Tuesday, July 21, 2009

കന്നിക്കൊയ്ത്ത് -സാമ്പ്രദായികപഠനം

ഡി.സി.ബുക്‌സ് പുറത്തിറക്കിയ വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ കന്നിക്കൊയ്ത്ത് എന്ന കവിതയും അതിനു കവി നല്കിയ അടിക്കുറിപ്പുകളും തുടര്‍ന്നു കൊടുത്തിരിക്കുന്നു.

കന്നിക്കൊയ്ത്ത്

പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരി-
ച്ചിന്നിയ കതിര്‍*1 ചുറ്റും കിടക്കെ,
മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍, ഗ്രാമ-
ജീവിതകഥാനാടകഭൂവില്‍*2.

II
കെട്ടിയ മുടി കച്ചയാല്‍ മൂടി,
ചുറ്റിയ തുണി ചായെ്ചാന്നു കുത്തി,
വെറ്റില ചവ,ച്ചുന്മദമോളം-
വെട്ടിടുമരിവാളുകളേന്തി,

ഒന്നിച്ചാനമ്രമെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ;
നല്‍പ്പുലര്‍കാലപാടലവാനില്‍
ശുഭ്രമേഘപരമ്പരപോലെ!

III
`ആകെ നേര്‍വഴി പാലിപ്പി,നാരും
ആനപോലെ കടന്നു കൊയ്യല്ലേ!'
`താഴ്ത്തിക്കൊയ്യുവിന്‍, തണ്ടുകള്‍ ചേറ്റില്‍
പൂഴ്ത്തിത്തള്ളൊല്ലേ, നെല്ലു പൊന്നാണേ!'

`തത്തപോലെ മണിക്കതിര്‍ മാത്രം
കൊത്തിവെയെ്ക്കാലാ നീ, കൊച്ചുപെണ്ണേ!'
`കൊയ്യുവാനോ നീ വന്നതു, കൊള്ളാം
കൊഞ്ചുകാളാഞ്ചിമീന്‍*3 പിടിപ്പാനോ?'

`നീട്ടിയാല്‍പ്പോര നാവുകൊണ്ടേവം,
നീട്ടിക്കൊയ്യണം നീ,യനുജത്തീ!'
`കാതിലം*4കെട്ടാന്‍ കൈവിരുതില്ലേ?
നീ തലക്കെട്ടു*5 കെട്ടിയാല്‍പ്പോരും,'
ചെമ്മില്‍ച്ചെങ്കതിര്‍ ചേര്‍ത്തരിഞ്ഞേവം
തമ്മില്‍പ്പേശുന്നു കൊയ്ത്തരിവാള്‍കള്‍*6.

IV
പാടുവാന്‍ വരുന്നീലവ,ര്‍ക്കെന്നാല്‍
പാരമുണ്ടു പയ്യാരങ്ങള്‍*7 ചൊല്‍വാന്‍

തെങ്ങണിത്തണലാര്‍ന്നിവര്‍ തീര-
ത്തങ്ങു കൂടിക്കഴിഞ്ഞിടും ഗ്രാമം,

നിത്യവും ജീവിതം വിതയേറ്റി
മൃത്യുകൊയ്യും വിശാലമാം പാടം.

തത്ര കണ്ടിടാം കൊയ്തതിന്‍ ചാമ്പല്‍*8-
ക്കുത്തിലേന്തിക്കുളുര്‍ത്ത ഞാര്‍ക്കൂട്ടം;

അത്തലിന്‍കെടുപായലിന്‍മീതെ-
യുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം;

ചൂഴെയെത്തുന്ന രോഗദാരിദ്ര്യ-
ച്ചാഴിയൂറ്റിക്കുടിച്ചതിന്‍കോട്ടം;

ചെഞ്ചെറുമണി*9കൊത്തിടും പ്രേമ-
പ്പഞ്ചവര്‍ണ്ണക്കിളിയുടെയാട്ടം!

എത്ര വാര്‍ത്തകളുണ്ടിതേപ്പറ്റി-
ക്കൊയ്ത്തുകാരുടെയിപ്പഴമ്പായില്‍*10

- കന്യ പെറ്റുപോല്‍,മറ്റൊരു ബാല-
പ്പെണ്ണിനെക്കട്ടുകൊണ്ടുപോയ് പ്രേയാന്‍,

മുത്തന്‍ തൂങ്ങിമരിച്ചുപോല്‍,*11 തായെ-
പ്പുത്രന്‍ തല്ലിപോലഭ്യസ്തവിദ്യന്‍! -

എത്രചിത്രം*12! പുരാതനമെന്നാല്‍-
പ്പുത്തനാമീക്കഥകളിലെല്ലാം

ധീരം വായ്ക്കുന്നു കണ്ണുനീര്‍ക്കുത്തില്‍
നേരമ്പോക്കിന്റെ വെള്ളിമീന്‍ ചാട്ടം!


V
ആകുലം മര്‍ത്ത്യമാനസം ധീരം;
ആകിലും കാലമെത്രമേല്‍ ക്രൂരം!*13

കൊയ്യുവാനോ ഹാ, ജീവിതഭാരം-
കൊണ്ടുതാനോ കുനിഞ്ഞൊരീ മുത്തി,

വായ്‌ച്ചെഴും കന്നിപ്പാടത്തൊരുണ്ണി-
യാര്‍ച്ച*14പോല്‍ പണ്ടു മിന്നിയ തന്വി.

ഇന്നവള്‍ക്കുതിര്‍നെല്ക്കതിര്‍ താഴേ-
നിന്നെടുക്കാനുമെത്രതാന്‍ നേരം!*15

ഏറെ വേലയാല്‍ വേദനയാലും
ചോരനീര്‍വറ്റിച്ചുങ്ങിയ തന്‍മെയ്,

നാലുംകൂട്ടി മുറുക്കിയശേഷം
കാലം തുപ്പാന്‍പോം തമ്പലം പോലായ്!

നെല്ലിനോടു പിറുപിറുത്തെന്തോ
ചൊല്ലിനില്ക്കുമീയന്യയാം നാരി

കന്നിനാളിലേ, ഗ്രാമസംഗീത-
കിന്നരന്‍ താലികെട്ടിയ തന്വി*16.

ഇങ്ങു പാടങ്ങള്‍ കോള്‍മയിര്‍ക്കൊള്‍കേ,
തെ,ങ്ങുറുമിവാളുച്ചലിപ്പിക്കേ*17,

പാടിപോലിവള്‍ പണ്ടഭിമാനം
തേടുമുത്തരകേരളവീര്യം*18

ഒറ്റ,യായവള്‍ പിന്നീടു വീട്ടില്‍
പെറ്റ മാലുകളോടടരാടി,

പേപിടിച്ചു, കാല്‍ച്ചങ്ങല പുച്ഛം
പേശവേ,യന്ത്യഗാനങ്ങള്‍ പാടി,

തന്മതിഭ്രമം തീര്‍ന്നുപോയെന്നാ-
ലമ്മുളങ്കിളി പാടില്ല മേലില്‍*19.


VI
എന്തിനേറെ?-യിക്കൊയ്‌വതിലാരെ-
`യെന്റെയോമ'ലെന്നെന്‍ കരള്‍ ചെല്‍വൂ;

കൊയ്ത്തു നിര്‍ത്തി,യിടയ്ക്കിടയെ്ക്കന്നെ-
യെത്തിനോക്കുമേതാളുടെ കണ്‍കള്‍;

എന്നിലോരോ കിനാവുകള്‍ പാകി,
എന്റെ പാട്ടിന്നു പൂഞ്ചിറകേകി;

എട്ടുരണ്ടിലെച്ചാരുത പൊന്മൊ-
ട്ടിട്ടു നില്ക്കുമാപ്പെണ്‍കൊടിപോലും

വേട്ടു കൂട്ടുപിരിഞ്ഞുപോ,യേതോ
നാട്ടിലാനന്ദം നാട്ടിയശേഷം,

ജീവിതത്തിന്റെ തല്ലിനാല്‍*20 മെ,യ്യുള്‍,-
പ്പൂവിതളുകള്‍ പോയ് വടുക്കെട്ടി,

പേര്‍ത്തുമെത്തുമീപ്പാടത്തു കൊയ്യാന്‍
പാഴ്ത്തുണിയില്‍പ്പൊതിഞ്ഞൊരു ദുഃഖം!

വെണ്‍കതിര്‍*21പോല്‍ നരച്ചൊരാശ്ശീര്‍ഷ-
ത്തിങ്കല്‍ നര്‍മ്മങ്ങള്‍ തങ്ങിനിന്നാലും,

ആയതിന്‍മഹാധീരത വാഴ്ത്താന്‍
ഗായകനിവന്‍ കൂടെയുണ്ടാമോ?*22


VII
കന്നിനെല്ലിനെയോമനിച്ചെത്തി-
യെന്നൊടോതീ സദാഗതി വായു:

``നിര്‍ദ്ദയം മെതിച്ചീ വിളവുണ്മാന്‍
മൃത്യുവിന്നേകും ജീവിതംപോലും

വിത്തൊരിത്തിരി വെയ്ക്കുന്നു, വീണ്ടും
പത്തിരട്ടിയായ്‌പ്പൊന്‍ വിളയിപ്പാന്‍.

കന്നിനാളിലെക്കൊയ്ത്തിനുവേണ്ടി
മന്നിലാദിയില്‍ നട്ട വിത്തെല്ലാം

പൊന്നലയലച്ചെത്തുന്നു*23, നോക്കൂ,
പിന്നയെത്രയോ കൊയ്ത്തുപാടത്തില്‍!

ഹാ, വിജഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?

തന്‍വിരിമിഴിത്തെല്ലിനാലീ നിന്‍-
മുന്നില്‍ നാകം തുറക്കുമീത്തയ്യല്‍

കണ്ണുനീര്‍ച്ചാലില്‍ മണ്ണടിഞ്ഞേക്കാം;
നിന്‍പിപഞ്ചിയും മൂകമായ്‌പ്പോകാം*24.

എന്നിരിക്കിലുമന്നെഴും കൊയ്ത്തില്‍
സ്വിന്നമാം കവിള്‍ത്തട്ടിലെച്ചോപ്പാല്‍

ധന്യനാമേതോ ഗായകബാലന്‍
തന്നുയിരിനെയുജ്ജ്വലമാക്കി,

തന്വിമാരൊത്തു കൊയ്യുവാന്‍ വന്ന
കന്നിമാസത്തിന്‍ കൗതുകംപോലെ,

കണ്ണിനാനന്ദം നല്കിടും ഗ്രാമ-
കന്യയാളൊന്നീപ്പാടത്തു കൊയ്യും.

നിങ്ങള്‍താനവ,രിന്നത്തെപ്പാട്ടില്‍-
നിന്നു ഭിന്നമല്ലെന്നെഴും ഗാനം*25.

ഇപ്പൊരുളറിയാതറിഞ്ഞാവാം
നില്പതിമ്പമായ് ഗ്രാമീണചിത്തം!*26

ആകയാലൊറ്റയൊറ്റയില്‍ക്കാണു-
മാകുലികളെപ്പാടിടും വീണേ

നീ കുതുകമോടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം.*27''

അടിക്കുറിപ്പുകള്‍
(കന്നിക്കൊയ്ത്ത്;കന്നിക്കൊയ്ത്തുപാടം പശ്ചാത്തലം)
*1 ചിന്നിയ കതിര്‍*1.പ്രഭാതത്തിലെ ചുവപ്പും മഞ്ഞയും കലര്‍ന്ന രശ്മികള്‍.
2. ജീവിതകഥാനാടകഭൂവില്‍*2. ഗ്രാമജീവിതകഥയുടെ വിപുലീകരണമായ ഒരു മഹാനാടകത്തിന്റെ പ്രദര്‍ശനശാലയാണു് പാടം. ഈ ആശയം ഖണ്ഡം IV ല്‍ കൂടുതല്‍ സ്പഷ്ടമാക്കിയിരിക്കുന്നു.
3. കൊഞ്ചുകാളാഞ്ചിമീന്‍*3 ഒരു ജാതി ശുദ്ധജലമത്സ്യം.
4. `കാതിലം*4കെട്ടാന്‍ കൈവിരുതില്ലേ? ഒരുതരം ചുരുട്ടുകെട്ടു്.
5. നീ തലക്കെട്ടു*5 കെട്ടിയാല്‍പ്പോരും,' മറ്റൊരുതരം ചുരുട്ടുകെട്ടു്; തലമുടിക്കെട്ടു് എന്നു് പരിഹാസാര്‍ത്ഥത്തിലും.
6. കൊയ്ത്തരിവാള്‍കള്‍*6. കൊയ്ത്തുകാര്‍.
7. പയ്യാരങ്ങള്‍*7 ഗ്രാമ്യവാര്‍ത്തകള്‍.
8. കൊയ്തതിന്‍ ചാമ്പല്‍*8 കൊയ്ത്തുകഴിഞ്ഞു് കച്ചില്‍ചുട്ടു തയ്യാറാക്കിയ പാടത്തു് പുതുഞാറുകളുല്ലസിക്കുന്നു; മരിച്ചവരുടെ ശ്മശാനത്തില്‍ പുതുതലമുറപോലെ.
9.ചെഞ്ചെറുമണി*9. ഹൃദ്രക്തത്തുള്ളി.
10. ഇപ്പഴമ്പായില്‍*10. പഴയ മനസ്സില്‍ എന്നു വ്യംഗ്യം.
11. തൂങ്ങിമരിച്ചുപോല്‍,*11. അത്ര വയസ്സാകുന്നതുവരെ ക്ഷമിച്ചിരുന്നതിനുശേഷം ആത്മഹത്യ ചെയ്യുക എന്നതില്‍ വിഷാദസങ്കുലമായ ഒരു നേരമ്പോക്കുണ്ടു്; അതുപോലെ അടുത്തവരിയിലെ ഉള്ളടക്കത്തിലും.
12. എത്രചിത്രം*12! ജീവിതസംഭവങ്ങള്‍ എത്ര പുത്തനായാലും അവയിലെ മുഖ്യഭാവങ്ങളും വിശേഷങ്ങളും പുരാതനങ്ങളും ശാശ്വതങ്ങളുമാണു്. അവയുടെ കണ്ണീരിനു് ഫലിതത്തിന്റെ `മിന്നിച്ച'യുമുണ്ടു്!
13. കാലമെത്രമേല്‍ ക്രൂരം!*13. ദുഃഖത്തിലും ധീരങ്ങളാണു് ഈ മനുഷ്യഹൃദയങ്ങള്‍. എന്നാല്‍ ദുഃഖം വരുത്തിവെക്കുന്ന കാലം ഈ ധീരതയെ അശേഷം ബഹുമാനിക്കുന്നില്ല. നിര്‍ദ്ദയമായ കാലം അതിന്റെ ജോലി മുറയ്ക്കു ചെയ്യുന്നു.
14. ഉണ്ണിയാര്‍ച്ച*14. വടക്കന്‍ പാട്ടിലെ ശത്രുശിരച്ഛേദനിപുണയായ ഒരു നായിക.
15. എടുക്കാനുമെത്രതാന്‍ നേരം!*15. അത്ര ക്ഷീണമുണ്ടവള്‍ക്കു്.
16. കിന്നരന്‍ താലികെട്ടിയ തന്വി*16. വളരെ ചെറുപ്പത്തില്‍ നല്ലൊരു നാടന്‍പാട്ടുകാരിയായിത്തീര്‍ന്നവള്‍.
17. തെ,ങ്ങുറുമിവാളുച്ചലിപ്പിക്കേ*17, പാടം ഞാറുകളാല്‍ പുളകംകൊണ്ടു. തെങ്ങ് അതിന്റെ ഓലപ്പൊളിയാല്‍ ഉറുമിവാള്‍ ചലിപ്പിച്ചു.
18. ഉത്തരകേരളവീര്യം*18. വീരഗാനങ്ങളായ വടക്കന്‍ പാട്ടുകള്‍.
19. പാടില്ല മേലില്‍*19. വീട്ടില്‍ സ്വയം വരുത്തിക്കൂട്ടിയ ദുഃഖങ്ങളോടു് (പ്രസവിച്ച, കൊള്ളരുതാത്ത മക്കളോടു് എന്നും) മല്ലിടേണ്ടിവന്നതിനാല്‍ അവള്‍ക്കു ഭ്രാന്തുപിടിച്ചു. തന്നെ തടിയില്‍ തളച്ചിരുന്ന ചങ്ങലയുടെ പരിഹാസക്കിലുക്കത്തിനിടയ്ക്കു് അവള്‍ എന്നെന്നേക്കുമായി അവളുടെ പാട്ടുകള്‍ പാടിത്തീര്‍ത്തു. ഇപ്പോള്‍ ഭ്രാന്തുമാറിക്കഴിഞ്ഞു, പക്ഷേ അതോടെ പാട്ടും ഇല്ലാതായി.
ഒരു കൊയ്ത്തുകാരിയുടെ കാലവിപര്യയകഥ യഥാര്‍ത്ഥമായി ഇവിടെ ചേര്‍ത്തിരിക്കുന്നു.
20. ജീവിതത്തിന്റെ തല്ലിനാല്‍*20. കെട്ടിയ ഭര്‍ത്താവിന്റെ തല്ലും ജീവിതത്തിന്റെ പ്രഹരങ്ങളും.
21. വെണ്‍കതിര്‍*21. വെളുത്ത പതിരായി പാടത്തു കാണാറുള്ള കതിര്‍.
22. ഗായകനിവന്‍ കൂടെയുണ്ടാമോ?*22. വിവാഹിതകളായി മറുദേശങ്ങളിലേക്കു് പോയവര്‍പോലും കുറേക്കാലം കഴിയുമ്പോള്‍ ഇടയ്ക്കിടയ്ക്കു കൊയ്ത്തുകാലത്തു നാട്ടിലും വീട്ടിലും തിരിച്ചെത്തി കൊയ്യുവാന്‍ കൂടുക പതിവാണു്.
ദുഃഖിതമാണെങ്കിലും കൊയ്ത്തുപാടത്തു ഫലിതം പറയത്തക്കവണ്ണം ധീരമായിരുന്നേക്കാം അവരുടെ മനസ്സ്. എന്നാല്‍ അന്നു് ആ മഹാധൈര്യത്തിന്റെ മഹത്വം പാടിപ്പുകഴ്ത്തുവാന്‍ ഞാനുണ്ടാകുമോ?
23. പൊന്നലയലച്ചെത്തുന്നു*23. മരണത്താല്‍ അറുത്തെടുക്കപ്പെടുമ്പോഴും ജീവിതം അതിന്റെ തുടര്‍ച്ചയ്ക്കായി സന്താനപരമ്പരയെ സ്ഥാപിച്ചുപോകുന്നു. അങ്ങനെ തലമുറകള്‍ നശിച്ചാലും ജീവിതം നശിക്കാതെ ആദിമുതല്‍ വര്‍ദ്ധിച്ചു (പൊന്നലയലച്ചു) മുന്നോട്ടുപോകുന്നു.
24. നിന്‍പിപഞ്ചിയും മൂകമായ്‌പ്പോകാം*24. നീയും മൃതിയടയാം.
25. ിന്നമല്ലെന്നെഴും ഗാനം*25. ഇന്നത്തെ കവിയും കാമുകിയും ദുഃഖത്തിലടിഞ്ഞു മരിച്ചാല്‍ത്തന്നെയും, അക്കാലത്തും കൊയ്ത്തുപാടത്തു പാടാനും സേ്‌നഹിക്കാനും ഒരു കവിയും കാമുകിയുമുണ്ടാകും. അനുസ്യൂതമായ ജീവിതത്തിലൂടെയുള്ള നിങ്ങളുടെ ആവര്‍ത്തനങ്ങള്‍തന്നെയായിരിക്കും അവര്‍.
26. ഗ്രാമീണചിത്തം!*26. യുക്തിയിലൂടെ ചിന്തിച്ചറിഞ്ഞിട്ടില്ലെങ്കിലും മനസ്സിന്റെ അടിത്തട്ടില്‍ ഈ ജീവിത്തുടര്‍ച്ചയുടെ ബോധമുള്ളതുകൊണ്ടാവാം, ഗ്രാമീണഹൃദയങ്ങള്‍ ദുഃഖാധിക്യത്തിലും സഹജമായ നര്‍മ്മരസം വിടാഞ്ഞതു്; അങ്ങനെ ദുഃഖത്തെ ചെറുത്തുനില്ക്കാന്‍ ശക്തങ്ങളാകുന്നതു്.
27. ഏകജീവിതാനശ്വരഗാനം.*27. വ്യക്തിപരമായി പരിശോധിക്കുമ്പോള്‍ ശോച്യമാണെങ്കിലും ഉത്തരോത്തരം ഉത്കൃഷ്ടമായിത്തീരുന്നതായും കാതലായ ആനന്ദമുള്‍ക്കൊള്ളുന്നതായും കാണാം.

കന്നിക്കൊയ്ത്തു്-പ്രശ്നാധിഷ്ഠിതബോധനം

കേരളത്തില്‍ നടപ്പിലാവുന്ന വിമര്‍ശനാത്മകബോധനശാസ്ത്രവും
പ്രശ്നാധിഷ്ഠിതപാഠ്യപദ്ധതിയും എപ്രകാരമുള്ളതാണ് എന്നതിനു് ഒരു മാതൃക

എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തില്‍ `കന്നിക്കൊയ്ത്തു് 'എന്ന കവിത പഠിക്കാനുണ്ടു്. അതിങ്ങനെയാണു്.

കന്നിക്കൊയ്ത്ത്
വൈലോപ്പിള്ളി ശ്രീധരമേനോന്‍


പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരി-
ച്ചിന്നിയ കതിര്‍ ചുറ്റും കിടക്കെ,
മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍, ഗ്രാമ-
ജീവിതകഥാനാടകഭൂവില്‍.
കെട്ടിയ മുടി കച്ചയാല്‍ മൂടി,
ചുറ്റിയ തുണി ചായെ്ചാന്നു കുത്തി,
വെറ്റില ചവ,ച്ചുന്മദമോളം-
വെട്ടിടുമരിവാളുകളേന്തി,
ഒന്നിച്ചാനമ്രമെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ;
നല്‍പ്പുലര്‍കാലപാടലവാനില്‍
ശുഭ്രമേഘപരമ്പരപോലെ!
``ആകെ നേര്‍വഴി പാലിപ്പി,നാരും
ആനപോലെ കടന്നു കൊയ്യല്ലേ!''
``താഴ്ത്തിക്കൊയ്യുവിന്‍, തണ്ടുകള്‍ ചേറ്റില്‍
പൂഴ്ത്തിത്തള്ളൊല്ലേ, നെല്ലു പൊന്നാണേ!''
``തത്തപോലെ മണിക്കതിര്‍ മാത്രം
കൊത്തിവെയെ്ക്കാലാ നീ, കൊച്ചുപെണ്ണേ!''
``കൊയ്യുവാനോ നീ വന്നതു, കൊള്ളാം
കൊഞ്ചുകാളാഞ്ചിമീന്‍ പിടിപ്പാനോ?''
``നീട്ടിയാല്‍പ്പോര നാവുകൊണ്ടേവം,
നീട്ടിക്കൊയ്യണം നീ,യനുജത്തീ!''
``കാതിലം കെട്ടാന്‍ കൈവിരുതില്ലേ?
നീ തലക്കെട്ടു*5 കെട്ടിയാല്‍പ്പോരും,''
ചെമ്മില്‍ച്ചെങ്കതിര്‍ ചേര്‍ത്തരിഞ്ഞേവം
തമ്മില്‍പ്പേശുന്നു കൊയ്ത്തരിവാള്‍കള്‍.
പാടുവാന്‍ വരുന്നീലവ,ര്‍ക്കെന്നാല്‍
പാരമുണ്ടു പയ്യാരങ്ങള്‍ ചൊല്‍വാന്‍
തെങ്ങണിത്തണലാര്‍ന്നിവര്‍ തീര-
ത്തങ്ങു കൂടിക്കഴിഞ്ഞിടും ഗ്രാമം,
നിത്യവും ജീവിതം വിതയേറ്റി
മൃത്യുകൊയ്യും വിശാലമാം പാടം.
തത്ര കണ്ടിടാം കൊയ്തതിന്‍ ചാമ്പല്‍-
ക്കുത്തിലേന്തിക്കുളുര്‍ത്ത ഞാര്‍ക്കൂട്ടം
അത്തലിന്‍കെടുപായലിന്‍മീതെ-
യുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം;
ചൂഴെയെത്തുന്ന രോഗദാരിദ്ര്യ-
ച്ചാഴിയൂറ്റിക്കുടിച്ചതിന്‍കോട്ടം;
ചെംചെറുമണികൊത്തിടും പ്രേമ-
പ്പഞ്ചവര്‍ണ്ണക്കിളിയുടെയാട്ടം!
എത്ര വാര്‍ത്തകളുണ്ടിതേപ്പറ്റി-
ക്കൊയ്ത്തുകാരുടെയിപ്പഴമ്പായില്‍
******************************

കന്നിനെല്ലിനെയോമനിച്ചെത്തി-
യെന്നൊടോതീ സദാഗതി വായു:
``നിര്‍ദ്ദയം മെതിച്ചീ വിളവുണ്മാന്‍
മൃത്യുവിന്നേകും ജീവിതംപോലും
വിത്തൊരിത്തിരി വെയ്ക്കുന്നു, വീണ്ടും
പത്തിരട്ടിയായ്‌പ്പൊന്‍ വിളയിപ്പാന്‍.
കന്നിനാളിലെക്കൊയ്ത്തിനുവേണ്ടി
മന്നിലാദിയില്‍ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു, നോക്കൂ,
പിന്നയെത്രയോ കൊയ്ത്തുപാടത്തില്‍!
ഹാ, വിജഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?''
***

``ഒന്നിച്ചാനമ്രമെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ;
നല്‍പ്പുലര്‍കാലപാടലവാനില്‍
ശുഭ്രമേഘപരമ്പരപോലെ!'' ഈ വരികളിലെ സാദൃശ്യകല്പനയുടെ ഔചിത്യം വ്യക്തമാക്കുക. ഇങ്ങനെ കാവ്യഭംഗി വര്‍ധിപ്പിക്കുന്നതിനു കവി സ്വീകരിച്ച മാര്‍ഗങ്ങള്‍ കണ്ടെത്തി വിശദീകരിക്കൂ.
സൂചനകള്‍
പൊന്നുഷസ്സിന്റെ കൊയ്ത്ത്
ഗ്രാമജീവിതകഥാനാടകഭൂവില്‍


``തത്തമ്മയ്ക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൊയ്ത്തിന്നു പാടത്തു പോയപ്പോള്‍
കുഞ്ഞിത്തത്ത വിശന്നേയിരുന്നു
കൂട്ടന്നുള്ളില്‍ തളര്‍ന്നിരുന്നു.
മുത്തശ്ശിക്കേറെ വയസ്സായിക്കൊല്ലവും
പുത്തരിയുണ്ണാന്‍ കൊതിയായി
താഴ്ത്തിയരിഞ്ഞൊരു പുന്നെല്‍ക്കതിരുമായ്
തത്തമ്മപ്പെണ്ണു പറന്നു പോയി''
(ആവണിപ്പാടം - ഒ. എന്‍. വി. കുറുപ്പ്)
ഈ വിരകള്‍ക്കു സമാനമായ വരികള്‍ `കന്നിക്കൊയ്ത്ത'ില്‍ കണ്ടെത്താമോ?
കവിതാഭാഗങ്ങള്‍ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.

