Wednesday, April 29, 2009

ഭാഷയെ തമസ്ക്കരിക്കുന്നതാരു്


പേരാമ്പ്ര ഭാഷാവേദി പുറത്തിറക്കിയ ലഘുലേഖ

കേരളത്തില്‍ വിദ്യാഭ്യാസപരിഷ്ക്കാരത്തിന്റെ ഒരു വ്യാഴവട്ടം കടന്നുപോയിരിക്കുന്നു. മുമ്പെല്ലാം സിലബസ് പരിഷ്ക്കരണത്തില്‍ ഒതുങ്ങിനില്ക്കുന്ന നവീകരണങ്ങളാണു് നടന്നിരുന്നതു്. അതാതു വിഷയത്തില്‍ പ്രഗത്ഭ്യമുള്ളവരാണു് പരിഷ്കാരങ്ങള്‍ ഏറ്റെടുത്തു നടത്തിയിരുന്നതു്. ഇപ്പോഴാകട്ടെ, നടപ്പിലാകുന്ന പരിഷ്ക്കാരത്തിന്റെ എല്ലാ ഘട്ടങ്ങളിലും പങ്കാളിയാകാനും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ നല്കാനും ഓരോ അദ്ധ്യാപകനും അവസരം ലഭിക്കുന്നുണ്ടു്. തത്ത്വത്തില്‍, ഓരോ വിഷയവും അതു പഠിപ്പിക്കുകയും പഠനാനുഭവങ്ങള്‍ സമ്പാദിക്കുകയും ചെയ്തിട്ടുള്ള അദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്യപ്പെടുന്നു. പ്രത്യക്ഷത്തില്‍ പുതിയ കാലത്തെ പരിഷ്കാരങ്ങള്‍ ഏറെ ജനാധിപത്യപരമാണു്. ഇതു സമ്മതിച്ചാല്‍, ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ള പദ്ധതിയുടെ മുഴുവന്‍ മെച്ചങ്ങള്‍ക്കും അതേപോലെ അതിന്റെ മുഴുവന്‍ ദോഷങ്ങള്‍ക്കും ഉത്തരവാദിത്തം കേരളത്തിലെ ഓരോ അദ്ധ്യാപകനുമുണ്ട് എന്നു പറയേണ്ടിവരും. ആ ഉത്തരവാദിത്തബോധത്തോടെ നമ്മുടെ വിദ്യാഭ്യാസരംഗത്തു നടന്നുവരുന്ന പരിഷ്കാരങ്ങളെ വിലയിരുത്തുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് തോന്നുന്നത്.

പുറത്തു കാണുന്നതുപോലെ ജനാധിപത്യപരമായ പരിഷ്കാരങ്ങളാണോ നടന്നുവരുന്നത്? ആരോ നിശ്ചയിച്ച പദ്ധതികള്‍ അദ്ധ്യാപരുടെയും പൊതുസമൂഹത്തിന്റെയും സമ്മതിയുള്ളതെന്നു വരുത്തിത്തീര്‍ത്തു നടപ്പാക്കുകയല്ലേ ചെയ്യുന്നത്? കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് അധികാരവും സാമര്‍ത്ഥ്യവുമുള്ള ചില വന്‍സ്രാവുകള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിച്ചുകൊണ്ട് തന്ത്രപൂര്‍വ്വം കളിക്കുകയല്ലേ ചെയ്യുന്നത്? കളി നമ്മുടേത്, ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്കും - സുരക്ഷിതമായ കളി. ഇനിയുമുണ്ട് ചോദിക്കേണ്ട കാര്യങ്ങള്‍. സമൂലമായ ഒരു പരിഷ്ക്കരണം നടത്തുന്നതിനു് മുന്നോടിയായി നിലവിലുണ്ടായിരുന്ന പദ്ധതിയെക്കുറിച്ച് ഏതെങ്കിലും പഠനങ്ങള്‍ നടത്തിയിരുന്നുവോ? അങ്ങനെ നടന്നതായി അറിവില്ല. സമ്പൂര്‍ണ്ണമായും ഗുണങ്ങള്‍ മാത്രമുള്ള പദ്ധതിയാണിതെന്നു് പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍തന്നെ വീണ്ടും ഓരോ വര്‍ഷവും പുതിയപുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്തുകൊണ്ടാണ്? അതിവേഗം