണ്ടായിരുന്ന പദ്ധതിയെക്കുറിച്ച് ഏതെങ്കിലും പഠനങ്ങള്‍ നടത്തിയിരുന്നുവോ? അങ്ങനെ നടന്നതായി അറിവില്ല. സമ്പൂര്‍ണ്ണമായും ഗുണങ്ങള്‍ മാത്രമുള്ള പദ്ധതിയാണിതെന്നു് പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍തന്നെ വീണ്ടും ഓരോ വര്‍ഷവും പുതിയപുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്തുകൊണ്ടാണ്? അതിവേഗം കാലഹരണപ്പെടുന്ന പരിഷ്കാരങ്ങളാണോ നടപ്പിലാക്കുന്നത്? വേണ്ടത്ര ആലോചനയും ഒരുക്കവും നടത്താതെ ചാടിപ്പുറപ്പെടുകയും പാളുമ്പോള്‍ പെട്ടെന്ന് പുതിയതെന്തെങ്കിലും അവതരിപ്പിച്ചു തടിതപ്പുകയുമാണോ ചെയ്യുന്നത്? പുതിയപുതിയ മാറ്റങ്ങള്‍ മുന്നോട്ടുവെയ്ക്കുമ്പോള്‍ നിലവിലിരുന്ന പദ്ധതിയുടെ ഏതു ദോഷങ്ങള്‍ പരിഹരിക്കാനാണു് അത്തരം മാറ്റങ്ങള്‍ എന്നു വ്യക്തമാക്കാതെ പോകുന്നത് എന്തുകൊണ്ടാണ്? നിലവിലുള്ള പദ്ധതിയുടെ ഗുണദോഷങ്ങള്‍ തിരിച്ചറിയുന്ന തരത്തിലുള്ള പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ `മികവുകള്‍' എന്നപേരില്‍ തെരഞ്ഞെടുക്കപ്പെട്ട ചില മെച്ചങ്ങളെ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. ഇതത്രയും ഒരു പരസ്യതന്ത്രമാണു് എന്നു വരുമോ? 

വിദ്യാഭ്യാസപരിഷ്ക്കരണപരമ്പര സ്ക്കൂള്‍തലത്തില്‍നിന്നു് വളര്‍ന്നു് ഹയര്‍സെക്കണ്ടറിയിലൂടെ ബിരുദപഠനത്തില്‍ എത്തിനില്ക്കുകയാണ് ഇപ്പോള്‍. ഈ ഘട്ടത്തില്‍, അപായകരമായ ചില കാര്യങ്ങള്‍ വളരെ വ്യക്തമായി വരുന്നത് കാണാതിരിക്കാന്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. ഭാഷാപഠനത്തിന് പ്രസക്തിയില്ലെന്ന നിഗമനമാണ് അതില്‍ പ്രധാനമായതു്. ഇത് ഏതെങ്കിലും അദ്ധ്യാപകക്കൂട്ടായ്മയിലോ പൊതു ചര്‍ച്ചയിലോ ഉരുത്തിരിഞ്ഞുവന്ന ആശയമല്ല. (തീരുമാനങ്ങള്‍ ജനാധിപത്യപരമല്ലെന്നു പ റയേണ്ടിവരുന്നത് ഇതൊക്കെക്കൊണ്ടാണ്.) ഭാഷയും സാഹിത്യവും മറ്റുവിഷയങ്ങളോടൊപ്പം പഠിപ്പിക്കുന്ന നിലവിലുള്ള രീതി നിഷ്പ്രയോജനമെന്നു് തീര്‍പ്പുകല്പിക്കാനുതകുന്ന ഏതെങ്കിലും സൈദ്ധാന്തികനിഗമനമോ പഠനഗവേഷണഫലമോ പുറത്തുവന്നതായും അറിവില്ല. എന്നിരിക്കെ, ഉന്നതങ്ങളില്‍ വിരാജിക്കുന്ന ആരോ നിശ്ചയിക്കുന്നു- ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നത് പാഴ്‌വേലയാണെന്ന്. ഭാഷാപഠനം അമ്പേ വേണ്ടെന്നു പറയാന്‍ നാണിച്ചിട്ടാവണം അളവു കുറയ്ക്കുക, ഭാഷാപഠനത്തിന്റെ പരമ്പരാഗത ഉള്ളടക്കമായ സര്‍ഗ്ഗാത്മകസാഹിത്യത്തെ ഒഴിവാക്കുക തുടങ്ങിയ ലീലകളിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഭാഷാ-സാഹിത്യപഠനം അപ്രസക്തമാണെന്നും അതിനാല്‍ ഉപേക്ഷിക്കേണ്ടതാണെന്നും വരുത്തിത്തീര്‍ക്കുന്നു. ഇതിന്റെ സാംഗത്യമെന്തെന്ന് പരിശോധിക്കാനോ പഠിക്കാനോ ചര്‍ച്ച ചെയ്യാനോ ശ്രമിക്കാതെ പ്ലസ് ടു തലത്തിലും ബിരുദതലത്തിലും കാതലായ അഴിച്ചുപണികള്‍ നടത്തുന്നു! അതിനെ എതിര്‍ക്കുന്നവരെന്നവകാശപ്പെടുന്നവര്‍ തങ്ങളുടെ തൊഴിലിനുറപ്പുള്ളിടത്തോളം മാറ്റങ്ങള്‍ക്കു കൂട്ടുനില്‍ക്കാമെന്ന ധാരണയിലെത്തുന്നു. തങ്ങള്‍ പോരാടിനേടിയ നേട്ടങ്ങളെക്കുറിച്ച് ഊറ്റം കൊള്ളുന്നു: ഞങ്ങളുടെ വാരിക്കുന്തപോരാട്ടങ്ങളാണ് ഇത്രത്തോളമെങ്കിലും നിലനിര്‍ത്താന്‍ കാരണമായത്. അതിനാല്‍ ഞങ്ങളെ ആദരിച്ചാലും എന്നാണവരുടെ ഭാവം. അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ അവരും മടിക്കുന്നു. ഭാഷാ-സാഹിത്യപഠനത്തിന്റെ സാംഗത്യമെന്താണ്? എന്തുകൊണ്ടായിരുന്നു പരമ്പരാഗതവിദ്യാഭ്യാസത്തില്‍ ഭാഷാ-സാഹിത്യപഠനത്തിനു വലിയ സ്ഥാനം കല്പിക്കപ്പെട്ടത്? ഇപ്പോള്‍ അതിനു ഭേദഗതി നിര്‍ദ്ദേശിക്കുന്നതിന്റെ യുക്തി എന്താണ്? - ഇത്തരം ചോദ്യങ്ങള്‍. 

