ഡി.സി.ബുക്‌സ് പുറത്തിറക്കിയ വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ കന്നിക്കൊയ്ത്ത് എന്ന കവിതയും അതിനു കവി നല്കിയ അടിക്കുറിപ്പുകളും തുടര്‍ന്നു കൊടുത്തിരിക്കുന്നു.
കന്നിക്കൊയ്ത്ത്
പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരി-
ച്ചിന്നിയ കതിര്‍*1 ചുറ്റും കിടക്കെ,
മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍, ഗ്രാമ-
ജീവിതകഥാനാടകഭൂവില്‍*2.
II
കെട്ടിയ മുടി കച്ചയാല്‍ മൂടി,
ചുറ്റിയ തുണി ചായെ്ചാന്നു കുത്തി,
വെറ്റില ചവ,ച്ചുന്മദമോളം-
വെട്ടിടുമരിവാളുകളേന്തി,
ഒന്നിച്ചാനമ്രമെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ;
നല്‍പ്പുലര്‍കാലപാടലവാനില്‍
ശുഭ്രമേഘപരമ്പരപോലെ!
III
`ആകെ നേര്‍വഴി പാലിപ്പി,നാരും
ആനപോലെ കടന്നു കൊയ്യല്ലേ!'
`താഴ്ത്തിക്കൊയ്യുവിന്‍, തണ്ടുകള്‍ ചേറ്റില്‍
പൂഴ്ത്തിത്തള്ളൊല്ലേ, നെല്ലു പൊന്നാണേ!'
`തത്തപോലെ മണിക്കതിര്‍ മാത്രം
കൊത്തിവെയെ്ക്കാലാ നീ, കൊച്ചുപെണ്ണേ!'
`കൊയ്യുവാനോ നീ വന്നതു, കൊള്ളാം
കൊഞ്ചുകാളാഞ്ചിമീന്‍*3 പിടിപ്പാനോ?'
`നീട്ടിയാല്‍പ്പോര നാവുകൊണ്ടേവം,
നീട്ടിക്കൊയ്യണം നീ,യനുജത്തീ!'
`കാതിലം*4കെട്ടാന്‍ കൈവിരുതില്ലേ?
നീ തലക്കെട്ടു*5 കെട്ടിയാല്‍പ്പോരും,'
ചെമ്മില്‍ച്ചെങ്കതിര്‍ ചേര്‍ത്തരിഞ്ഞേവം
തമ്മില്‍പ്പേശുന്നു കൊയ്ത്തരിവാള്‍കള്‍*6.
IV
പാടുവാന്‍ വരുന്നീലവ,ര്‍ക്കെന്നാല്‍
പാരമുണ്ടു പയ്യാരങ്ങള്‍*7 ചൊല്‍വാന്‍
തെങ്ങണിത്തണലാര്‍ന്നിവര്‍ തീര-
ത്തങ്ങു കൂടിക്കഴിഞ്ഞിടും ഗ്രാമം,
നിത്യവും ജീവിതം വിതയേറ്റി
മൃത്യുകൊയ്യും വിശാലമാം പാടം.
തത്ര കണ്ടിടാം കൊയ്തതിന്‍ ചാമ്പല്‍*8-
ക്കുത്തിലേന്തിക്കുളുര്‍ത്ത ഞാര്‍ക്കൂട്ടം;
അത്തലിന്‍കെടുപായലിന്‍മീതെ-
യുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം;
ചൂഴെയെത്തുന്ന രോഗദാരിദ്ര്യ-
ച്ചാഴിയൂറ്റിക്കുടിച്ചതിന്‍കോട്ടം;
ചെഞ്ചെറുമണി*9കൊത്തിടും പ്രേമ-
പ്പഞ്ചവര്‍ണ്ണക്കിളിയുടെയാട്ടം!
