Friday, March 27, 2009

മലയാളവേദി സമര്‍പ്പിക്കുന്ന നിവേദനം

വടകര കേന്ദ്രമായി രൂപീകരിച്ച മലയാളവേദി തയ്യാറാക്കിയ കുറിപ്പ്

സമൂഹത്തിലെതുപോലെ പൊതുവിദ്യാഭ്യാസമേഖലയിലും ഇപ്പോള്‍ മലയാളം അവഗണിക്കപ്പെടുകയാണ്‌. മലയാളം മാദ്ധ്യമമായുള്ള വിദ്യാലയങ്ങള്‍ കുറഞ്ഞുവരുന്നതും ഇംഗ്ലീഷ്‌ മാദ്ധ്യമമായുള്ള വിദ്യാലയങ്ങള്‍ പെരുകിവരുന്നതും സമൂഹത്തിന്‌ മലയാളത്തോടുള്ള സമീപനത്തെയാണ്‌ കാണിക്കുന്നത്‌. ഈ സമീപനം സര്‍ക്കാര്‍ നിലപാടുകളിലും പലപ്പോഴും പ്രതിഫലിക്കുന്നു‍ണ്ട്‌. ഭാഷ എന്ന നിലയില്‍ മാത്രമല്ല സാഹിത്യം എന്ന നിലയിലും മലയാളം പൊതുസമൂഹത്തില്‍ ഒരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്‌. വര്‍ദ്ധിച്ചുവരുന്ന ദൃശ്യമാദ്ധ്യമങ്ങളുടെ സ്വാധീനം നവോത്ഥാനത്തോടുകൂടി നാം രൂപീകരിച്ച വായനാസംസ്കാരത്തെ പിറകോട്ടടിപ്പിക്കുകയാണ്‌. ആധുനിക കേരളസമൂഹരൂപീകരണത്തില്‍ സാഹിത്യവും വായനാസംസ്കാരവും നിര്‍വഹിച്ച പങ്ക്‌ നിസ്തുലമാണ്‌. ജനകീയമായ ഒരു ദൃശ്യസംസ്കാരത്തിനുപോലും ശക്തമായ വായനാസംസ്കാരത്തിന്റെ പിന്‍ബലം ആവശ്യമാണ്‌. ഭാഷയും സാഹിത്യവും പൊതുസമൂഹത്തില്‍ നേരിടുന്ന ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാനും അതിനെ പ്രതിരോധിക്കാനുമുള്ള ഒരു വേദി എന്ന നിലയില്‍ വടകരയിലെ ഭാഷാസാഹിത്യസ്നേഹികളും സ്കൂള്‍ സര്‍വകലാശാലാതലത്തിലുള്ള അദ്ധ്യാപകരും ഒത്തുചേര്‍ന്ന് മലയാളവേദി എന്ന പേരില്‍ ഒരു സമിതി രൂപീകരിച്ചിരിക്കുന്നു‍.

ഒന്നാലോചിച്ചാല്‍ ഇന്നത്തെ ആഗോളീകരണസന്ദര്‍ഭത്തില്‍ ഇതു മലയാളത്തിനു മാത്രമുള്ള ഒറ്റപ്പെട്ട ദുര്യോഗമല്ല. ഭാഷകളുടെ മരണം എന്ന സങ്കല്‍പം തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നത്‌ ഈ ഘട്ടത്തിലാണ്‌. അനുദിനം മരിച്ചുകൊണ്ടിരിക്കുന്ന ഭാഷകളെക്കുറിച്ചുതന്നെ‍ ഇന്നു‍ പഠനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു‍. ആഗോള സാഹചര്യത്തില്‍ അധികാരപരവും തൊഴില്‍പരവുമായ പരിഗണനകള്‍ മുന്‍നിര്‍ത്തി സര്‍വമണ്ഡലങ്ങളും ആസൂത്രണം ചെയ്യപ്പെടുമ്പോള്‍ പലപ്പോഴും പരിക്കേല്‍ക്കുന്നത്‌ മാതൃഭാഷയ്ക്കാണ്‌. തൊഴില്‍പരവും സാമ്പത്തികവുമായ പരിഗണനകള്‍ക്കപ്പുറത്ത്‌ ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയ്ക്കു മാത്രമേ അവരുടെ മാതൃഭാഷ കൈമോശം വരാതെ സൂക്ഷിക്കാന്‍ കഴിയുകയുള്ളൂ.