``നിത്യവും ജീവിതം വിതയേറ്റി
മൃത്യുകൊയ്യും വിശാലമാം പാടം.''
ഇവിടെ വിത, കൊയ്ത്ത്, പാടം എന്നീ പദങ്ങള്‍ നല്‍കുന്ന ആശയങ്ങള്‍ എന്തൊക്കെയാണ്? ചര്‍ച്ചചെയ്തു കുറിപ്പാക്കുക.

``ഹാ, വിജഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?''
- കാര്‍ഷികജീവിതത്തിന്റെ എന്തെല്ലാം സവിശേഷതകളാവാം ഇങ്ങനെയൊരു കാഴ്ചപ്പാടിലെത്തിച്ചേരാന്‍ കവിയെ പ്രേരിപ്പിച്ചത്? ജീവിതത്തിന്റെ അജയ്യതയെക്കള്‍റിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കവിയുടെ കാഴ്ചപ്പാടുമായി താരതമ്യം ചെയ്ത് ലഘുപ്രഭാഷണം തയ്യാറാക്കൂ.

കവിതയിലെ വര്‍ണ്ണനകള്‍, സൂക്ഷ്മനിരീക്ഷണങ്ങള്‍, പ്രയോഗസവിശേഷതകള്‍, മറ്റു സൗന്ദര്യാംശങ്ങള്‍ ഐിവ ഉള്‍ക്കൊള്ളിച്ച് കവിതയ്ക്ക് ഒരാസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

മേല്‍ക്കൊടുത്തിരിക്കുന്ന കവിതാഭാഗങ്ങള്‍ വെച്ചു് ഈ ചോദ്യങ്ങളില്‍ മിക്കതിനും ഉത്തരം കണ്ടെത്താന്‍ കുട്ടികള്‍ക്കെന്നല്ല നിരൂപകര്‍ക്കു പോലും കഴിയില്ല. കാരണം കന്നിക്കൊയ്ത്ത് എന്ന കവിതയുടെ ദര്‍ശനം വ്യക്തമാക്കുന്ന വരികളെല്ലാംതന്നെ വെട്ടിക്കളഞ്ഞിരിക്കുന്നു എന്നതുതന്നെ. `ആവണിപ്പാടം' എന്ന പായാരത്തോടു താരതമ്യം ചെയ്യാന്‍ പാകത്തില്‍ `കന്നിക്കൊയ്ത്തി'നെ നിസ്സാരമാക്കിക്കളഞ്ഞിരിക്കുന്നു. ഇനി ഇതിനെക്കുറിച്ചു് അദ്ധ്യാപകസഹായിക്കു് പറയാനുള്ളതു് എന്താണെന്നു് കാണാം.

Sunday, July 5, 2009

മലയാളത്തിന് അനുവദിക്കപ്പെട്ട സമയം


കാലിക്കറ്റ് സര്‍വ്വകലാശാല ബിരുദപഠനത്തിന്റെ ആദ്യസെമസ്റ്ററില്‍ കോമണ്‍ കോഴ്‌സിനായി മുന്നോട്ടുവെച്ച സിലബസും (code. MA1A07(01) അതിനായി നീക്കിവെച്ച സമയവും ഒന്നു കണക്കുകൂട്ടി നോക്കുകയാണു് ചുവടെ.

ഉദ്ദേശ്യലക്ഷ്യങ്ങള്‍

സര്‍ഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുക, സാഹിത്യ കൃതികള്‍ ആസ്വദിക്കുവാനുള്ള ശേഷി വളര്‍ത്തുക.
ആശയവിനിമയശേഷി വളര്‍ത്തുക.
വിവിധ സാഹിത്യ രൂപങ്ങളുടെ രചനാതന്ത്രങ്ങള്‍ പരിചയപ്പെടുത്തുക.
രചനാശേഷിയെ വിപുലമാക്കാന്‍ സഹായിക്കും വിധം വിവിധ സാഹിത്യരൂപങ്ങളെ കുറിച്ചുള്ള അറിവും അവബോധവും നല്‍കുക.
നമ്മുടെ കാലത്തെ ദൃശ്യ-ശ്രാവ്യ- ആശയ വിനിമയോപാധികള്‍ ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുക.

ആകെ പഠനസമയം 72 മണിക്കൂര്‍. ആകെ മൊഡ്യൂളുകള്‍ 4. അതുപ്രകാരം ഒരു മൊഡ്യൂളിനു് ലഭിക്കുന്ന പഠനസമയം 18 മണിക്കൂര്‍.

മൊഡ്യൂള്‍ 1: എഴുത്തിന്റെ സാമാന്യ നിയമങ്ങള്‍
a) ചെറുകഥ, കവിത, നോവല്‍, നാടകം, തിരക്കഥ എന്നീ സാഹിത്യരൂപങ്ങള്‍, വിവിധതരം എഴുത്തുകളുടെ സവിഷേഷതകള്‍ എന്നിവ പരിചയപ്പെടുക.
b) പ്രമുഖ എഴുത്തുകാര്‍ തങ്ങളുടെ രചനകളെക്കുറിച്ചു നടത്തിയ നിരീക്ഷണങ്ങള്‍ വായിക്കുക.

വിശദപഠനത്തിന്:
സര്‍ഗസാഹിതി

ഒരു കഥ ജനിക്കുന്നു (കാഥികന്റെ പണിപ്പുര) - എം.ടി.വാസുദേവന്‍ നായര്‍
എന്റെ കവിത - വൈലോപ്പിള്ളി (വൈലോപ്പിള്ളി സമ്പൂര്‍ണ്ണകൃതികള്‍, വാള്യം-2)
എന്റെ പണിപ്പുര (ഇടശ്ശേരിയുടെ പ്രബന്ധങ്ങള്‍) - ഇടശ്ശേരി
രംഗപ്രധാനം - ഒരു കല (നാടകദര്‍ശനം) - ജി. ശങ്കരപ്പിള്ള
കഥയില്‍ നിന്ന് തിരക്കഥയിലേക്ക് - ആര്‍.വി.എം.ദിവാകരന്‍ (ഭാഷാപോഷിണി 2006 ഫെബ്രുവരി)
വിശദപഠനത്തിനു് അഞ്ചു ലേഖനങ്ങള്‍. ആകെ സമയം 18 മണിക്കൂര്‍. ഒരു ലേഖനത്തിനു് 18/5 =3.6 മണിക്കൂര്‍. നോവല്‍, ചെറുകഥ എന്നിവയുടെ പ്രത്യേകതകള്‍ പരിചയപ്പെടുത്താനും ടെസ്റ്റ്‌പേപ്പര്‍, സെനിനാര്‍, അസൈന്‍മെന്റ് എന്നിവ നടത്താനുമുള്ള സമയം കൂടി ഇതില്‍നിന്നു കണ്ടെത്തണം.

മൊഡ്യൂള്‍ 2: രചനാപരിശീലനം
a) ഫീച്ചര്‍ റൈറ്റിങ്ങ് (റേഡിയോ, ടി.വി., പത്രം തുടങ്ങിയ മാധ്യമങ്ങളിലേക്കുള്ള ഫീച്ചറുകള്‍ തയ്യാറാക്കുന്ന വിധം) ലഘുലേഖ, ലിറ്റില്‍ മാഗസിന്‍, വാള്‍ മാഗസിന്‍ എന്നിവ തയ്യാറാക്കല്‍
b) വിജ്ഞാനാധിഷ്ഠിത പരിപാടികളുടെ സ്ക്രിപ്റ്റ്, ശാസ്ത്രം, സാഹിത്യം, കല, സിനിമ, സംഗീതം, സേ്പാര്‍ട്‌സ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ വ്യക്തികളുമായുള്ള അഭിമുഖം, ജീവചരിത്രക്കുറിപ്പുകള്‍ എന്നിവ തയ്യാറാക്കുന്ന വിധം.
c) നിലവിലുള്ള ഒരു സാഹിത്യകൃതി റേഡിയോ, ടി.വി. തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ അവലംബിക്കേണ്ട രീതികള്‍.
d) മലയാള ഭാഷയിലെ ശരിയായ രൂപങ്ങളെ പരിചയപ്പെടുക. ഉച്ചാരണം, വ്യാകരണം, പദകോശം, വരമൊഴി എന്നിവയില്‍ വിവധമാധ്യമരൂപങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം നടത്തുക.

സഹായകഗ്രന്ഥങ്ങള്‍
മലയാള ശൈലി - കുട്ടികൃഷ്ണമാരാര്‍
സാഹിത്യസാഹ്യം - എ.ആര്‍.രാജരാജവര്‍മ്മ
ഫീച്ചര്‍ രചന - എം.പി.സുരേന്ദ്രന്‍ (ഒലീവ്)
ദൃശ്യ ഭാഷ - കെ.എസ്.രാജശേഖരന്‍ (കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്)
ടെലിവിഷന്‍ ജേര്‍ണലിസം - വി. രാജഗോപാല്‍
പത്ര ഭാഷ - കേരള പ്രസ്സ് അക്കാദമി
മലയാളം സ്റ്റൈല്‍ പുസ്തകം - കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്

രണ്ടാം മൊഡ്യൂളില്‍ നാലുവിഭാഗങ്ങളാണുള്ളതു്. അതില്‍ ഓരോന്നിനും 4.5 മണിക്കൂര്‍ ലഭിക്കും. എ. വിഭാഗത്തില്‍ 1. റേഡിയോ, 2. ടി.വി., 3. പത്രം തുടങ്ങിയ മാധ്യമങ്ങളിലേക്കുള്ള ഫീച്ചറുകള്‍ തയ്യാറാക്കുന്ന വിധം, 4. ലഘുലേഖ, 5. ലിറ്റില്‍ മാഗസിന്‍, 6. വാള്‍ മാഗസിന്‍ എന്നിവ തയ്യാറാക്കല്‍ എന്നിങ്ങനെ ആറു് ഉപവിഭാഗങ്ങളില്‍ ഓരോന്നിനും ലഭിക്കുന്ന സമയം 45 മിനുട്ട്.

ബി. വിഭാഗത്തില്‍ 1വിജ്ഞാനാധിഷ്ഠിത പരിപാടികളുടെ സ്ക്രിപ്റ്റ്, 2ശാസ്ത്രം, 3സാഹിത്യം, 4കല, 5സിനിമ, 6സംഗീതം, 7സേ്പാര്‍ട്‌സ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ വ്യക്തികളുമായുള്ള അഭിമുഖം, 8ജീവചരിത്രക്കുറിപ്പുകള്‍ എന്നിവ തയ്യാറാക്കുന്ന വിധം എന്നിങ്ങനെ എട്ടു് ഉപവിഭാഗങ്ങളില്‍ ഓരോന്നിനും ലഭിക്കുന്ന സമയം 33മിനുട്ട്. ഇങ്ങനെയാണതിന്റെ പോക്കു്.

മൂന്നാം സെമസ്റ്ററിലെ മലയാളസാഹിത്യം എന്ന കോമണ്‍കോഴ്‌സില്‍ ഇതു് വളരെ പ്രകടമായി കാണാം.

ഉദ്ദേശ്യലക്ഷ്യങ്ങള്‍
മലയാളസാഹിത്യത്തെ സാമാന്യമായി പരിചയപ്പെടുത്തുകയും സാഹിത്യത്തില്‍ താല്പര്യം ജനിപ്പിക്കുകയും ചെയ്യുക.
വ്യത്യസ്ത സാഹിത്യ രൂപങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെ വിദ്യാര്‍ത്ഥിക്ക് പരിചയപ്പെടുത്തുകയും സാഹിത്യാസ്വാദനശേഷി വളര്‍ത്തുകയും ചെയ്യുക
സമകാലീന സാഹിത സിദ്ധാന്തങ്ങളെക്കുറിച്ച് സാമാനേപരിചയം ഉണ്ടാക്കുക.
പഠനസമയം 90 മണിക്കൂര്‍. ഒരു മൊഡ്യൂളിനു് 90/4 = 22.5

മൊഡ്യൂള്‍ 1
മലയാളകവിതയെക്കുറിച്ച് സാമാന്യമായ അറിവ് ലഭിക്കുന്ന പാഠഭാഗങ്ങളാണ് ഈ ഭാഗത്ത് നിര്‍ദേശിക്കുന്നത്. ഇതിഹാസം, മഹാകാവ്യം, ഖണ്ഡകാവ്യം, ഭാവഗീതി എന്നീ സാഹിത്യരൂപങ്ങളെക്കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തിക്കൊണ്ടായിരിക്കണം വിശദപഠനം നടത്തേണ്ടത്.
a) ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, പൂന്താനം, രാമപുരത്ത് വാര്യര്‍, ഉണ്ണായി വാര്യര്‍ തുടങ്ങിയവരുടെ രചനാരീതികളെ സാമാന്യമായി പരിചയപ്പെടുത്തി താഴെ പറയുന്ന കവിതാഭാഗങ്ങള്‍ വിശദമായി പഠിക്കുക.
1.ഗോവര്‍ദ്ധനോദ്ധാരണം (കൃഷ്മഗാഥ) - ചെറുശ്ശേരി
തന്നെയവന്നുള്ളോരെല്ലാരുമിങ്ങനെ.....
............ ആനന്ദഗാനം തുങ്ങിനാനേ..)
2. ഗാന്ധാരീവിലാപം (സ്ത്രീപര്‍വ്വം) എഴുത്തച്ഛന്‍
3. കല്ല്യാണസൗഗന്ധികം - കുഞ്ചന്‍ നമ്പ്യാര്‍
അതുകണ്ടുഹനുമാനുമതുലം......
.................വീണുവണങ്ങി പദാന്തേ.....)

b) ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരുടെ രചനകള്‍ സാഹിത്യചരിത്രത്തിലുണ്ടാക്കിയ ഭാവുകത്വവ്യതിയാനം തിരിച്ചറിയുക. ഇവരുടെ ഒരു ഖണ്ഡകാവ്യമോ കവിതാഭാഗമോ വിശദമായി പഠിക്കുകയും അക്കാലത്തെഴുതിയ മറ്റു കവികളുടെ രചനകളെ പരിചയപ്പെടുകയും ചെയ്യുക.
വിശദപഠനത്തിനു്
ചണ്ഡാലഭിക്ഷുകി (രണ്ടാം ഖണ്ഡം) - കുമാരനാശാന്‍
മലകേറല്‍ (തപ്തഹൃദയം) - ഉള്ളൂര്‍
ഒരുതോണിയാത്ര - വള്ളത്തോള്‍

c) നവോത്ഥാനകാലത്തും അതിനുശേഷവുമുള്ള കവിതാ ചരിത്രം സാമാന്യമായി മനസ്സിലാക്കുക, പുതിയ കവിതകളുടെ സവിശേഷതകള്‍ മനസ്സിലാക്കുക. ആറുകവിതകളുടെ സമാഹാരത്തില്‍ മൂന്നെണ്ണം വിശദമായി പഠിക്കുക.
1. സര്‍പ്പക്കാട് - വൈലോപ്പിള്ളി
2. കറുത്തചെട്ടിച്ചികള്‍ - ഇടശ്ശേരി
3. ബാക്കിവല്ലതുമുണ്ടോ - എന്‍.വി. കൃഷ്ണവാരിയര്‍
4. പാവം മാനവഹൃദയം - സുഗതകുമാരി
5. മാമ്പഴക്കാലം - പി.പി. രാമചന്ദ്രന്‍
6. അലഞ്ഞുതിരിയുന്ന കവിത - റഫീക്ക് അഹമ്മദ്
(വൈലോപ്പിള്ളി, സുഗതകുമാരി, റഫീക്ക് അഹമ്മദ് എന്നിവരുടെ കവിതകളാണ് ഈ സെമസ്റ്ററില്‍ പഠിക്കേണ്ടത്)

മൂന്നു വിഭാഗങ്ങളിലായി 9 കൃതികള്‍. ഓരോന്നിനും ലഭിക്കുന്ന സമയം 22.5/9 = 150 മിനുട്ട്, അഥവാ രണ്ടര മണിക്കൂര്‍.

Sunday, June 21, 2009

കുറിഞ്ഞിയില്‍ ഡോ.സോമനാഥന്റെ ലേഖനത്തിനു് വന്ന പ്രതികരണത്തിനു് മറുപടി

തര്‍ജ്ജനി ലേഖനത്തിന് കുറിഞ്ഞി എന്ന ബ്ലോഗില്‍ വന്ന പ്രതികരണത്തിനു് മറുപടി

പ്രേമന്‍മാഷുടെ പ്രതികരണം നന്നായി. അദ്ദേഹം ഇടതുപക്ഷക്കാരനാണു് എന്നു വ്യക്തമായല്ലോ. ബ്രിട്ടീഷ് പാര്‍ലമെന്റിലെ സീറ്റുകളുടെ വിന്യാസമനുസരിച്ചാണു് ഇടതുപക്ഷമെന്ന പേരുവന്നതെന്നു് കേട്ടിട്ടുണ്ടു്. കേരളത്തിലെ ഇടതുപക്ഷം ഇടതുകമ്മ്യൂണിസ്റ്റും വലതുകമ്മ്യൂണിസ്റ്റും ഒന്നിച്ചിരിക്കുന്ന സ്ഥലമാണു്. പിന്നെയുള്ളതു് ജനതാദള്‍, കേരളകോണ്‍ഗ്രസ് എന്നൊക്കെ പറയുന്നവര്‍. ഇതില്‍ ഏതില്‍ പെടുന്നവര്‍ക്കും ഇടതുപക്ഷമെന്നു് അഭിമാനിക്കാം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണികളെ അവരവര്‍ നല്കുന്ന പേരില്‍ വ്യവഹരിക്കാം. പക്ഷെ കേരളസര്‍ക്കാറിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍/യു.ഡി.എഫ് സര്‍ക്കാര്‍ എന്നു വിളിക്കുന്നതില്‍ ജനാധിപത്യവിരുദ്ധതയുണ്ടു്. ആശയലോകത്തെ സംബന്ധിക്കുന്ന ഒരു പദമായാണു് ഇടതുപക്ഷം എന്നതു് ഉപയോഗിക്കുന്നതെങ്കില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ തന്നെയാണു് പ്രധാനം. ആഗോളവല്ക്കരണത്തിന്റെ അജന്‍ഡകളെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതു് ഇടതുമുന്നണി നേതൃത്വം നല്കുന്ന സര്‍ക്കാറാവുമ്പോള്‍ അതെല്ലാം ഇടതുപക്ഷമാണെന്നും അതു് ആഗോളവല്ക്കരണവിരുദ്ധമായ പ്രതിരോധമാണെന്നും വിശ്വസിക്കാന്‍ പ്രേമനു് സ്വാതന്ത്ര്യമുണ്ടു്. പക്ഷെ അതുകൊണ്ടു് വസ്തുതകള്‍ മാറുകയില്ലെന്നു മാത്രം. ഇങ്ങനെ വേഷപ്രച്ഛന്നമായി നടപ്പിലാവുന്ന ഇടനിലക്കാരുടെ ആഗോളവല്ക്കരണത്തെക്കാള്‍ നല്ലതു് സാമ്രാജ്യത്വം നേരിട്ട് നടപ്പിലാക്കുന്ന ആഗോളവല്ക്കരണമാണു്. ഒന്നുമില്ലെങ്കില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം ആഗോളവല്ക്കരണമെന്നു് ഉദ്‌ഘോഷിക്കുന്ന ഇടനിലക്കാര്‍ ഒഴിവായിക്കിട്ടുമല്ലോ.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വിദ്യാഭ്യാസം വളരെ മികച്ചതാണെന്നു് പ്രേമന്‍മാഷ് കരുതുന്നതില്‍ കുറ്റപ്പെടുത്താനാവില്ല. കാരണം അതിന്റെ തലപ്പത്താണു് അദ്ദേഹമിരിക്കുന്നതു്. അതു പരിപൂര്‍ണ്ണമായും ശരിയാണെന്നു് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാളെങ്കിലും ആ പദ്ധതിയില്‍ ഉണ്ടെന്നു് അറിയുന്നതുതന്നെ സന്തോഷം. പ്രേമന്‍ അക്കമിട്ടു പറയുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ തെറ്റാണെന്നു് ആരെങ്കിലും പറയുമോ. (തെരഞ്ഞടുപ്പു പത്രികയില്‍ ആരെങ്കിലും മോശമായ കാര്യങ്ങള്‍ എഴുന്നള്ളിക്കുമോ) പക്ഷെ `ശാന്ത' പ്രാഥമികമായും ജലദൗര്‍ലഭ്യതയെക്കുറിച്ചുള്ള ഒരു കവിതയാണു് എന്ന വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടു്. അതോടൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി ആ കവിതയില്‍ സൂചിതമായിട്ടുണ്ടു് എന്ന ഔദാര്യമാണോ ആ കവിത അര്‍ഹിക്കുന്നതു്. അതിന്റെ അദ്ധ്യാപകസഹായി എന്തൊക്കെ പറഞ്ഞാലും ഈ നിലപാടിനെ മറികടക്കാനാവില്ല. മാത്രമല്ല ഉദ്ദേശ്യം എന്തുതന്നെ ആയാലും അതു് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു് മലയാളം ഒന്നാം പേപ്പറിലല്ല, രണ്ടാം പേപ്പറിലാണു് എന്ന വസ്തുത ശ്രദ്ധിക്കേണ്ടതാണു്. പണ്ടു് നോണ്‍ ഡീറ്റെയില്‍ എന്നു വിളിച്ച, വിശദപഠനം ആവശ്യമില്ലാത്ത ഒരു പുസ്തകത്തിലാണു് അതുള്ളതു്. സംസ്കൃതവും അറബിയും ഉറുദുവും മറ്റും ഒന്നാം പേപ്പറായി പഠിക്കുന്നവരടക്കം പഠിക്കേണ്ടതാണതു്. ആഴ്ചയില്‍ രണ്ടു പിരിയഡ് മാത്രമാണു് അതിനു് അനുവദിക്കപ്പെട്ടതു്. എന്നിട്ടും ഇത്രയും വിശദാംശത്തോടെ ആ പാഠപുസ്കത്തിലെ മുഴുവന്‍ ഭാഗവും ക്ലാസ്സില്‍ പരിഗണിക്കപ്പെടും എന്നാണു വാദിക്കുന്നതെങ്കില്‍ ഒന്നാം പേപ്പറിലെ പാഠങ്ങളുടെ സ്ഥിതി എന്താവും എന്നു് ഊഹിക്കാന്‍ പറ്റുന്നില്ല.

പ്രേമന്‍ മാഷ് വിചാരിക്കുന്നപോലെ കേരളത്തിലെ എല്ലാ സി.ബി.എസ്.ഇ- അണ്‍എയിഡഡ്‌സ്ക്കൂളുകളും ഉന്നതനിലവാരം പുലര്‍ത്തുന്നു എന്ന തെറ്റിദ്ധാരണയിലല്ല രക്ഷിതാക്കളില്‍ പലരും തങ്ങളുടെ കുട്ടികളെ അവിടേക്കയക്കുന്നതു്. പലതും നിലവാരം കുറഞ്ഞവതന്നെയാണെന്നു് രക്ഷിതാക്കള്‍ക്കറിയാം. പക്ഷെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ചും അവര്‍ക്കു ചില ധാരണകളുണ്ടു് എന്നതാണു് പ്രശ്‌നം. പക്ഷെ കേരളത്തിലെ ചില എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ പൊതുവിദ്യാലയത്തിലെ കുട്ടികളെക്കാള്‍ പത്തു ശതമാനംവരെ മാര്‍ക്കു കുറഞ്ഞാലും സി.ബി.എസ്.ഇ.യിലെ കുട്ടികളാണു് മികച്ചവര്‍ എന്നു് അവരുടെ പ്രവേശനത്തിനുള്ള നിബന്ധനയില്‍ വെളിവാക്കുന്നു. കഴിഞ്ഞദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു എഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറും ഇതേ കാര്യ അസന്നിഗ്ദ്ധമായി വെളിപ്പെടുത്തി. ഇതിനൊക്കെ പുറമെ, ചില ജില്ലകളിലെ വിദ്യാഭ്യാലപിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇരുപതോളം അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ അനുമതി നല്കിക്കൊണ്ടു് ഉത്തരവിറക്കുകയാണു് സ്വാശ്രയവിരുദ്ധ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം കൈക്കൊണ്ട നടപടി. ആര്‍ക്കാണു് മാഷേ പൊതുവിദ്യാലയത്തില്‍ വിശ്വാസം?