കാലഹരണപ്പെടുന്ന പരിഷ്കാരങ്ങളാണോ നടപ്പിലാക്കുന്നത്? വേണ്ടത്ര ആലോചനയും ഒരുക്കവും നടത്താതെ ചാടിപ്പുറപ്പെടുകയും പാളുമ്പോള്‍ പെട്ടെന്ന് പുതിയതെന്തെങ്കിലും അവതരിപ്പിച്ചു തടിതപ്പുകയുമാണോ ചെയ്യുന്നത്? പുതിയപുതിയ മാറ്റങ്ങള്‍ മുന്നോട്ടുവെയ്ക്കുമ്പോള്‍ നിലവിലിരുന്ന പദ്ധതിയുടെ ഏതു ദോഷങ്ങള്‍ പരിഹരിക്കാനാണു് അത്തരം മാറ്റങ്ങള്‍ എന്നു വ്യക്തമാക്കാതെ പോകുന്നത് എന്തുകൊണ്ടാണ്? നിലവിലുള്ള പദ്ധതിയുടെ ഗുണദോഷങ്ങള്‍ തിരിച്ചറിയുന്ന തരത്തിലുള്ള പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ `മികവുകള്‍' എന്നപേരില്‍ തെരഞ്ഞെടുക്കപ്പെട്ട ചില മെച്ചങ്ങളെ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. ഇതത്രയും ഒരു പരസ്യതന്ത്രമാണു് എന്നു വരുമോ? 

വിദ്യാഭ്യാസപരിഷ്ക്കരണപരമ്പര സ്ക്കൂള്‍തലത്തില്‍നിന്നു് വളര്‍ന്നു് ഹയര്‍സെക്കണ്ടറിയിലൂടെ ബിരുദപഠനത്തില്‍ എത്തിനില്ക്കുകയാണ് ഇപ്പോള്‍. ഈ ഘട്ടത്തില്‍, അപായകരമായ ചില കാര്യങ്ങള്‍ വളരെ വ്യക്തമായി വരുന്നത് കാണാതിരിക്കാന്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. ഭാഷാപഠനത്തിന് പ്രസക്തിയില്ലെന്ന നിഗമനമാണ് അതില്‍ പ്രധാനമായതു്. ഇത് ഏതെങ്കിലും അദ്ധ്യാപകക്കൂട്ടായ്മയിലോ പൊതു ചര്‍ച്ചയിലോ ഉരുത്തിരിഞ്ഞുവന്ന ആശയമല്ല. (തീരുമാനങ്ങള്‍ ജനാധിപത്യപരമല്ലെന്നു പ റയേണ്ടിവരുന്നത് ഇതൊക്കെക്കൊണ്ടാണ്.) ഭാഷയും സാഹിത്യവും മറ്റുവിഷയങ്ങളോടൊപ്പം പഠിപ്പിക്കുന്ന നിലവിലുള്ള രീതി നിഷ്പ്രയോജനമെന്നു് തീര്‍പ്പുകല്പിക്കാനുതകുന്ന ഏതെങ്കിലും സൈദ്ധാന്തികനിഗമനമോ പഠനഗവേഷണഫലമോ പുറത്തുവന്നതായും അറിവില്ല. എന്നിരിക്കെ, ഉന്നതങ്ങളില്‍ വിരാജിക്കുന്ന ആരോ നിശ്ചയിക്കുന്നു- ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നത് പാഴ്‌വേലയാണെന്ന്. ഭാഷാപഠനം അമ്പേ വേണ്ടെന്നു പറയാന്‍ നാണിച്ചിട്ടാവണം അളവു കുറയ്ക്കുക, ഭാഷാപഠനത്തിന്റെ പരമ്പരാഗത ഉള്ളടക്കമായ സര്‍ഗ്ഗാത്മകസാഹിത്യത്തെ ഒഴിവാക്കുക തുടങ്ങിയ ലീലകളിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഭാഷാ-സാഹിത്യപഠനം അപ്രസക്തമാണെന്നും അതിനാല്‍ ഉപേക്ഷിക്കേണ്ടതാണെന്നും വരുത്തിത്തീര്‍ക്കുന്നു. ഇതിന്റെ സാംഗത്യമെന്തെന്ന് പരിശോധിക്കാനോ പഠിക്കാനോ ചര്‍ച്ച ചെയ്യാനോ ശ്രമിക്കാതെ പ്ലസ് ടു തലത്തിലും ബിരുദതലത്തിലും കാതലായ അഴിച്ചുപണികള്‍ നടത്തുന്നു! അതിനെ എതിര്‍ക്കുന്നവരെന്നവകാശപ്പെടുന്നവര്‍ തങ്ങളുടെ തൊഴിലിനുറപ്പുള്ളിടത്തോളം മാറ്റങ്ങള്‍ക്കു കൂട്ടുനില്‍ക്കാമെന്ന ധാരണയിലെത്തുന്നു. തങ്ങള്‍ പോരാടിനേടിയ നേട്ടങ്ങളെക്കുറിച്ച് ഊറ്റം കൊള്ളുന്നു: ഞങ്ങളുടെ വാരിക്കുന്തപോരാട്ടങ്ങളാണ് ഇത്രത്തോളമെങ്കിലും നിലനിര്‍ത്താന്‍ കാരണമായത്. അതിനാല്‍ ഞങ്ങളെ ആദരിച്ചാലും എന്നാണവരുടെ ഭാവം. അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ അവരും മടിക്കുന്നു. ഭാഷാ-സാഹിത്യപഠനത്തിന്റെ സാംഗത്യമെന്താണ്? എന്തുകൊണ്ടായിരുന്നു പരമ്പരാഗതവിദ്യാഭ്യാസത്തില്‍ ഭാഷാ-സാഹിത്യപഠനത്തിനു വലിയ സ്ഥാനം കല്പിക്കപ്പെട്ടത്? ഇപ്പോള്‍ അതിനു ഭേദഗതി നിര്‍ദ്ദേശിക്കുന്നതിന്റെ യുക്തി എന്താണ്? - ഇത്തരം ചോദ്യങ്ങള്‍. 

ബിരുദതലത്തില്‍ നിലവിലിരിക്കുന്ന സമ്പ്രദായത്തില്‍ ഭാഷാസാഹിത്യം നിര്‍ബ്ബന്ധിതമായ പൊതുവിഷയമാണു്. ഐച്ഛികമായി ശാസ്ത്രമോ സാമൂഹ്യശാസ്ത്രമോ മാത്രമല്ല ഭാഷാസാഹിത്യംതന്നെ വിസ്തരിച്ചുപഠിച്ചക്കുന്നവര്‍പോലും പാര്‍ട്ട് 1 ഇംഗ്ലീഷ്, പാര്‍ട്ട് 2 (മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍നിന്നു് തിരഞ്ഞെടുക്കുന്ന ഒന്നു്) എന്നിങ്ങനെയുള്ള പൊതുവിഷയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ അടുത്ത അദ്ധ്യയനവര്‍ഷം നടപ്പിലാക്കുന്ന പദ്ധതിയില്‍ പൊതുവിഷയങ്ങള്‍ പത്തെണ്ണമുണ്ടു്. പക്ഷെ അവ സയന്‍സിന്റെ ചരിത്രവും ദര്‍ശനവും, ഇന്ത്യന്‍ ഭരണഘടന, നാഗരികതകളുടെ ചരിത്രം, കമ്മ്യൂണിക്കേറ്റീവ് സ്ക്കില്‍സ്, വിവര്‍ത്തനത്തിന്റെ തത്വപ്രയോഗങ്ങള്‍ തുടങ്ങിയവയാണു്. ഭാഷാസാഹിത്യം സെക്കന്റ് ലാംഗ്വേജില്‍ 90 ദിവസത്തേക്കുള്ള ഒറ്റ പേപ്പര്‍ മാത്രം. അദ്ധ്യാപകരുടെ ജോലി പോകാതിരിക്കാന്‍ ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷാദ്ധ്യാപകര്‍തന്നെയാണു് അവയൊക്കെ പഠിപ്പിക്കേണ്ടതു് എന്നു് തീരുമാനിച്ചിരിക്കുന്നു. ഭാഷാസാഹിത്യവിഷയങ്ങള്‍ ഉപകാരമില്ലാത്ത വെറും പഠനഭാരങ്ങള്‍ മാത്രമാണു് എന്നു് ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ അസന്ദിഗ്ദ്ധമായി വെളിവാക്കിയിരിക്കുന്നു. ഇതു നടപ്പിലാക്കാന്‍വേണ്ടി വ്യത്യസ്ത സര്‍വ്വകലാശാലകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ അതാതു് അദ്ധ്യാപകരുടെ ശില്പശാലകള്‍ സംഘടിപ്പെട്ടുകഴിഞ്ഞു. ചുരുക്കത്തില്‍ കൗണ്‍സില്‍ ഏകപക്ഷീയമായി തീരുമാനിച്ച കാര്യങ്ങള്‍ സുഗമമായി നടപ്പിലാക്കാനും അതിനു് ജനാധിപത്യത്തിന്റെ മുഖംമൂടി നല്കിക്കൊണ്ടു് മുഴുവന്‍ ഉത്തരവാദിത്തവും അദ്ധ്യാപകരുടെ തലയില്‍ കെട്ടിവെക്കാനുമുള്ള ശ്രമങ്ങളാണു് ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നതു്. ഇതു് ചെറുക്കപ്പെടേണ്ടതാണോ എന്നതാണു് ഭാഷാദ്ധ്യാപകര്‍ നേരിടുന്ന ചരിത്രപരമായ ചോദ്യം.