ആധുനിക സമൂഹമെന്നത് ഭാഷാസമൂഹങ്ങളാണ്‌. അതിലെ അംഗത്വം പ്രധാനമായും ഒരാള്‍ക്ക്‌ ലഭിക്കുന്നത്‌ ഭാഷാപരമായ അംഗത്വത്തിലൂടെയാണ്‌. ജാതി മത ഗോത്രപരമായ അതിര്‍ത്തികളെ മറികടന്നുകൊണ്ടാണ്‌ ആധുനികമായ ഓരോ ഭാഷാസമൂഹവും രൂപപ്പെട്ടിട്ടു‍ള്ളത്‌. ഭാഷാപരമായ ഈ ഐക്യം തകര്‍ന്നാ‍ല്‍ സ്വാഭാവികമായും ജാതി മത ഗോത്രപരമായ ഭൂതങ്ങള്‍ തിരിച്ചുവരാനാണ്‌ സാദ്ധ്യത. ആ നിലയില്‍ ആധുനിക സമൂഹത്തിന്റെ കാവലാളാണ്‌ ഭാഷ. ചുരുക്കത്തില്‍ ജനാധിപത്യസമൂഹമെന്ന നിലയിലുള്ള ഐക്യകേരളത്തിന്റെ നിലനില്‍പ്‌ മലയാളഭാഷയുടെ നിലനില്‍പുമായി ബന്ധപ്പെട്ടാ‍ണിരിക്കുത്‌.

സംസ്കൃത കേന്ദ്രിതമായ ഭാഷാബോധത്തില്‍നിന്ന് അടിസ്ഥാനജനവിഭാഗം സംസാരിക്കുന്ന മലയാളത്തിലേക്കുള്ള പരിവര്‍ത്തനത്തെയാണല്ലോ മേല്‍പത്തൂരിനു പകരം പൂന്താനത്തിന്റെ ഭാഷാകൃതിയെ സ്വീകരിക്കുന്ന ഐതിഹ്യം സൂചിപ്പിന്നക്കുത്‌. അതുകഴിഞ്ഞ്‌ ഇംഗ്ലീഷ്‌ മേധാവിത്തത്തോടും കലഹിച്ചാണ്‌ മലയാളം അതിന്റെ സ്വത്വബോധം സ്ഥാപിച്ചെടുത്തത്‌. ഭാഷയും അധികാരവുമായുള്ള ബന്ധത്തെക്കൂടി ഇതു വ്യക്തമാക്കുന്നു‍ണ്ട്‌. ഭാഷാപരിണാമം ഒരധികാരപരിണാമത്തെക്കൂടി സൂചിപ്പിക്കുന്നു‍ണ്ട്‌. മലയാളം കൈമോശപ്പെടുക എന്നാ‍ല്‍ അടിസ്ഥാനവര്‍ഗത്തിന്റെ സാമൂഹ്യാംഗീകാരം കൈമോശപ്പെടുകയൊണര്‍ത്ഥം. അതുകൊണ്ടുതെ‍ മാതൃഭാഷയ്ക്കു നേരെ സാമൂഹ്യതലത്തിലും ഭരണകൂടതലത്തിലും ഉണ്ടാകുന്ന അവഗണനകളെ നിസ്സാരമായിത്തള്ളാന്‍ സാദ്ധ്യമല്ല. സ്വന്തം മാതൃഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാനും തൊഴില്‍ ചെയ്യാനും ജീവിക്കാനുമുള്ള അവകാശം ഇന്ന്‌ അടിസ്ഥാനപരമായ മനുഷ്യാകാശങ്ങളിലൊന്നാ‍യി കണക്കാക്കപ്പെടുന്നു‍ണ്ട്‌. അന്യഭാഷാപരിജ്ഞാനമില്ലെതിന്റെ പേരില്‍ ഒരാളും തൊഴില്‍പരമായോ സാമൂഹ്യമായോ അവഗണിക്കപ്പെട്ടു‍കൂട എന്നാ‍ണിതിനര്‍ത്ഥം.