കാര്യങ്ങളെ സൂക്ഷ്മമായി പഠിച്ചും വിശകലനം ചെയ്തും പൂച്ചു പുറത്താകാതെ സത്യങ്ങള്‍ വിളിച്ചു പറയുന്നതിന്റെ രീതി പ്രേമന്‍ മാഷ് കാണിച്ചുതരുന്നതു നോക്കുക. ``....അടിച്ചിട്ടായാലും കാണാപ്പാടം പഠിച്ചിരുന്നു പണ്ടു്. അവിടെ തെറ്റുകള്‍ വരാന്‍ സാദ്ധ്യത കുറവു്. അദ്ധ്യാപകന്‍ എഴുതിക്കൊടുക്കുന്നതു് കുട്ടി പരീക്ഷക്കടലാസ്സില്‍ പകര്‍ത്തുന്നു. ഇന്നു് ഒരു പുതിയ സാഹചര്യമാണു് ഓരോ ചോദ്യവും കുട്ടിയുടെ മുന്നില്‍ ഉയര്‍ത്തുന്നതു്. താന്‍ മനസ്സിലാക്കിയ ആശയങ്ങള്‍/സ്വായത്തമാക്കിയ ശേഷികള്‍ പ്രയോഗിക്കുന്നതിനാണു് ഊന്നല്‍. രചനകള്‍ സ്വതന്ത്രമായി അപ്പോള്‍ ജനിക്കുന്നവയാണു്. അതിനല്‍ നേരത്തേതിനെക്കാള്‍ കൂടുതല്‍ അക്ഷരത്തെറ്റുകള്‍ സ്വാഭാവികം'' വിചിത്രംതന്നെ ഈ നിരീക്ഷണം. ഉള്ളില്‍നിന്നു് സ്വയംരൂപപ്പെട്ടുവരുന്ന ഭാഷാപ്രയോഗങ്ങളാണു് മനപ്പാഠമാക്കി പുനരുല്പാദിപ്പിക്കുന്ന ഭാഷാപ്രയോഗങ്ങളെക്കാള്‍ സ്വാഭാവികവും എളുപ്പവും പിഴവുകള്‍ കുറഞ്ഞതും എന്നാണു് ഇതുവരെ കേട്ടിട്ടുള്ളതു്. മനപ്പാഠരീതി യാന്ത്രികമാണെന്നു് സ്ഥാനത്തും അസ്ഥാനത്തും പറയുന്ന പുതിയപാഠ്യപദ്ധതിയുടെ ആധികാരികവക്താവായ പ്രേമന്‍ മാഷ് വാദിച്ചുവാദിച്ചു് മനപ്പാഠരീതിയാണു് പിഴവുകുറഞ്ഞ എഴുത്തിനു് നല്ലതു് എന്നുവരെ പറഞ്ഞുകളഞ്ഞു. ഈ വാദപ്രകാരം കുറ്റമറ്റ ഭാഷാപ്രയോഗത്തിനു് മനപ്പാഠരീതി ആവിഷ്ക്കരിക്കണം എന്നല്ലേ സിദ്ധിക്കുക. അതിനു് അടിച്ചേ തീരൂ എന്ന ശാഠ്യം ഒഴിവാക്കുന്നതു് നന്നു് എന്നൊരു മാനഷികമുഖം നല്കിയെന്നു മാത്രം.

പഠനത്തിന്റെ യാന്ത്രികരീതി പുതിയപദ്ധതിയില്‍നിന്നു് തുടച്ചുമാറ്റി എന്നൊക്കെ ഊറ്റം കൊള്ളുന്നതു നല്ലതുതന്നെ. അതിന്റെ സ്വഭാവം വ്യക്തമാകാന്‍ സ്ക്കൂള്‍ വിടുന്ന നേരത്തു് ചില ബുക്ക്സ്റ്റാളുകളിലെ തിരക്കു നോക്കിയാല്‍ മതി. അധികവും അദ്ധ്യാപകരാണു് അവിടെ എത്തുന്നതു്. ` ഒരു സ്വാതന്ത്ര്യസമരനേതാക്കള്‍, ഒരു പച്ചക്കറികള്‍, ഒരു മൃഗങ്ങള്‍, ഒരു കവികള്‍' എന്നെല്ലാം അവര്‍ തിരക്കുകൂട്ടും. കുട്ടികളുടെ ശേഖരണത്തിനു് ചിത്രങ്ങള്‍ വാങ്ങി വീട്ടിലെത്താനുള്ള തത്രപ്പാടിലാണവര്‍. പ്രൊജക്ടുകളും ശേഖരണങ്ങളും എല്ലാം മാര്‍ക്കറ്റില്‍ സുലഭം. ഗൈഡുകളുടെ കഥ പഴയതിനെക്കാള്‍ കൂടുതലായിട്ടേയുള്ളൂ. പ്രേമന്‍ മാഷേ സ്ക്കൂളിനെ മാത്രം ആശ്രയിച്ചു പഠിക്കുന്നവരുടെ തലമുറ അവസാനിച്ചെന്നു തോന്നുന്നു.

``അക്ഷരത്തെറ്റുകള്‍, വ്യാകരണപ്പിശകുകള്‍, ആശയപരമായ പിഴവുകള്‍ എന്നിവ അക്കമിട്ടു നിരത്താന്‍ കുട്ടികളുടെ ഉത്തരക്കടലാസ്സിന്റെ ഫോട്ടോസ്റ്റാറ്റ് തപ്പിനടക്കുന്നവര്‍ക്കു് പ്രളയകാലം വരെ അതിനുള്ള സാദ്ധ്യത ഉണ്ടായിരിക്കുകതന്നന്ന ചെയ്യും.'' തെറ്റുകള്‍ ഉണ്ടാകുന്നുണ്ടു് എന്നദ്ദേഹം അംഗീകരിക്കുന്നു. അതു് എല്ലാ കാലത്തുമുണ്ടാകും എന്നും സമ്മതിക്കുന്നു. പിന്നെ എന്താണു് ഇതില്‍ വിശേഷമായി പറയാനുള്ളതു്? ഇപ്പോള്‍ തെറ്റുകളുടെ ആവൃത്തി വളരെ കൂടതലാണു്. എന്നിട്ടും ഈ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനെക്കുറിച്ചു് നിലവിലുള്ള പദ്ധതി ആലോചിക്കുന്നു പോലുമില്ല എന്നതാണു് ചൂണ്ടിക്കാണിക്കുന്നതു്. അതിനുള്ള ശ്രമം പ്രേമന്‍ മാഷുടെ പ്രതികരണത്തിലും കാണുന്നില്ല. പ്രേമന്‍ മാഷുടെ തുടര്‍ന്നുള്ള ചില പരാമര്‍ശങ്ങള്‍ നോക്കുക. ``കൗടില്യശാസ്ത്രത്തില്‍ അഗ്രഗണ്യരായ ഇവര്‍ക്കു് ശൂലത്തില്‍ കോര്‍ക്കാന്‍ ദലിതരുടെ, ആദിവാസികളുടെ, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ തെറ്റുകള്‍ നിറഞ്ഞ ഉത്തരക്കടലാസ്സുകള്‍ എത്രവേണെങ്കിലും ലഭിക്കും.'' എന്താണു് പ്രേമന്‍ മാഷെ ഇങ്ങനെയൊക്കെ പറയുന്നതു്. ദലിതരും ആദിവാസികളും ദരിദ്രരുമെല്ലാം എഴുതുന്നത്രയും തെറ്റുകളുടെ കൂമ്പാരമാണെന്നോ? സമ്പന്നരും സവര്‍ണ്ണരും എഴുതുന്നത്രയും തെറ്റില്ലാത്ത മലയാളമാണെന്നോ? എന്താവേശത്തിന്റെ പുറത്തായാലും ഇങ്ങനെയെല്ലാം പറയാമോ? ഇതാണോ പ്രേമന്‍ മാഷുടെ ദലിതപ്രേമം? എന്തും പറയാന്‍ അവകാശം വാങ്ങിയിട്ടുള്ള ആളാണെങ്കിലും സവര്‍ണ്ണസമ്പന്നന്മാര്‍ വരുത്തുന്ന പിഴവുകളുടെ ഉത്തരവാദിത്തം മാത്രമേ ഈ വിദ്യാഭ്യാസപദ്ധതി ഏറ്റെടുക്കൂ എന്നൊക്കെ പരസ്യമായി പറയാമോ?

Thursday, June 18, 2009

മലയാളത്തിന്റെ പുതിയ പാഠ്യപദ്ധതി

ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ തയ്യാറാക്കിയ പുതിയ മലയാളം പാഠ്യപദ്ധതി. കോളേജുകളില്‍ നേരത്തെ ഉണ്ടായിരുന്ന സിലബസ്സിനു പകരം ഇതാണ് പഠിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

Code. MA1A07(01) സെമസ്റ്റര്‍ I
കോമണ്‍കോഴ്‌സ് - 7
സര്‍ഗ്ഗാത്മകരചനയും ആശയവിനിമയശേഷിയും
പഠനസമയം: 72 മണിക്കൂര്‍
ക്രെഡിറ്റ്: 4

ഉദ്ദേശ്യലക്ഷ്യങ്ങള്‍:
സര്‍ഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുക, സാഹിത്യകൃതികള്‍ ആസ്വദിക്കുവാനുള്ള ശേഷി വളര്‍ത്തുക. ആശയവിനിമയശേഷി വളര്‍ത്തുക. വിവിധ സാഹിത്യരൂപങ്ങളുടെ രചനാതന്ത്രങ്ങള്‍ പരിചയപ്പെടുത്തുക. രചനാശേഷിയെ വിപുലമാക്കാന്‍ സഹായിക്കും വിധം വിവിധ സാഹിത്യരൂപങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും നല്‍കുക. നമ്മുടെ കാലത്തെ ദൃശ്യ-ശ്രാവ്യ- ആശയ വിനിമയോപാധികള്‍ ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുക.

മൊഡ്യൂള്‍ 1: എഴുത്തിന്റെ സാമാന്യനിയമങ്ങള്‍
a) ചെറുകഥ, കവിത, നോവല്‍, നാടകം, തിരക്കഥ എന്നീ സാഹിത്യരൂപങ്ങള്‍, വിവിധതരം എഴുത്തുകളുടെ സവിശേഷതകള്‍ എന്നിവ പരിചയപ്പെടുക.
b) പ്രമുഖ എഴുത്തുകാര്‍ തങ്ങളുടെ രചനകളെക്കുറിച്ചു നടത്തിയ നിരീക്ഷണങ്ങള്‍ വായിക്കുക.

വിശദപഠനത്തിന്:
സര്‍ഗസാഹിതി

ഒരു കഥ ജനിക്കുന്നു (കാഥികന്റെ പണിപ്പുര) - എം.ടി.വാസുദേവന്‍ നായര്‍
എന്റെ കവിത - വൈലോപ്പിള്ളി (വൈലോപ്പിള്ളി സമ്പൂര്‍ണ്ണകൃതികള്‍, വാല്യം-2)
എന്റെ പണിപ്പുര (ഇടശ്ശേരിയുടെ പ്രബന്ധങ്ങള്‍) - ഇടശ്ശേരി
രംഗപ്രധാനം - ഒരു കല (നാടകദര്‍ശനം) - ജി. ശങ്കരപ്പിള്ള
കഥയില്‍ നിന്ന് തിരക്കഥയിലേക്ക് - ആര്‍.വി.എം.ദിവാകരന്‍ (ഭാഷാപോഷിണി 2006 ഫെബ്രുവരി)

മൊഡ്യൂള്‍ 2: രചനാപരിശീലനം
a) ഫീച്ചര്‍ റൈറ്റിങ്ങ് (റേഡിയോ, ടി.വി., പത്രം തുടങ്ങിയ മാധ്യമങ്ങളിലേക്കുള്ള ഫീച്ചറുകള്‍ തയ്യാറാക്കുന്ന വിധം) ലഘുലേഖ, ലിറ്റില്‍ മാഗസിന്‍, വാള്‍ മാഗസിന്‍ എന്നിവ തയ്യാറാക്കല്‍
b) വിജ്ഞാനാധിഷ്ഠിത പരിപാടികളുടെ സ്ക്രിപ്റ്റ്, ശാസ്ത്രം, സാഹിത്യം, കല, സിനിമ, സംഗീതം, സ്പോര്‍ട്‌സ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ വ്യക്തികളുമായുള്ള അഭിമുഖം, ജീവചരിത്രക്കുറിപ്പുകള്‍ എന്നിവ തയ്യാറാക്കുന്ന വിധം.
c) നിലവിലുള്ള ഒരു സാഹിത്യകൃതി റേഡിയോ, ടി.വി. തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ അവലംബിക്കേണ്ട രീതികള്‍.
d) മലയാള ഭാഷയിലെ ശരിയായ രൂപങ്ങളെ പരിചയപ്പെടുക. ഉച്ചാരണം, വ്യാകരണം, പദകോശം, വരമൊഴി എന്നിവയില്‍ വിവിധമാധ്യമരൂപങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം നടത്തുക.

സഹായകഗ്രന്ഥങ്ങള്‍
മലയാളശൈലി - കുട്ടികൃഷ്ണമാരാര്‍
സാഹിത്യസാഹ്യം - എ.ആര്‍.രാജരാജവര്‍മ്മ
ഫീച്ചര്‍ രചന - എം.പി.സുരേന്ദ്രന്‍ (ഒലീവ്)
ദൃശ്യ ഭാഷ - കെ.എസ്.രാജശേഖരന്‍ (കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്)
ടെലിവിഷന്‍ ജേര്‍ണലിസം - വി. രാജഗോപാല്‍
പത്രഭാഷ - കേരള പ്രസ്സ് അക്കാദമി
മലയാളം സ്റ്റൈല്‍ പുസ്തകം - കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്

മൊഡ്യൂള്‍ 3: മലയാളവും ജനപ്രിയമാധ്യമങ്ങളും
ജനപ്രിയസംസ്കാരം - പരസ്യ രചന, പത്രപ്രവര്‍ത്തനം, വിവിധ ജനപ്രിയ മാസികകള്‍, വനിതാ മാസികകള്‍, ആരോഗ്യമാസികകള്‍, ഫീച്ചര്‍ രചന, എസ്സ്.എം.എസ്സ് എന്നീ ഭാഷാവ്യവഹാര രീതികളില്‍ പ്രായോഗിക പരിശീലനം നേടുക.(വിവിധ ജനപ്രിയ മാധ്യമങ്ങളിലെ വിനിമയത്തിന്റെ സ്വഭാവവും എഴുത്തിന്റെ സവിഷേഷതകളും മനസ്സിലാക്കുന്ന തരത്തിലുള്ള പഠനപ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാം.)

സഹായകഗ്രന്ഥങ്ങള്‍
ഭാവുകത്വം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ - ജി. മധുസൂദനന്‍
മാധ്യമങ്ങളും മലയാള സാഹിത്യവും - കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്
ടെലിവിഷന്‍ ജേര്‍ണലിസം - വി. രാജഗോപാല്‍
ദൃശ്യഭാഷ - കെ.എസ്.രാജശേഖരന്‍
പത്രലോകം - എഡി. ടി.വേണുഗോപാലന്‍(ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്)

മൊഡ്യൂള്‍ 4: മലയാളവും വിവരസാങ്കേതികതയും
മലയാള ഭാഷ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കുക. ഇ- എഴുത്തിന്റെ സാങ്കേതികവശങ്ങള്‍, വെബ്ബ് എഴുത്തിന്റെ ഉള്ളടക്കം - പ്രത്യേകതകള്‍, ഉള്ളടക്കനിര്‍മ്മിതി, മലയാളം സോഫ്റ്റ്‌വെയറുകള്‍, വെബ്ബ് പോര്‍ട്ടലുകള്‍, ഇ-ജേര്‍ണലുകള്‍, ബ്ലോഗുകള്‍- മലയാളത്തിലെ പ്രധാന സൈറ്റുകള്‍, ബ്ലോഗുകളുടെ പരിചയം - മലയാള ഭാഷയുടെ ഉപയോഗം കമ്പ്യൂട്ടറില്‍, വിവരശേഖരണത്തിന്റെയും വിതരണത്തിന്റെയും വഴികള്‍ ഇന്റര്‍നെറ്റില്‍, ഹൈപ്പര്‍ ടെക്‌സ്റ്റിന്റെ പ്രത്യേകതകള്‍, വെബ്ബ് ഡിസൈനിംങ്ങ്, ബ്ലോഗ് നിര്‍മ്മാണം ഇവയില്‍ പ്രാദേശികമായ അറിവുണ്ടാക്കുക. മലയാളം വെബ്ബ് കണ്ടന്റ് നിര്‍മ്മിതിയില്‍ പരിശീലനം.

സഹായകഗ്രന്ഥങ്ങള്‍
ഇന്‍ഫോര്‍മേഷന്‍ ടെക്‍നോളജി - ഡോ. അച്യുത് ശങ്കര്‍ എസ്സ്. നായര്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്
ആ ലോകം മുതല്‍ ഇ - ലോകം വരെ -ഡോ. ജെ. വി. വിളനിലം കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്
ഇന്റര്‍നെറ്റും ഇന്‍ഫര്‍മേഷന്‍ വിപ്ലവവും - ഡോ. ബി. ഇക്ബാല്‍, കെ.രവീന്ദ്രന്‍ (ഡിസി ബുക്‌സ്)
സൈബര്‍ മലയാളം- എഡി. സുനിത ടി.വി., കറന്റ് ബുക്‌സ്, തൃശ്ശൂര്‍
ഇന്റഫര്‍മേഷന്‍ ടെക്‍നോളജി എന്ത്, എങ്ങിനെ, എന്തിന്? - ഡോ. ബി. ഇക്ബാല്‍, കെ.രവീന്ദ്രന്‍ (കറന്റ് ബുക്‌സ്, തൃശ്ശൂര്‍)Code. MA2A08(01)
സെമസ്റ്റര്‍ II
കോമണ്‍ കോഴ്‌സ് 8
വിവര്‍ത്തനവും ആശയവിനിമയവും
പഠനസമയം: 72 മണിക്കൂര്‍
ക്രെഡിറ്റ്: 4

ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിദ്യാര്‍ത്ഥിയുടെ ഭാഷാശേഷിയും സാഹിത്യഭാവുകത്വവും വിസ്തൃതവും സമ്പന്നവുമാക്കുക. വിവര്‍ത്തനത്തിന്റെ താത്ത്വികവശങ്ങള്‍ മനസ്സിലാക്കുക, പ്രായോഗിക വശങ്ങള്‍ പരിശീലിക്കുക

മൊഡ്യൂള്‍ 1
വിവര്‍ത്തനത്തിന്റെ സാംഗത്യം. നിര്‍വചനങ്ങളും തത്വങ്ങളും, വിവര്‍ത്തനം, വ്യാഖ്യാനം, പരാവര്‍ത്തനം, സൃഷ്ടി, പരിഭാഷാപ്രക്രിയ, വിവര്‍ത്തനത്തിലൂടെ സാധിക്കുന്ന സാംസ്കാരിക ധര്‍മ്മം. വിവര്‍ത്തനവും സാങ്കേതികവിദ്യയും, യന്ത്രതര്‍ജ്ജമ, കമ്പ്യൂട്ടര്‍ തര്‍ജ്ജമ, ആനിമേഷന്‍, തര്‍ജ്ജമയും ഇന്റര്‍നെറ്റും, യന്ത്രതര്‍ജ്ജമയുടെ സാധ്യതകളും പരിമിതികളും. വിവിധതരം വിവര്‍ത്തനങ്ങളുടെ പ്രത്യേകതകള്‍.
1. സാഹിത്യം
2. സാഹിത്യേതരം
3. മീഡിയാട്രാന്‍സ്‌ലേഷന്‍

മൊഡ്യൂള്‍ 2
വിവര്‍ത്തനത്തിലെ പ്രധാന സമീപനരീതികളും, വിവര്‍ത്തനത്തില്‍ ഉത്ഭവിക്കുന്ന പ്രശ്നങ്ങളും മനസ്സിലാക്കുക, വിവര്‍ത്തന രീതികളെ പരിചയപ്പെടുക എന്നിവയാണ് ഈ മൊഡ്യൂള്‍കൊണ്ട് ഉദ്ദേശിക്കുന്നത്.

വിശദപഠനത്തിന്:
വിവര്‍ത്തനചിന്തകള്‍ (ലേഖനസമാഹാരം)
അപ്രാപ്യമായ ഒരു വിതാനം - കെ. പി. ശങ്കരന്‍
കാവ്യവിവര്‍ത്തനം - ചില നിരീക്ഷണങ്ങള്‍ - ദേശമംഗലം രാമകൃഷ്ണന്‍
വിവര്‍ത്തനക്ഷമത - ഡോ. പ്രബോധചന്ദ്രന്‍ നായര്‍
കഥാവിവര്‍ത്തനം - ചില സമീപനങ്ങള്‍ - വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍
പാഠവും പാരായണവും - അയ്യപ്പപണിക്കര്‍ (സാഹിത്യലോകം 99 മെയ് - ജൂണ്‍ ലക്കം, സാഹിത്യ അക്കാദമി, തൃശ്ശൂര്‍)
പ്രയോഗമാതൃക (വിവര്‍ത്തനത്തിലെ സവിശേഷതകള്‍ താരതമ്യം ചെയ്ത് കണ്ടെത്താന്‍ നിര്‍ദ്ദശിക്കണം)
വാനമ്പാടി (വൈലോപ്പിള്ളി) - Ode to the Skylark (Shelly)
ഇന്ദുലേഖയുടെ ഒന്നാമദ്ധ്യായം - W. DUMERGUE, C.S.- ന്റെ ഇംഗ്ലീഷ് പരിഭാഷ (മാതൃഭൂമി പ്രസിദ്ധീകരണം)
ഗീതാഞ്ജലി: ജി.യുടെ വിവര്‍ത്തനം - ഇംഗ്ലീഷ് വിവര്‍ത്തനം
ഭജനം പൂജനമാരാധനയും - Leave this chanting and singing
സാധനയും ഹേ നിര്‍ത്തുക സാധോ........ and telling of beads
............................ ..........................................
ചേരൂ വേര്‍പ്പൊഴുകട്ടെ Meet him and stand by him in toil and
(ജിയുടെ കവിതകള്‍, ഡിസി ബുക്‌സ്, 1999) sweat of thy brow ( Collected poems and plays of Rabindranath Tagore, Macmillan, 1967)
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം - Address at the Final Session (27 September 1893)
സമാപന സമ്മേളനത്തിലെ പ്രസംഗം Advaita Ashrama (Publication Department) Kolkatta, (1893 സെപ്തംബര്‍ 27), ശ്രീ രാമകൃഷ്ണ മഠം, പുറനാട്ടുകര, തൃശ്ശൂര്‍
പ്രവാചകന്‍ - ഖലീല്‍ ജിബ്രാന്‍ - Prophet - Khalil Gibran
ആരംഭം മുതല്‍ ``ഇവയെല്ലാം ഉച്ചരിക്കപ്പെട്ട These things he said in words. But much in his
വാക്കുകളാണെങ്കിലും ഉരിയാടാത്ത വചനങ്ങളാല്‍ heart remained unsaid. For he himself could not
ഹൃദയം നിഭൃതമ്രയിരുന്നു. തന്റെ അഘാത speak his deeper secret - എന്നതുവരെ (Greatest
നിഗൂഢതകള്‍ ആവിഷ്ക്കരിക്കുവാന്‍ അവന് works of Khalil Gibran, Jaico Publishing House,
കഴിയുമായിരുന്നില്ല.'' എന്നു വരെയുള്ള ഭാഗം Bombay)
(ഖലീല്‍ ജിബ്രാന്‍ കൃതികള്‍ പേജ് 471- 473,
ഡിസി ബുക്‌സ്, കോട്ടയം)

മൊഡ്യൂള്‍ 3
ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പരിശീലിക്കുക.
* പദങ്ങള്‍
* വാക്യങ്ങള്‍
* ശൈലികള്‍
* പഴംചൊല്ലുകള്‍
* പരസ്യങ്ങള്‍
* പ്രശസ്തരുടെ പ്രസംഗങ്ങള്‍
* ലേഖനങ്ങള്‍ (സാഹിത്യ ശാസ്ത്ര മാനവിക വിഷയങ്ങള്‍)

മൊഡ്യൂള്‍ 4
മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പരിശീലിക്കുക.
* പദങ്ങള്‍
* വാക്യങ്ങള്‍
* ശൈലികള്‍
* പഴംചൊല്ലുകള്‍
* പരസ്യങ്ങള്‍
* പ്രശസ്തരുടെ പ്രസംഗങ്ങള്‍
* ലേഖനങ്ങള്‍

സഹായകഗ്രന്ഥങ്ങള്‍
1. തര്‍ജ്ജമ : സിദ്ധാന്തവും പ്രയോഗവും മലയാളത്തില്‍ - (എഡി: ജയാസുകുമാരന്‍, സ്കറിയ സക്കറിയ)
2. വിവര്‍ത്തന പഠന സിദ്ധാന്തങ്ങള്‍ - താപസം, 2006, വാല്യം 1.4.
3. വിവര്‍ത്തനത്തിന്റെ ഭാഷാശാസ്ത്രഭൂമിക - ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്
4. വിവര്‍ത്തനം - ഒരുസംഘം ലേഖകര്‍ (കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്)
5. തര്‍ജ്ജുമയുടെ താക്കോല്‍ - സി.വി. വാസുദേവ ഭട്ടതിരി, സൈ്ക ബുക്ക്പബ്ലിഷേഴ്‌സ്, മാവേലിക്കര
6. വിവര്‍ത്തനവിചാരം - ഡോ. എന്‍. ഇ. വിശ്വനാഥ അയ്യര്‍ (കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്)

അസൈന്‍മെന്റ്
* സര്‍ഗ്ഗാത്മകവും വൈജ്ഞാനികവുമായ ഏതെങ്കിലും കൃതികളുടെ/ പഠനങ്ങളുടെ വിവര്‍ത്തനം - ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കോ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കോ.
* ഏതെങ്കിലും വിവര്‍ത്തനങ്ങളുടെ മൂലകൃതിയുമായുള്ള താരതമ്യം
* ശാസ്ത്രസാങ്കേതിക പദങ്ങള്‍ക്ക് തത്തുല്യമായ മലയാള പദങ്ങള്‍ കണ്ടെത്തുക.
* ഇംഗ്ലീഷ് സിനിമയ്ക്ക് മലയാളം സബ് ടൈറ്റിലുകള്‍ എഴുതുക.
* മലയാള സിനിമയ്ക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ എഴുതുക.Code. MA3A09(01)
സെമസ്റ്റര്‍ III
കോമണ്‍ കോഴ്‌സ് 9
മലയാളസാഹിത്യം
പഠനസമയം: 90 മണിക്കൂര്‍
ക്രെഡിറ്റ്: 4

ഉദ്ദേശ്യലക്ഷ്യങ്ങള്‍
മലയാളസാഹിത്യത്തെ സാമാന്യമായി പരിചയപ്പെടുത്തുകയും സാഹിത്യത്തില്‍ താല്പര്യം ജനിപ്പിക്കുകയും ചെയ്യുക. വ്യത്യസ്ത സാഹിത്യരൂപങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെ വിദ്യാര്‍ത്ഥിക്ക് പരിചയപ്പെടുത്തുകയും സാഹിത്യാസ്വാദനശേഷി വളര്‍ത്തുകയും ചെയ്യുക. സമകാലീന സാഹിത സിദ്ധാന്തങ്ങളെക്കുറിച്ച് സാമാന്യപരിചയം ഉണ്ടാക്കുക.