എത്ര വാര്‍ത്തകളുണ്ടിതേപ്പറ്റി-
ക്കൊയ്ത്തുകാരുടെയിപ്പഴമ്പായില്‍*10
- കന്യ പെറ്റുപോല്‍,മറ്റൊരു ബാല-
പ്പെണ്ണിനെക്കട്ടുകൊണ്ടുപോയ് പ്രേയാന്‍,
മുത്തന്‍ തൂങ്ങിമരിച്ചുപോല്‍,*11 തായെ-
പ്പുത്രന്‍ തല്ലിപോലഭ്യസ്തവിദ്യന്‍! -
എത്രചിത്രം*12! പുരാതനമെന്നാല്‍-
പ്പുത്തനാമീക്കഥകളിലെല്ലാം
ധീരം വായ്ക്കുന്നു കണ്ണുനീര്‍ക്കുത്തില്‍
നേരമ്പോക്കിന്റെ വെള്ളിമീന്‍ ചാട്ടം!
V
ആകുലം മര്‍ത്ത്യമാനസം ധീരം;
ആകിലും കാലമെത്രമേല്‍ ക്രൂരം!*13
കൊയ്യുവാനോ ഹാ, ജീവിതഭാരം-
കൊണ്ടുതാനോ കുനിഞ്ഞൊരീ മുത്തി,
വായ്‌ച്ചെഴും കന്നിപ്പാടത്തൊരുണ്ണി-
യാര്‍ച്ച*14പോല്‍ പണ്ടു മിന്നിയ തന്വി.
ഇന്നവള്‍ക്കുതിര്‍നെല്ക്കതിര്‍ താഴേ-
നിന്നെടുക്കാനുമെത്രതാന്‍ നേരം!*15
ഏറെ വേലയാല്‍ വേദനയാലും
ചോരനീര്‍വറ്റിച്ചുങ്ങിയ തന്‍മെയ്,
നാലുംകൂട്ടി മുറുക്കിയശേഷം
കാലം തുപ്പാന്‍പോം തമ്പലം പോലായ്!
നെല്ലിനോടു പിറുപിറുത്തെന്തോ
ചൊല്ലിനില്ക്കുമീയന്യയാം നാരി
കന്നിനാളിലേ, ഗ്രാമസംഗീത-
കിന്നരന്‍ താലികെട്ടിയ തന്വി*16.
ഇങ്ങു പാടങ്ങള്‍ കോള്‍മയിര്‍ക്കൊള്‍കേ,
തെ,ങ്ങുറുമിവാളുച്ചലിപ്പിക്കേ*17,
പാടിപോലിവള്‍ പണ്ടഭിമാനം
തേടുമുത്തരകേരളവീര്യം*18
ഒറ്റ,യായവള്‍ പിന്നീടു വീട്ടില്‍
പെറ്റ മാലുകളോടടരാടി,
പേപിടിച്ചു, കാല്‍ച്ചങ്ങല പുച്ഛം
പേശവേ,യന്ത്യഗാനങ്ങള്‍ പാടി,
തന്മതിഭ്രമം തീര്‍ന്നുപോയെന്നാ-
ലമ്മുളങ്കിളി പാടില്ല മേലില്‍*19.
VI
എന്തിനേറെ?-യിക്കൊയ്‌വതിലാരെ-
`യെന്റെയോമ'ലെന്നെന്‍ കരള്‍ ചെല്‍വൂ;
കൊയ്ത്തു നിര്‍ത്തി,യിടയ്ക്കിടയെ്ക്കന്നെ-
യെത്തിനോക്കുമേതാളുടെ കണ്‍കള്‍;
എന്നിലോരോ കിനാവുകള്‍ പാകി,
എന്റെ പാട്ടിന്നു പൂഞ്ചിറകേകി;
എട്ടുരണ്ടിലെച്ചാരുത പൊന്മൊ-
ട്ടിട്ടു നില്ക്കുമാപ്പെണ്‍കൊടിപോലും
വേട്ടു കൂട്ടുപിരിഞ്ഞുപോ,യേതോ
നാട്ടിലാനന്ദം നാട്ടിയശേഷം,
ജീവിതത്തിന്റെ തല്ലിനാല്‍*20 മെ,യ്യുള്‍,-
പ്പൂവിതളുകള്‍ പോയ് വടുക്കെട്ടി,
പേര്‍ത്തുമെത്തുമീപ്പാടത്തു കൊയ്യാന്‍
പാഴ്ത്തുണിയില്‍പ്പൊതിഞ്ഞൊരു ദുഃഖം!