ബിരുദതലത്തില്‍ നിലവിലിരിക്കുന്ന സമ്പ്രദായത്തില്‍ ഭാഷാസാഹിത്യം നിര്‍ബ്ബന്ധിതമായ പൊതുവിഷയമാണു്. ഐച്ഛികമായി ശാസ്ത്രമോ സാമൂഹ്യശാസ്ത്രമോ മാത്രമല്ല ഭാഷാസാഹിത്യംതന്നെ വിസ്തരിച്ചുപഠിച്ചക്കുന്നവര്‍പോലും പാര്‍ട്ട് 1 ഇംഗ്ലീഷ്, പാര്‍ട്ട് 2 (മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍നിന്നു് തിരഞ്ഞെടുക്കുന്ന ഒന്നു്) എന്നിങ്ങനെയുള്ള പൊതുവിഷയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ അടുത്ത അദ്ധ്യയനവര്‍ഷം നടപ്പിലാക്കുന്ന പദ്ധതിയില്‍ പൊതുവിഷയങ്ങള്‍ പത്തെണ്ണമുണ്ടു്. പക്ഷെ അവ സയന്‍സിന്റെ ചരിത്രവും ദര്‍ശനവും, ഇന്ത്യന്‍ ഭരണഘടന, നാഗരികതകളുടെ ചരിത്രം, കമ്മ്യൂണിക്കേറ്റീവ് സ്ക്കില്‍സ്, വിവര്‍ത്തനത്തിന്റെ തത്വപ്രയോഗങ്ങള്‍ തുടങ്ങിയവയാണു്. ഭാഷാസാഹിത്യം സെക്കന്റ് ലാംഗ്വേജില്‍ 90 ദിവസത്തേക്കുള്ള ഒറ്റ പേപ്പര്‍ മാത്രം. അദ്ധ്യാപകരുടെ ജോലി പോകാതിരിക്കാന്‍ ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷാദ്ധ്യാപകര്‍തന്നെയാണു് അവയൊക്കെ പഠിപ്പിക്കേണ്ടതു് എന്നു് തീരുമാനിച്ചിരിക്കുന്നു. ഭാഷാസാഹിത്യവിഷയങ്ങള്‍ ഉപകാരമില്ലാത്ത വെറും പഠനഭാരങ്ങള്‍ മാത്രമാണു് എന്നു് ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ അസന്ദിഗ്ദ്ധമായി വെളിവാക്കിയിരിക്കുന്നു. ഇതു നടപ്പിലാക്കാന്‍വേണ്ടി വ്യത്യസ്ത സര്‍വ്വകലാശാലകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ അതാതു് അദ്ധ്യാപകരുടെ ശില്പശാലകള്‍ സംഘടിപ്പെട്ടുകഴിഞ്ഞു. ചുരുക്കത്തില്‍ കൗണ്‍സില്‍ ഏകപക്ഷീയമായി തീരുമാനിച്ച കാര്യങ്ങള്‍ സുഗമമായി നടപ്പിലാക്കാനും അതിനു് ജനാധിപത്യത്തിന്റെ മുഖംമൂടി നല്കിക്കൊണ്ടു് മുഴുവന്‍ ഉത്തരവാദിത്തവും അദ്ധ്യാപകരുടെ തലയില്‍ കെട്ടിവെക്കാനുമുള്ള ശ്രമങ്ങളാണു് ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നതു്. ഇതു് ചെറുക്കപ്പെടേണ്ടതാണോ എന്നതാണു് ഭാഷാദ്ധ്യാപകര്‍ നേരിടുന്ന ചരിത്രപരമായ ചോദ്യം.

ബിരുദതലത്തില്‍ പെട്ടെന്നു് പൊട്ടിമുളച്ചതല്ല ഭാഷാതിരസ്ക്കരണത്തിന്റെ ഈ അജണ്ട. ഒന്നാം ക്ലാസ്സുമുതല്‍ കമ്യൂണിക്കേറ്റീവ് സ്ക്കില്ലാണു് പഠിക്കേണ്ടതു് എന്നു് നേരത്തെ സിദ്ധാന്തിച്ചിരുന്നു. കോവളത്തു് കപ്പലണ്ടിവില്ക്കുന്ന പളനിയെന്ന ബാലന്റെ ഇംഗ്ലീഷാണു് ആദര്‍ശമാതൃകയായി വിദ്യാഭ്യാസവകുപ്പു് ഉയര്‍ത്തിപ്പിടിച്ചതു്. സ്ക്കൂളില്‍ ചേരുന്നതിനു മുമ്പേ സ്വാഭാവികമായി പഠിക്കുന്ന സംസാരഭാഷയാണു് ഭാഷാപഠനത്തിന്റെ ലക്ഷ്യമെന്നു് 1997-ല്‍ത്തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞതാണു്. അതിനായി ചോംസ്കിയുടെ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള അവ്യക്തവും തെറ്റിദ്ധാരണാജനകവുമായ പ്രചരണങ്ങള്‍ നടത്തിയിരുന്നു. ചോംസ്കിയുടെ ഭാഷാശാസ്ത്രത്തിനു് അദ്ദേഹം നല്കിയപേരുതന്നെ വ്യാകരണമാണെന്നതു് ശ്രദ്ധിക്കാതെ വ്യാകരണത്തെ നികൃഷ്ടജീവിയെന്നു വിളിച്ചു് നാടുകടത്തുകയാണു് ചെയ്തതു്. മറ്റെല്ലാവിഷയങ്ങളിലും സാങ്കേതികപദങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ ഭാഷയിലെ അത്തരം പദങ്ങള്‍ക്കു് അയിത്തം കല്പിക്കുകയാണുണ്ടായതു്. എഴുത്തുഭാഷ പ്രധാനമല്ലെന്നും എഴുത്തിലെ തെറ്റുകള്‍ തിരുത്തുന്നതു് മഹാപരാധമാണെന്നും പ്രചരിപ്പിക്കപ്പെട്ടു. പത്താംതരം കഴിഞ്ഞുവരുന്നവരില്‍ സ്ക്കൂളിനു പുറത്തുനിന്നും പഠനസഹായം ലഭിച്ചിട്ടില്ലാത്തവര്‍ക്കൊന്നും മലയാളം എഴുതാനേ കഴിയില്ല എന്നായി. ഇംഗ്ലീഷാകട്ടെ അവരവര്‍ക്കുതോന്നിയ പോലെ അക്ഷരം നിരത്തുന്ന ഒരു പ്രത്യേക എഴുത്തുരീതിയായി. 

ഇതൊക്കെ അബദ്ധത്തില്‍ സംഭവിച്ചുപോയതല്ല, ആസൂത്രിതമായി നടപ്പിലാക്കി വിജയിച്ചതാണെന്നു് ബിരുദപഠനത്തിലെ ഈ ഭാഷാതിരസ്ക്കാരപദ്ധതി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വെളിവാക്കുന്നു. ആരാണുത്തരവാദി? ചോദ്യത്തിന്റെ വിരല്‍മുന അദ്ധ്യാപകരിലേക്കുമാത്രം തിരിയുന്നു.

ഭാഷ മാത്രമല്ല സാഹിത്യവും അയിത്തജാതിയില്‍പ്പെട്ടതാണു്. പത്താം ക്ലാസ്സുവരെയുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ കൊണ്ടാടപ്പെട്ട ഏതെങ്കിലും സാഹിത്യത്തിന്റെ അംശംപോലും കാണാനാവില്ല. മലയാളത്തിലും ചെറിയക്ലാസ്സുകളില്‍ പാഠപുസ്തകം പൂമ്പാറ്റയും ബാലരമയുമായി മാറുകയാണുണ്ടായതു്. സിപ്പി പള്ളിപ്പുറമാണു് മഹാകവി. പാലൈസും കോലൈസുംകൊണ്ടു പുസ്തകങ്ങള്‍ നനഞ്ഞുകുതിര്‍ന്നു. വല്ല കവിതകളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ത്തന്നെ അതിനെ സ്റ്റഫു ചെയ്തുകളയുന്ന കരിക്കുലം ഒബ്ജക്ടീവ് (സി.ഒ.) ഒരുക്കിവെച്ചു. ഒരു സാമൂഹ്യപ്രശ്‌നത്തെ പഠിക്കലായി സി.ഒ. നിജപ്പെടുത്തി. അതല്ലാതെ മറ്റൊന്നും പഠിപ്പിച്ചുപോകരുതെന്നു് അന്ത്യശാസന നല്കി. ഏഴാംക്ലാസ്സിലെ മലയാളം ഉപപാഠപുസ്തകത്തില്‍ കടമ്മനിട്ടയുടെ `ശാന്ത'യിലെ ഏതാനും വരികള്‍ നല്കിയതു് വരള്‍ച്ച എന്ന ജലദൗര്‍ലഭ്യത്തെ പഠിക്കാനാണു്. പാത്തുമ്മായുടെ ആടു് വായിച്ചിട്ട് പാലു് കട്ടുകറന്നതിനെതിരെ പോലീസില്‍ പരാതിയെഴുതുന്നതാണു് സാഹിത്യാസ്വാദനത്തിന്റെ മാതൃക. അതാണു് സാഹിത്യത്തിന്റെ പ്രയോജനം. എഴുത്തുഭാഷയുടെ പ്രയോജനം നോട്ടീസും പോസ്റ്ററും ഉണ്ടാക്കലാണു്. ഇത്തരത്തില്‍ ഭാഷാവിരുദ്ധമായ, സൗന്ദര്യശാസ്ത്രവിരുദ്ധമായ ഒരു കാഴ്ചപ്പാടും നിലപാടും ഒന്നാംക്ലാസ്സില്‍ത്തന്നെ ബീജമെടുത്തിരുന്നു. അതുവളര്‍ന്നു് തക്ഷകരൂപമെടുക്കുന്നതു് ബിരുദതലത്തിലാണെന്നുമാത്രം. ഇതിനൊക്കെ ഉത്തരവാദി ആരെന്ന ചോദ്യത്തില്‍നിന്നു് ഒഴിഞ്ഞുമാറാന്‍ പറ്റാത്തതരത്തില്‍ കെണികള്‍ ആദ്യമേ തയ്യാറാക്കിയിരുന്നു എന്നു് ഇന്നു് തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തമാകും. അദ്ധ്യാപകര്‍ക്കായി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ ഒന്നില്‍പ്പോലും ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ പിരഗണിക്കപ്പെടുകയോ രേഖപ്പെടുത്തകപോലുമോ ഉണ്ടായില്ല. മേല്‍ത്തട്ടില്‍നിന്നു് ആരെല്ലാമോ ആലോചിച്ചുറപ്പിച്ചു് കെട്ടിയിറക്കിയ കാര്യങ്ങള്‍ക്കു് പൊതുസമ്മതിയുണ്ടെന്നു വരുത്തിത്തീര്‍ക്കുകമാത്രമായിരുന്നില്ലേ ഉദ്ദേശ്യം. യോഗങ്ങളില്‍ കരിക്കുലം ഒബ്ജക്ടീവുകള്‍ കണ്ടെത്താനും പഠനപ്രവര്‍ത്തനം ആസൂത്രണം ചെയ്യാനുമുള്ള നിര്‍ദ്ദേശങ്ങള്‍ പലതും കുരങ്ങുകളിപ്പിക്കല്‍ മാത്രമായിരുന്നോ? പുതിയപദ്ധതിയില്‍ ഏറ്റവും ഫല പ്രദമായതു് ഭാഷാപഠനമാണെന്ന പരസ്യപ്രചരണം ഒരു ചതി മാത്രമായിരുന്നില്ലേ?