എന്നാ‍ല്‍ ഈ അടിസ്ഥാനപ്രമാണങ്ങള്‍ നിരാകരിക്കപ്പെടു പ്രവണത ഇന്ന്‌ മറ്റുമണ്ഡലങ്ങളിലെപോലെ വിദ്യാഭ്യാസമേഖലയിലും പ്രകടമായിത്തുടങ്ങിയിരിക്കുന്ന. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ പൊതുവിദ്യാഭ്യാസരംഗത്ത്‌ ഇന്ന്‌ ഇംഗ്ലീഷ്‌ മാദ്ധ്യമമായുള്ള വിദ്യാലയങ്ങള്‍ പെരുകിവരികയും മലയാളം മാദ്ധ്യമമായുള്ള വിദ്യാലയങ്ങള്‍ കുറഞ്ഞുവരികയും ചെയ്യുന്നു‍ എന്നു‍ള്ളതു മാത്രമല്ല പൊതുവിദ്യാഭ്യാസത്തിന്റെ ഇടങ്ങളില്‍ നിന്നതന്നെ‍‍ മലയാളം വെട്ടി‍മാറ്റപ്പെടുതിന്റെ സൂചനകള്‍ കണ്ടുവരികയും ചെയ്യുന്നു. രണ്ടുവര്‍ഷം മുമ്പ്‌ പ്ലസ്‌ റ്റൂ തലത്തില്‍ നിന്ന് മലയാളം എടുത്തുകളയാനുള്ള നീക്കമുണ്ടായി. അദ്ധ്യാപകരും സാംസ്കാരികപ്രവര്‍ത്തകരും പൊതുസമൂഹവും ശക്തമായി ഇടപെട്ടതിന്റെ ഫലമായി ആ തീരുമാനം തിരുത്താന്‍ കഴിഞ്ഞത്‌. ഏതാണ്ട്‌ അതിനു തുല്യമായ ഒരു അപകടം ഇപ്പോള്‍ ബിരുദതലത്തില്‍ നടക്കുന്ന പാഠ്യപദ്ധതി പരിഷ്കാരത്തില്‍ കാണാം. ഉന്നതവിദ്യാഭ്യാസ കൌസില്‍ മുന്നോട്ടു‍വെച്ചിട്ടു‍ള്ള മാര്‍ഗരേഖ നിലവിലുള്ള ഭാഷാസാഹിത്യപഠനത്തിന്റെ മണ്ഡലത്തെ വളരെയേറെ ചുരുക്കിയിരിക്കുന്നു‍. ഇപ്പോള്‍ രണ്ടുവര്‍ഷം മൂന്നു‍ പേപ്പറിലായി പഠിക്കാനുള്ള സാഹിത്യം ആദ്യത്തെ ആറുമാസത്തേക്കുള്ള ഒരു പേപ്പര്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു‍. ഭാഷയുടെ സാങ്കേതികമായ പ്രയോഗക്ഷമതയ്ക്കു മാത്രമാണ്‌ ഊന്നല്‍ നല്‍കിയിട്ടു‍ള്ളത്‌. സാഹിത്യപഠനത്തെ സംബന്ധിച്ച കൌണ്‍സിലിന്റെ പൊതുനിലപാടിന്റെ ഭാഗം കൂടിയാണിത്‌ കാണാം. സാഹിത്യപഠനത്തിന്‌ സംഭവിച്ച ഈ ശോഷണം ഹിന്ദി ഉര്‍ദു സംസ്കൃതഭാഷകള്‍ക്കും ബാധകമാണ്‌. ഇംഗ്ലീഷ്‌ ഭാഷാപഠനത്തില്‍ നിന്ന് സാഹിത്യപഠനം പൂര്‍ണമായി ഒഴിവാക്കിയിരിക്കുന്നതും ഇതിനെയാണ്‌ കാണിക്കുന്നത്‌.