മൊഡ്യൂള്‍ 1
മലയാളകവിതയെക്കുറിച്ച് സാമാന്യമായ അറിവ് ലഭിക്കുന്ന പാഠഭാഗങ്ങളാണ് ഈ ഭാഗത്ത് നിര്‍ദേശിക്കുന്നത്. ഇതിഹാസം, മഹാകാവ്യം, ഖണ്ഡകാവ്യം, ഭാവഗീതി എന്നീ സാഹിത്യരൂപങ്ങളെക്കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തിക്കൊണ്ടായിരിക്കണം വിശദപഠനം നടത്തേണ്ടത്.
a) ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, പൂന്താനം, രാമപുരത്ത് വാര്യര്‍, ഉണ്ണായി വാര്യര്‍ തുടങ്ങിയവരുടെ രചനാരീതികളെ സാമാന്യമായി പരിചയപ്പെടുത്തി താഴെ പറയുന്ന കവിതാഭാഗങ്ങള്‍ വിശദമായി പഠിക്കുക.
1.ഗോവര്‍ദ്ധനോദ്ധാരണം (കൃഷ്മഗാഥ) - ചെറുശ്ശേരി
തന്നെയവന്നുള്ളോരെല്ലാരുമിങ്ങനെ.....
............ ആനന്ദഗാനം തുങ്ങിനാനേ..)
2. ഗാന്ധാരീവിലാപം (സ്ത്രീപര്‍വ്വം) എഴുത്തച്ഛന്‍
3. കല്ല്യാണസൗഗന്ധികം - കുഞ്ചന്‍ നമ്പ്യാര്‍
അതുകണ്ടുഹനുമാനുമതുലം......
.................വീണുവണങ്ങി പദാന്തേ.....)

b) ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരുടെ രചനകള്‍ സാഹിത്യചരിത്രത്തിലുണ്ടാക്കിയ ഭാവുകത്വവ്യതിയാനം തിരിച്ചറിയുക. ഇവരുടെ ഒരു ഖണ്ഡകാവ്യമോ കവിതാഭാഗമോ വിശദമായി പഠിക്കുകയും അക്കാലത്തെഴുതിയ മറ്റു കവികളുടെ രചനകളെ പരിചയപ്പെടുകയും ചെയ്യുക.
വിശദപഠനത്തിനു്
ചണ്ഡാലഭിക്ഷുകി (രണ്ടാം ഖണ്ഡം) - കുമാരനാശാന്‍
മലകേറല്‍ (തപ്തഹൃദയം) - ഉള്ളൂര്‍
ഒരു തോണിയാത്ര - വള്ളത്തോള്‍

c) നവോത്ഥാനകാലത്തും അതിനുശേഷവുമുള്ള കവിതാ ചരിത്രം സാമാന്യമായി മനസ്സിലാക്കുക, പുതിയ കവിതകളുടെ സവിശേഷതകള്‍ മനസ്സിലാക്കുക. ആറുകവിതകളുടെ സമാഹാരത്തില്‍ മൂന്നെണ്ണം വിശദമായി പഠിക്കുക.
1. സര്‍പ്പക്കാട് - വൈലോപ്പിള്ളി
2. കറുത്തചെട്ടിച്ചികള്‍ - ഇടശ്ശേരി
3. ബാക്കിവല്ലതുമുണ്ടോ - എന്‍.വി. കൃഷ്ണവാരിയര്‍
4. പാവം മാനവഹൃദയം - സുഗതകുമാരി
5. മാമ്പഴക്കാലം - പി.പി. രാമചന്ദ്രന്‍
6. അലഞ്ഞുതിരിയുന്ന കവിത - റഫീക്ക് അഹമ്മദ്
(വൈലോപ്പിള്ളി, സുഗതകുമാരി, റഫീക്ക് അഹമ്മദ് എന്നിവരുടെ കവിതകളാണ് ഈ സെമസ്റ്ററില്‍ പഠിക്കേണ്ടത്)

മൊഡ്യൂള്‍ 2
മലയാള സാഹിത്യ ചരിത്രം, വികാസം, പരിണാമം എന്നിവ സാമാന്യമായി പരിചയപ്പെടുത്തണം. 6 കഥകളില്‍ നിന്ന് 3 എണ്ണം വിശദമായി പഠിക്കണം. ഒരു നോവലും വിശദമായി പഠിക്കണം.

ചെറുകഥ
1. ടൈഗര്‍ - ബഷീര്‍
2. ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും - സക്കറിയ
3. വളര്‍ത്തുമൃഗങ്ങള്‍ - എം. ടി. വാസുദേവന്‍ നായര്‍
3. മൂന്നാമതൊരാള്‍ -മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി
4. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം - സുഭാഷ് ചന്ദ്രന്‍:
6. മോഹമഞ്ഞ് - കെ. ആര്‍. മീര
(ബഷീര്‍, എം. ടി. വാസുദേവന്‍ നായര്‍, കെ. ആര്‍. മീര എന്നിവരുട കഥകളാണ് ഈ സെമസ്റ്ററില്‍ പഠിക്കേണ്ടത്)

നോവല്‍
വൃദ്ധസദനം - ടി.വി. കൊച്ചുബാവ

മൊഡ്യൂള്‍ 3
a) ഗദ്യാസാഹിത്യത്തെ കുറിച്ച് സാമാന്യ പരിചയം ഉണ്ടാക്കണം. ഉപന്യാസം, വിമര്‍ശനം, സാഹിത്യ സംസ്കാര പഠനങ്ങള്‍ മുതലായ മേഖലകളില്‍ നിന്നുള്ള 6 ലേഖനങ്ങളില്‍ 3 എണ്ണം വിശദമായി പഠിക്കണം.
1. ധര്‍മ്മരാജ (ദൈവനീതിക്ക് ദാക്ഷിണ്യമില്ല) - കെ. ഭാസ്കരന്‍ നായര്‍
2. മരക്കുരിശും വിശുദ്ധ ശിരസ്സും - കെ. പി. അപ്പന്‍
3. അഭിരുചികളെ ദരിദ്രമാക്കുന്ന വ്യവസായസംസ്കാരം - എം. എന്‍. വിജയന്‍
വര്‍ണ്ണങ്ങളുടെ സംഗീതം
4. സാഹിത്യവിദ്യ (സാഹിത്യവിദ്യ) - കുട്ടികൃഷ്ണ മാരാര്‍
5. കാവ്യഹേതുക്കള്‍ - എം.കെ. സാനു
(കാവ്യതത്ത്വ പ്രവേശിക) ഡിസി ബുക്‌സ്
6. ദി. വാക്കര്‍ (വേറിട്ട കാഴ്ചകള്‍) - വി.കെ. ശ്രീരാമന്‍
(കെ. ഭാസ്കരന്‍ നായര്‍, കുട്ടികൃഷ്ണ മാരാര്‍, എം.കെ. സാനു എന്നിവരുട ലേഖനങ്ങളാണ് ഈ സെമസ്റ്ററില്‍ പഠിക്കേണ്ടത്)

b) രംഗകലകള്‍, മതം, കോളനീകരണം, ദേശീയത, ചലച്ചിത്രം, ജനപ്രിയ സംസ്കാരം, മാധ്യമങ്ങള്‍ എന്നിവയെക്കുറിച്ച് സാമാന്യ പരിചയം ഉണ്ടാക്കണം.
വിശദപഠനത്തിന് ഒരേകാങ്കനാടകം അല്ലെങ്കില്‍ ലഘുനാടകം, ഒരു തിരക്കഥ എന്നിവ നിര്‍ദേശിക്കാം.
1. സബര്‍മതി ദൂരെയാണ് (ഏകാങ്ക നാടകം) - ജി. ശങ്കരപ്പിള്ള
2. കാഴ്ച (തിരക്കഥ -ബ്ലസ്സി)

മൊഡ്യൂള്‍ 4
സമകാലീന സാഹിത്യ സിദ്ധാന്തങ്ങളിലെ പ്രധാന സങ്കല്പനങ്ങളെ പരിചയപ്പെടുത്തുക. വിശദമായ പഠനം വേണ്ട.
1. ഘടനാവാദം
2. സൂചകം, സൂചിതം
3. ചിഹ്നശാസ്ത്രം
4. അപനിര്‍മ്മാണം
5. ദേശീയത
6. പ്രത്യയശാസ്ത്രം
7. സ്വത്വം
8. വ്യവഹാരം
9. ആധുനികത
10. മനോവിജ്ഞാനീയം
11. അസ്തിത്വവാദം
12. പ്രതിനിധാനം
13. ബഹുസ്വരത
14. കീഴാള പഠനങ്ങള്‍
15. പരിസ്ഥിതി സൗന്ദര്യശാസ്ത്രം
16. സ്ത്രീവാദം
17. അപകോളനീകരണം
18. സംസ്കാര വ്യവസായം
19. നവചരിത്രവാദം
20. ആഖ്യാനശാസ്ത്രം

സഹായകഗ്രന്ഥങ്ങള്‍
ആധുനികാനന്തരം - പി.പി. രവീന്ദ്രന്‍, കറന്റ് ബുക്‌സ്, തൃശ്ശൂര്‍
ആധുനികാനന്തര സാഹിത്യസമീപനങ്ങള്‍ - എഡി. സി.ജെ.ജോര്‍ജ്ജ്, ബുക്ക് വേം, തൃശ്ശൂര്‍


Code. MA4A10(01)
സെമസ്റ്റര്‍ IV
കോമണ്‍ കോഴ്‌സ് -10
സംസ്കാരവും നാഗരികതയും
പഠനസമയം: 90 മണിക്കൂര്‍
ക്രെഡിറ്റ്: 4

ഉദ്ദേശ്യലക്ഷ്യങ്ങള്‍
കേരളസംസ്കാരത്തിനു് ഊന്നല്‍ നല്‍കിക്കൊണ്ട് ഇന്ത്യന്‍ സംസ്കാരത്തിന്റെയും നാഗരികതയുടെയും പശ്ചാത്തലത്തില്‍ സംസ്കാരത്തെയും നാഗരികതയെയും കുറിച്ചുള്ള പ്രധാന വസ്തുതകളും സമീപനരീതികളും വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുക. സംസ്കാരത്തെയും നാഗരികതയെയും കുറിച്ചുള്ള സങ്കല്പനങ്ങള്‍ മനസ്സിലാക്കുക. ഇന്ത്യന്‍ സംസ്കാരത്തെയും നാഗരികതയെയും കുറിച്ച് മനസ്സിലാക്കുക. വിമര്‍ശനാത്മകമായി സമീപിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക. കേരളത്തിന്റെ സംസ്കാരത്തെകുറിച്ചും നാഗരികയെ കുറിച്ചും സാമാന്യമായ അറിവുണ്ടാക്കുക.

മൊഡ്യൂള്‍ 1
പ്രകൃതിയും സംസ്കാരവും, സംസ്കാരത്തിന്റെ ആവിഷ്ക്കാരങ്ങള്‍, സംസ്കാര പുരോഗതിയുടേയും പരിണാമത്തിന്റെയും ഘട്ടങ്ങള്‍ - വിഭജനം - വിഭജനത്തിന്റെ മാനദണ്ഡങ്ങള്‍, സാംസ്കാരിക രൂപങ്ങളുടെ ആദാന പ്രധാനങ്ങള്‍, ശാസ്ത്രവും സംസ്കാരവും, സംസ്കാരവും നാഗരികതയും, നാഗരികതയും നഗരവല്‍ക്കരണവും, സംസ്കാരവും ആധുനികതയും - സംസ്കാരം ഒരു പ്രക്രിയ എന്ന നിലയ്ക്കും ഉല്പന്നമെന്ന നിലയ്ക്കും, സംസ്കാരത്തെ കുറിച്ചുള്ള വിവധ കാഴ്ചപ്പാടുകള്‍ - വരേണ്യസംസ്കാരവും ജനകീയ സംസ്കാരവും - തൊഴിലാളി വര്‍ഗ്ഗ സംസ്കാരം - സാമാന്യ സംസ്കാരം - സംസ്കാര വ്യവസായം - സംസ്കാരവും ആഗോളീകരണവും - വിവരങ്ങളുടെ പ്രവാഹം, സംസ്കാരത്തിന്റെ വാണിജ്യവല്‍ക്കരണം.

മൊഡ്യൂള്‍ 2
ഇന്ത്യന്‍ സംസ്കാരം - വിവിധ സമീപനങ്ങള്‍ - കൊളോണിയല്‍, സാമ്രാജ്യത്വ, മിഷണറി സമീപനങ്ങള്‍ - ഓറിയന്റലിസ്റ്റുകളുടെയും ദേശീയവാദികളുടെയും സ്വാമി വിവേകാനന്ദന്‍, അരവിന്ദ് ഘോഷ്, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയവരുടെയും ഭാരതീയ സംസ്കാരത്തെക്കുറിച്ചുള്ള നിലപാടുകള്‍, മതനിരപേക്ഷ സമീപനങ്ങള്‍ - ബ്രാഹ്മണമേധാവിത്തത്തിനെതിരായ പ്രക്ഷോഭണങ്ങളും ദളിത് മുന്നേറ്റങ്ങളും.

മോഹന്‍ജദാരോ - ഹാരപ്പന്‍ സംസ്കാരം - ജൈനിസം - ബുദ്ധിസം - ഇവയുടെ സാമൂഹ്യ പ്രസക്തി, മുഗള രാജസംഭാവന - ഭക്തി പ്രസ്ഥാനം, കലയും സാഹിത്യവും - ബ്രിട്ടീഷ് അധിനിവേശവും സംസ്കാരിക സ്വാധീനവും, സാമുദായിക മത പരിഷ്കരണ പ്രസ്ഥാനങ്ങള്‍, ഗാന്ധിജിയുടെ ഗ്രാമസ്വരാജ്, ഇന്ത്യന്‍ മതനിരപേക്ഷതയെ കുറിച്ചുള്ള നെഹ്രുവിന്റെ കാഴ്ചപ്പാടുകള്‍

മൊഡ്യൂള്‍ 3
ദ്രാവിഡസംസ്കാരം - കേരളത്തിലെ പ്രാങ് ചരിത്ര സമൂഹവും സംസ്കാരവും, കേരളത്തിന്റെ ഭൂപ്രകൃതിയുടെയും ആവാസവ്യവസ്ഥയുടെയും സ്വാധീന സംസ്കാരത്തില്‍, ത്രൈവര്‍ണ്ണിക സംസ്കാരം - വിവിധ മതങ്ങളും കേരള സംസ്കാരവും (ഇസ്ലാം - ക്രിസ്ത്യന്‍ - ബുദ്ധ - ജൈന മുതലായവ) മലയാളസാഹിത്യം - രാമചരിതകാരന്‍, കണ്ണശ്ശന്‍, ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങിയവരുടെ സംഭാവനകള്‍ - ഭാഷാ വികാസം - നാടന്‍കലകളും ക്ലാസ്സിക്കല്‍ കലകളും - മലയാള ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ച

മൊഡ്യൂള്‍ 4
സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ - പത്രമാസിക പ്രവര്‍ത്തനങ്ങള്‍ - ദേശീയ പ്രസ്ഥാനം - ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനം മലയാള സാഹിത്യത്തില്‍ - ഐക്യകേരള പ്രസ്ഥാനം, കേരള രൂപീകരണം. കാര്‍ഷിക പരിഷ്കരണം, കേരള വികസന മാതൃക, സാക്ഷരതാ പ്രവര്‍ത്തനം, അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍, ആധുനിക വിദ്യാഭ്യാസം, ആഗോളവല്‍ക്കരണവും കേരളവും - നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ - കേരളവും പ്രവാസികളും.

സഹായകഗ്രന്ഥങ്ങള്‍
സംസ്കാര പഠനം: ചരിത്രം, സിദ്ധാന്തം, പ്രയോഗം-മലയാള പഠന സംഘം, കറന്റ് ബുക്‌സ്, കോട്ടയം
ജനപ്രിയ സംസ്കാരം - ചരിത്രവും സിദ്ധാന്തവും - ഷാജി ജേക്കബ്, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
കേരള ചരിത്രം - രാജന്‍ ഗുരുക്കള്‍, രാഘവവാരിയര്‍, വള്ളത്തോള്‍ വിദ്യാപീഠം, എടപ്പാള്‍
കേരള സംസ്കാരം - എ. ശ്രീധരമേനോന്‍
കേരള ചരിത്രം - എ. ശ്രീധരമേനോന്‍
കേരളത്തിന്റെ ഇന്നലെകള്‍ - കെ.എന്‍. ഗണേഷ്
കേരളീയത - ചരിത്രമാനങ്ങള്‍ - എം. ആര്‍. രാഘവവാരിയര്‍
ഹിന്ദു സ്വരാജ് - മഹാത്മാഗാന്ധി
ഇന്ത്യയെ കണ്ടെത്തല്‍ - ജവഹര്‍ലാല്‍ നെഹ്രു
ഇന്ത്യന്‍ ദേശീയതയുടെ സാമൂഹ്യ പശ്ചാത്തലം - എ. ആര്‍. ദേശായി (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്)
കേരളത്തിന്റെ സാംസ്കാരിക ചരിത്രം - പി.കെ. ഗോപാലകൃഷ്ണന്‍
മധ്യകാല കേരളം - സമ്പത്ത്, സമൂഹം, സംസ്കാരം - എം. ആര്‍. രാഘവവാരിയര്‍ (ചിന്ത പബ്ലിഷേഴ്‌സ്)
സംസ്കാരവും ദേശീയതയും - ഡോ. കെ.എന്‍. പണിക്കര്‍, കറന്റ് ബുക്‌സ്, തൃശ്ശൂര്‍
ദേശീയതയും സാഹിത്യവും - ഇ. വി. രാമകൃഷ്ണന്‍, ഡിസി ബുക്‌സ്, കോട്ടയം
സമന്വയവും സംഘര്‍ഷവും - വി. അരവിന്ദാക്ഷന്‍, ചിന്ത പബ്ലിഷേഴ്‌സ്
Culture - Raymond Williams
Composite Culture in a Multi Cultural Society - Edi: Bipin Chandra & Sucheta Mahajan
The Idea of Culture - Terry Eagleton
Interpreting Early India - Romila Thapar
Culture and Civilisation of India - D. D. Kosambi
Ancient Indian Social History - Romila Thapar

Tuesday, June 9, 2009

മലയാളത്തിനും വേണോ ഒരു ശങ്കരസര്‍വ്വകലാശാല?

തര്‍ജ്ജനി ജൂണ്‍ ലക്കം എഡിറ്റോറിയല്‍

തഞ്ചാവൂരില്‍ തമിഴു് സര്‍വ്വകലാശാലയുണ്ടു്, കുപ്പത്തു് തെലുഗു് സര്‍വ്വകലാശാലയുണ്ടു്, എന്തിനു്, കാലടിയില്‍ സംസ്കൃതത്തിനും സര്‍വ്വകലാശാലയുണ്ടു്. എന്നിട്ടും മലയാളത്തിനു് ഒരു സര്‍വ്വകലാശാല വേണം എന്നു് നമ്മുടെ സാംസ്കാരികനായകന്മാര്‍ക്കു് തോന്നാതിരിക്കാന്‍ കാരണമെന്താണു്? മലയാളത്തിനു് സര്‍വ്വകലാശാല വേണം എന്നു് ഇതു വരെ ആരും പറയാതെയല്ല. പക്ഷേ അതെല്ലാം മലയാളവാരം കൊണ്ടാടുമ്പോള്‍ മലയാളം രണ്ടാം ഭാഷയാണ് ഇപ്പോഴും നമ്മുക്കു് എന്ന പോലെ ഒരു പരിഭവം പറച്ചില്‍ മാത്രമായിരുന്നു. പോയാലൊരു വാക്കു്, കിട്ടിയാല്‍ ഒരാന എന്ന മട്ടില്‍‍. അത്ര കടുത്ത ഭാഷാഭ്രാന്തില്ലാത്തവരായതിനാല്‍ മലയാളികളാരും അതു് കാര്യമാക്കിയിരുന്നില്ല. ഇപ്പോഴും സ്ഥിതി അങ്ങനെ തന്നെ. എന്നാലും മലയാളത്തിനു് ഒരു സര്‍വ്വകലാശാല വേണം എന്ന വാദം ഇപ്പോള്‍ ശക്തമായി ഉയര്‍ന്നു വരുന്നുണ്ടു്. പാഠ്യപദ്ധതിയില്‍ മലയാളം പ്രാന്തവത്കരിക്കപ്പെടുകയോ പടിയിറക്കപ്പെടുകയോ ചെയ്യുന്ന നടപ്പുസാഹചര്യത്തില്‍ അതിനെതിരെ സംസാരിക്കുന്നവരില്‍ ഒരു വിഭാഗമാണു് ഇപ്പോള്‍ ഈ വാദം ഉന്നയിക്കുന്നതു്. കേരളത്തില്‍ ഓരോ ജില്ലയിലും മലയാളവേദി രൂപീകരിച്ചു് പ്രവര്‍ത്തനം നടത്തുന്ന ഒരു സംഘം ഉന്നയിക്കുന്ന വാദം എന്ന നിലയില്‍ മുന്‍കാലത്തെ വെറും പറച്ചിലിന്റെ കൂട്ടത്തില്‍ കളയേണ്ടതല്ല ഇത്. അദ്ധ്യാപകരും സാംസ്കാരികപ്രവര്‍ത്തകരും ഇന്നു് സര്‍വ്വകലാശാലാവാദത്തിന്റെ പക്ഷത്തില്‍ നിലയുറപ്പിച്ചിട്ടുണ്ടു്.

മലയാളഭാഷ പ്രാന്തവത്കരിക്കപ്പെടാനുള്ള കാരണം അതു് നമുക്കു് ജ്ഞാനത്തിന്റെ ഭാഷയല്ലാത്തതിനാലാണു് എന്നും മലയാളഭാഷയെ ജ്ഞാനഭാഷയായി വികസിപ്പിച്ചെടുക്കണമെന്നും അതിനു് മലയാള സര്‍വ്വകലാശാല വേണം എന്നും പുതിയ സര്‍വ്വകലാശാലാവാദത്തെ സംഗ്രഹിക്കാം. ഒരു പക്ഷേ, സര്‍വ്വകലാശാലാവാദത്തിന്റെ സൂക്ഷ്മവിശാദാംശങ്ങള്‍ ഈ സംക്ഷേപണപ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കയില്ല. എന്നിരുന്നാലും വാദത്തിന്റെ യുക്തി മനസ്സിലാക്കാന്‍ ഇത്രയും മതി. സര്‍വ്വകലാശാലയില്‍ കുറഞ്ഞ ഒരു പ്രശ്നപരിഹാരത്തെക്കുറിച്ചു് ആലോചിക്കുന്നില്ല. മാത്രമല്ല, മേല്പറഞ്ഞ ലക്ഷ്യം നേടുവാനായി നിലവിലുള്ള സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കുന്നതിനെക്കുറിച്ചോ, അവയില്‍ പുതിയ ചില വിഭാഗങ്ങള്‍ ആരംഭിച്ചു് പ്രശ്നപരിഹാരം സാദ്ധ്യമാവുമോ എന്നതിനെക്കുറിച്ചോ ഒന്നും ആലോചിക്കാതെ പുതിയ ഒരു സര്‍വ്വകലാശാല തന്നെ വേണം എന്നു് വാദിക്കുമ്പോള്‍, അതു് ഉദ്ദിഷ്ടഫലം നല്കുമോ എന്നു് ആലോചിക്കേണ്ടതല്ലേ?