അദ്ധ്യാപകരുടെ ജോലി പ്രധാനപ്രശ്‌നമാണു്. അതില്‍ പരിഷ്ക്കാര്‍ത്താക്കള്‍ക്കു് എന്തെങ്കിലും താല്പര്യമുണ്ടെന്നു് വിശ്വസിക്കാന്‍ ന്യായമില്ല. സാമൂഹ്യബാദ്ധ്യതകള്‍ക്കെതിരെ ഒന്നിക്കാനുള്ള ഒരു വിലപേശല്‍ മാത്രമാണു് ജോലിസ്ഥിരതാവാദം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പതിനഞ്ച് കുട്ടികള്‍ക്കു് ഒരദ്ധ്യാപിക എന്ന അനുപാതത്തില്‍ മാത്രമേ പുതിയ പദ്ധതി വിജയകരമായി നടപ്പിലാക്കാനാവൂ എന്നാണയിട്ടു് വര്‍ഷം പന്ത്രണ്ടുകഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. എന്നു മാത്രമല്ല അത്തരം ആവശ്യം പോലും ഇന്നാരും ഉന്നയിക്കുന്നില്ല. ബെഞ്ചുകള്‍ വട്ടത്തില്‍ വിന്യസിച്ചു് ക്ലാസ്സ്മുറികളുടെ കെട്ടും മട്ടും പോലും പരിഷ്ക്കരിച്ചുകൊണ്ടു് എഴുന്നള്ളിച്ച പഠനരീതി ഇന്നു് കേരളത്തിലെ ഏതെങ്കിലും സ്ക്കൂളില്‍ നടക്കുന്നുണ്ടോ? അതു് ആര്‍ക്കും തിരിച്ചറിയാനാകാത്ത രഹസ്യമാണോ? നിരന്തരമൂല്യനിര്‍ണ്ണയമെന്ന സി.ഇ.യുടെ ഇന്നത്തെ അവസ്ഥ എന്താണു്? ചാക്കീരി പാസ്സ് എന്നു പരിഹസിച്ചുവിളിച്ച ഫുള്‍ പ്രൊമോഷന്‍സമ്പ്രദായം എസ്.എസ്.എല്‍.സി പോലുള്ള പൊതുപരീക്ഷകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണു് പരിഷ്ക്കാരത്തിന്റെ പേരില്‍ ചെയ്തതു്. ചാക്കീരിപ്പാസ് കേരളത്തിലെ വിദ്യാഭ്യാസനിലവാരത്തെ അപകടപ്പെടുത്തിയെന്നകാര്യം തര്‍ക്കമില്ലാതെ അംഗീകരിക്കുന്നവര്‍തന്നെ അതു് പൊതുപരീക്ഷയിലും നടപ്പാക്കി ഞെളിയുന്നു. മുഖംരക്ഷിക്കല്‍ നടപടികൊണ്ടും പ്രചരണകാണ്ഡംകൊണ്ടും ഏതെങ്കിലും വിദ്യാഭ്യാസപദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമോ? ചോദ്യനമ്പറിട്ടാല്‍ അത് എന്‍ട്രിലെവലായി പരിഗണിക്കുകയും എന്‍ട്രി ലെവലില്‍ മാത്രം അമ്പതുശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുനേടുകയും ചെയ്യാവുന്ന പരീക്ഷാ രീതി വിദ്യാഭ്യാസത്തിനു് എന്തു ഗുണമാണു് ചെയ്യുന്നതു്? ഉത്തരക്കടലാസ്സില്‍ മാര്‍ക്കിടുമ്പോള്‍ തോന്നുന്ന മനസ്സാക്ഷിക്കുത്തിനെ തമാശക്കഥകളിലൂടെ അതിജീവിച്ചല്ലേ ഇന്നത്തെ വാല്വേഷന്‍ ക്യാമ്പുകളില്‍ അദ്ധ്യാപകര്‍ മനസ്സന്തുലനം നേടുന്നതു്? കളിവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതി നടപ്പിലാക്കിയതുമുതല്‍ പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞുവരുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. എന്നിട്ടും ഒരു പുനരാലോചനയോ പഠനമോ ഇതുവരെ നടന്നിട്ടില്ല. അദ്ധ്യാപകരെ തൊഴിലുറപ്പു പറഞ്ഞു് വഞ്ചിക്കാം. വിദ്യാര്‍ത്ഥികളെയോ?