വെണ്‍കതിര്‍*21പോല്‍ നരച്ചൊരാശ്ശീര്‍ഷ-
ത്തിങ്കല്‍ നര്‍മ്മങ്ങള്‍ തങ്ങിനിന്നാലും,
ആയതിന്‍മഹാധീരത വാഴ്ത്താന്‍
ഗായകനിവന്‍ കൂടെയുണ്ടാമോ?*22
VII
കന്നിനെല്ലിനെയോമനിച്ചെത്തി-
യെന്നൊടോതീ സദാഗതി വായു:
``നിര്‍ദ്ദയം മെതിച്ചീ വിളവുണ്മാന്‍
മൃത്യുവിന്നേകും ജീവിതംപോലും
വിത്തൊരിത്തിരി വെയ്ക്കുന്നു, വീണ്ടും
പത്തിരട്ടിയായ്‌പ്പൊന്‍ വിളയിപ്പാന്‍.
കന്നിനാളിലെക്കൊയ്ത്തിനുവേണ്ടി
മന്നിലാദിയില്‍ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു*23, നോക്കൂ,
പിന്നയെത്രയോ കൊയ്ത്തുപാടത്തില്‍!
ഹാ, വിജഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?
തന്‍വിരിമിഴിത്തെല്ലിനാലീ നിന്‍-
മുന്നില്‍ നാകം തുറക്കുമീത്തയ്യല്‍
കണ്ണുനീര്‍ച്ചാലില്‍ മണ്ണടിഞ്ഞേക്കാം;
നിന്‍പിപഞ്ചിയും മൂകമായ്‌പ്പോകാം*24.
എന്നിരിക്കിലുമന്നെഴും കൊയ്ത്തില്‍
സ്വിന്നമാം കവിള്‍ത്തട്ടിലെച്ചോപ്പാല്‍
ധന്യനാമേതോ ഗായകബാലന്‍
തന്നുയിരിനെയുജ്ജ്വലമാക്കി,
തന്വിമാരൊത്തു കൊയ്യുവാന്‍ വന്ന
കന്നിമാസത്തിന്‍ കൗതുകംപോലെ,
കണ്ണിനാനന്ദം നല്കിടും ഗ്രാമ-
കന്യയാളൊന്നീപ്പാടത്തു കൊയ്യും.
നിങ്ങള്‍താനവ,രിന്നത്തെപ്പാട്ടില്‍-
നിന്നു ഭിന്നമല്ലെന്നെഴും ഗാനം*25.
ഇപ്പൊരുളറിയാതറിഞ്ഞാവാം
നില്പതിമ്പമായ് ഗ്രാമീണചിത്തം!*26
ആകയാലൊറ്റയൊറ്റയില്‍ക്കാണു-
മാകുലികളെപ്പാടിടും വീണേ
നീ കുതുകമോടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം.*27''
അടിക്കുറിപ്പുകള്‍
(കന്നിക്കൊയ്ത്ത്;കന്നിക്കൊയ്ത്തുപാടം പശ്ചാത്തലം)
*1 ചിന്നിയ കതിര്‍*1.പ്രഭാതത്തിലെ ചുവപ്പും മഞ്ഞയും കലര്‍ന്ന രശ്മികള്‍.
2. ജീവിതകഥാനാടകഭൂവില്‍*2. ഗ്രാമജീവിതകഥയുടെ വിപുലീകരണമായ ഒരു മഹാനാടകത്തിന്റെ പ്രദര്‍ശനശാലയാണു് പാടം. ഈ ആശയം ഖണ്ഡം IV ല്‍ കൂടുതല്‍ സ്പഷ്ടമാക്കിയിരിക്കുന്നു.
3. കൊഞ്ചുകാളാഞ്ചിമീന്‍*3 ഒരു ജാതി ശുദ്ധജലമത്സ്യം.
4. `കാതിലം*4കെട്ടാന്‍ കൈവിരുതില്ലേ? ഒരുതരം ചുരുട്ടുകെട്ടു്.
5. നീ തലക്കെട്ടു*5 കെട്ടിയാല്‍പ്പോരും,' മറ്റൊരുതരം ചുരുട്ടുകെട്ടു്; തലമുടിക്കെട്ടു് എന്നു് പരിഹാസാര്‍ത്ഥത്തിലും.
6. കൊയ്ത്തരിവാള്‍കള്‍*6. കൊയ്ത്തുകാര്‍.
7. പയ്യാരങ്ങള്‍*7 ഗ്രാമ്യവാര്‍ത്തകള്‍.
8. കൊയ്തതിന്‍ ചാമ്പല്‍*8 കൊയ്ത്തുകഴിഞ്ഞു് കച്ചില്‍ചുട്ടു തയ്യാറാക്കിയ പാടത്തു് പുതുഞാറുകളുല്ലസിക്കുന്നു; മരിച്ചവരുടെ ശ്മശാനത്തില്‍ പുതുതലമുറപോലെ.
9.ചെഞ്ചെറുമണി*9. ഹൃദ്രക്തത്തുള്ളി.
10. ഇപ്പഴമ്പായില്‍*10. പഴയ മനസ്സില്‍ എന്നു വ്യംഗ്യം.
11. തൂങ്ങിമരിച്ചുപോല്‍,*11. അത്ര വയസ്സാകുന്നതുവരെ ക്ഷമിച്ചിരുന്നതിനുശേഷം ആത്മഹത്യ ചെയ്യുക എന്നതില്‍ വിഷാദസങ്കുലമായ ഒരു നേരമ്പോക്കുണ്ടു്; അതുപോലെ അടുത്തവരിയിലെ ഉള്ളടക്കത്തിലും.
12. എത്രചിത്രം*12! ജീവിതസംഭവങ്ങള്‍ എത്ര പുത്തനായാലും അവയിലെ മുഖ്യഭാവങ്ങളും വിശേഷങ്ങളും പുരാതനങ്ങളും ശാശ്വതങ്ങളുമാണു്. അവയുടെ കണ്ണീരിനു് ഫലിതത്തിന്റെ `മിന്നിച്ച'യുമുണ്ടു്!
13. കാലമെത്രമേല്‍ ക്രൂരം!*13. ദുഃഖത്തിലും ധീരങ്ങളാണു് ഈ മനുഷ്യഹൃദയങ്ങള്‍. എന്നാല്‍ ദുഃഖം വരുത്തിവെക്കുന്ന കാലം ഈ ധീരതയെ അശേഷം ബഹുമാനിക്കുന്നില്ല. നിര്‍ദ്ദയമായ കാലം അതിന്റെ ജോലി മുറയ്ക്കു ചെയ്യുന്നു.
14. ഉണ്ണിയാര്‍ച്ച*14. വടക്കന്‍ പാട്ടിലെ ശത്രുശിരച്ഛേദനിപുണയായ ഒരു നായിക.
15. എടുക്കാനുമെത്രതാന്‍ നേരം!*15. അത്ര ക്ഷീണമുണ്ടവള്‍ക്കു്.
16. കിന്നരന്‍ താലികെട്ടിയ തന്വി*16. വളരെ ചെറുപ്പത്തില്‍ നല്ലൊരു നാടന്‍പാട്ടുകാരിയായിത്തീര്‍ന്നവള്‍.
17. തെ,ങ്ങുറുമിവാളുച്ചലിപ്പിക്കേ*17, പാടം ഞാറുകളാല്‍ പുളകംകൊണ്ടു. തെങ്ങ് അതിന്റെ ഓലപ്പൊളിയാല്‍ ഉറുമിവാള്‍ ചലിപ്പിച്ചു.
18. ഉത്തരകേരളവീര്യം*18. വീരഗാനങ്ങളായ വടക്കന്‍ പാട്ടുകള്‍.
19. പാടില്ല മേലില്‍*19. വീട്ടില്‍ സ്വയം വരുത്തിക്കൂട്ടിയ ദുഃഖങ്ങളോടു് (പ്രസവിച്ച, കൊള്ളരുതാത്ത മക്കളോടു് എന്നും) മല്ലിടേണ്ടിവന്നതിനാല്‍ അവള്‍ക്കു ഭ്രാന്തുപിടിച്ചു. തന്നെ തടിയില്‍ തളച്ചിരുന്ന ചങ്ങലയുടെ പരിഹാസക്കിലുക്കത്തിനിടയ്ക്കു് അവള്‍ എന്നെന്നേക്കുമായി അവളുടെ പാട്ടുകള്‍ പാടിത്തീര്‍ത്തു. ഇപ്പോള്‍ ഭ്രാന്തുമാറിക്കഴിഞ്ഞു, പക്ഷേ അതോടെ പാട്ടും ഇല്ലാതായി.