ബിരുദതലത്തില്‍ പെട്ടെന്നു് പൊട്ടിമുളച്ചതല്ല ഭാഷാതിരസ്ക്കരണത്തിന്റെ ഈ അജണ്ട. ഒന്നാം ക്ലാസ്സുമുതല്‍ കമ്യൂണിക്കേറ്റീവ് സ്ക്കില്ലാണു് പഠിക്കേണ്ടതു് എന്നു് നേരത്തെ സിദ്ധാന്തിച്ചിരുന്നു. കോവളത്തു് കപ്പലണ്ടിവില്ക്കുന്ന പളനിയെന്ന ബാലന്റെ ഇംഗ്ലീഷാണു് ആദര്‍ശമാതൃകയായി വിദ്യാഭ്യാസവകുപ്പു് ഉയര്‍ത്തിപ്പിടിച്ചതു്. സ്ക്കൂളില്‍ ചേരുന്നതിനു മുമ്പേ സ്വാഭാവികമായി പഠിക്കുന്ന സംസാരഭാഷയാണു് ഭാഷാപഠനത്തിന്റെ ലക്ഷ്യമെന്നു് 1997-ല്‍ത്തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞതാണു്. അതിനായി ചോംസ്കിയുടെ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള അവ്യക്തവും തെറ്റിദ്ധാരണാജനകവുമായ പ്രചരണങ്ങള്‍ നടത്തിയിരുന്നു. ചോംസ്കിയുടെ ഭാഷാശാസ്ത്രത്തിനു് അദ്ദേഹം നല്കിയപേരുതന്നെ വ്യാകരണമാണെന്നതു് ശ്രദ്ധിക്കാതെ വ്യാകരണത്തെ നികൃഷ്ടജീവിയെന്നു വിളിച്ചു് നാടുകടത്തുകയാണു് ചെയ്തതു്. മറ്റെല്ലാവിഷയങ്ങളിലും സാങ്കേതികപദങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ ഭാഷയിലെ അത്തരം പദങ്ങള്‍ക്കു് അയിത്തം കല്പിക്കുകയാണുണ്ടായതു്. എഴുത്തുഭാഷ പ്രധാനമല്ലെന്നും എഴുത്തിലെ തെറ്റുകള്‍ തിരുത്തുന്നതു് മഹാപരാധമാണെന്നും പ്രചരിപ്പിക്കപ്പെട്ടു. പത്താംതരം കഴിഞ്ഞുവരുന്നവരില്‍ സ്ക്കൂളിനു പുറത്തുനിന്നും പഠനസഹായം ലഭിച്ചിട്ടില്ലാത്തവര്‍ക്കൊന്നും മലയാളം എഴുതാനേ കഴിയില്ല എന്നായി. ഇംഗ്ലീഷാകട്ടെ അവരവര്‍ക്കുതോന്നിയ പോലെ അക്ഷരം നിരത്തുന്ന ഒരു പ്രത്യേക എഴുത്തുരീതിയായി. 