തിരുവനന്തപുരത്തുള്ള കേരള സര്‍വ്വകലാശാലയാണല്ലോ കേരളത്തിലെ ആദ്യത്തെ സര്‍വ്വകലാശാല. രാജഭരണത്തിന്റെ കാലത്തു് സ്ഥാപിക്കപ്പെട്ട ആ സര്‍വ്വകലാശാലയുടെ ആദ്യനാളുകള്‍ അത്യുന്നതമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. സര്‍വ്വകലാശാലയുടെ പ്രഖ്യാപിതമായ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനം കേരളത്തിലെ ഭാഷയും സാഹിത്യവും പരിപോഷിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടത്തുക എന്നതായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനും കണ്ടത്തില്‍ വറുഗീസുമാപ്പിളയും കൂട്ടരും ഭാഷാപോഷിണിസഭ സ്ഥാപിക്കുമ്പോള്‍ പ്രഖ്യാപിച്ച ലക്ഷ്യവും ഇതു തന്നെയായിരുന്നു. കേരളത്തില്‍, കാലാന്തരത്തില്‍ സ്ഥാപിക്കപ്പെട്ട സമസ്തസര്‍വ്വകലാശാലകളുടേയും പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ഭാഷയും സാഹിത്യവും മുഖ്യസ്ഥാനം നേടിയിട്ടുണ്ടു്. ഭാഷാപോഷണത്തിനായി, സര്‍വ്വകലാശാലയ്ക്കു പുറമെ കേരള സാഹിത്യ അക്കാദമിയും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കപ്പെട്ടിട്ടുണ്ടു്. ഇവയെല്ലാം പ്രഖ്യാപിതലക്ഷ്യം സാധിക്കാന്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചുവെന്നു് കണക്കാക്കുകയാണെങ്കില്‍ ഒരു നൂറ്റാണ്ടിലേറെക്കാലം അദ്ധ്വാനിച്ചിട്ടും മലയാളം പരിപുഷ്ടമായില്ല എന്നു വേണം കരുതാന്‍. അങ്ങനെയെങ്കില്‍, ആരു് ശ്രമിച്ചാലും രക്ഷിച്ചെടുക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ഗുരുതരമായ പ്രശ്നം മലയാളഭാഷയ്ക്കുണ്ടായിരിക്കണം.

ഭാഷയ്ക്കു് സഹജമായുള്ള പ്രശ്നം കൊണ്ടല്ല അതു് പരിപുഷ്ടമാവാതെ പോയതെങ്കില്‍ നമ്മുടെ സര്‍വ്വകലാശാലകളും സാഹിത്യ അക്കാദമിയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്നും ഉത്തരവാദപ്പെട്ടവര്‍ അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും വേണം കരുതുവാന്‍. ആരൊക്കെയായിരുന്നു ഇത്തരം സ്ഥാപനങ്ങളെ മുന്‍കാലത്തു് നയിച്ചിരുന്നതു് എന്നു് പരിശോധിക്കുമ്പോഴാണു് ഇങ്ങനെ പറയാമോ എന്നു് സംശയം തോന്നുന്നതു്. ഇന്നു് നയിക്കുന്നവരുമായി ഒരു താരത്യമ്യം പോലും സാദ്ധ്യമാവാത്ത നിലയില്‍ ഔന്നത്യമുള്ളവര്‍. ആ മഹാരഥന്മാരെ, പാര്‍ട്ടി നോമിനികളോടൊപ്പം ചേര്‍ത്തു പറയുക എന്നതു തന്നെ മഹാപാപമാണു്. മഹാരഥന്മാരായ നായകരോടൊപ്പമുണ്ടായിരുന്നവരുടെ കഴിവില്ലായ്മ കാരണം അവര്‍ വിഭാവനം ചെയ്ത പദ്ധതികള്‍ പരാജയപ്പെട്ടു പോയതാണോ? ഇവിടെയാണു് മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും കാണാന്‍ പോയ നിവേദകസംഘത്തില്‍ ഉണ്ടായിരുന്ന ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ പേരു് ശ്രദ്ധേയമാകുന്നതു്.

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ കേരള സര്‍വ്വകലാശാലയിലെ മലയാളം വകുപ്പിന്റെ നായകനായിരുന്ന കാലത്താണു് അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ ഒന്നാം ലോക മലയാളസമ്മേളനം സംഘടിപ്പിക്കപ്പെട്ടതു്. അക്കാലത്തെ പത്രത്താളുകള്‍ പരിശോധിച്ചു നോക്കുക. അതിരൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണു് അന്നു് അദ്ദേഹം നേരിടേണ്ടി വന്നതു്. ഏറെപ്പേരൊന്നുമുണ്ടായിരുന്നില്ല അനുമോദിക്കാന്‍. ലോകമലയാളം എന്നതു തന്നെ പരിഹാസവിഷയമാണു്. പുതുശ്ശേരി രാമചന്ദ്രന്‍ എതിര്‍ക്കപ്പെടാന്‍ കാരണമെന്തായിരുന്നു. നമ്മുടെ രാഷ്ട്രീയ-സാംസ്കാരികനായകന്മാര്‍ അന്നു് കൈക്കൊണ്ട നിലപാടു് എന്തായിരുന്നു?

മറ്റു വല്ല ഭാഷയും പഠിച്ചു് എവിടെയെങ്കിലും പണിതേടിപ്പോകാനുള്ള മലയാളികളോടു് മലയാളം പഠിക്കാന്‍ പറയുന്നതിലെ യുക്തിരാഹിത്യം ഒരു നെടുങ്കന്‍ യുക്തിയായി എല്ലായ്പോഴും പറയാറുള്ള കേരളീയരുടെ നിലപാടില്‍ ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോള്‍ മലയാളത്തിനു് വേണ്ടി വാദിക്കുന്ന അദ്ധ്യാപകര്‍ അവരുടെ ജോലിസ്ഥിരതയെക്കുറിച്ചുള്ള ആശങ്ക കാരണമാണു് ബഹളമുണ്ടാക്കുന്നതു് എന്നാണു് നമ്മുടെ വിദ്യാഭ്യാസാസൂത്രകര്‍ പോലും കണക്കാക്കുന്നതു്. അതിനാല്‍, അദ്ധ്യാപകരുടെ ആശങ്കയകറ്റാന്‍ ആരുടെയും പണി പോകില്ല എന്ന ഉറപ്പാണു് ആസൂത്രകര്‍ നല്കുന്നതു്. ഭാഷാദ്ധ്യാപകര്‍ക്കു് തൊഴിലുറപ്പുപദ്ധതിയാണോ വേണ്ടതു് എന്ന പ്രസക്തമായ ചോദ്യം തൃശ്ശൂര്‍ പാഠ്യപദ്ധതിശില്പശാലയില്‍ പങ്കെടുത്ത ഒരു അദ്ധ്യാപകന്‍ അന്നു് ചോദിക്കുകയുണ്ടായി. ഒരു ചോദ്യം ഇതാണു്: പുതുശ്ശേരി രാമചന്ദ്രന്‍ അന്നു് അസ്വീകാര്യനും ഇന്നു് സ്വീകാര്യനാവുകയും ചെയ്യുന്നതു് എന്തുകൊണ്ടാണു്? അതിലെ യുക്തി ഭാഷയുമായി ബന്ധപ്പെട്ടതു മാത്രമാണോ?

ഭാഷയായാലും പൗരാവകാശമായാലും വിചിത്രയുക്തികള്‍ നിരത്തുന്ന ബുദ്ധിജീവികള്‍ അധിവസിക്കുന്ന ദേശമാണു് കേരളം. അധികാരത്തിന്റെ ഇടനാഴികളില്‍ എത്തിച്ചേരാനും അതിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും ആവശ്യമായ അളവില്‍ വികൃതമായ രാഷ്ട്രീയബോധവും വിധേയത്വവും കൊണ്ടു നടക്കുകയെന്നതാണു് കേരളീയ ബുദ്ധിജീവികളുടെ രീതി. ഏതെങ്കിലും രാഷ്ട്രീയജീര്‍ണ്ണതയെ സ്വന്തം പക്ഷമായി ഏറ്റെടുത്തു് കൊണ്ടുനടക്കുകയും അതിനു വേണ്ടി അധരസേവനം ചെയ്യുകയുമാണു് തങ്ങളുടെ ദൗത്യം എന്നു് അവര്‍ നിശ്ചയിക്കുന്നു. എതിര്‍പക്ഷത്തെ അവഹേളിക്കുവാന്‍ എന്തും ചെയ്യുക എന്ന നിലയിലുള്ള പുരോഗതി ഈ ബുദ്ധിജീവികള്‍ കൈവരിച്ചിട്ടുണ്ടു്. നിര്‍ല്ലജ്ജമായ ഈ പാദദാസ്യം യോഗ്യതയായി ചുമന്നു നടക്കുന്നവരാണു് സര്‍വ്വകലാശാലകളിലും അക്കാദമികളിലും ഇന്‍സ്റ്റിറ്റിയൂട്ടിലും നായകരായി നിയോഗിക്കപ്പെടുന്നതു്. ബിരുദതലത്തില്‍ പഠിച്ച സയന്‍സിന്റെ ബലത്തില്‍ കൊച്ചിയിലെ ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാലയുടെ തലപ്പത്തു് സാഹിത്യനിരൂപകന്‍ അവരോധിക്കപ്പെട്ടതു് മുതല്‍ സംസ്കൃതസര്‍വ്വകലാശാലയിലെ അസംസ്കൃത വൈസ്ചാന്‍സലര്‍മാര്‍വരെ മാതൃകകളായി നമ്മുടെ മുന്നിലുണ്ടു്. ശാസ്ത്രജ്ഞരും സംസ്കൃതപണ്ഡിതരും പുറത്തു നില്ക്കട്ടെ, നമ്മുടെ ഒരാള്‍ അവിടെ ഇരിക്കട്ടെ എന്നതാണു് ന്യായം. എന്താണു് ഇങ്ങനെ നിയോഗിക്കപ്പെടുന്നവരുടെ ദൗത്യം? അവരെ നിയോഗിച്ച യജമാനന്മാരുടെ താല്പര്യത്തിനു് പാകത്തില്‍ കാര്യങ്ങള്‍ നടത്തുക. അവിടെ ന്യായവും നീതിയും ശരിതെറ്റുകളും ഒന്നുമില്ല. സര്‍വ്വകലാശാലകളെക്കുറിച്ചു് പത്രത്തില്‍ വരുന്ന വാര്‍ത്തകളോരോന്നും ഇതു് ശരിവെക്കുന്നവയാണു്. രാഷ്ട്രീയയജമാനന്മാരുടെ ഉച്ചക്കിറുക്കുകള്‍ക്കു് വിധേയരാവാന്‍ വിസമ്മതിക്കുന്നവരെ ഏതൊക്കെ രീതിയില്‍ പീഡിപ്പിക്കാമോ, അതെല്ലാം ചെയ്യുക,അതിനു കൂട്ടു നില്ക്കുക; ഇങ്ങനെ നിരവധി വാര്‍ത്തകള്‍ നിത്യേനയെന്നോണം നമ്മള്‍ കേള്‍ക്കുന്നു.

കാഞ്ചി കാമകോടിപീഠം പണം നല്കാമെന്നു പറഞ്ഞതിനാലാണു് കാലടിയില്‍ സംസ്കൃതസര്‍വ്വകലാശാല തുടങ്ങിയതു്. സംസ്കൃതഭാഷയോടും അതില്‍ സംഭൃതമായ ഭാരതീയവൈജ്ഞാനികതയുടെ ബൃഹദ്ശേഖരത്തോടുമുള്ള താല്പര്യമൊന്നുമായിരുന്നില്ല സംസ്കൃതസര്‍വ്വകലാശാല സ്ഥാപിക്കപ്പെടുന്നതിന്നു പിന്നില്‍. കാമകോടിപീഠം കാശു കൊടുത്തു, സര്‍വ്വകലാശാല നിവലില്‍ വരികയും ചെയ്തു. അതിന്റെ ആദ്യത്തെ ഗുണഭോക്തൃക്കള്‍ കേരള ഹൈക്കോടതിയിലെ വക്കീല്‍മാരാണു്. കാരണം, അവിടെ നടന്ന നിയമനങ്ങള്‍ എല്ലാം ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണു്. അതിനാല്‍ ഒന്നാംവട്ടം നിയമിക്കപ്പെട്ടവര്‍ ഭൂരിപക്ഷവും പുറത്താക്കപ്പെട്ടു. വീണ്ടും നടന്നു നിയമനം. അതും അഴിമതിയുടെ പുതിയ നിലവാരം തന്നെ സൃഷ്ടിക്കുന്ന വിധത്തില്‍ ചട്ടത്തിനു വിരുദ്ധമായിരുന്നു. ഇതുവരെ അവിടെ നടന്ന അദ്ധ്യാപകനിയമനങ്ങളൊന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാതിരുന്നിട്ടില്ല. ചട്ടവിരുദ്ധതയും അഴിമതിയും ഏതു നിലയിലാണു് സംസ്കൃതത്തെ പോഷിപ്പിക്കുന്നതു്? നിയമനത്തില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണവും കോടതിവ്യവഹാരവും മറ്റു് സര്‍വ്വകലാശാലകളിലും ഉണ്ടാവാറുണ്ടു്. എന്നാല്‍ ഇക്കാര്യത്തില്‍ ലോക റെക്കോഡിനു വേണ്ടിയുള്ള മത്സരത്തിലാണു് എന്നു് തോന്നിപ്പിക്കുന്ന വിധത്തിലാണു് ശങ്കരസര്‍വ്വകലാശാല. അങ്ങനെയിരിക്കെ അവിടെ നിയമിക്കപ്പെട്ട ഒരു വൈസ് ചാന്‍സലര്‍ അദ്ധ്യാപകരുടെയും ജീവനക്കാരുടേയും എതിര്‍പ്പുകാരണം ചക്രശ്വാസം വലിച്ചു. അദ്ദേഹം സംസ്കൃതത്തിന്റെ ആളായതുകൊണ്ടോ അല്ലാത്തതുകൊണ്ടോ ആയിരുന്നില്ല എതിര്‍പ്പു്. വൈസ് ചാന്‍സലര്‍മാരുടെ ചെയ്തികള്‍ക്കെതിരെ സമരം ഉണ്ടാകുന്നതു് പതിവാണു്. എന്നാല്‍ ഇദ്ദേഹത്തിന്റെ ചെയ്തികള്‍ ആരംഭിക്കുന്നതിന്നു മുമ്പുതന്നെ സമരം തുടങ്ങി. വൈസ്ചാന്‍സലര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പേ അദ്ദേഹത്തിനെതിരെ സമരം ചെയ്താലും ന്യായീകരിക്കപ്പെടുന്ന അന്തരീക്ഷമാണു് സര്‍വ്വകലാശാലയില്‍ നിലവിലുള്ളത് എന്നു പറഞ്ഞാല്‍ പോലും അതിശയോക്തിയല്ല. സംസ്കൃതത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട ഈ സര്‍വ്വകലാശാലയുടെ വിശേഷം ആയിരം നാവുള്ള അനന്തനു പോലും പറഞ്ഞു തീര്‍ക്കാനാവില്ല. ഈ വിശേഷങ്ങളൊന്നും സംസ്കൃതവുമായി ഒരു നിലയിലും ബന്ധപ്പെട്ടതല്ല. സര്‍വ്വകലാശാല എന്ന അസംസ്കൃതസ്ഥാപനത്തിന്റെ വിശേഷമാണു് അതെല്ലാം.

ഇങ്ങനെ ഒരു സര്‍വ്വകലാശാല മാതൃകയായിടത്ത് മലയാളത്തിനു് ഒരു സര്‍വ്വകലാശാല ഉണ്ടായാല്‍ അതു് നിലവിലുള്ള സര്‍വ്വകലാശാലകളില്‍ നിന്നു് ഈ അസംസ്കൃതാവസ്ഥയില്‍ വല്ല വ്യത്യാസവും ഉണ്ടാക്കുമോ? ഉണ്ടാകും എന്നു് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ ഈ നാട്ടില്‍ ജീവിക്കുന്നവരായിരിക്കില്ല. ഈ നാട്ടില്‍ ജീവിക്കുന്നവര്‍ ആരെങ്കിലും അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ അവിടെ വൈസ് ചാന്‍സലര്‍, പ്രോവൈസ് ചാന്‍സലര്‍, റജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ തുടങ്ങി ഗുമസ്തവൃത്തി വരെയുള്ള ഏതെങ്കിലും പദവിക്കായി കുപ്പായം തുന്നിവെച്ചവരായിരിക്കും.

Friday, May 22, 2009

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍(2009 മെയ് 17) വി. സി. ശ്രീജന്‍ നല്കിയ അഭിമുഖത്തില്‍നിന്നു്


ചോദ്യം: 
ഭാഷാദ്ധ്യാപകനായിരുന്നല്ലോ ദീര്‍ഘകാലം. പുതിയ പഠനസമ്പ്രദായത്തില്‍ സാഹിത്യപഠനത്തിനു പ്രാധാന്യം കുറയുന്നു എന്ന ആരോപണം ശ്രദ്ധിച്ചിട്ടുണ്ടോ?


വി.സി.ശ്രീജന്‍: കുട്ടികള്‍ മൂല്യങ്ങള്‍ സ്വാംശീകരിക്കുന്നതു് ഭാഷാസാഹിത്യപഠനത്തിലൂടെയാണു്. മുസ്ലിം, കൃസ്ത്യന്‍ സമുദായങ്ങള്‍ കുട്ടികളെ മതമൂല്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടു്. ഹിന്ദു സമുദായത്തില്‍ കുട്ടികളെ മതമൂല്യങ്ങള്‍ പഠിപ്പിക്കുന്നില്ല എന്നാണു് എന്റെ അറിവു്. വഴിപാടു നടത്തിയാല്‍ ദൈവം തന്റെ കാര്യം മാത്രം ശരിയാക്കിത്തരും എന്നതിനപ്പുറം മറ്റൊന്നും കുട്ടി മനസ്സിലാക്കുന്നില്ല. ഇന്നുള്ള സാഹിത്യപഠനം നിര്‍ത്തിയാല്‍ പരോക്ഷമായ മൂല്യപാഠം പോലും ഹിന്ദുമതത്തിലെ കുട്ടികള്‍ക്കു് നഷ്ടമാവും. ആ കുട്ടികള്‍ വലുതായി തട്ടിപ്പും വെട്ടിപ്പും നടത്തിയാല്‍ കുറ്റം പറയാനാവില്ല. ആഗോളവാദത്തിനു പ്രാദേശികസംസ്കൃതികള്‍ നശിച്ചു കിട്ടിയാല്‍ സന്തോഷമായിരിക്കും. അതിനു പറ്റിയ വിദ്യ ഭാഷാസാഹിത്യങ്ങളെ ഉപേക്ഷിക്കുന്നതാണു്. പക്ഷെ യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ക്കൂളുകളില്‍ ഭാഷകളും പ്രാദേശിക ഡയലക്ടുകളും കലയും രാജ്യചരിത്രവും പൗരധര്‍മ്മവും സംഗീതവുമെല്ലാം പഠിപ്പിക്കുന്നു. ഐച്ഛികമായി മതപഠനം പോലുമാകാം. ഇവിടെയാകട്ടെ, ഇംഗ്ലീഷില്‍ ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഏതോ ഒരു പണിക്കരുടെ മാര്‍ക്‌സിയന്‍ നേതൃത്വത്തില്‍ നാം മലയാളത്തെ പടി കടത്തുന്നു. നമ്മള്‍ എന്തു പറഞ്ഞാലും അവര്‍ അതു തീരുനീനിച്ചുറച്ചാണു്. മലയാളശം വിദ്യാലയങ്ങളില്‍നിന്നു പുറത്താവും, സംശയം വേണ്ട. ഒരു നിലവാരവുമില്ലാതെ അധഃപതിച്ചുകൊണ്ടിരിക്കുന്ന കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും മലയാളത്തെ രക്ഷിക്കാനാവില്ല എന്നതു വേറെ കാര്യം. അവയ്ക്കു പുറമെ രൂപം കൊള്ളാനിരിക്കുന്ന ജനകീയക്കൂട്ടായ്മകള്‍ക്കു മാത്രമേ മലയാളത്തെ രക്ഷിക്കാനാവൂ.

Sunday, May 10, 2009

അദ്ധ്യാപകവൃത്തിയുടെ സംരക്ഷണത്തിനും വിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നതിനുമായി ഒരുമിക്കുക

ടീച്ചേഴ്‌സ് യൂണിറ്റി ഫോറം പുറത്തിറക്കിയ ലഘുലേഖ

ഒന്നര ദശാബ്ദമായി കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ലോകബാങ്കില്‍നിന്നും വായ്പ സ്വീകരിച്ചകൊണ്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാനപരിവര്‍ത്തനങ്ങള്‍ അതിന്റെ വിനാശലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയാണിത്. ലോകമെമ്പാടും ജനാധിപത്യാശയങ്ങള്‍ പ്രഭചൊരിഞ്ഞ നാളുകളില്‍ സൃഷ്ടിക്കപ്പെട്ടതും നമ്മുടെ നാട്ടില്‍ ദേശീയപോരാട്ടത്തിലൂടെ വളര്‍ന്നുവികസിച്ചതുമായ നവോത്ഥാനവിദ്യാഭ്യാസപ്രക്രിയ അസ്തമിക്കുകയാണ്. അറിവും സ്വഭാവമഹിമയും ആര്‍ജ്ജിച്ച ഉത്തമനായ മനുഷ്യനെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ആ വിദ്യാഭ്യാസപ്രക്രിയയുടെ ലക്ഷ്യം. മനുഷ്യകേന്ദ്രിതമായ പ്രസ്തുത വിദ്യാഭ്യാസവ്യവസ്ഥയ്ക്കു പകരം വിപണികേന്ദ്രിതമായ `ടെയ്‌ലര്‍ മേഡ്' വിദ്യാഭ്യാസം ആധിപത്യമുറപ്പിച്ചുകഴിഞ്ഞു. വിജ്ഞാനവിരുദ്ധതയാണ് അതിന്റെ മുഖമുദ്ര. വാചാടോപമാണ് അതിന്റെ സവിശേഷത. വിദ്യാവിഹീനതയാണ് അതിന്റെ ലക്ഷ്യം. നിലനിന്നിരുന്നതെല്ലാം വിദ്യാഭ്യാസവിരുദ്ധമായിരുന്നുവെന്ന് അവര്‍ ആക്ഷേപിച്ചു. അദ്ധ്യാപകന്‍, പാഠ്യപദ്ധതി, പാഠപുസ്തകം, പരീക്ഷ, ബോധനം, മൂല്യനിര്‍ണ്ണയം തുടങ്ങിയവയിലെല്ലാം അറുപിന്തിരിപ്പന്‍ സമീപനമാണ് നിലനില്ക്കുന്നതെന്ന് അവര്‍ വാദിച്ചു. സാഹിത്യ- വൈജ്ഞാനിക പ്രബുദ്ധതകൊണ്ട് മലയാളത്തെ ഔന്നിത്യങ്ങളിലെത്തിച്ച, എണ്ണമറ്റ പ്രതിഭകളെ രൂപപ്പെടുത്തിയ, വിഖ്യാതമായ കേരളമുന്നേറ്റത്തെ വാര്‍ത്തെടുത്ത, ദശാബ്ദങ്ങളിലൂടെ വികസിച്ചുവന്ന പാഠ്യപദ്ധതിയെയും പഠന-ബോധന സമ്പ്രദായങ്ങളെയും കഴമ്പുകെട്ടതെന്ന് മുദ്രയടിച്ച് ഒറ്റരാത്രികൊണ്ടവര്‍ കുഴിച്ചുമൂടി.

ചിട്ടയായ ബോധനത്തിന്റെയും വിജ്ഞാനദാനപ്രക്രിയയയുടെയും ശക്തമായ ഉപകരണങ്ങളായിരുന്ന പാഠപുസ്തകങ്ങള്‍ അര്‍ത്ഥശൂന്യമായ വിരസപ്രതിപാദനങ്ങളുടെ വിലക്ഷണരേഖകളായി മാറി. `കുട്ടികളുടേത്' എന്ന പേരില്‍ അരോചകമായ ഒരു ഭാഷയും അവതരിപ്പിച്ചു. സര്‍ഗ്ഗധനതയുടെ സ്പര്‍ശം പോലുമില്ലാത്ത അശിക്ഷിതരുടെ രചനാവൈകൃതങ്ങളെ പാഠപുസ്തകങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. കുട്ടികളുടെ മനസ്സുമായി എന്തുതരം പ്രതിപ്രവര്‍ത്തനമാണ് ഈ പുസ്തകങ്ങള്‍ നടത്തുക?