യഥാര്‍ഥത്തില്‍ കലാസാഹിത്യമേഖല ഉള്‍ക്കൊള്ളുന്ന സൌന്ദര്യബോധത്തിന്റെ മണ്ഡലം ആധുനിക സന്ദര്‍ഭത്തില്‍ വളരെ പ്രസക്തമാണ്‌. വസ്തുനിഷ്ഠമായ ചരിത്രപരിണാമങ്ങളെ അനുഭവതലത്തില്‍ രേഖപ്പെടുത്തുത്‌ കലാസാഹിത്യമണ്ഡലമാണ്‌. വര്‍ണ വര്‍ഗ ലിംഗ തലങ്ങളുമായി ബന്ധപ്പെട്ട സൌന്ദര്യബോധത്തില്‍ വരുന്ന പരിണാമമാണ്‌ യഥാര്‍ഥത്തില്‍ ഒരു ജനതയുടെ ആന്തരികമായ സമരത്തെയും ആന്തരികമായ അനുഭവത്തെയും സൂക്ഷ്മമായി അടയാളപ്പെടുത്തുത്‌. വിമര്‍ശനത്തിന്റെയും പ്രതിരോധത്തിന്റെയും ആഴത്തിലുള്ള മണ്ഡലമാണിത്‌. ഇതിനെ അവഗണിക്കുക എന്നാ‍ല്‍ മനുഷ്യനെ യാന്ത്രികതയായി നിര്‍വചിക്കുക എന്നാ‍ണര്‍ത്ഥം. നിര്‍ഭാഗ്യവശാല്‍ ഇത്തരമൊരു നിലപാടാണ്‌ ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടു‍ള്ളത്‌.

വിദ്യാഭ്യാസം കേവലം തൊഴിലിനുള്ള യാന്ത്രികമായ ഉപാധി മാത്രമാണെന്ന പരിമിതമായ നിലപാട്‌ സ്വീകരിക്കുതിന്റെ ഫലം കൂടിയാണിത്‌. യഥാര്‍ഥത്തില്‍ വ്യക്തിത്വത്തിന്റെ സര്‍വതോമുഖമായ വികാസത്തിനാണ്‌ വിദ്യാഭ്യാസം. കലയും സാഹിത്യവും പ്രതിനിധീകരിക്കുന്ന അനുഭൂതിമണ്ഡലം അതില്‍ വളരെ പ്രധാനമാണ്‌. അതുകൊണ്ടാണ്‌ കൊളോണിയല്‍ കാലത്തും അതിനു മുമ്പുപോലുമുള്ള വിദ്യാഭ്യാസപദ്ധതികളില്‍ കലാസാഹിത്യവിദ്യാഭ്യാസത്തിന്‌ പ്രധാനമായ ഒരു സ്ഥാനമുണ്ടായിരുന്നത്‌. എന്നാ‍ല്‍ മനുഷ്യനെ പൂര്‍ണമായും ചരക്കാക്കുന്ന ആഗോളീകരണത്തിന്റെ മൂലധനക്രമത്തിന്‌ ഇതിനെ പൂര്‍ണമായും വെട്ടി‍മാറ്റേണ്ടിയിരിക്കുന്നു‍. എഴുത്തച്ഛനെയും തകഴിയെയും ബഷീറീനെയും അറിയാത്ത കേവലമനുഷ്യശരീരങ്ങളെയാണ്‌ അവര്‍ വിദ്യാഭ്യാസവ്യവസ്ഥയില്‍ നിന്ന് ആവശ്യപ്പെടുത്‌. ഇങ്ങിനെ പുറത്തുവരുന്ന ഒരു തലമുറ സാമൂഹ്യതയും ആര്‍ദ്രതയും നഷ്ടപ്പെട്ടതായിരിക്കുമെന്നതില്‍ സംശയമില്ല.

കേരളത്തിന്റെ സാമൂഹ്യതയെ തിരിച്ചുപിടിക്കാന്‍ മാനവികതയ്ക്കു വേണ്ടിയുള്ള അതിന്റെ സമരങ്ങളെ പുതുതലമുറയില്‍നിന്നു‍ മറച്ചുപിടിക്കുന്ന പുതിയ പരിഷ്കരണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമന്നാണ്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നത്‌. പരിഷ്കരണങ്ങള്‍ ആവശ്യമാണ്‌. അവ കൂടൂതല്‍ ജനാധിപത്യപരവും മാനവികവുമായ സാമൂഹ്യനിര്‍മിതിക്ക്‌ ഉതകുന്ന ദിശയിലുള്ളതാകണം എന്നുമാത്രം.