ഇതൊക്കെ അബദ്ധത്തില്‍ സംഭവിച്ചുപോയതല്ല, ആസൂത്രിതമായി നടപ്പിലാക്കി വിജയിച്ചതാണെന്നു് ബിരുദപഠനത്തിലെ ഈ ഭാഷാതിരസ്ക്കാരപദ്ധതി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വെളിവാക്കുന്നു. ആരാണുത്തരവാദി? ചോദ്യത്തിന്റെ വിരല്‍മുന അദ്ധ്യാപകരിലേക്കുമാത്രം തിരിയുന്നു.

ഭാഷ മാത്രമല്ല സാഹിത്യവും അയിത്തജാതിയില്‍പ്പെട്ടതാണു്. പത്താം ക്ലാസ്സുവരെയുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ കൊണ്ടാടപ്പെട്ട ഏതെങ്കിലും സാഹിത്യത്തിന്റെ അംശംപോലും കാണാനാവില്ല. മലയാളത്തിലും ചെറിയക്ലാസ്സുകളില്‍ പാഠപുസ്തകം പൂമ്പാറ്റയും ബാലരമയുമായി മാറുകയാണുണ്ടായതു്. സിപ്പി പള്ളിപ്പുറമാണു് മഹാകവി. പാലൈസും കോലൈസുംകൊണ്ടു പുസ്തകങ്ങള്‍ നനഞ്ഞുകുതിര്‍ന്നു. വല്ല കവിതകളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ത്തന്നെ അതിനെ സ്റ്റഫു ചെയ്തുകളയുന്ന കരിക്കുലം ഒബ്ജക്ടീവ് (സി.ഒ.) ഒരുക്കിവെച്ചു. ഒരു സാമൂഹ്യപ്രശ്‌നത്തെ പഠിക്കലായി സി.ഒ. നിജപ്പെടുത്തി. അതല്ലാതെ മറ്റൊന്നും പഠിപ്പിച്ചുപോകരുതെന്നു് അന്ത്യശാസന നല്കി. ഏഴാംക്ലാസ്സിലെ മലയാളം ഉപപാഠപുസ്തകത്തില്‍ കടമ്മനിട്ടയുടെ `ശാന്ത'യിലെ ഏതാനും വരികള്‍ നല്കിയതു് വരള്‍ച്ച എന്ന ജലദൗര്‍ലഭ്യത്തെ പഠിക്കാനാണു്. പാത്തുമ്മായുടെ ആടു് വായിച്ചിട്ട് പാലു് കട്ടുകറന്നതിനെതിരെ പോലീസില്‍ പരാതിയെഴുതുന്നതാണു് സാഹിത്യാസ്വാദനത്തിന്റെ മാതൃക. അതാണു് സാഹിത്യത്തിന്റെ പ്രയോജനം. എഴുത്തുഭാഷയുടെ പ്രയോജനം നോട്ടീസും പോസ്റ്ററും ഉണ്ടാക്കലാണു്. ഇത്തരത്തില്‍ ഭാഷാവിരുദ്ധമായ, സൗന്ദര്യശാസ്ത്രവിരുദ്ധമായ ഒരു കാഴ്ചപ്പാടും നിലപാടും ഒന്നാംക്ലാസ്സില്‍ത്തന്നെ ബീജമെടുത്തിരുന്നു. അതുവളര്‍ന്നു് തക്ഷകരൂപമെടുക്കുന്നതു് ബിരുദതലത്തിലാണെന്നുമാത്രം. ഇതിനൊക്കെ ഉത്തരവാദി ആരെന്ന ചോദ്യത്തില്‍നിന്നു് ഒഴിഞ്ഞുമാറാന്‍ പറ്റാത്തതരത്തില്‍ കെണികള്‍ ആദ്യമേ തയ്യാറാക്കിയിരുന്നു എന്നു് ഇന്നു് തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തമാകും. അദ്ധ്യാപകര്‍ക്കായി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ ഒന്നില്‍പ്പോലും ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ പിരഗണിക്കപ്പെടുകയോ രേഖപ്പെടുത്തകപോലുമോ ഉണ്ടായില്ല. മേല്‍ത്തട്ടില്‍നിന്നു് ആരെല്ലാമോ ആലോചിച്ചുറപ്പിച്ചു് കെട്ടിയിറക്കിയ കാര്യങ്ങള്‍ക്കു് പൊതുസമ്മതിയുണ്ടെന്നു വരുത്തിത്തീര്‍ക്കുകമാത്രമായിരുന്നില്ലേ ഉദ്ദേശ്യം. യോഗങ്ങളില്‍ കരിക്കുലം ഒബ്ജക്ടീവുകള്‍ കണ്ടെത്താനും പഠനപ്രവര്‍ത്തനം ആസൂത്രണം ചെയ്യാനുമുള്ള നിര്‍ദ്ദേശങ്ങള്‍ പലതും കുരങ്ങുകളിപ്പിക്കല്‍ മാത്രമായിരുന്നോ? പുതിയപദ്ധതിയില്‍ ഏറ്റവും ഫല പ്രദമായതു് ഭാഷാപഠനമാണെന്ന പരസ്യപ്രചരണം ഒരു ചതി മാത്രമായിരുന്നില്ലേ?