പരീക്ഷതന്നെ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന സമീപനമാണ് പുതിയ പാഠ്യപദ്ധതിയുടെ മുഖമുദ്ര. അറിവിന്റെ സ്വാംശീകരണമെന്നത് അര്‍ത്ഥപൂര്‍ണ്ണമായ ഓര്‍മ്മശക്തിയും അതിന്റെ പ്രയോഗവുമാണെന്ന വസ്തുത ബോധപൂര്‍വ്വം തള്ളിക്കളഞ്ഞുകൊണ്ട്, ഓര്‍മ്മശക്തി പരീക്ഷിക്കാനേ പാടില്ലെന്ന് ശഠിച്ചുകൊണ്ട്, എഴുന്നള്ളിച്ചിരിക്കുന്ന `പരീക്ഷ' അടിമുടി കഴമ്പുകെട്ട ഒരേര്‍പ്പാടായി മാറിയിരിക്കുന്നു. എന്തെഴുതിയാലും ഉത്തരമാകുന്ന, ഒന്നും എഴുതിയില്ലെങ്കിലും ഉത്തരമാകുന്ന തരത്തിലുള്ള പോസ്റ്റ് മോഡേണ്‍ ചോദ്യങ്ങളാണ് പരീക്ഷയിലുള്ളത്. മൂല്യനിര്‍ണ്ണയമാകട്ടെ പരീക്ഷ ഒരു വ്യര്‍ത്ഥമായ ഏര്‍പ്പാടാണെന്ന് സ്ഥാപിക്കാനുള്ള സമ്പ്രദായമായി മാറ്റപ്പെട്ടുകഴിഞ്ഞു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയിലെ വിജയികളില്‍ അവസാനഗ്രേഡുകള്‍ വാങ്ങിയ 2,30,000 കുട്ടികളില്‍ എത്രപേര്‍ക്ക് എഴുത്തും വായനയും അറിയാം? എത്രപേര്‍ക്ക് ഗണിതത്തിന്റെ അടിസ്ഥാനമുറച്ചിട്ടുണ്ട്? ഡി.ഇ.പി.യുടെ പാഠ്യപദ്ധതി സൃഷ്ടിച്ച ഭീതിജനകമായ നിലവാരത്തകര്‍ച്ച മറച്ചുവെയ്ക്കുന്നതിനായി അവതരിപ്പിച്ചിരിക്കുന്ന മൂല്യനിര്‍ണ്ണയസമ്പ്രദായം ഒരു വലിയ വിഭാഗം കുട്ടികളോടു ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത ചതിയായി മാറിയിരിക്കുന്നു. ഇനിയും ഇതിന് കാഴ്ചക്കാരായിരിക്കാന്‍ നമുക്കു കഴിയുമോ?

അദ്ധ്യാപനത്തിന്റെ നിരുദ്യോഗീകരണം (De- professionalisation of Teaching) 

അദ്ധ്യാപകവൃത്തിയുടെ അസ്തിത്വം - അതിന്റെ സിദ്ധാന്തവും പ്രയോഗവും- ഇത്രമേല്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ഒരു കാലവും ഇതിനുമുമ്പുണ്ടായിട്ടില്ല. വാചികവും അല്ലാത്തതുമായ ബോധനത്തെ നിഷ്കാസനം ചെയ്തുകൊണ്ട് പകരം സ്വയം പഠനമെന്ന സിദ്ധാന്തം അവതരിപ്പിച്ചതുതന്നെ അദ്ധ്യാപകനെ വിദ്യാഭ്യാസപ്രക്രിയയുടെ പടിക്കുപുറത്ത് നിര്‍ത്താനുള്ള കാര്യപരിപാടിയുടെ തുടക്കമായിരുന്നു. അറിവിലേക്കു നയിക്കുന്ന മാര്‍ഗ്ഗദര്‍ശി എന്ന നിലയിലുള്ള അദ്ധ്യാപകന്റെ ആധികാരികമായ പങ്കിനെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ആദ്യം `സഹായി'യെന്നും പിന്നീടു് `സാമൂഹികപ്രവര്‍ത്തക'നെന്നും മുദ്രചാര്‍ത്തി, അദ്ധ്യാപകനില്ലാതെയും നടത്താവുന്ന ഒന്നാണ് വിദ്യാഭ്യാസമെന്നു സ്ഥാപിക്കുകയാണ് പുതിയ പരിഷ്ക്കാരത്തിന്റെ വക്താക്കള്‍. കേവലം `സഹായി'മാത്രമാണു് അദ്ധ്യാപകനെങ്കില്‍ അയാള്‍ക്ക് നിശ്ചിയോഗ്യത വേണമെന്നോ സ്ഥിരമായി നിയമിക്കപ്പെടണമെന്നോ നിര്‍ബ്ബന്ധമില്ലല്ലോ. തൊഴില്‍രംഗത്തെ ഏകപ്രവര്‍ത്തനതത്വമായി ആഗോളവല്ക്കരണം അംഗീകരിച്ചിട്ടുള്ള കരാര്‍വല്ക്കരണം അങ്ങനെ വിദ്യാഭ്യാസരംഗത്തും വ്യാപകമാകുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്ന, അവര്‍ നല്കുന്ന തുച്ഛമായ പ്രതിഫലം കൈപ്പറ്റുന്ന ഒരു കൂലിത്തൊഴിലാളിയായി അദ്ധ്യാപകന്‍ മാറുകയാണ്. `വികേന്ദ്രീകരണ'മെന്നത് ജനക്ഷേമരംഗത്തുനിന്നുള്ള `സ്റ്റേറ്റി'ന്റെ പിന്മാറ്റത്തിനായി ആഗോളവല്ക്കരണം അവതരിപ്പിക്കുന്ന രാഷ്ട്രീയ അജണ്ട മാത്രമാണ്. വിദ്യാഭ്യാസത്തിന്റെ വികേന്ദ്രീകരണം നടപ്പാക്കിയ ചിലി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ പൊതുവിദ്യാഭ്യാസം പൂര്‍ണ്ണമായി തകര്‍ന്നുവെന്നത് നാം കാണാതിരുന്നുകൂടാ. പഞ്ചായത്തിന്റെ ഇടപെടല്‍ പ്രയോഗത്തിലെന്നല്ല, ആശയമെന്ന നിലയില്‍പ്പോലും ഒരു വലിയ ചതിക്കുഴിയായി മാറുന്നത് ഇതിനാലാണ്. കേരളവിദ്യാഭ്യാസച്ചട്ടം പൊളിച്ചെഴുതിയത് വിദ്യാഭ്യാസത്തിന്റെ വികേന്ദ്രീകരണം എന്ന ലക്ഷ്യം നിറവേറ്റാനാണെന്നതാണ് സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസസംവിധാനവും അദ്ധ്യാപകരും നേരിടുന്ന ഏറ്റവും വലിയ വിപത്ത്.

പ്രൗഢഭാഷയുടെ വ്യക്തതയും ഗണിതത്തിന്റെ സൂക്ഷ്മതയും ശാസ്ത്രത്തിന്റെ യുക്തിയും സ്വാംശീകരിച്ച് വളര്‍ന്ന ശിഷ്യസമ്പത്തിന്റെ സ്ഥാനത്ത് എഴുത്തും വായനയും പോലുമറിയാത്ത വി്യദാര്‍ത്ഥികളെ സൃഷ്ടിച്ച്, അവര്‍ക്ക് നിരര്‍ത്ഥകമായ വിജയപതക്കം നല്കി പുറത്തേക്ക് തള്ളുന്ന കാഴ്ച എന്ത് ജോലിസംതൃപ്തിയാണ് നമുക്ക് നല്കുന്നത്? നമ്മുടെ അദ്ധ്വാനം സാമൂഹ്യരംഗത്ത് സൃഷ്ടിപരമായതൊന്നിനും ജന്മം നല്കാതെ വ്യര്‍ത്ഥമായി ഒടുങ്ങുന്നത് നമ്മില്‍ ഏല്പിക്കുന്ന മാനസികാഘാതം എത്രയോ അളവറ്റതാണ്. എങ്കില്‍ ഇനിയും നിശ്ശബ്ദരായിരിക്കാന്‍ നമുക്ക് കഴിയുമോ?

ക്ലാസ് മുറികളില്‍ ദേശസ്നേഹത്തിന്റെ വിത്തുവിതച്ച് സാമൂഹ്യരംഗത്ത് മഹാവൃക്ഷങ്ങളെ വളര്‍ത്തിയ അദ്ധ്യാപകതലമുറ അവസാനിക്കുകയാണ്. കേരളത്തിന്റെ ബലിഷ്ഠമായ മതേതര-സാംസ്ക്കാരിക മനോഘടനയുള്‍പ്പെടെയുള്ള സാമൂഹ്യനന്മകളെ രചനാത്മകമായി കോര്‍ത്തിണക്കിയ അദ്ധ്യാപകസമൂഹം അസ്തമിക്കുകയാണ്. നമ്മുടെ വിഖ്യാതമായ പൊതുവിദ്യാഭ്യാസസംവിധാനം കല്ലിനുമേല്‍ കല്ലുവെച്ച് പടുത്തുയര്‍ത്താന്‍ ത്യാഗപൂര്‍വ്വം പണിയെടുത്ത അദ്ധ്യാപകന്‍ - പൊതിച്ചോര്‍ മോഷണത്തിന്റെ ദുര്‍വ്വിധി രുചിച്ച കാരൂര്‍ക്കഥകളിലെ അദ്ധ്യാപകന്‍ - പൊതുവിദ്യാഭ്യാസത്തോടൊപ്പം അപ്രത്യക്ഷമാവുകയാണ്. പ്രയോജനരഹിതമായ കുറേ പാഠ്യപ്രവര്‍ത്തനങ്ങളുടെ ചുമടുതാങ്ങികളായി, യശസ്സാര്‍ന്ന ഒരു വിദ്യാസൗധത്തിന്റെ തകര്‍ച്ചയുടെ മൂകസാക്ഷികള്‍ മാത്രമായി നമുക്കെത്രകാലം തുടരാനാവും?

അറിവ് നിഷേധിക്കുന്ന ഒരു പാഠ്യപദ്ധതിക്കെതിരെ ഉരിയാടാന്‍ അനുവദിക്കാത്ത തൊഴില്‍സുരക്ഷിതത്വമില്ലായ്മ ഒരുവശത്ത്; തന്നില്‍ വിശ്വാസമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ ഒരു വലിയ തലമുറ തകരുന്നത് കാണേണ്ടിവരുന്നതിന്റെ ധാര്‍മ്മികവേദന മറുവശത്ത്. ഇതിനിടയില്‍പ്പെട്ട് നിസ്സഹായരായി നില്ക്കുകയല്ല അദ്ധ്യാപകര്‍ ചയ്യേണ്ടത്. മാറിമാറി വരുന്ന ഭരണാധികാരികള്‍ വിദ്യാഭ്യാസതാല്പര്യവും ജനതാല്പര്യവും പരിഗണിക്കാതെ ആഗോള ഏജന്‍സികളുടെ ചൊല്പടിക്കുനിന്നുകൊണ്ട് അടിച്ചേല്പിക്കുന്ന വികലവും വിധ്വംസകവുമായ നയനടപടികളെ ജനാധിപത്യപരമായി വിലയിരുത്താനും തിരുത്താനുമുള്ള ധാര്‍മ്മികബാദ്ധ്യത വിദ്യാഭ്യാസരംഗത്ത് മറ്റാരെക്കാളും നമുക്കില്ലേ? അക്കാദമിക് താല്പര്യങ്ങളാല്‍ പ്രചോദിതമായ അത്തരം ചര്‍ച്ചകളും സംവാദങ്ങളുമല്ലേ ഒരു ജനാധിപത്യസമൂഹത്തിന്റെ വിദ്യാഭ്യാസനയങ്ങളും നടപടികളും തിരുത്തുകയും നവീകരിക്കുകയും ചെയ്യേണ്ടത്? കഴിഞ്ഞ ഒരു ദശകത്തിലേറെയായി നമ്മുടെ ക്ലാസ്സ്‌റൂം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത `വാചാടോപങ്ങള്‍' നാമെത്ര സഹിച്ചു? കോഴ്‌സുകളും ക്ലസ്റ്റര്‍ പരിശീലനങ്ങളും മനുഷ്യാദ്ധ്വാനവും പണവും ദുര്‍വ്യയം ചെയ്യുന്ന പൊറാട്ട് നാടകങ്ങളായധഃപതിച്ചിട്ട് വര്‍ഷങ്ങളെത്രയായി?

അറിവും മനോഭാവവും വളര്‍ത്തി ധാരണകള്‍ (concepts) രൂപപ്പെടുത്തുകയും ആ ധാരണകളുടെയടിസ്ഥാനത്തില്‍ ശേഷികള്‍ (competencies) ആര്‍ജ്ജിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നതാണ് ആധുനികവിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രമെന്ന് സംസ്കൃതി മനസ്സിലാക്കിയിട്ട് നൂറ്റാണ്ടുകളായി. എന്നിട്ടും വിജ്ഞാനത്തെയും ധാരണകളെയും പാടേ നിരാകരിക്കുന്ന, വാചികപഠനത്തെയും (verbal learning) വാചികബോധനത്തെയും (verbal teaching) പരിഹസിക്കുന്ന പാഠ്യപദ്ധതിയുടെ അടിസ്ഥാനദര്‍ശനം ചോദ്യം ചെയ്യപ്പെടാത്തതെന്തുകൊണ്ട്? മാറിയ ലോകസാഹചര്യത്തില്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും (content) പ്രദാനവും (delivery) നിര്‍വ്വഹണവും (management) പുനഃക്രമീകരിക്കുകയെന്ന ആഗോള അജണ്ടയുടെ ഭാഗമായി നവലിബറല്‍ ആശയങ്ങള്‍ ഒളിഞ്ഞിരിക്കുന്ന പാഠപുസ്തകങ്ങള്‍, ഭീകരമായ നിലവാരത്തകര്‍ച്ചയുടെ ഈ കാലഘട്ടത്തില്‍പ്പോലും ശരിയായി വിലയിരുത്തപ്പെടാതെ പോകുന്നതെന്തുകൊണ്ട്? ഇവിടെ നാമൊരു ആത്മപരിശോധനയ്ക്ക് വിധേയമായേ പറ്റൂ. സമൂഹം അദ്ധ്യാപകരില്‍നിന്നും പ്രതീക്ഷിക്കുന്ന ജാഗ്രത കാട്ടുവാന്‍ നാം തയ്യാറായേ മതിയാകൂ. വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള ഉറച്ച നിലപാടില്‍നിന്നുകൊണ്ട് പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള തുറന്ന ചര്‍ച്ചയും സ്ഥിരതയാര്‍ന്ന പ്രചാരണവും സംഘടിപ്പിക്കാന്‍ നാം ഒരു വേദിയില്‍ ഒന്നിക്കേണ്ടതുണ്ടു്. നമ്മുടെ അദ്ധ്യാപകസംഘടന ഏതുമാകട്ടെ. നിലനില്ക്കുന്ന സംഘടനകളില്‍ തുടര്‍ന്നുകൊണ്ടുതന്നെ അദ്ധ്യാപകവൃത്തിയുടെ മഹത്വവും അന്തസ്സും വീണ്ടെടുക്കുന്നതിനായുള്ള പ്രചാരണങ്ങളില്‍ നമുക്കൊരുമിക്കാം. വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കവും അക്കാദമികനിലവാരവും പുനഃസ്ഥാപിക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം. അദ്ധ്യാപകര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പെരുപ്പിക്കുകയല്ല ഐക്യത്തിനായുള്ള സ്വാഭാവികഘടകങ്ങള്‍ കണ്ടെത്തിക്കൊണ്ട് നിലകൊള്ളുകയാണ് വേണ്ടതെന്ന് സാഹചര്യം നമ്മോടാവശ്യപ്പെടുന്നു. അത്തരമൊരു പ്രവര്‍ത്തനത്തിനായി കേരളസംസ്ഥാന ജനകീയപ്രതിരോധസമിതിയുടെ മുന്‍കയ്യില്‍ ടീച്ചേഴ്‌സ് യൂണിറ്റി ഫോറം എന്നൊരു വേദിക്ക് രൂപം നല്കുകയാണ്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി പ്രതിരോധസമിതി വിദ്യാഭ്യാസമേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ പാരമ്പര്യമാണ് ഈ വേദിയുടെ ഊര്‍ജ്ജവും ഉറവിടവും. വിദ്യാഭ്യാസവും സംസ്ക്കാരവും നാഗരികതയും നിലനിന്നുകാണാനാഗ്രഹിക്കുന്ന ഏതൊരാളും ഇത്തരമൊരു പ്രവര്‍ത്തനവുമായി സഹകരിക്കണമെന്നും സഹാദ്ധ്യാപകരെ ഇതിലേക്ക് ബന്ധപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ,
ടീച്ചേഴ്‌സ് യൂണിറ്റി ഫോറം സംസ്ഥാനസമിതിക്കുവേണ്ടി,
ടി. മാധവന്‍, പ്രസിഡന്റ്, 04985 261625
കെ. ബിജിരാജ്,  സെക്രട്ടറി, 9387680303 


NB: എല്ലാ ജില്ലകളിലും ഫോറത്തിന്റെ കോര്‍ കമ്മറ്റികള്‍ രൂപീകരിക്കാനും അംഗങ്ങളും വിദ്യാഭ്യാസവിഷയവിദഗ്ദ്ധരുമായി നടത്തുന്ന ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സമഗ്രവിദ്യാഭ്യാസരേഖ - കേരള എജ്യുക്കേഷന്‍ മെമ്മോറിയല്‍ - തയ്യാറാക്കാനും ഉദ്ദേശിക്കുന്നു.

സെപ്റ്റംബര്‍ 5, അദ്ധ്യാപകദിനത്തില്‍ നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ അവതരിപ്പിക്കുന്ന രേഖ കേരളത്തിലെ രണ്ടാം വിദ്യാഭ്യാസനവോത്ഥാനത്തിന്റെയും അദ്ധ്യാപകപ്രസ്ഥാനത്തിന്റെയും ദിശാസൂചകമായ മാര്‍ഗ്ഗരേഖയായി മാറ്റേണ്ടത് മുഴുവന്‍ അദ്ധ്യാപകരുടെയും വിദ്യാഭ്യാസസ്നേഹികളുടെയും ബാദ്ധ്യതയും ഉത്തരവാദിത്തവുമായി ഞങ്ങള്‍ കരുതുന്നു. അതിനായി പ്രസ്തുത വിഷയത്തിലുള്ള കാഴ്ചപ്പാടുകള്‍ താഴെക്കാണുന്ന വിലാസത്തില്‍ എഴുതി അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കെ. രാജന്‍, മുല്ലക്കൊടി പി.ഒ., കണ്ണൂര്‍ 670602. 
ഫോണ്‍: 9995564312
e-mail: rajanmullakdkodi@gmail.comWednesday, May 6, 2009

കെമിസ്ട്രി വിദ്യാര്‍ത്ഥികള്‍ ചിന്താവിഷ്ടയായ സീത പഠിക്കണോ?

കോഴിക്കോട് ജില്ലയിലെ ഹയര്‍സെക്കണ്ടറി മലയാള അദ്ധ്യാപകവേദി ഇറക്കിയ നോട്ടീസു്


ബിരുദതലത്തില്‍ മാതൃഭാഷാപഠനത്തിന്റെ സമയം വെട്ടിച്ചുരുക്കണം. പഠിക്കുന്നെങ്കില്‍ ഒന്ന് മിണ്ടിപ്പറയാനുള്ള ഭാഷയേ വേണ്ടൂ. സാഹിത്യത്തെ അടുപ്പിക്കരുത്. ഹയര്‍സെക്കണ്ടറി തലത്തിലാണെങ്കില്‍ മാതൃഭാഷ സൗകര്യമുണ്ടെങ്കില്‍ പഠിച്ചാല്‍ മതി - സംസ്ഥാനത്തെ വിദ്യാഭ്യാസപരിഷ്ക്കരണത്തിന് നിയോഗിച്ച വിദഗ്ദ്ധര്‍, വിദ്യാഭ്യാസത്തെ കരകയറ്റാന്‍ കണ്ടുപിടിച്ച ഉപായം ഭാഷാപഠനത്തെ പടിയിറക്കുന്ന ഇത്തരം നിര്‍ദ്ദേശങ്ങളാണ്.

ഹയര്‍സെക്കണ്ടറി തലം വരെയുള്ള പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഹയര്‍സെക്കണ്ടറി മലയാളം അദ്ധ്യാപകര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. സാംസ്ക്കാരികനായകരെയും വിദ്യാഭ്യാസവിദഗ്ദ്ധരെയും രംഗത്തിറക്കി പ്രതിരോധം തീര്‍ത്തു. അന്ന് പത്തി മടക്കിയ പാമ്പ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസകൗണ്‍സിലിലൂടെ ബിരുദപഠനത്തെ വിഴുങ്ങാന്‍ എത്തിയിരിക്കുന്നു. ഹയര്‍സെക്കണ്ടറിയിലെ കടി വിട്ടിട്ടുമില്ല. പാഠ്യപദ്ധതി ചട്ടക്കൂട് അപ്പടി 2010-ല്‍ നടപ്പാക്കുമെന്നു് സൂചന.

ഭാഷയെയും സംസ്ക്കാരത്തെയും സേ്‌നഹിക്കുന്നവര്‍, അഥവാ നാടിന്റെ മൂല്യങ്ങളെയും ഈടുവെയ്പുകളെയും മാനിക്കുന്നവര്‍ ഒന്നടങ്കം ഈ നീക്കങ്ങളെ ചെറുക്കാന്‍ രംഗത്തിറങ്ങണം. ഇതിനായി സംസ്ഥാനത്തൊട്ടുക്കും `മലയാളവേദി'കള്‍ രൂപവല്ക്കരിച്ചുവരുകയാണ്. ഈ ചരിത്രദൗത്യത്തില്‍ മലയാളം അദ്ധ്യാപകര്‍ അവരുടെ പങ്ക് നിര്‍വ്വഹിക്കേണ്ടതുണ്ട്.

പ്രൈമറി-സെക്കണ്ടറി-ഹയര്‍സെക്കണ്ടറി തലങ്ങളില്‍ ഭാഷയും സാഹിത്യവും അഭ്യസിച്ച ഒരാള്‍ ചില വിഷയങ്ങള്‍ പ്രത്യേകമായി പഠിക്കുകയാണ് ബിരുദപഠനഘട്ടത്തില്‍. നിലവിലെ ബി.എ. - ബി.എസ് സി. വിദ്യാര്‍ത്ഥികള്‍ ഒന്നാംഭാഷയായി ഇംഗ്ലീഷും രണ്ടാംഭാഷയായി മാതൃഭാഷയോ ഏതെങ്കിലും ഭാഷയോ പഠിക്കണം. ബിരുദപഠനത്തിന്റെ മൂന്നു ഭാഗങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണം ഭാഷകള്‍ക്ക് നീക്കിവെച്ചിരിക്കുന്നു. ഇക്കാലമത്രയും പാഠിച്ചവര്‍ക്കോ അദ്ധ്യാപകര്‍ക്കോ വിദ്യാഭ്യാസവിചക്ഷണര്‍ക്കോ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം തോന്നിയിട്ടില്ല.

എല്ലാവിധ ചെറുത്തുനില്പുകളെയും അതിജീവിച്ച് മുതാലാളിത്തം അതിവേഗത്തില്‍ അതിര്‍ത്തികള്‍ കീഴടക്കി വ്യാപിക്കുകയാണ്. ഒരു വ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിന് ഇനിയും നിലനില്ക്കുകയും വളരുകയും വേണം. സാമൂഹികവ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തം വ്യാപിക്കുമ്പോള്‍ അത് എന്തിനെയും വിപണിക്ക് പാകത്തില്‍ ചരക്കുകളാക്കി മാറ്റുകയും അത്തരമൊരവസ്ഥയെ ഉള്‍ക്കൊള്ളാനുള്ള നൈതികതയും മൂല്യബോധവും സൃഷ്ടിച്ചെടുക്കുകയും ചെയ്യും. ഒരു സമൂഹത്തെ വ്യവസ്ഥകള്‍ക്കനുകൂലമാക്കിയെടുക്കുന്നത് വിദ്യാഭ്യാസമാണ് എന്നതുകൊണ്ട് മുതലാളിത്തത്തിന് വിദ്യാഭ്യാസത്തില്‍ ഇടപെടാതെ വയ്യ.

വിപണിനിയന്ത്രിത സാമൂഹികവ്യവസ്ഥയില്‍ ചരക്കുകള്‍ക്കു മാത്രമേ മൂല്യമുള്ളൂ. ഭാഷ രണ്ടുതരത്തില്‍ വിപണിവ്യവസ്ഥയ്ക്ക് അസൗകര്യമാണ്. ഒന്ന്, അതിന് പ്രത്യക്ഷവും പ്രകടവുമായ വിപണിമൂല്യമില്ല. രണ്ട്, വിപണിയുടെ കച്ചവടയുക്തിക്ക് എതിരായി സമൂഹത്തെ തിരിച്ചുവിടാനുള്ള ആന്തരികമായ കരുത്ത് അതിനുണ്ട്. സൂക്ഷ്മമായ വിശകലനത്തില്‍ ലോകമാസകലം പുതുതായി മുതലാളിത്തത്തെ പുണരുന്ന സമൂഹത്തില്‍ വിദ്യാഭ്യാസം അഴിച്ചുപണിയുന്നതിനും ഭാഷ, ചരിത്രം, സംസ്ക്കാരം എന്നിവയെ പാഠ്യപദ്ധതിയില്‍നിന്ന് ചോര്‍ത്തിക്കളയുന്നതിനുമുള്ള പ്രത്യയശാസ്ത്രഭൂമിക ഇതാണ്. വിപണിവ്യവസ്ഥയില്‍ ചോര്‍ന്നുപോകുന്നതിനെ സംരക്ഷിക്കുന്നതിനാണ് ഭാഷയും സാഹിത്യവും അഭ്യസിക്കുന്നത്.