ഒരു കൊയ്ത്തുകാരിയുടെ കാലവിപര്യയകഥ യഥാര്‍ത്ഥമായി ഇവിടെ ചേര്‍ത്തിരിക്കുന്നു.
20. ജീവിതത്തിന്റെ തല്ലിനാല്‍*20. കെട്ടിയ ഭര്‍ത്താവിന്റെ തല്ലും ജീവിതത്തിന്റെ പ്രഹരങ്ങളും.
21. വെണ്‍കതിര്‍*21. വെളുത്ത പതിരായി പാടത്തു കാണാറുള്ള കതിര്‍.
22. ഗായകനിവന്‍ കൂടെയുണ്ടാമോ?*22. വിവാഹിതകളായി മറുദേശങ്ങളിലേക്കു് പോയവര്‍പോലും കുറേക്കാലം കഴിയുമ്പോള്‍ ഇടയ്ക്കിടയ്ക്കു കൊയ്ത്തുകാലത്തു നാട്ടിലും വീട്ടിലും തിരിച്ചെത്തി കൊയ്യുവാന്‍ കൂടുക പതിവാണു്.
ദുഃഖിതമാണെങ്കിലും കൊയ്ത്തുപാടത്തു ഫലിതം പറയത്തക്കവണ്ണം ധീരമായിരുന്നേക്കാം അവരുടെ മനസ്സ്. എന്നാല്‍ അന്നു് ആ മഹാധൈര്യത്തിന്റെ മഹത്വം പാടിപ്പുകഴ്ത്തുവാന്‍ ഞാനുണ്ടാകുമോ?
23. പൊന്നലയലച്ചെത്തുന്നു*23. മരണത്താല്‍ അറുത്തെടുക്കപ്പെടുമ്പോഴും ജീവിതം അതിന്റെ തുടര്‍ച്ചയ്ക്കായി സന്താനപരമ്പരയെ സ്ഥാപിച്ചുപോകുന്നു. അങ്ങനെ തലമുറകള്‍ നശിച്ചാലും ജീവിതം നശിക്കാതെ ആദിമുതല്‍ വര്‍ദ്ധിച്ചു (പൊന്നലയലച്ചു) മുന്നോട്ടുപോകുന്നു.
24. നിന്‍പിപഞ്ചിയും മൂകമായ്‌പ്പോകാം*24. നീയും മൃതിയടയാം.
25. ിന്നമല്ലെന്നെഴും ഗാനം*25. ഇന്നത്തെ കവിയും കാമുകിയും ദുഃഖത്തിലടിഞ്ഞു മരിച്ചാല്‍ത്തന്നെയും, അക്കാലത്തും കൊയ്ത്തുപാടത്തു പാടാനും സേ്‌നഹിക്കാനും ഒരു കവിയും കാമുകിയുമുണ്ടാകും. അനുസ്യൂതമായ ജീവിതത്തിലൂടെയുള്ള നിങ്ങളുടെ ആവര്‍ത്തനങ്ങള്‍തന്നെയായിരിക്കും അവര്‍.
26. ഗ്രാമീണചിത്തം!*26. യുക്തിയിലൂടെ ചിന്തിച്ചറിഞ്ഞിട്ടില്ലെങ്കിലും മനസ്സിന്റെ അടിത്തട്ടില്‍ ഈ ജീവിത്തുടര്‍ച്ചയുടെ ബോധമുള്ളതുകൊണ്ടാവാം, ഗ്രാമീണഹൃദയങ്ങള്‍ ദുഃഖാധിക്യത്തിലും സഹജമായ നര്‍മ്മരസം വിടാഞ്ഞതു്; അങ്ങനെ ദുഃഖത്തെ ചെറുത്തുനില്ക്കാന്‍ ശക്തങ്ങളാകുന്നതു്.
27. ഏകജീവിതാനശ്വരഗാനം.*27. വ്യക്തിപരമായി പരിശോധിക്കുമ്പോള്‍ ശോച്യമാണെങ്കിലും ഉത്തരോത്തരം ഉത്കൃഷ്ടമായിത്തീരുന്നതായും കാതലായ ആനന്ദമുള്‍ക്കൊള്ളുന്നതായും കാണാം.
2 comments:
kollamedo
kollam
Post a Comment