കേരളത്തിലെ ഏതാനും അദ്ധ്യാപകര്‍ക്കു് ജോലി ലഭിക്കുന്നതിനായി പഠിപ്പിക്കപ്പെടുന്ന ഒരു ഭാഷാവിഷയം മാത്രമാണോ മലയാളവും ഇംഗ്ലീഷും മറ്റും? ഭാഷയും സാഹിത്യവും മലയാളിസമൂഹത്തിനു് ഒരു പ്രയോജനവും ചെയ്യുന്നില്ലെന്നു് തീരുമാനിക്കാന്‍ വിദ്യാഭ്യാസവകുപ്പിനും അവര്‍ നിശ്ചയിക്കുന്ന കമ്മിറ്റികള്‍ക്കും അവകാശമുണ്ടോ? അങ്ങിനെയെങ്കില്‍ ഭാഷാ-സാഹിത്യ പോഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍തന്നെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടെന്നും സാഹിത്യ അക്കാദമിയെന്നും മറ്റും ചില സമിതികളെ ചെല്ലും ചെലവും നല്കി പ്രോത്സാഹിപ്പിക്കുന്നതു് ഇരട്ടത്താപ്പല്ലേ? മലയാളം ഭരണഭാഷയാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതല്ലേ? കേരളത്തിന്റെ ഭാഷയും സംസ്ക്കാരവും മുമ്പെങ്ങുമില്ലാത്തവിധം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണു്. ഭാഷാതിരസ്ക്കരണത്തിനെതിരെ ഭാഷാവേദികളും മലയാളവേദികളും സാഹിത്യവേദികളും മറ്റും കേരളത്തിന്റെ പലഭാഗങ്ങളിലായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണു്. നിങ്ങള്‍ ഏതു ചേരിയിലാണെന്നു് സ്വയം പ്രഖ്യാപിക്കേണ്ട സമയം വന്നിരിക്കുന്നു. പുതിയ വിദ്യാഭ്യാസപദ്ധതികളിലെ ഭാഷാവിരോധം നിങ്ങള്‍കൂടി പിന്‍പറ്റുന്നുണ്ടോ? അത്തരം ഗൂഢനീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയങ്ങളില്‍ നിങ്ങള്‍കൂടി പാലിച്ച മൗനമല്ലേ സമ്മതമായി രേഖപ്പെടുത്തിയതു്? ആരാണു് ഗൂഢമായ ആസൂത്രണങ്ങളുടെ മറവില്‍ നമ്മെ ഇത്തരം മൗനവ്രതങ്ങളിലേക്കു് നയിക്കുന്നതു്. നമുക്കുവേണ്ടി ശബ്ദിക്കുന്നവര്‍ ആരാണു്? അവരുടെ താല്പര്യങ്ങള്‍ മലയാളത്തോടൊപ്പമാണോ? അവരെ കണ്ണടച്ചുവിശ്വസിച്ചുകൊണ്ടു് മൗനം പാലിക്കുകതന്നെയാണോ ഇനിയും നമ്മള്‍ ചെയ്യേണ്ടതു്? ഇത്തരം അനവധി ചോദ്യങ്ങള്‍ നമ്മുടെയുള്ളില്‍ ഉയരേണ്ടതുണ്ടു്. പരിഹാരമായി ഒരു ഒറ്റമൂലിയില്ലാത്ത രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലാണു് ഭാഷയും സാഹിത്യവും. ഇപ്പോഴും ശാന്തനായിരിക്കാന്‍ കഴിയുന്നുവെങ്കില്‍ താങ്കള്‍ക്കു് ഭാവുകങ്ങള്‍ നേരുന്നു. ഭാഷപഠിച്ച, ഭാഷയെ സേ്‌നഹിക്കുന്ന വിഡ്ഢികളോടു് നിങ്ങള്‍ക്കു സഹതപിക്കാം. പോംവഴികളെക്കുറിച്ചുള്ള ആലോചനപോലും പോരാട്ടമായിത്തീരുന്ന പൊള്ളുന്ന കാലമാണിതു്. ചിന്തിക്കുക. കരുതിയിരിക്കുക. നിലപാടുകള്‍ ഉറപ്പിക്കുക. ചരിത്രം നിങ്ങളെ ഉറ്റുനോക്കുന്നുണ്ടു്. 


                                                                                         കണ്‍വീനര്‍, ഭാഷാവേദി, പേരാമ്പ്ര
18/04/09 



ഭാഷയെക്കുറിച്ചു് ഒരു സര്‍വ്വേ

ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ക്കിടയില്‍ ഭാഷാവേദി, പേരാമ്പ്ര നടത്തിയ സര്‍വ്വേ: ക്രോഡീകരണവും ചില വിചാരങ്ങളും

2009 ഏപില്‍ 21ന് കോഴിക്കോട് ബി. ഇ. എം. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, ഗവ: ഗണപത് ബോയ്‌സ്‌ഹൈസ്കൂള്‍ എന്നീസ്ഥാപനങ്ങളില്‍ മൂല്യനിര്‍ണ്ണയത്തിനായി എത്തിച്ചേര്‍ന്ന ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ക്കിടയില്‍ ഭാഷാവേദി പേരാമ്പ്ര ഒരു സര്‍വ്വേ നടത്തുകയുണ്ടായി. നാല്പതോളം ചോദ്യങ്ങളുള്ള ഒരു ചോദ്യാവലി ഉപയോഗിച്ചു നടത്തിയ പ്രസ്തുത സര്‍വ്വേയുടെ വിശദാംശങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

പുതിയപാഠ്യപദ്ധതിയിലെ ഭാഷാപഠനത്തെ പഴയതുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളുടെ കമ്യൂണിക്കേഷന്‍ ശേഷി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് 83% പേരും വിമര്‍ശമാത്മകബോധനശാസ്ത്രം ഗുണകരമാണെന്ന് 75% പേരും സാഹിത്യാസ്വാദനം മെച്ചപ്പെട്ടിട്ടുണ്ടെന്ന് 63% പേരും സാഹിത്യരചനാവാസന മെച്ചപ്പെട്ടിട്ടുണ്ടെന്ന് 61% പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ എഴുത്തുഭാഷ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായമുള്ളവര്‍ 29% മാത്രമാണ്. 67% പേര്‍ക്കും എതിരഭിപ്രായമാണുള്ളത്. 

കരിക്കുലം ഒബ്ജക്ടീവുകള്‍ മാറിയാല്‍ ഭാഷാപഠനം കാര്യക്ഷമമാകുമെന്ന അഭിപ്രായത്തോട് 43% പേര്‍ യോജിക്കുകയും 47% പേര്‍ വിയോജിക്കുകയും ചെയ്തു. ഭാഷാപാഠങ്ങള്‍ തൃപ്തികരമാണെന്ന് 42% പേരും അല്ലെന്ന് 54% പേരും രേഖപ്പെടുത്തി. ഭാഷാപാഠപുസ്തകങ്ങളുടെ നിലവാരത്തെക്കുറിച്ച് വളരെ മോശമെന്ന് 2% പേരും മോശമെന്ന് 13% പേരും മാറ്റമില്ല എന്ന് 11% പേരും മെച്ചമെന്ന് 64%പേരും വളരെമെച്ചമെന്ന് 2% പേരും അഭിപ്രായമില്ല എന്ന് 7% പേരും രേഖപ്പെടുത്തി. ഭാഷാപഠനത്തിന്റെ നിലവാരത്തെക്കുറിച്ച് വളരെ മോശമെന്ന് 5% പേരും മോശമെന്ന് 34% പേരും മാറ്റമില്ല എന്ന് 1% പേരും മെച്ചമെന്ന് 47% പേരും രേഖപ്പെടുത്തി. അതേസമയം പുതിയപദ്ധതിയില്‍ ഭാഷധ്യാപകന്‍ എന്നനിലയില്‍ തൃപ്തിയുള്ളവര്‍ 41% മാത്രമാണ്. 59% പേര്‍ അസംതൃപ്തരാണ്. ഭാഷധ്യാപകരുടെ ഭാവി ആശങ്കാജനകമാണെന്ന് 73% പേരും കരുതുന്നുണ്ട്. പ്രക്രിയാബന്ധിതമായ പഠനപ്രവര്‍ത്തനം 43% പേര്‍ക്കേ നടത്താന്‍കഴിയുന്നുള്ളൂ. 55% പേര്‍ക്കും അതിനു കഴിയുന്നില്ല. 

പുതിയപദ്ധതിയില്‍ ബോധനരീതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് 60% പേര്‍ കരുതുന്നു. പഠനത്തെ അത് ആകര്‍ഷകമാക്കിയെന്ന് 53% പേര്‍ പറഞ്ഞു. 41% പേര്‍ക്ക് എതിരഭിപ്രായമാണ്. പുതിയപദ്ധതി ജനങ്ങളെ പൊതുവിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റുത്തുണ്ടോ എന്ന ചോദ്യത്തോട് 53% പേര്‍ യോജിക്കുകയും 41% പേര്‍ വിയോജിക്കുകയും ചെയ്തു. എന്നാല്‍ പുതിയപദ്ധതിയില്‍ പത്താം ക്ലാസ്സു കഴിഞ്ഞുവരുന്ന വിദ്യാര്‍ത്ഥികളുടെ ഭാഷാശേഷികള്‍ മെച്ചപ്പെട്ടു എന്നുപറഞ്ഞത് 33% പേര്‍ മാത്രമാണ്. 12% പേര്‍ വളരെ മോശമായെന്നും 41% പേര്‍ മോശമായെന്നും 12% പേര്‍ മാറ്റമില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്. അതേസമയം പുതിയ പദ്ധതിയും പഴയ പദ്ധതിയും താരതമ്യം ചെയ്യുമ്പോള്‍ മെച്ചമെന്ന് 62% പേരും വളരെ മോശമെന്ന് 4% പേരും അഭിപ്രായപ്പെട്ടു. സ്വന്തം വിദ്യാര്‍ത്ഥിജീവിതവുമായി താരതമ്യം ചെയ്തപ്പോള്‍ പുതിയപദ്ധതിയിലെ വിദ്യാര്‍ത്ഥികള്‍ വളരെമെച്ചമെന്നു് ആരും അഭിപ്രായപ്പെട്ടില്ല. മെച്ചമന്നു പറഞ്ഞതു് 34%പേര്‍ മാത്രം. വളരെ മോശമെന്നു് 12% പേരും മോശമെന്നു് 37% പേരും മാറ്റമില്ല എന്നു് 14%പേരും രേഖപ്പെടുത്തി. 