തലമുറകളിലൂടെ അതിജീവനത്തിന് സമൂഹത്തെ സഹായിച്ചത് സംസ്ക്കാരമാണ്. ആയിരത്താണ്ടുകളിലൂടെ വിനിമയം ചെയ്ത എണ്ണമറ്റ അറിവുകള്‍, ജീവിതദര്‍ശനങ്ങള്‍, സവിശേഷമായ ജനാധിപത്യത്തെ നിലനിര്‍ത്താനുള്ള നൈതികത, സാമൂഹികബോധം, എല്ലാത്തിനെയും കണ്ണി ചേര്‍ക്കുന്ന മൂല്യങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ് സംസ്ക്കാരം. സംസ്ക്കാരവും ഭാഷയും മുറിച്ചുമാറ്റാന്‍പറ്റാത്ത രീതിയില്‍ ഇഴ ചേര്‍ന്നുകിടക്കുന്നു. സൂക്ഷ്മവും സങ്കീര്‍ണ്ണവും മിക്കപ്പോഴും നിര്‍വ്വചനങ്ങള്‍ക്കതീതവുമാണ് ഈ പ്രതിഭാസം. എന്നാല്‍ വിപണിയുടെ കച്ചവടയുക്തിക്ക് സംസ്ക്കാരത്തിന്റെ സങ്കീര്‍ണ്ണതകളെ ക്ഷമാപൂര്‍വ്വം ഉള്‍ക്കൊള്ളാനുള്ള സമയമില്ല. അത് അതിന്റെ പ്രത്യക്ഷയുക്തിക്ക് ചേരുന്നതെടുക്കും. അല്ലാത്തവയെ നിഷ്ക്കരുണം തള്ളിക്കളയും. വിപണനമൂല്യമനുസരിച്ച് കാട് കുറെ ഭൂമിയും മരങ്ങളുമാണ്; പുഴ മണലും വെള്ളവും മാത്രമാണ്; തൊഴിലാളി കായികശേഷിയുടെ വില്പനക്കക്കരന്‍ മാത്രമാണ്; ഓണം വാങ്ങലിന്റെ ഉത്സവമാണ്.

മലയാളിസമൂഹം ഇന്ന് കടന്നുപോകുന്നത് ഒരു അന്തരാളവ്യവസ്ഥയിലൂടെയാണ്. ഫ്യൂഡലിസത്തിന്റെ ഉല്പാദനബന്ധങ്ങളില്‍നിന്ന് വിടുതലായി, എന്നാല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയോ കൃത്യമായ ജനാധിപത്യവ്യവസ്ഥയോ രൂപപ്പെടുത്താന്‍ നമുക്കായിട്ടുമില്ല. പതുങ്ങി നിലക്കുന്ന ഫ്യൂഡല്‍ മൂല്യങ്ങളും വ്യവസ്ഥയുടെ ബലഹീനത അവസാരമാക്കുന്ന ദല്ലാളന്മാരുമാണ് ഇന്ന് വ്യവസ്ഥയെ നിയന്ത്രിക്കുന്നത്. അനുദിനം നമ്മെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന വിപണിമൂല്യം യഥാര്‍ത്ഥത്തില്‍ തകര്‍ക്കുന്നത് ഇനിയും നേടിയെടുത്തിട്ടില്ലാത്ത മനോഹരമായൊരു സ്വപ്‌നത്തെയാണ്. അതുകൊണ്ടാണ് എന്തിനാണ് കെമിസ്ട്രി പഠിക്കുന്നവന്‍ ചിന്താവിഷ്ടയായ സീത വായിക്കുന്നത് എന്ന് ചോദിക്കുമ്പോള്‍ നാം പകച്ചുപോകുന്നത്.

മലയാളി ഉള്ളില്‍ താലോലിക്കുന്ന ഒരു മാവേലിമന്റം ഉണ്ട്. അതെന്താണെന്ന് ഈ ലോകത്തില്‍ മലയാളിക്ക് മാത്രമേ മനസ്സിലാവൂ. ഈ മാവേലിമന്റത്തിന്റെ അലകും പിടിയും തീര്‍ക്കുന്നത് മലയാളിയുടെ വൈകാരികതയാണ്. പുട്ടുപൊടിയുടെ വിപണിയെ ഒരുപക്ഷെ ഈ വൈകാരികത സഹായിച്ചേക്കും. പുട്ടിനു പകരം ഓട്ട്‌സോ മറ്റുവിഭവങ്ങളോ വിപണിയുയെ പുതുപാഠമാകുമ്പോള്‍ വിപണിയെ സംബന്ധിച്ച് ഈ വൈകാരികത ഒരസംബന്ധമാവും. മാവേലിമന്റത്തിലേക്കുള്ള അന്വേഷണവും വളര്‍ച്ചയും സംവാദവും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാമാണ് മലയാളത്തിന്റെ കവിതകളും കഥകളും തമാശകള്‍ പോലും. കേവലയുക്തിക്കപ്പുറത്ത് നില്ക്കുന്ന ഈ മൂല്യമില്ലാച്ചരക്കുകളാണ് മലയാളിയുടെ ജനാധിപത്യബോധത്തെ നിര്‍ണ്ണയിക്കുന്നത്. ഈ ജനാധിപത്യബോധമാണ് ഓരോ മലയാളിയും പരസ്പരം ചേട്ടനോ ചേച്ചിയോ അനിയനോ അനിയത്തിയോ ഒക്കെയായി തിരിച്ചറിയപ്പെടുന്നതിന്റെ നിദാനം. അങ്ങനെയാണ് അപരന്റെ ദുഃഖത്തിന് എന്റേതിനെക്കാളും കരുതലും കരുണയും ലഭിക്കുന്നത്. ഇത്തരം നൈതികത പ്രത്യേക പ്രായത്തിലോ അളവിലോ വ്യക്തിയിലേക്ക് സ്വാംശീകരിക്കുന്നതല്ല. സാമൂഹീകരണത്തിന്റെ തുടക്കംതൊട്ട് മരണംവരെ ഒരു പക്ഷെ അതിനപ്പുറവും നടക്കുന്ന നിരന്തരപ്രക്രിയയാണത്.

ഒന്നാലോചിച്ചാല്‍ ഇന്നത്തെ ആഗോളീകരണസന്ദര്‍ഭത്തില്‍ ഇത് മലയാളത്തിനു മാത്രമുള്ള ഒറ്റപ്പെട്ട ദുര്യോഗമല്ല. ഭാഷകളുടെ മരണം എന്ന സങ്കല്പംതന്നെ ചര്‍ച്ച ചെയ്യുന്നത് ഈ ഘട്ടത്തിലാണ്. ആഗോളസാഹചര്യത്തില്‍ അധികാരപരവും തൊഴില്‍ല്‍പരവുമായ പരിഗണനകള്‍ മുന്‍നിര്‍ത്തി സര്‍വ്വമണ്ഡലങ്ങളും ആസൂത്രണം ചെയ്യുമ്പോള്‍ പലപ്പോഴും പരിക്കേല്ക്കുന്നത് മാതൃഭാഷയ്ക്കാണ്. തൊഴില്‍പരവും സാമ്പത്തികവുമായ പരിഗണനകള്‍ക്കപ്പുറത്ത് ഭാഷയെയും സാഹിത്യത്തെയും സംസ്ക്കാരത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന ജനതയ്ക്കുമാത്രമേ അവരുടെ മാതൃഭാഷ കൈമോശം വരാതെ സൂക്ഷിക്കക്കന്‍ കഴിയൂ.

ആധുനിക സമൂഹമെന്നത് ഭാഷാസമൂഹങ്ങളാണ്. അംഗത്വം പ്രധാനമായും ഒരാള്‍ക്ക് ലഭിക്കുന്നത് ഭാഷാപരമായ അംഗത്വത്തിലൂടെയാണ്. ജാതിമതഗോത്രപരമായ അതിര്‍ത്തികളെ മറികടന്നുകൊണ്ടാണ് ആധുനികമായ ഓരോ ഭാഷാസമൂഹവും രൂപപ്പെട്ടത്. ഭാഷാപരമായ ഈ ഐക്യം തകര്‍ന്നാല്‍ സ്വാഭാവികമായും ജാതിമതഗോത്രപരമായ ഭൂതങ്ങള്‍ തിരിച്ചുവരാനാണ് സാദ്ധ്യത. ആ നിലയില്‍ ആധുനികസമൂഹത്തിന്റെ കാവലാളാണ് ഭാഷ. ഐക്യകേരളത്തിന്റെ നിലനില്പ് മലയാളഭാഷയുടെ നിലനില്പുമായി ബന്ധപ്പെട്ടാണ്.

സംസ്കൃതകേന്ദ്രിതമായ ഭാഷാബോധത്തില്‍നിന്ന് അടിസ്ഥാനജനവിഭാഗം സംസാരിക്കുന്ന മലയാളത്തിലേക്കുള്ള പരിവര്‍ത്തനത്തെയാണല്ലോ മേല്പത്തൂരിന്റെ കൃതിക്കു പകരം പൂന്താനത്തിന്റെ ഭാഷാകൃതിയെ സ്വീകരിക്കുന്ന ഐതിഹ്യം സൂചിപ്പിക്കുന്നത്. അതുകഴിഞ്ഞ് ഇംഗ്ലീഷ് മേധാവിത്തത്തോടും കലഹിച്ചാണ് മലയാളം അതിന്റെ സ്വത്വബോധം സ്ഥാപിച്ചെടുത്തത്. ഭാഷയും അധികാരവുമായുള്ള ബന്ധത്തെക്കൂടി ഇത് വ്യക്തമാക്കുന്നുണ്ട്. ഭാഷാപരിണാമം ഒരധികാരപരിണാമത്തെക്കൂടി സൂചിപ്പിക്കുന്നുണ്ട്. മലയാളം കൈമോശം വരികരയൈക്കല്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സാമൂഹ്യാംഗീകാരം ഇല്ലാതാകുകയെന്നാണര്‍ത്ഥം. അതുകൊണ്ടുതന്നെ മാതൃഭാഷയ്ക്കുനേരെ സാമൂഹ്യതലത്തിലും ഭരണകൂടതലത്തിലും ഉണ്ടാകുന്ന അവഗണനകളെ നിസ്സാരമായിത്തള്ളാന്‍ സാദ്ധ്യമല്ല. മാതൃഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാനും ജീവിക്കാനുമുള്ള അവകാശം ഇന്ന് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളിലൊന്നായി കണക്കാക്കുന്നുണ്ട്.

അതിനാല്‍ ഭാഷാപഠനത്തെ പരിമിതപ്പെടുത്തുന്ന പരിഷ്ക്കരണങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും സംരക്ഷണത്തിന് മലയാളവേദി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ആളുകളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.


ഹയര്‍സെക്കണ്ടറി മലയാള അദ്ധ്യാപകവേദി, കോഴിക്കോട് ജില്ല.

Monday, May 4, 2009

സി.ജെ.ജോര്‍ജ്ജിന്റെ ലേഖനം ചിന്ത.കോമില്‍

ചിന്ത.കോമിലെ തര്‍ജ്ജനി മാസികയില്‍ സി.ജെ.ജോര്‍ജ്ജിന്റെ ലേഖനം: ഭാഷാപഠനവും മലയാളമനസ്സും

ലേഖനത്തില്‍ നിന്നു്:
ഗവണ്‍മെന്റ്‌ ഉത്തരവുകള്‍ അനുസരിക്കപ്പെടും എന്നു് വിചാരിക്കാം. എന്നാ‍ല്‍ ഉന്നതവിദ്യാഭ്യാസരംഗത്തു് പഠനമാദ്ധ്യമമായി മലയാളത്തെ പ്രതിഷ്ഠിക്കാവുന്ന നില ഭാഷ കൈവരിച്ചിട്ടി‍ല്ലെന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കാനാവുമോ. മലയാളം മാത്രം പഠിപ്പിക്കുന്ന സര്‍വ്വകലാശാല സ്ഥാപിച്ചാല്‍ അതിനെ രണ്ടാംകിട സര്‍വ്വകലാശാലയായി മുദ്രകുത്തുതിലേക്കാവില്ലേ എത്തിപ്പെടുക എന്ന സംശയവുമുണ്ടു്‌. എല്ലാ വിഷയങ്ങളും മലയാളത്തില്‍ പഠിപ്പിക്കാവുന്ന മട്ടി‍ല്‍ നമ്മുടെ മലയാളം വികസിച്ചു കഴിഞ്ഞുവോ എന്നും ആലോചിക്കേണ്ടതുണ്ടു്‌. അത്തരം വികാസം ഉണ്ടാക്കാനുള്ള വേദി എന്ന നിലയിലാണു് സര്‍വ്വകലാശാല ഉണ്ടാകുന്നതെങ്കില്‍ പ്രയോജനപ്രദമായേക്കും. എന്നാ‍ല്‍ അതു് നമ്മുടെ ഭാഷാപരിസരത്തുള്ള ഇംഗ്ലീഷിനെ അഭിമുഖീകരിച്ചുകൊണ്ടേ സാദ്ധ്യമാവുകയുള്ളൂ എന്നാ‍ണു് തോന്നന്നു‍തു്‌. വാസ്തവത്തില്‍, ഇംഗ്ലീഷ്‌ നമ്മുടെ സന്നിഹിതസാഹചര്യമാണു്‌. അതിനെ സംവാദാത്മകമായി അഭിമുഖീകരിക്കുന്നതിനു പകരം അപരമായും എതിര്‍ധ്രുവമായും കണ്ടുകൊണ്ടുള്ള പരിഷ്കാരയത്നങ്ങളാണു് നമ്മുടെ ഭാഷയുടെ ചില പ്രധാനപ്പെട്ട മേഖലകളിലുള്ള അവികസിതാവസ്ഥയ്ക്കും ഒഴിയാബാധയായ അപകര്‍ഷബോധത്തിനും അടിസ്ഥാനമായിരിക്കുന്ന ഒരു സംഗതി.
മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാല്‍ അതു് നാളിതുവരെ കൈവരിച്ചിട്ടു‍ള്ള വികാസത്തില്‍ സംവാദത്തിന്റെയും സമന്വയത്തിന്റേതുമായ പ്രവര്‍ത്തനക്രമമുണ്ടു് എന്നു് കാണാം. ആ ക്രമത്തിലുള്ള സര്‍ഗ്ഗാത്മകമായ നീക്കം സ്വാതന്ത്ര്യാനന്തരകാലത്തു് സ്ഥാപനങ്ങളിലൂടെ തടയപ്പെട്ടതിനാലാണു് വിജ്ഞാനവിനിമയത്തിനുള്ള ഭാഷ എന്ന നിലയിലേക്കുള്ള വികാസം തടസ്സപ്പെട്ടതു് എന്നു്‍ കാണേണ്ടിവരും. കൊളോണിയല്‍ കാലത്തു് ഉല്പാദിപ്പിക്കപ്പെട്ട ധാരണകളേക്കാള്‍ സ്വാതന്ത്ര്യാനന്തരകാലത്തെ അനുഭവയാഥാര്‍ത്ഥ്യങ്ങളാണു് മലയാളത്തെ അപകര്‍ഷപ്പെടുത്തിയതു്‌. മലയാളത്തിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വിദ്യാഭ്യാസത്തിന്റെയും ഭാഷാസൂത്രണത്തിന്റെയും ഭരണത്തിന്റെയും മേഖലകളില്‍ നടന്ന നീക്കങ്ങള്‍ അക്കാലത്തോളം നടന്നുവന്ന ഭാഷാസമന്വയപ്രക്രിയയെ തടസ്സപ്പെടുത്തുകയായിരുന്നു‍ ചെയ്തതു്‌. മലയാളം അപര്യാപ്തമായ ഭാഷയാണെന്ന ബോധം ജനങ്ങളില്‍ ഉറയ്ക്കുവാന്‍ ഇടയാക്കിയതു് ഇതാണു്. അതിനെ മറികടക്കുകയും മലയാളിക്കു് ശരണം പ്രാപിക്കാവുന്ന തരത്തില്‍ സമ്പന്നതയുള്ള ഭാഷയായി പരിണമിക്കുകയും ചെയ്താല്‍ മാത്രമേ മലയാളത്തെ ആധുനികമായ ഒരു ഭാഷയായി കാണാനും ഉല്‍ക്കര്‍ഷത്തിന്റെ ഭാഷയായിക്കണ്ടു് സ്വീകരിക്കാനും മലയാളി തയ്യാറാവുകയുള്ളൂ.

ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്‍ ചെയ്യുക

Sunday, May 3, 2009

ചിന്ത.കോമില്‍ പി. സോമനാഥന്റെ ലേഖനം: ഇതിലും ഭേദം ആഗോളവത്കരണം തന്നെ

ലേഖനത്തില്‍ നിന്നു്

ഷേക്‌സ്പിയറെ പഠിച്ചിട്ടെന്താണു കാര്യം? തുഞ്ചത്തെഴുത്തച്ഛനെ പഠിച്ചാല്‍ ജോലി കിട്ടുമോ? ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും ആല്‍ഫ്രഡ് മാര്‍ഷലിനെയും ഗ്രാംഷിയെയും പഠിച്ചിട്ടെന്തു കാര്യം എന്ന ചോദ്യം രാജ്യദ്രോഹമാണു്. ചുരണ്ടിയാല്‍ സമ്മാനം കിട്ടുന്നതിനു മാത്രമേ പ്രയോജനമുള്ളൂ എന്നാണു് വാദം. ഉടനടി പ്രയോജനമുള്ളതു മാത്രമാണു് വേണ്ടതെങ്കില്‍ സാഹിത്യ അക്കാദമിയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും എന്തിനാണു്? ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ഉള്ളപ്പോള്‍ വിവിധ സര്‍വ്വകലാശാലകളിലെ അക്കാദമിക്‍ കൗണ്‍സിലുകളും ബോര്‍ഡ് ഒഫ് സ്റ്റഡീസും പിരിച്ചു വിടേണ്ടതല്ലേ? മലയാളം പറയുന്നതിനു് ടാക്സ് നല്കണമെന്നു് കൗണ്‍സില്‍ പറഞ്ഞാല്‍ അതും നടപ്പിലാക്കാന്‍ മടിക്കാത്തവരെക്കൊണ്ടു് കേരളത്തിനു് പൊറുതിമുട്ടിയിരിക്കുന്നു.

കേരളത്തിലെ അദ്ധ്യാപകസംഘടനകളല്ലാതെ ലോകത്തിലെ ഏതെങ്കിലും ട്രേഡ് യൂനിയന്‍ തങ്ങളുടെ ഉപജീവനമായ തൊഴില്‍മേഖലയെ ഇങ്ങനെ ഒറ്റിക്കൊടുക്കുമെന്നു് കരുതാനാവില്ല. പക്ഷെ ഒരു സമൂഹത്തിന്റെ പരമ്പരാഗതസ്വത്തും സ്വത്വവുമായ ഭാഷയെയും സാഹിത്യത്തെയും ഇങ്ങനെ താറുമാറാക്കാനുള്ള അധികാരവും അവകാശവും അദ്ധ്യാപകസംഘടനകളുടെ പേരില്‍ ഏതാനും തല്പരകക്ഷികള്‍ക്കു് വിട്ടുകൊടുക്കുന്നതു് കേരളജനതയോടുചെയ്യുന്ന വഞ്ചനയാണു്. എഴുത്തുവിദ്യയും സാഹിത്യപാരമ്പര്യവുമുള്ള ഒരു ഭാഷ പണ്ടു് ഈ ഭൂപ്രദേശത്ത് ഉണ്ടായിരുന്നു എന്നു വരും തലമുറ കണ്ടെത്തിയേക്കും. സര്‍വ്വനാശത്തിലേക്കു് അതിനെ പരിഷ്ക്കരിച്ചു പരിഷ്ക്കരിച്ചെടുത്തതിന്റെ ഉത്തരവാദിത്തം ആഗോളവല്ക്കരണത്തിനാണു് എന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്നതു് നീതി കേടാണു്. ഈ നെറികേടിനെക്കാള്‍ എന്തുകൊണ്ടും നല്ലതു് ആഗോളവല്ക്കരണമാണു്, അതിന്റെ മുഴുവന്‍ വിപത്തുകളോടെയാണെങ്കില്‍പ്പോലും.ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്കു് ചെയ്യുക

Wednesday, April 29, 2009

ഭാഷയെ തമസ്ക്കരിക്കുന്നതാരു്


പേരാമ്പ്ര ഭാഷാവേദി പുറത്തിറക്കിയ ലഘുലേഖ

കേരളത്തില്‍ വിദ്യാഭ്യാസപരിഷ്ക്കാരത്തിന്റെ ഒരു വ്യാഴവട്ടം കടന്നുപോയിരിക്കുന്നു. മുമ്പെല്ലാം സിലബസ് പരിഷ്ക്കരണത്തില്‍ ഒതുങ്ങിനില്ക്കുന്ന നവീകരണങ്ങളാണു് നടന്നിരുന്നതു്. അതാതു വിഷയത്തില്‍ പ്രഗത്ഭ്യമുള്ളവരാണു് പരിഷ്കാരങ്ങള്‍ ഏറ്റെടുത്തു നടത്തിയിരുന്നതു്. ഇപ്പോഴാകട്ടെ, നടപ്പിലാകുന്ന പരിഷ്ക്കാരത്തിന്റെ എല്ലാ ഘട്ടങ്ങളിലും പങ്കാളിയാകാനും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ നല്കാനും ഓരോ അദ്ധ്യാപകനും അവസരം ലഭിക്കുന്നുണ്ടു്. തത്ത്വത്തില്‍, ഓരോ വിഷയവും അതു പഠിപ്പിക്കുകയും പഠനാനുഭവങ്ങള്‍ സമ്പാദിക്കുകയും ചെയ്തിട്ടുള്ള അദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്യപ്പെടുന്നു. പ്രത്യക്ഷത്തില്‍ പുതിയ കാലത്തെ പരിഷ്കാരങ്ങള്‍ ഏറെ ജനാധിപത്യപരമാണു്. ഇതു സമ്മതിച്ചാല്‍, ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ള പദ്ധതിയുടെ മുഴുവന്‍ മെച്ചങ്ങള്‍ക്കും അതേപോലെ അതിന്റെ മുഴുവന്‍ ദോഷങ്ങള്‍ക്കും ഉത്തരവാദിത്തം കേരളത്തിലെ ഓരോ അദ്ധ്യാപകനുമുണ്ട് എന്നു പറയേണ്ടിവരും. ആ ഉത്തരവാദിത്തബോധത്തോടെ നമ്മുടെ വിദ്യാഭ്യാസരംഗത്തു നടന്നുവരുന്ന പരിഷ്കാരങ്ങളെ വിലയിരുത്തുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് തോന്നുന്നത്.

പുറത്തു കാണുന്നതുപോലെ ജനാധിപത്യപരമായ പരിഷ്കാരങ്ങളാണോ നടന്നുവരുന്നത്? ആരോ നിശ്ചയിച്ച പദ്ധതികള്‍ അദ്ധ്യാപരുടെയും പൊതുസമൂഹത്തിന്റെയും സമ്മതിയുള്ളതെന്നു വരുത്തിത്തീര്‍ത്തു നടപ്പാക്കുകയല്ലേ ചെയ്യുന്നത്? കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് അധികാരവും സാമര്‍ത്ഥ്യവുമുള്ള ചില വന്‍സ്രാവുകള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിച്ചുകൊണ്ട് തന്ത്രപൂര്‍വ്വം കളിക്കുകയല്ലേ ചെയ്യുന്നത്? കളി നമ്മുടേത്, ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്കും - സുരക്ഷിതമായ കളി. ഇനിയുമുണ്ട് ചോദിക്കേണ്ട കാര്യങ്ങള്‍. സമൂലമായ ഒരു പരിഷ്ക്കരണം നടത്തുന്നതിനു് മുന്നോടിയായി നിലവിലുണ്ടായിരുന്ന പദ്ധതിയെക്കുറിച്ച് ഏതെങ്കിലും പഠനങ്ങള്‍ നടത്തിയിരുന്നുവോ? അങ്ങനെ നടന്നതായി അറിവില്ല. സമ്പൂര്‍ണ്ണമായും ഗുണങ്ങള്‍ മാത്രമുള്ള പദ്ധതിയാണിതെന്നു് പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍തന്നെ വീണ്ടും ഓരോ വര്‍ഷവും പുതിയപുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്തുകൊണ്ടാണ്? അതിവേഗം കാലഹരണപ്പെടുന്ന പരിഷ്കാരങ്ങളാണോ നടപ്പിലാക്കുന്നത്? വേണ്ടത്ര ആലോചനയും ഒരുക്കവും നടത്താതെ ചാടിപ്പുറപ്പെടുകയും പാളുമ്പോള്‍ പെട്ടെന്ന് പുതിയതെന്തെങ്കിലും അവതരിപ്പിച്ചു തടിതപ്പുകയുമാണോ ചെയ്യുന്നത്? പുതിയപുതിയ മാറ്റങ്ങള്‍ മുന്നോട്ടുവെയ്ക്കുമ്പോള്‍ നിലവിലിരുന്ന പദ്ധതിയുടെ ഏതു ദോഷങ്ങള്‍ പരിഹരിക്കാനാണു് അത്തരം മാറ്റങ്ങള്‍ എന്നു വ്യക്തമാക്കാതെ പോകുന്നത് എന്തുകൊണ്ടാണ്? നിലവിലുള്ള പദ്ധതിയുടെ ഗുണദോഷങ്ങള്‍ തിരിച്ചറിയുന്ന തരത്തിലുള്ള പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ `മികവുകള്‍' എന്നപേരില്‍ തെരഞ്ഞെടുക്കപ്പെട്ട ചില മെച്ചങ്ങളെ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. ഇതത്രയും ഒരു പരസ്യതന്ത്രമാണു് എന്നു വരുമോ? 