അദ്ധ്യാപകരുടെ ജോലി പ്രധാനപ്രശ്‌നമാണു്. അതില്‍ പരിഷ്ക്കാര്‍ത്താക്കള്‍ക്കു് എന്തെങ്കിലും താല്പര്യമുണ്ടെന്നു് വിശ്വസിക്കാന്‍ ന്യായമില്ല. സാമൂഹ്യബാദ്ധ്യതകള്‍ക്കെതിരെ ഒന്നിക്കാനുള്ള ഒരു വിലപേശല്‍ മാത്രമാണു് ജോലിസ്ഥിരതാവാദം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പതിനഞ്ച് കുട്ടികള്‍ക്കു് ഒരദ്ധ്യാപിക എന്ന അനുപാതത്തില്‍ മാത്രമേ പുതിയ പദ്ധതി വിജയകരമായി നടപ്പിലാക്കാനാവൂ എന്നാണയിട്ടു് വര്‍ഷം പന്ത്രണ്ടുകഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. എന്നു മാത്രമല്ല അത്തരം ആവശ്യം പോലും ഇന്നാരും ഉന്നയിക്കുന്നില്ല. ബെഞ്ചുകള്‍ വട്ടത്തില്‍ വിന്യസിച്ചു് ക്ലാസ്സ്മുറികളുടെ കെട്ടും മട്ടും പോലും പരിഷ്ക്കരിച്ചുകൊണ്ടു് എഴുന്നള്ളിച്ച പഠനരീതി ഇന്നു് കേരളത്തിലെ ഏതെങ്കിലും സ്ക്കൂളില്‍ നടക്കുന്നുണ്ടോ? അതു് ആര്‍ക്കും തിരിച്ചറിയാനാകാത്ത രഹസ്യമാണോ? നിരന്തരമൂല്യനിര്‍ണ്ണയമെന്ന സി.ഇ.യുടെ ഇന്നത്തെ അവസ്ഥ എന്താണു്? ചാക്കീരി പാസ്സ് എന്നു പരിഹസിച്ചുവിളിച്ച ഫുള്‍ പ്രൊമോഷന്‍സമ്പ്രദായം എസ്.എസ്.എല്‍.സി പോലുള്ള പൊതുപരീക്ഷകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണു് പരിഷ്ക്കാരത്തിന്റെ പേരില്‍ ചെയ്തതു്. ചാക്കീരിപ്പാസ് കേരളത്തിലെ വിദ്യാഭ്യാസനിലവാരത്തെ അപകടപ്പെടുത്തിയെന്നകാര്യം തര്‍ക്കമില്ലാതെ അംഗീകരിക്കുന്നവര്‍തന്നെ അതു് പൊതുപരീക്ഷയിലും നടപ്പാക്കി ഞെളിയുന്നു. മുഖംരക്ഷിക്കല്‍ നടപടികൊണ്ടും പ്രചരണകാണ്ഡംകൊണ്ടും ഏതെങ്കിലും വിദ്യാഭ്യാസപദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമോ? ചോദ്യനമ്പറിട്ടാല്‍ അത് എന്‍ട്രിലെവലായി പരിഗണിക്കുകയും എന്‍ട്രി ലെവലില്‍ മാത്രം അമ്പതുശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുനേടുകയും ചെയ്യാവുന്ന പരീക്ഷാ രീതി വിദ്യാഭ്യാസത്തിനു് എന്തു ഗുണമാണു് ചെയ്യുന്നതു്? ഉത്തരക്കടലാസ്സില്‍ മാര്‍ക്കിടുമ്പോള്‍ തോന്നുന്ന മനസ്സാക്ഷിക്കുത്തിനെ തമാശക്കഥകളിലൂടെ അതിജീവിച്ചല്ലേ ഇന്നത്തെ വാല്വേഷന്‍ ക്യാമ്പുകളില്‍ അദ്ധ്യാപകര്‍ മനസ്സന്തുലനം നേടുന്നതു്? കളിവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതി നടപ്പിലാക്കിയതുമുതല്‍ പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞുവരുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. എന്നിട്ടും ഒരു പുനരാലോചനയോ പഠനമോ ഇതുവരെ നടന്നിട്ടില്ല. അദ്ധ്യാപകരെ തൊഴിലുറപ്പു പറഞ്ഞു് വഞ്ചിക്കാം. വിദ്യാര്‍ത്ഥികളെയോ?