മൂല്യനിര്‍ണ്ണയത്തില്‍ അദ്ധ്യാപകര്‍ പൊതുവെ അതൃപ്തരാണു്. 73% പേര്‍ക്കും തങ്ങള്‍ നടത്തുന്ന നിരന്തരമൂല്യനിര്‍ണ്ണയത്തെക്കുറിച്ചു് തൃപ്തിയില്ല. എന്‍ട്രിലെവല്‍ ഉത്തരങ്ങള്‍ക്ക് തന്നെ പകുതിയിലേറെ മാര്‍ക്കു നല്കുന്നതു് ഗുണകരമല്ലെന്നു് 75% പേര്‍ക്കും, ഒപ്ടിമംലെവലിനും ഹയര്‍ലെവലിനും ഒരേ സേ്ക്കാര്‍ നല്കുന്നതു് ഹാനികരമാണെന്നു് 80% പേര്‍ക്കും അഭിപ്രായമുണ്ടു്. പുതിയ മൂല്യനിര്‍ണ്ണയരീതികളെക്കുറിച്ച് മെച്ചമെന്നു പറഞ്ഞത് 32% പേര്‍ മാത്രമാണ്. വളരെ മോശമെന്ന് 6% പേരും മാറ്റമില്ലെന്ന് 24% പേരും രേഖപ്പെടുത്തി. നിരന്തരമൂല്യനിര്‍ണ്ണയത്തിനു തടസ്സമാകുന്നത് ക്ലാസ്സിലെ കുട്ടികളുടെ എണ്ണക്കൂടുതലാണെന്ന് 80% പേര്‍ സമ്മതിക്കുന്നു. മാര്‍ക്കു വാരിക്കോരിക്കൊടുക്കുന്നതിനു പകരം തത്ത്വനിഷ്ഠമായി നല്കിയിരുന്നെങ്കില്‍ ഗുണകരമാകുമായിരുന്നുവെന്ന് 77% പേര്‍ അഭിപ്രായപ്പെട്ടു. 

തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തത് 63% പേരാണ്. 19% പേര്‍ സ്വാശ്രയസ്ഥാപനങ്ങളിലാണെന്നു വെളിപ്പെടുത്തിയപ്പോള്‍ 18% പേര്‍ പ്രതികരിച്ചില്ല. അദ്ധ്യാപകരുടെ കുട്ടികള്‍ സ്വാശ്രയസ്ഥാപനങ്ങളില്‍ പഠിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് 44% പേര്‍ കരുതുമ്പോള്‍ 56% പേര്‍ അതിനെ എതിര്‍ത്തു. അദ്ധ്യാപകേതരജീവനക്കാരുടെ കാര്യത്തില്‍ ഇതു തെറ്റാണെന്നു 34% പേര്‍ കരുതുന്നു. അടുത്ത ബന്ധുവിന്റെയും സുഹൃത്തിന്റെയും കുട്ടികളെ പൊതുവിദ്യാലയത്തിലയക്കാന്‍ പ്രേരിപ്പിക്കുമെന്ന് 71% പേര്‍ പറഞ്ഞു. അതേ സമയം, പൊതുവിദ്യാലയങ്ങള്‍ ഇന്നത്തേപ്പോലെ അധികകാലം നിലനില്ക്കാനിടയില്ലെന്ന വിശ്വാസക്കാരാണ് 71% പേരും. സി ബി എസ് ഇ യെ അപേക്ഷിച്ച് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ നിലവാരം മെച്ചമാണെന്നു കരുതുന്നവര്‍ 24% പേര്‍ മാത്രം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ നിലവാരം വളരെ മോശമെന്ന് 6% പേരും മോശമെന്ന് 41% പേരും വ്യത്യാസമില്ലെന്ന് 15% പേരും അഭിപ്രായപ്പെട്ടു. 

ഭാഷാദ്ധ്യാപകരുടെ ഭാവി ആശങ്കാജനകമാണെന്നു് 73% അദ്ധ്യാപകരും അഭിപ്രായപ്പെടുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ധ്യാപകസംഘടനകള്‍ക്ക് കഴിയുമെന്നു് വിശ്വസിക്കുന്നവര്‍ 27% പേര്‍ മാത്രമാണു്. 

ശിശു സ്വാഭാവികമായി ചുറ്റുവട്ടത്തുനിന്നു ഭാഷസ്വാംശീകരിക്കുന്നുവെന്ന ചോംസ്കിയുടെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി ഔപചാരികഭാഷാപഠനം ആസൂത്രണം ചെയ്യുന്നതിനോടു് 35% പേര്‍ യോജിക്കുന്നു. എന്നാല്‍ കുട്ടികള്‍ എഴുത്തുഭാഷയാണു് പഠിക്കേണ്ടതെന്നാണു് 62% പേര്‍ പറയുന്നതു്. ഈ വര്‍ഷത്തെ പരീക്ഷ ഭാഷാശേഷിയെ പരിഗണിക്കുന്നില്ലെന്നു് 59% പേര്‍ വിശ്വസിക്കുന്നു. പുതിയപദ്ധതി എഴുത്തുഭാഷയെ മെച്ചപ്പെടുത്തിയിട്ടില്ലെന്നു് 67% പേര്‍ രേഖപ്പെടുത്തി. പുതിയപദ്ധതിയില്‍ ഭാഷാദ്ധ്യാപകന്റെ തൊഴില്‍ തൃപ്തികരമല്ലെന്നു് 59% പേര്‍ കരുതന്നു. പുതിയ പദ്ധതിയുടെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ ഫലപ്രദമായി അദ്ധ്യാപകരിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു് 60% പേരുടെയും നിഗമനം.

പൊതുവിദ്യാഭ്യാസം പുതിയ പാഠ്യപദ്ധതിയിലൂടെ ആകര്‍ഷകമായിത്തീര്‍ന്നുവെന്ന് കരുതുന്നവരില്‍ത്തന്നെ വലിയൊരു ഭാഗം പൊതുവിദ്യാഭ്യാസം തകര്‍ച്ചയിലേക്കു നീങ്ങുകയാണെന്ന് മനസ്സിലാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഈ വെരുദ്ധ്യം സംഭവിക്കുന്നതെന്ന് ആലോചിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസം പുതിയ പാഠ്യപദ്ധതിയിലൂടെ ആകര്‍ഷകമായിത്തീര്‍ന്നുവെന്ന അവകാശവാദം തന്നെ കാമ്പുള്ളതല്ലെന്നാണോ മനസ്സിലാക്കേണ്ടത്? പകുതിയിലധികംപേരും പുതിയ രീതി പൊതുവിദ്യാഭ്യാസത്തില്‍നിന്നും ജനങ്ങളെ അകറ്റിക്കളയുന്നതാണെന്നു വിലയിരുത്തി എന്നതും ആശങ്കയോടെ കാണേണ്ട കാര്യമാണ്. ഭാഷാപഠനത്തെ മാത്രമല്ല പൊതുവിദ്യാഭ്യാസത്തെത്തന്നെ ആപത്കരമായ വിധത്തില്‍ ബാധിക്കുന്നുവെങ്കില്‍ ഈ പരിഷ്കരണങ്ങളെ ആഴത്തില്‍ വിലയിരുത്തി പോരായ്മകളെ തിരിച്ചറിഞ്ഞും പരിഹരിച്ചുമല്ലേ മുന്നോട്ടുപോകേണ്ടത്? അതിനു പകരം, എല്ലാം തികഞ്ഞ പരിഷ്കാരങ്ങളാണ് നടത്തിവരുന്നത്, അതിനെ വിമര്‍ശിക്കുന്നത് പാപമാണ് തുടങ്ങിയ വിചാരങ്ങളോടെ മുന്നോട്ടുപോകുന്നതില്‍ ശരികേടില്ലേ?