മലയാളവേദി മുന്നോ‍വെച്ച ഇതേ മട്ടി‍ലുള്ള ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി അദ്ധ്യാപകരും സാംസ്കാരികപ്രവര്‍ത്തകരും ഭാഷാസ്നേഹികളും സമാനമായ കൂട്ടാ‍യ്മകള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടി‍രിക്കുകയാണ്‌ എന്ന്‌ ഞങ്ങളറിയുന്നു‍. അവരോടുകൂടി ചേര്‍ന്നു‍കൊണ്ട്‌ മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിന്‌ മലയാളവേദി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുവനാളുകളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു‍. ഒപ്പം നിരവധി സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ചരിത്രമുള്ള വടകരയില്‍ കലാസാഹിത്യസാംസ്കാരിക ചര്‍ച്ചകള്‍ക്കുള്ള പൊതുവേദി എന്ന നിലയില്‍ മലയാളവേദിയെ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു‍.

മലയാളവേദി -വടകര
കെ.എം.ഭരതന്‍ (കണ്‍വീനര്‍), കെ വീരാന്‍കുട്ടി‍, പി രഞ്ജിത്‌ കുമാര്‍, എന്‍ വി പ്രദീപ്‌ കുമാര്‍,
കെ അബൂബക്കര്‍, രാജേന്ദ്രന്‍ എടത്തുംകര, കൃഷ്ണദാസ്‌ കടമേരി, പി പവിത്രന്‍, ആര്‍ ഷിജു, എം വി പ്രദീപന്‍, അനില്‍ തിരുവള്ളൂര്‍, എ പി ശശിധരന്‍, ജോബിഷ്‌, സലിം കെ ഞക്കനാല്‍, ശ്രീനേഷ്‌, മധു കടത്തനാട്‌, സോമന്‍ കടലൂര്‍, ഗഫൂര്‍ കരുവണ്ണൂര്‍, ഗോപാലകൃഷ്ണന്‍ ടി ടി, ശ്രീജിത്ത്‌.

കേരള വിദ്യാഭ്യാസവകുപ്പുമന്ത്രിക്ക് മലയാളവേദി സമര്‍പ്പിക്കുന്ന നിവേദനം

ബഹുമാനപ്പെട്ട കേരളവിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക്‌,
കേരള ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ ഇപ്പോള്‍ ബിരുദതലത്തിലുള്ള പാഠ്യപദ്ധതി പുന:സംഘടനയുമായി ബന്ധപ്പെട്ട്‌ മുന്നോ‍വെച്ച മാര്‍ഗരേഖ ഭാഷാമാനവിക വിഷയങ്ങളെ പൊതുവെയും മലയാളഭാഷയെയും സാഹിത്യത്തെയും വിശേഷിച്ചും ഹാനികരമായി ബാധിക്കുതാണ്‌. കേരളീയ സമൂഹത്തിന്റെ അടിത്തറയായ മലയാളഭാഷയെയും ആധുനിക കേരളസമൂഹത്തിന്റെ ജനാധിപത്യമൂല്യങ്ങളുടെയും ജനാധിപത്യഅനുഭവങ്ങളുടെയും കലവറയായ മലയാള സാഹിത്യത്തെയും അവഗണിക്കുന്നത്‌ കേരളത്തിന്റെ സാമൂഹ്യമായ നിലനില്‍പിനെത്തന്നെ‍ അപകടപ്പെടുത്തുമെന്ന്‌ ഞങ്ങള്‍ ആശങ്കിക്കുന്നു‍.അതിനാല്‍ മാതൃഭാഷയെയും സാഹിത്യത്തെയും ദുര്‍ബലപ്പെടുത്തുന്ന പരിഷ്കരണനിര്‍ദ്ദേശങ്ങളില്‍നിന്ന് പിന്തിരിയണമെന്ന്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നു‍.

Thursday, March 26, 2009

മലയാളത്തിന്റെ ഭാവി

കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മലയാളഭാഷയെ സര്‍വ്വകലാശാലാവിദ്യാഭ്യാസരംഗത്തു നിന്നും കുടിയിറക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ചിന്ത.കോമില്‍ വന്ന ഈ മുഖപ്രസംഗം കാണുക:http://chintha.com/node/31293

അതോടൊപ്പം ഡോ.പി.സോമനാഥന്‍ എഴുതിയ ഈ ലേഖനവും കാണുക:http://www.chintha.com/node/31275