വിദ്യാഭ്യാസപരിഷ്ക്കരണപരമ്പര സ്ക്കൂള്‍തലത്തില്‍നിന്നു് വളര്‍ന്നു് ഹയര്‍സെക്കണ്ടറിയിലൂടെ ബിരുദപഠനത്തില്‍ എത്തിനില്ക്കുകയാണ് ഇപ്പോള്‍. ഈ ഘട്ടത്തില്‍, അപായകരമായ ചില കാര്യങ്ങള്‍ വളരെ വ്യക്തമായി വരുന്നത് കാണാതിരിക്കാന്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. ഭാഷാപഠനത്തിന് പ്രസക്തിയില്ലെന്ന നിഗമനമാണ് അതില്‍ പ്രധാനമായതു്. ഇത് ഏതെങ്കിലും അദ്ധ്യാപകക്കൂട്ടായ്മയിലോ പൊതു ചര്‍ച്ചയിലോ ഉരുത്തിരിഞ്ഞുവന്ന ആശയമല്ല. (തീരുമാനങ്ങള്‍ ജനാധിപത്യപരമല്ലെന്നു പ റയേണ്ടിവരുന്നത് ഇതൊക്കെക്കൊണ്ടാണ്.) ഭാഷയും സാഹിത്യവും മറ്റുവിഷയങ്ങളോടൊപ്പം പഠിപ്പിക്കുന്ന നിലവിലുള്ള രീതി നിഷ്പ്രയോജനമെന്നു് തീര്‍പ്പുകല്പിക്കാനുതകുന്ന ഏതെങ്കിലും സൈദ്ധാന്തികനിഗമനമോ പഠനഗവേഷണഫലമോ പുറത്തുവന്നതായും അറിവില്ല. എന്നിരിക്കെ, ഉന്നതങ്ങളില്‍ വിരാജിക്കുന്ന ആരോ നിശ്ചയിക്കുന്നു- ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നത് പാഴ്‌വേലയാണെന്ന്. ഭാഷാപഠനം അമ്പേ വേണ്ടെന്നു പറയാന്‍ നാണിച്ചിട്ടാവണം അളവു കുറയ്ക്കുക, ഭാഷാപഠനത്തിന്റെ പരമ്പരാഗത ഉള്ളടക്കമായ സര്‍ഗ്ഗാത്മകസാഹിത്യത്തെ ഒഴിവാക്കുക തുടങ്ങിയ ലീലകളിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഭാഷാ-സാഹിത്യപഠനം അപ്രസക്തമാണെന്നും അതിനാല്‍ ഉപേക്ഷിക്കേണ്ടതാണെന്നും വരുത്തിത്തീര്‍ക്കുന്നു. ഇതിന്റെ സാംഗത്യമെന്തെന്ന് പരിശോധിക്കാനോ പഠിക്കാനോ ചര്‍ച്ച ചെയ്യാനോ ശ്രമിക്കാതെ പ്ലസ് ടു തലത്തിലും ബിരുദതലത്തിലും കാതലായ അഴിച്ചുപണികള്‍ നടത്തുന്നു! അതിനെ എതിര്‍ക്കുന്നവരെന്നവകാശപ്പെടുന്നവര്‍ തങ്ങളുടെ തൊഴിലിനുറപ്പുള്ളിടത്തോളം മാറ്റങ്ങള്‍ക്കു കൂട്ടുനില്‍ക്കാമെന്ന ധാരണയിലെത്തുന്നു. തങ്ങള്‍ പോരാടിനേടിയ നേട്ടങ്ങളെക്കുറിച്ച് ഊറ്റം കൊള്ളുന്നു: ഞങ്ങളുടെ വാരിക്കുന്തപോരാട്ടങ്ങളാണ് ഇത്രത്തോളമെങ്കിലും നിലനിര്‍ത്താന്‍ കാരണമായത്. അതിനാല്‍ ഞങ്ങളെ ആദരിച്ചാലും എന്നാണവരുടെ ഭാവം. അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ അവരും മടിക്കുന്നു. ഭാഷാ-സാഹിത്യപഠനത്തിന്റെ സാംഗത്യമെന്താണ്? എന്തുകൊണ്ടായിരുന്നു പരമ്പരാഗതവിദ്യാഭ്യാസത്തില്‍ ഭാഷാ-സാഹിത്യപഠനത്തിനു വലിയ സ്ഥാനം കല്പിക്കപ്പെട്ടത്? ഇപ്പോള്‍ അതിനു ഭേദഗതി നിര്‍ദ്ദേശിക്കുന്നതിന്റെ യുക്തി എന്താണ്? - ഇത്തരം ചോദ്യങ്ങള്‍. 

ബിരുദതലത്തില്‍ നിലവിലിരിക്കുന്ന സമ്പ്രദായത്തില്‍ ഭാഷാസാഹിത്യം നിര്‍ബ്ബന്ധിതമായ പൊതുവിഷയമാണു്. ഐച്ഛികമായി ശാസ്ത്രമോ സാമൂഹ്യശാസ്ത്രമോ മാത്രമല്ല ഭാഷാസാഹിത്യംതന്നെ വിസ്തരിച്ചുപഠിച്ചക്കുന്നവര്‍പോലും പാര്‍ട്ട് 1 ഇംഗ്ലീഷ്, പാര്‍ട്ട് 2 (മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍നിന്നു് തിരഞ്ഞെടുക്കുന്ന ഒന്നു്) എന്നിങ്ങനെയുള്ള പൊതുവിഷയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ അടുത്ത അദ്ധ്യയനവര്‍ഷം നടപ്പിലാക്കുന്ന പദ്ധതിയില്‍ പൊതുവിഷയങ്ങള്‍ പത്തെണ്ണമുണ്ടു്. പക്ഷെ അവ സയന്‍സിന്റെ ചരിത്രവും ദര്‍ശനവും, ഇന്ത്യന്‍ ഭരണഘടന, നാഗരികതകളുടെ ചരിത്രം, കമ്മ്യൂണിക്കേറ്റീവ് സ്ക്കില്‍സ്, വിവര്‍ത്തനത്തിന്റെ തത്വപ്രയോഗങ്ങള്‍ തുടങ്ങിയവയാണു്. ഭാഷാസാഹിത്യം സെക്കന്റ് ലാംഗ്വേജില്‍ 90 ദിവസത്തേക്കുള്ള ഒറ്റ പേപ്പര്‍ മാത്രം. അദ്ധ്യാപകരുടെ ജോലി പോകാതിരിക്കാന്‍ ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷാദ്ധ്യാപകര്‍തന്നെയാണു് അവയൊക്കെ പഠിപ്പിക്കേണ്ടതു് എന്നു് തീരുമാനിച്ചിരിക്കുന്നു. ഭാഷാസാഹിത്യവിഷയങ്ങള്‍ ഉപകാരമില്ലാത്ത വെറും പഠനഭാരങ്ങള്‍ മാത്രമാണു് എന്നു് ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ അസന്ദിഗ്ദ്ധമായി വെളിവാക്കിയിരിക്കുന്നു. ഇതു നടപ്പിലാക്കാന്‍വേണ്ടി വ്യത്യസ്ത സര്‍വ്വകലാശാലകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ അതാതു് അദ്ധ്യാപകരുടെ ശില്പശാലകള്‍ സംഘടിപ്പെട്ടുകഴിഞ്ഞു. ചുരുക്കത്തില്‍ കൗണ്‍സില്‍ ഏകപക്ഷീയമായി തീരുമാനിച്ച കാര്യങ്ങള്‍ സുഗമമായി നടപ്പിലാക്കാനും അതിനു് ജനാധിപത്യത്തിന്റെ മുഖംമൂടി നല്കിക്കൊണ്ടു് മുഴുവന്‍ ഉത്തരവാദിത്തവും അദ്ധ്യാപകരുടെ തലയില്‍ കെട്ടിവെക്കാനുമുള്ള ശ്രമങ്ങളാണു് ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നതു്. ഇതു് ചെറുക്കപ്പെടേണ്ടതാണോ എന്നതാണു് ഭാഷാദ്ധ്യാപകര്‍ നേരിടുന്ന ചരിത്രപരമായ ചോദ്യം.

ബിരുദതലത്തില്‍ പെട്ടെന്നു് പൊട്ടിമുളച്ചതല്ല ഭാഷാതിരസ്ക്കരണത്തിന്റെ ഈ അജണ്ട. ഒന്നാം ക്ലാസ്സുമുതല്‍ കമ്യൂണിക്കേറ്റീവ് സ്ക്കില്ലാണു് പഠിക്കേണ്ടതു് എന്നു് നേരത്തെ സിദ്ധാന്തിച്ചിരുന്നു. കോവളത്തു് കപ്പലണ്ടിവില്ക്കുന്ന പളനിയെന്ന ബാലന്റെ ഇംഗ്ലീഷാണു് ആദര്‍ശമാതൃകയായി വിദ്യാഭ്യാസവകുപ്പു് ഉയര്‍ത്തിപ്പിടിച്ചതു്. സ്ക്കൂളില്‍ ചേരുന്നതിനു മുമ്പേ സ്വാഭാവികമായി പഠിക്കുന്ന സംസാരഭാഷയാണു് ഭാഷാപഠനത്തിന്റെ ലക്ഷ്യമെന്നു് 1997-ല്‍ത്തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞതാണു്. അതിനായി ചോംസ്കിയുടെ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള അവ്യക്തവും തെറ്റിദ്ധാരണാജനകവുമായ പ്രചരണങ്ങള്‍ നടത്തിയിരുന്നു. ചോംസ്കിയുടെ ഭാഷാശാസ്ത്രത്തിനു് അദ്ദേഹം നല്കിയപേരുതന്നെ വ്യാകരണമാണെന്നതു് ശ്രദ്ധിക്കാതെ വ്യാകരണത്തെ നികൃഷ്ടജീവിയെന്നു വിളിച്ചു് നാടുകടത്തുകയാണു് ചെയ്തതു്. മറ്റെല്ലാവിഷയങ്ങളിലും സാങ്കേതികപദങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ ഭാഷയിലെ അത്തരം പദങ്ങള്‍ക്കു് അയിത്തം കല്പിക്കുകയാണുണ്ടായതു്. എഴുത്തുഭാഷ പ്രധാനമല്ലെന്നും എഴുത്തിലെ തെറ്റുകള്‍ തിരുത്തുന്നതു് മഹാപരാധമാണെന്നും പ്രചരിപ്പിക്കപ്പെട്ടു. പത്താംതരം കഴിഞ്ഞുവരുന്നവരില്‍ സ്ക്കൂളിനു പുറത്തുനിന്നും പഠനസഹായം ലഭിച്ചിട്ടില്ലാത്തവര്‍ക്കൊന്നും മലയാളം എഴുതാനേ കഴിയില്ല എന്നായി. ഇംഗ്ലീഷാകട്ടെ അവരവര്‍ക്കുതോന്നിയ പോലെ അക്ഷരം നിരത്തുന്ന ഒരു പ്രത്യേക എഴുത്തുരീതിയായി. 

ഇതൊക്കെ അബദ്ധത്തില്‍ സംഭവിച്ചുപോയതല്ല, ആസൂത്രിതമായി നടപ്പിലാക്കി വിജയിച്ചതാണെന്നു് ബിരുദപഠനത്തിലെ ഈ ഭാഷാതിരസ്ക്കാരപദ്ധതി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വെളിവാക്കുന്നു. ആരാണുത്തരവാദി? ചോദ്യത്തിന്റെ വിരല്‍മുന അദ്ധ്യാപകരിലേക്കുമാത്രം തിരിയുന്നു.

ഭാഷ മാത്രമല്ല സാഹിത്യവും അയിത്തജാതിയില്‍പ്പെട്ടതാണു്. പത്താം ക്ലാസ്സുവരെയുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ കൊണ്ടാടപ്പെട്ട ഏതെങ്കിലും സാഹിത്യത്തിന്റെ അംശംപോലും കാണാനാവില്ല. മലയാളത്തിലും ചെറിയക്ലാസ്സുകളില്‍ പാഠപുസ്തകം പൂമ്പാറ്റയും ബാലരമയുമായി മാറുകയാണുണ്ടായതു്. സിപ്പി പള്ളിപ്പുറമാണു് മഹാകവി. പാലൈസും കോലൈസുംകൊണ്ടു പുസ്തകങ്ങള്‍ നനഞ്ഞുകുതിര്‍ന്നു. വല്ല കവിതകളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ത്തന്നെ അതിനെ സ്റ്റഫു ചെയ്തുകളയുന്ന കരിക്കുലം ഒബ്ജക്ടീവ് (സി.ഒ.) ഒരുക്കിവെച്ചു. ഒരു സാമൂഹ്യപ്രശ്‌നത്തെ പഠിക്കലായി സി.ഒ. നിജപ്പെടുത്തി. അതല്ലാതെ മറ്റൊന്നും പഠിപ്പിച്ചുപോകരുതെന്നു് അന്ത്യശാസന നല്കി. ഏഴാംക്ലാസ്സിലെ മലയാളം ഉപപാഠപുസ്തകത്തില്‍ കടമ്മനിട്ടയുടെ `ശാന്ത'യിലെ ഏതാനും വരികള്‍ നല്കിയതു് വരള്‍ച്ച എന്ന ജലദൗര്‍ലഭ്യത്തെ പഠിക്കാനാണു്. പാത്തുമ്മായുടെ ആടു് വായിച്ചിട്ട് പാലു് കട്ടുകറന്നതിനെതിരെ പോലീസില്‍ പരാതിയെഴുതുന്നതാണു് സാഹിത്യാസ്വാദനത്തിന്റെ മാതൃക. അതാണു് സാഹിത്യത്തിന്റെ പ്രയോജനം. എഴുത്തുഭാഷയുടെ പ്രയോജനം നോട്ടീസും പോസ്റ്ററും ഉണ്ടാക്കലാണു്. ഇത്തരത്തില്‍ ഭാഷാവിരുദ്ധമായ, സൗന്ദര്യശാസ്ത്രവിരുദ്ധമായ ഒരു കാഴ്ചപ്പാടും നിലപാടും ഒന്നാംക്ലാസ്സില്‍ത്തന്നെ ബീജമെടുത്തിരുന്നു. അതുവളര്‍ന്നു് തക്ഷകരൂപമെടുക്കുന്നതു് ബിരുദതലത്തിലാണെന്നുമാത്രം. ഇതിനൊക്കെ ഉത്തരവാദി ആരെന്ന ചോദ്യത്തില്‍നിന്നു് ഒഴിഞ്ഞുമാറാന്‍ പറ്റാത്തതരത്തില്‍ കെണികള്‍ ആദ്യമേ തയ്യാറാക്കിയിരുന്നു എന്നു് ഇന്നു് തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തമാകും. അദ്ധ്യാപകര്‍ക്കായി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ ഒന്നില്‍പ്പോലും ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ പിരഗണിക്കപ്പെടുകയോ രേഖപ്പെടുത്തകപോലുമോ ഉണ്ടായില്ല. മേല്‍ത്തട്ടില്‍നിന്നു് ആരെല്ലാമോ ആലോചിച്ചുറപ്പിച്ചു് കെട്ടിയിറക്കിയ കാര്യങ്ങള്‍ക്കു് പൊതുസമ്മതിയുണ്ടെന്നു വരുത്തിത്തീര്‍ക്കുകമാത്രമായിരുന്നില്ലേ ഉദ്ദേശ്യം. യോഗങ്ങളില്‍ കരിക്കുലം ഒബ്ജക്ടീവുകള്‍ കണ്ടെത്താനും പഠനപ്രവര്‍ത്തനം ആസൂത്രണം ചെയ്യാനുമുള്ള നിര്‍ദ്ദേശങ്ങള്‍ പലതും കുരങ്ങുകളിപ്പിക്കല്‍ മാത്രമായിരുന്നോ? പുതിയപദ്ധതിയില്‍ ഏറ്റവും ഫല പ്രദമായതു് ഭാഷാപഠനമാണെന്ന പരസ്യപ്രചരണം ഒരു ചതി മാത്രമായിരുന്നില്ലേ?

അദ്ധ്യാപകരുടെ ജോലി പ്രധാനപ്രശ്‌നമാണു്. അതില്‍ പരിഷ്ക്കാര്‍ത്താക്കള്‍ക്കു് എന്തെങ്കിലും താല്പര്യമുണ്ടെന്നു് വിശ്വസിക്കാന്‍ ന്യായമില്ല. സാമൂഹ്യബാദ്ധ്യതകള്‍ക്കെതിരെ ഒന്നിക്കാനുള്ള ഒരു വിലപേശല്‍ മാത്രമാണു് ജോലിസ്ഥിരതാവാദം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പതിനഞ്ച് കുട്ടികള്‍ക്കു് ഒരദ്ധ്യാപിക എന്ന അനുപാതത്തില്‍ മാത്രമേ പുതിയ പദ്ധതി വിജയകരമായി നടപ്പിലാക്കാനാവൂ എന്നാണയിട്ടു് വര്‍ഷം പന്ത്രണ്ടുകഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. എന്നു മാത്രമല്ല അത്തരം ആവശ്യം പോലും ഇന്നാരും ഉന്നയിക്കുന്നില്ല. ബെഞ്ചുകള്‍ വട്ടത്തില്‍ വിന്യസിച്ചു് ക്ലാസ്സ്മുറികളുടെ കെട്ടും മട്ടും പോലും പരിഷ്ക്കരിച്ചുകൊണ്ടു് എഴുന്നള്ളിച്ച പഠനരീതി ഇന്നു് കേരളത്തിലെ ഏതെങ്കിലും സ്ക്കൂളില്‍ നടക്കുന്നുണ്ടോ? അതു് ആര്‍ക്കും തിരിച്ചറിയാനാകാത്ത രഹസ്യമാണോ? നിരന്തരമൂല്യനിര്‍ണ്ണയമെന്ന സി.ഇ.യുടെ ഇന്നത്തെ അവസ്ഥ എന്താണു്? ചാക്കീരി പാസ്സ് എന്നു പരിഹസിച്ചുവിളിച്ച ഫുള്‍ പ്രൊമോഷന്‍സമ്പ്രദായം എസ്.എസ്.എല്‍.സി പോലുള്ള പൊതുപരീക്ഷകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണു് പരിഷ്ക്കാരത്തിന്റെ പേരില്‍ ചെയ്തതു്. ചാക്കീരിപ്പാസ് കേരളത്തിലെ വിദ്യാഭ്യാസനിലവാരത്തെ അപകടപ്പെടുത്തിയെന്നകാര്യം തര്‍ക്കമില്ലാതെ അംഗീകരിക്കുന്നവര്‍തന്നെ അതു് പൊതുപരീക്ഷയിലും നടപ്പാക്കി ഞെളിയുന്നു. മുഖംരക്ഷിക്കല്‍ നടപടികൊണ്ടും പ്രചരണകാണ്ഡംകൊണ്ടും ഏതെങ്കിലും വിദ്യാഭ്യാസപദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമോ? ചോദ്യനമ്പറിട്ടാല്‍ അത് എന്‍ട്രിലെവലായി പരിഗണിക്കുകയും എന്‍ട്രി ലെവലില്‍ മാത്രം അമ്പതുശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുനേടുകയും ചെയ്യാവുന്ന പരീക്ഷാ രീതി വിദ്യാഭ്യാസത്തിനു് എന്തു ഗുണമാണു് ചെയ്യുന്നതു്? ഉത്തരക്കടലാസ്സില്‍ മാര്‍ക്കിടുമ്പോള്‍ തോന്നുന്ന മനസ്സാക്ഷിക്കുത്തിനെ തമാശക്കഥകളിലൂടെ അതിജീവിച്ചല്ലേ ഇന്നത്തെ വാല്വേഷന്‍ ക്യാമ്പുകളില്‍ അദ്ധ്യാപകര്‍ മനസ്സന്തുലനം നേടുന്നതു്? കളിവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതി നടപ്പിലാക്കിയതുമുതല്‍ പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞുവരുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. എന്നിട്ടും ഒരു പുനരാലോചനയോ പഠനമോ ഇതുവരെ നടന്നിട്ടില്ല. അദ്ധ്യാപകരെ തൊഴിലുറപ്പു പറഞ്ഞു് വഞ്ചിക്കാം. വിദ്യാര്‍ത്ഥികളെയോ?

കേരളത്തിലെ ഏതാനും അദ്ധ്യാപകര്‍ക്കു് ജോലി ലഭിക്കുന്നതിനായി പഠിപ്പിക്കപ്പെടുന്ന ഒരു ഭാഷാവിഷയം മാത്രമാണോ മലയാളവും ഇംഗ്ലീഷും മറ്റും? ഭാഷയും സാഹിത്യവും മലയാളിസമൂഹത്തിനു് ഒരു പ്രയോജനവും ചെയ്യുന്നില്ലെന്നു് തീരുമാനിക്കാന്‍ വിദ്യാഭ്യാസവകുപ്പിനും അവര്‍ നിശ്ചയിക്കുന്ന കമ്മിറ്റികള്‍ക്കും അവകാശമുണ്ടോ? അങ്ങിനെയെങ്കില്‍ ഭാഷാ-സാഹിത്യ പോഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍തന്നെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടെന്നും സാഹിത്യ അക്കാദമിയെന്നും മറ്റും ചില സമിതികളെ ചെല്ലും ചെലവും നല്കി പ്രോത്സാഹിപ്പിക്കുന്നതു് ഇരട്ടത്താപ്പല്ലേ? മലയാളം ഭരണഭാഷയാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതല്ലേ? കേരളത്തിന്റെ ഭാഷയും സംസ്ക്കാരവും മുമ്പെങ്ങുമില്ലാത്തവിധം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണു്. ഭാഷാതിരസ്ക്കരണത്തിനെതിരെ ഭാഷാവേദികളും മലയാളവേദികളും സാഹിത്യവേദികളും മറ്റും കേരളത്തിന്റെ പലഭാഗങ്ങളിലായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണു്. നിങ്ങള്‍ ഏതു ചേരിയിലാണെന്നു് സ്വയം പ്രഖ്യാപിക്കേണ്ട സമയം വന്നിരിക്കുന്നു. പുതിയ വിദ്യാഭ്യാസപദ്ധതികളിലെ ഭാഷാവിരോധം നിങ്ങള്‍കൂടി പിന്‍പറ്റുന്നുണ്ടോ? അത്തരം ഗൂഢനീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയങ്ങളില്‍ നിങ്ങള്‍കൂടി പാലിച്ച മൗനമല്ലേ സമ്മതമായി രേഖപ്പെടുത്തിയതു്? ആരാണു് ഗൂഢമായ ആസൂത്രണങ്ങളുടെ മറവില്‍ നമ്മെ ഇത്തരം മൗനവ്രതങ്ങളിലേക്കു് നയിക്കുന്നതു്. നമുക്കുവേണ്ടി ശബ്ദിക്കുന്നവര്‍ ആരാണു്? അവരുടെ താല്പര്യങ്ങള്‍ മലയാളത്തോടൊപ്പമാണോ? അവരെ കണ്ണടച്ചുവിശ്വസിച്ചുകൊണ്ടു് മൗനം പാലിക്കുകതന്നെയാണോ ഇനിയും നമ്മള്‍ ചെയ്യേണ്ടതു്? ഇത്തരം അനവധി ചോദ്യങ്ങള്‍ നമ്മുടെയുള്ളില്‍ ഉയരേണ്ടതുണ്ടു്. പരിഹാരമായി ഒരു ഒറ്റമൂലിയില്ലാത്ത രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലാണു് ഭാഷയും സാഹിത്യവും. ഇപ്പോഴും ശാന്തനായിരിക്കാന്‍ കഴിയുന്നുവെങ്കില്‍ താങ്കള്‍ക്കു് ഭാവുകങ്ങള്‍ നേരുന്നു. ഭാഷപഠിച്ച, ഭാഷയെ സേ്‌നഹിക്കുന്ന വിഡ്ഢികളോടു് നിങ്ങള്‍ക്കു സഹതപിക്കാം. പോംവഴികളെക്കുറിച്ചുള്ള ആലോചനപോലും പോരാട്ടമായിത്തീരുന്ന പൊള്ളുന്ന കാലമാണിതു്. ചിന്തിക്കുക. കരുതിയിരിക്കുക. നിലപാടുകള്‍ ഉറപ്പിക്കുക. ചരിത്രം നിങ്ങളെ ഉറ്റുനോക്കുന്നുണ്ടു്. 


                                                                                         കണ്‍വീനര്‍, ഭാഷാവേദി, പേരാമ്പ്ര
18/04/09