പുതിയ പാഠ്യപദ്ധതികൊണ്ട് വാചികമായ കമ്മ്യൂണിക്കേഷനിലും സര്‍ഗ്ഗാത്മകരചനയിലും കുട്ടികള്‍ക്കു മെച്ചമുണ്ടായിട്ടുണ്ട് എന്നു പറയുന്നവര്‍ പോലും എഴുത്തുഭാഷയില്‍ വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നതെന്നു ഖേദിക്കുന്നു. വാമൊഴിയിലുണ്ടായിട്ടുണ്ടെന്നു പറയുന്ന പുരോഗതിയുടെ അടിസ്ഥാനം നമ്മുടെ കുടുബഘടനയിലും സാമൂഹികസാമ്പത്തികരംഗങ്ങളിലുമുണ്ടായ മാറ്റങ്ങളല്ലേ എന്നു പരിശോധിക്കേണ്ടതുമുണ്ട്. മാതാപിതാക്കളോട് സ്വതന്ത്രമായി ഇടപഴകുകയും പരിലാളനകളേറ്റുവാങ്ങുകയും ചെയ്യുന്ന പുതുതലമുറയുടെ പ്രകാശനപരമായ കഴിവുകള്‍ പഴയ തലമുറയെ അപേക്ഷിച്ച് വികസിതമായിരിക്കുമെന്നത് സ്വാഭാവികം. അതിനെ പുതിയ പാഠ്യപദ്ധതിയുടെ നേട്ടമായി അവതരിപ്പിക്കാന്‍കഴിയുമോ?. എഴുത്തുഭാഷയില്‍ കുട്ടികളുടെ അവസ്ഥ പരിതാപകരമാണെന്നതിനെക്കുറിച്ചു പറയുമ്പോള്‍ അതിന്റെ അടിസ്ഥാനവും സാമൂഹികമാറ്റത്തിലും കുടുംബഘടനയിലും ആരോപിക്കാത്തതെന്തേ എന്നു ചോദിക്കാം. എഴുത്തുഭാഷ കുടുംബത്തിനകത്തെ വിനിമയങ്ങളില്‍ സജീവസാഹചര്യമല്ല എന്നതിനാല്‍ അത് വീട്ടില്‍വെച്ച് സ്വാംശീകരിക്കപ്പെടുന്നതല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായി എഴുത്തിനെ പരിഗണിക്കേണ്ടിവരുന്നതുതന്നെ. സാമാന്യവ്യവഹാരഭാഷയ്ക്കല്ല സവിശേഷവ്യവഹാരങ്ങള്‍ക്കാണ് ഔപചാരിക വിദ്യാഭ്യാസത്തില്‍ ഊന്നല്‍ നലേ്കണ്ടത്. അതുകൊണ്ടുതന്നെ എഴുത്തുവിദ്യയും അതിനെ ആധാരമാക്കിയുള്ള സവിശേഷവിനിമയങ്ങളുമാണ് എക്കാലത്തും പഠനത്തിന്റെ ലക്ഷ്യമായിരുന്നത്. വിദ്യാഭ്യാസത്തില്‍ എഴുത്തിനുള്ള ഈ പരമപ്രാധാന്യത്തെ ഇല്ലാതാക്കുകയാണ് പുതിയ പദ്ധതിയെങ്കില്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം നിറവേറ്റുന്നതിലുള്ള പരാജയമാണ് അവിടെ സംഭവിക്കുന്നത് എന്നു പറയേണ്ടിവരും. 

സ്വന്തം പ്രവൃത്തിമണ്ഡലത്തെ വേണ്ടത്ര ഗൗരവത്തോടെ വിശകലനം ചെയ്യാന്‍ നമുക്കു കഴിയുന്നുണ്ടോ എന്ന ആശങ്കയാണ് മേല്‍സൂചിപ്പിച്ച ചില പ്രതികരണവൈരുദ്ധ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു പ്രധാനപ്രശ്‌നം. ഓരോ അദ്ധ്യാപകന്റെയും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് കേരളത്തിലെ വിദ്യാഭ്യാസപരിഷ്ക്കാരങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത് എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നതു്. ആസൂത്രണത്തിലും നടത്തിപ്പിലും അത് അടിമുടി ജനാധിപത്യപരമാണ് എന്നത്രെ ഈ അവകാശവാദം അര്‍ത്ഥമാക്കുന്നത്. എങ്കില്‍ ഇതിന്റെ മെച്ചങ്ങള്‍ക്കെന്നപോലെ ദോഷങ്ങള്‍ക്കും നാം ഓരോരുത്തരും ഉത്തരവാദിയല്ലേ? പൊതുവെ പുതിയപദ്ധതിയും അതിലെ ഭാഷാപഠനവും പാഠപുസ്തകങ്ങളും മെച്ചപ്പെട്ടിട്ടുണ്ടെന്നു് പറയുമ്പോള്‍ത്തന്നെ ഓരോ അംശത്തിലും പുതിയപദ്ധതിയെ വിലയിരുത്തുമ്പോള്‍ മോശമായെന്ന അഭിപ്രായങ്ങളിലെ വൈരുദ്ധ്യം ശ്രദ്ധിച്ചുകാണുമല്ലോ. ഈ അശ്രദ്ധതന്നെയായിരിക്കില്ലേ ഭാഷാ-സാഹിത്യപഠനങ്ങള്‍ അനാവശ്യമാണെന്ന മട്ടിലുള്ള നിഗമനങ്ങളിലേക്ക് കെ.സി.എഫി.നെ നയിച്ചതു്? ജനാധിപത്യസംവിധാനത്തില്‍ അഭിപ്രായം പറയാന്‍ ലഭിക്കുന്ന അവസരങ്ങളില്‍ ശബ്ദിക്കാതിരിക്കുന്നതു് ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടവും സമൂഹത്തോടുള്ള വഞ്ചനയുമാണു്. പ്രത്യേകിച്ച് ഭാഷാദ്ധ്യാപകര്‍ക്കുവേണ്ടിയും മലയാളസമൂഹത്തിനുവേണ്ടിയും അതീവജാഗ്രതയോടെ കാര്യങ്ങളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതു് തന്നെ വലിയ സമരമായിത്തീരുന്ന ഒരുകാലഘട്ടത്തില്‍. 


കണ്‍വീനര്‍,
ഭാഷാവേദി, പേരാമ്പ്ര.

Tuesday, April 14, 2009

മലയാളം പരീക്ഷയ്ക്ക് മാര്‍ക്ക് കിട്ടുന്ന വിധം

2008-09 വര്‍ഷത്തെ ഹയര്‍സെക്കണ്ടറിയുടെ മലയാളം ചോദ്യങ്ങളും ഓരോ ചോദ്യത്തിനും സ്കോറിടാനുള്ള മാനദണ്ഡം കാണിക്കുന്ന ഉത്തരസൂചിയും കാണുക. 


March -2009 Reg.No. .......... Name. .................... G - 5002 Part � II
മലയാളം 
(Malayalam)
 
Maximum: 80 Scores                                                                                                  Time; 2 1/2 Hours 
Cool - off time: 15 Minutes

നിര്‍ദ്ദേശങ്ങള്‍:
നിര്‍ദ്ദിഷ്ട സമയത്തിന് പുറമെ 15 മിനിറ്റ് `കൂള്‍ ഓഫ് ടൈം' ഉണ്ടായിരിക്കും. ഈ സമയത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാനോ, മറ്റുള്ളവരുമായി ആശയവിനിമയം നടത്താനോ പാടില്ല.
ഉത്തരങ്ങള്‍ എഴുതുന്നതിന് മുമ്പ് ചോദ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണം.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം.
ഒരു ചോദ്യനമ്പര്‍ ഉത്തരമെഴുതാന്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഉപചോദ്യങ്ങളും അതേ ചോദ്യ നമ്പരില്‍ നിന്ന് തന്നെ തെരഞ്ഞെടുക്കേണ്ടതാണ്.

1. പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
`കണ്ണീരിന്റെ മാനദണ്ഡം വച്ച് കടം എഴുതിത്തള്ളാന്‍ തുടങ്ങിയാല്‍ പിന്നെ ബാങ്കും പൂട്ടി വീട്ടിലിരുന്നാല്‍ മതി. മനുഷ്യന്റെ ജീവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ല.'
`കൊമാല' എന്ന കഥയിലെ ബാങ്ക് സെക്രട്ടറിയുടെ വാക്കുകളാണിത്. ഈ നിലപാടിനോടുള്ള നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതുക.( ഒരു പുറം - സേ്കാര്‍:6)
Finalised score indicators HSE II march 2009
Part II Malayalam G- 5002
Entry level Optimum level Higher level 
കഥ, കഥാകാരന്‍, സന്ദര്‍ഭം (4) നിലപാട് 1. ബാങ്ക് സെക്രട്ടറിയുടെ പക്ഷം 2. വിശ്വത്തിന്റെ പക്ഷം ഏതെങ്കിലുമൊരു പക്ഷം സമര്‍ഥിക്കുക (6) സാമൂഹ്യപ്രതിബദ്ധതയോട് കൂടിയ നിലപാട് `വിശ്വന്‍' എന്ന നിരപരാധി സ്ഥാപനങ്ങള്‍ എന്തിനുവേണ്ടി? `ജീവന്റെട സംരക്ഷണം ബാങ്ക് സെക്രട്ടറിയുടെ നിലപാടിലെ മനുഷ്യ വിരുദ്ധത (6) 


2.ആസ്വാദനക്കുറിപ്പെഴുതുക.
`ഈ സിനിമയിലെ അപു എന്ന കഥാപ്രത്രം കാഴ്ചയിലൂടെയും ദുര്‍ഗ രുചിയിലൂടെയുമാണ് ലോകത്തെ അറിയുന്നത്.' 
`പാഥേര്‍ പാഞ്ചാലി' എന്ന സിനിമയെക്കുറിച്ചുള്ള ഈ പ്രസ്താവനയെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക ( അരപ്പുറം - സേ്കാര്‍:4)
score indicators
Entry level Optimum level Higher level 
കഥ എഴുതുകയോ, അപു ദുര്‍ഗ എന്നിവരെക്കുറിച്ച് എഴുതുകയോ ചോയ്യുക (2) 2 ദൃശ്യങ്ങള്‍ എങ്കിലും സൂചിപ്പിക്കുക (4) ദൃശ്യം സൂചിപ്പിക്കുക ആസ്വാദനം എഴുതുക (4) 


3. കുറിപ്പെഴുതുക.
സാഹിത്യം സമൂഹത്തിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്. കൊമാല, മനുഷ്യപ്രദര്‍ശനം, കല്ലുവെച്ച നുണകള്‍ എന്നീ പാഠഭാഗങ്ങളില്‍ സമകാലിക സമൂഹത്തിന്റെ പ്രതിഫലനം എത്ര മാത്രമുണ്ട്. പാഠഭാഗങ്ങളിലെ ആശയങ്ങളും സനാദര്‍ഭങ്ങളും ഉദാഹരിച്ച് കുറിപ്പെഴുതുക. (ഒന്നരപ്പുറം - സേ്കാര്‍ :8)
score indicators
Entry level Optimum level Higher level 
മൂന്ന് കഥകളില്‍ നിന്നും പരാമര്‍ശം, സന്ദര്‍ഭസൂചനകള്‍ (4) കൊമാല മരിച്ചവരുടെ നാട് പ്രതികരണശേഷി നഷ്ടപ്പെട്ടസമൂഹം സ്വാര്‍ഥത, ചൂഷണം, കാപട്യം മാധ്യമങ്ങളുടെ മനുഷ്യവിരുദ്ധസ്വഭാവം മനുഷ്യപ്രദര്‍ശനം യന്ത്രവല്ക്കരിക്കപ്പെട്ട സമൂഹം മനുഷ്യന്‍ - തകര്‍ന്ന മാനുഷികമൂല്യങ്ങള്‍. മനുഷ്യത്വം ആത്യന്തികമായി നിലനില്ക്കുന്നു. കല്ലുവെച്ചനുണകള്‍ ബാല്യം, വിദ്യാഭ്യാസം, ശിക്ഷ തെറ്റായ ധാരണകള്‍ (8) ആനുകാലികസംഭവങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നു (8) 


4. ദൃശ്യങ്ങള്‍ കണ്ടെത്തുക.
പരിസ്ഥിതിനാശം മനുഷ്യ ജീവിതത്തില്‍ ഉണ്ടാക്കുന്ന കെടുതികള്‍ ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ചിത്രത്തില്‍ അനിവാര്യമായും ഉള്‍പ്പെടുത്തണമെന്ന് നിങ്ങള്‍ കരുതുന്ന രണ്ട് ദൃശ്യങ്ങള്‍ എഴുതുക. ദൃശ്യങ്ങള്‍ക്ക് ചിത്രത്തിലുള്ള പ്രസക്തിയും വ്യക്തമാക്കണം. (സേ്കാര്‍: 6)
score indicators
Entry level Optimum level Higher level 
അനുയോജ്യമായ രണ്ട് ദൃശ്യങ്ങള്‍ എഴുതുന്നു(4) (ഉദാ:- വരണ്ടുണങ്ങിയ വയലിലൂടെ വെള്ളത്തിനായി പാത്രവുമെടുത്ത് നീങ്ങുന്ന സ്ത്രീകളുടെ ദൃശ്യം) ഒരു ദൃശ്യമെഴുതിയാല്‍ (2) ദൃശ്യങ്ങള്‍ എഴുതുന്നു അവയ്ക്ക് ചിത്രത്തിലുള്ള പ്രസക്തി വ്യക്തമാക്കുന്നു (6) ദൃശ്യങ്ങള്‍ പ്രസക്തമായവ പ്രസക്തി നന്നായി വ്യക്തമാക്കുന്നു (6)

5. നിരൂപണക്കുറിപ്പ് തയ്യാറാക്കുക.
ഗീവര്‍ഗീസച്ചന്‍ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ ഹിഗ്വിറ്റ എന്ന ഗോളിയുടെ സാന്നിദ്ധ്യം എന്തെല്ലാം സാധ്യതകളാണ് നല്കുന്നത്? കഥയിലെ സന്ദര്‍ഭങ്ങള്‍ ഉദാഹരിച്ച് നിരൂപണം തയ്യാറാക്കുക ( ഒരു പുറം - സേ്കാര്‍: 8)
score indicators
Entry level Optimum level Higher level 
കഥ, കഥാപാത്രങ്ങള്‍ വിശദീകരണം (5) കഥ, ഗീവര്‍ഗീസച്ചന്‍ ഹിഗ്വിറ്റ എന്ന ഗോളി സാധ്യതകള്‍ സന്ദര്‍ഭം ഉദാഹരിച്ച് വ്യക്തമാക്കുന്നു (8) ധ്വനി സാധ്യതകള്‍ വിശകലനം ചെയ്ത് കൂടുതല്‍ വ്യക്തമാക്കുന്നു (8) 

6. കുറിപ്പെഴുതുക.
`ആയുര്‍വേദത്തെ ടൂറിസ്റ്റുകളുപയോഗിക്കുന്നത് ആ ചികിത്സാരീതിക്കോ കേരളത്തിനോ ഗുണം ചെയ്യുമെന്ന് കരുതിക്കൂടാ.'
ലേഖകന്റെ ഈ നിലപാട് യുക്തിസഹമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? സമകാലിക കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്ത് കുറിപ്പെഴുതുക. ( അരപ്പുറം- സേ്കാര്‍:6)
score indicators
Entry level Optimum level Higher level 
ലേഖകന്റെ നിലപാട് തിരിച്ചറിയുന്നു പ്രതികരണം (2) വ്യക്തമാക്കിയാല്‍ (4) നിലപാടിനോടുള്ള പ്രതികരണം സമകാലിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നു (6) സൂക്ഷ്മവും സമഗ്രവുമായ നിലപാട്, കാലികസംഭവങ്ങളുമായി ബന്ധപ്പെടുത്തി എഴുതുക (6) 

7. താഴെ കൊടുത്തിട്ടുള്ള വാക്യത്തിന്റെ രചനാന്തരണങ്ങള്‍ എഴുതുക. 
വാക്യം: മരങ്ങള്‍ തണല്‍ നല്കുന്നു. (സേ്കാര്‍ :2)
score indicators
Entry level Optimum level Higher level 
രചനാന്തരണശ്രമത്തിനു് (1) ശരിയായ ഉത്തരം (2) 

8. കുറിപ്പെഴുതുക.
``തമ്മില്‍ കലര്‍ന്നാല്‍ ഗുണമേറും പൂക്കളെ
സമ്മേളിപ്പിപ്പിന്‍ സരസമായി'' (മാറ്റുവിന്‍ ചട്ടങ്ങളെ- കുമാരനാശാന്‍) 
മുകളില്‍ കൊടുത്തിട്ടുള്ള കാവ്യ ഭാഗത്തിലെ പദങ്ങളുടെ ധ്വനിസാധ്യത വിശകലനം ചെയ്ത് കുറിപ്പെഴുതുക. (അരപ്പുറം - സേ്കാര്‍: 6)
score indicators
Entry level Optimum level Higher level 
വരികളുടെ ആശയം കണ്ടെത്തി എഴുതിയാല്‍ (4) കലരുക, പൂക്കള്‍, സമ്മേളിപ്പിക്കുക പദങ്ങളുടെ ധ്വനിസാധ്യതക വിശകലനം ചെയ്ത് എഴുതിയാല്‍ (6) ധ്വനിസാധ്യതകള്‍ നന്നായി കണ്ടെത്തിയാല്‍ (6) 

9. പ്രതികരണക്കുറിപ്പെഴുതുക.
`ദൃശ്യമാധ്യമങ്ങള്‍ക്ക് ഗുണവും ദോഷവുമുണ്ട്. കാഴ്ചയ്ക്കായി നാം തിരഞ്ഞെടുക്കുന്ന ദൃശ്യത്തെ ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത്. നമുക്ക് വേണ്ട ദൃശ്യങ്ങള്‍മാത്രം നാം എടുക്കുക. അല്ലാതെ ദൃശ്യമാധ്യമങ്ങളെ കണ്ണടച്ച് വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. വിഷവും അരിയും പലചരക്കു കടയില്‍ കിട്ടും. നമുക്ക് വേണ്ടതാണ് നാം വാങ്ങിക്കഴിക്കേണ്ടത്. ഇതുപോലെയാണ് ദൃശ്യമാധ്യമങ്ങളുടെ കാര്യവും.'

`ദൃശ്യമാധ്യമങ്ങള്‍ സമൂഹത്തെ അപചയത്തിലേക്ക് നയിക്കുന്നുണ്ടോ' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംവാദത്തില്‍ ഒരാള്‍ പറഞ്ഞ അഭിപ്രായമാണ് മുകളില്‍ കൊടുത്തത്. ഇതിനോടുള്ള നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതുക.( ഒരുപുറം - സേ്കാര്‍:8)
score indicators
Entry level Optimum level Higher level 
ആശയസംഗ്രഹം അനുകൂലമോ പ്രതികൂലമോ ആയ നിലപാട് (4) ഏതു് നിലപാടായാലും ഉചിതമായി ആവിഷ്ക്കരിച്ചാല്‍ (8) ആധുനിക മാധ്യമസംസ്കാരത്തിന്റന്ന ഗുണദോഷങ്ങള്‍ കൃത്യമായി വിശകലനം ചെയ്യുന്നു (8)

10 വിലയിരുത്തല്‍ക്കുറിപ്പ് തയ്യാറാക്കുക
"Art is the best thing gifted to human beings by the Supreme Power. And the paintings are the best medium, which provides you freedom to realise all your thoughts, feelings and creativity without limitation.''

കലയെക്കുറിച്ചുള്ള ലേഖകന്റെ നിലപാടിനോടുള്ള നിങ്ങളുടെ പ്രതികരണം മലയാളത്തില്‍ കുറിപ്പെഴുതുക. (സേ്കാര്‍:6)
score indicators
Entry level Optimum level Higher level 
ആശയം ഏകദേശം മനസിലാക്കിയാല്‍ (4) ആശയം മനസിലാക്കി പ്രതികരണം എഴുതിയാല്‍ (6) ആശയം കൃത്യമായി മനസിലാക്കി പ്രതികരണം എഴുതിയാല്‍ (6) 

11. കുറിപ്പെഴുതുക.
`ജനപ്രിയ സിനിമകളില്‍ ജീവിതമില്ല; ജീവിതത്തിന്റെ കെട്ടുകാഴ്ചകള്‍ മാത്രമാണുള്ളത്. കൃത്രിമത്വമാണ് അതിന്റെ സ്വഭാവം. അതിശയോക്തിയാണ് അതിന്റെ മുഖമുദ്ര'
ജനപ്രിയ സിനിമകളെക്കുറിച്ചുള്ള ഈ വിമര്‍ശനം എത്രമാത്രം പ്രസക്തമാണ്. നിങ്ങള്‍ക്കു പരിചിതമായ സിനിമകള്‍ ഉദാഹരിച്ച് വിശകലനക്കുറിപ്പ് തയ്യാറാക്കുക. ( ഒന്നരപ്പുറം - സേ്കാര്‍:8)
score indicators
Entry level Optimum level Higher level 
ജനപ്രിയ സിനിമ എന്തെന്നു് ഏകദേശധാരണ (6) ജനപ്രിയസിനിമ - ഉദാഹരണസഹിതം പ്രസ്താവനയെ വിശകലനം ചെയ്യുന്നു (8) ജനപ്രിയസിനിമ - സമാന്തരസിനിമ താരതമ്യം ചെയ്യുന്നു. ജനപ്രിയസിനിമയുടെ രീതി ഉചിതമായി വിശകലനം ചെയ്യുന്നു (8) 

12. തിരസ്കാരം, കൊമാല എന്നീ പാഠഭാഗങ്ങള്‍ക്ക് ആ തലക്കെട്ടുകള്‍ എത്രമാത്രം യോജിച്ചതാണ്, പരിശോധിച്ച് കുറിപ്പെഴുതുക. തലക്കെട്ടുകളുടെ വിവിധ അര്‍ത്ഥസാധ്യതകള്‍ പരിശോധിക്കണം. (അരപ്പുറം - സേ്കാര്‍: 6)
score indicators
Entry level Optimum level Higher level 
ആശയം എഴുതിയാല്‍ തലക്കെട്ടുകള്‍ (അര്‍ഥം എഴുതണം) (4) വിവിധ അര്‍ഥസാധ്യതകള്‍ എഴുതണം തലക്കെട്ടുകള്‍ അനുയോജ്യമോ എന്നെഴുതണം (6) ധ്വനിസാധ്യതകള്‍ കണ്ടെത്തി വിശകലനം ചെയ്യുന്നു (6) 

13. പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
``വാര്‍ദ്ധക്യത്തെ മഹത്വവല്ക്കരിക്കുകയും യുവത്വത്തെ നിസ്സാരമായി കാണുകയും ചെയ്യുന്ന നിലപാടാണ് `വെള്ള സോക്‌സിട്ട മുടിനാരുകള്‍' എന്ന ലേഖനത്തില്‍ സ്വീകരിച്ചു കാണുന്നത്.''

യുവത്വത്തിന്റെ ഭാഗത്തു നിന്നു കൊണ്ട് ഈ നിലപാടിനെ ചോദ്യം ചെയ്യാനാവുമോ? എന്തെല്ലാം കാര്യങ്ങളാണ് നിങ്ങള്‍ക്ക് പറയാനുണ്ടാവുക? നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതുക. (അരപ്പുറം - സേ്കാര്‍:6)
score indicators
Entry level Optimum level Higher level 
ആശയം (പാഠം) - (3) നിലപാട് നന്നായി ആവിഷ്ക്കരിച്ചാല്‍ (6) യുക്തിഭദ്രമായി നിലപാട് അവതരിപ്പിച്ചാല്‍ (6)


Finalised score indicators HSE II march 2009
Part II Malayalam G- 5002
ഈ സ്ക്കീം പ്രകാരം ഒരോ ലെവലിനും ലഭിക്കാവുന്ന ആകെ സേ്ക്കാറുകള്‍

Entry level Optimum level Higher level 
കുറഞ്ഞതു് 47 80 80
കൂടിയതു് 53 80 80

എന്‍ട്രി ലെവലില്‍ മാത്രം അമ്പതുശതമാനത്തില്‍ക്കൂടുതല്‍ സേ്ക്കാറുകള്‍ നേടാം.