കേരളത്തിലെ ഏതാനും അദ്ധ്യാപകര്‍ക്കു് ജോലി ലഭിക്കുന്നതിനായി പഠിപ്പിക്കപ്പെടുന്ന ഒരു ഭാഷാവിഷയം മാത്രമാണോ മലയാളവും ഇംഗ്ലീഷും മറ്റും? ഭാഷയും സാഹിത്യവും മലയാളിസമൂഹത്തിനു് ഒരു പ്രയോജനവും ചെയ്യുന്നില്ലെന്നു് തീരുമാനിക്കാന്‍ വിദ്യാഭ്യാസവകുപ്പിനും അവര്‍ നിശ്ചയിക്കുന്ന കമ്മിറ്റികള്‍ക്കും അവകാശമുണ്ടോ? അങ്ങിനെയെങ്കില്‍ ഭാഷാ-സാഹിത്യ പോഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍തന്നെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടെന്നും സാഹിത്യ അക്കാദമിയെന്നും മറ്റും ചില സമിതികളെ ചെല്ലും ചെലവും നല്കി പ്രോത്സാഹിപ്പിക്കുന്നതു് ഇരട്ടത്താപ്പല്ലേ? മലയാളം ഭരണഭാഷയാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതല്ലേ? കേരളത്തിന്റെ ഭാഷയും സംസ്ക്കാരവും മുമ്പെങ്ങുമില്ലാത്തവിധം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണു്. ഭാഷാതിരസ്ക്കരണത്തിനെതിരെ ഭാഷാവേദികളും മലയാളവേദികളും സാഹിത്യവേദികളും മറ്റും കേരളത്തിന്റെ പലഭാഗങ്ങളിലായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണു്. നിങ്ങള്‍ ഏതു ചേരിയിലാണെന്നു് സ്വയം പ്രഖ്യാപിക്കേണ്ട സമയം വന്നിരിക്കുന്നു. പുതിയ വിദ്യാഭ്യാസപദ്ധതികളിലെ ഭാഷാവിരോധം നിങ്ങള്‍കൂടി പിന്‍പറ്റുന്നുണ്ടോ? അത്തരം ഗൂഢനീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയങ്ങളില്‍ നിങ്ങള്‍കൂടി പാലിച്ച മൗനമല്ലേ സമ്മതമായി രേഖപ്പെടുത്തിയതു്? ആരാണു് ഗൂഢമായ ആസൂത്രണങ്ങളുടെ മറവില്‍ നമ്മെ ഇത്തരം മൗനവ്രതങ്ങളിലേക്കു് നയിക്കുന്നതു്. നമുക്കുവേണ്ടി ശബ്ദിക്കുന്നവര്‍ ആരാണു്? അവരുടെ താല്പര്യങ്ങള്‍ മലയാളത്തോടൊപ്പമാണോ? അവരെ കണ്ണടച്ചുവിശ്വസിച്ചുകൊണ്ടു് മൗനം പാലിക്കുകതന്നെയാണോ ഇനിയും നമ്മള്‍ ചെയ്യേണ്ടതു്? ഇത്തരം അനവധി ചോദ്യങ്ങള്‍ നമ്മുടെയുള്ളില്‍ ഉയരേണ്ടതുണ്ടു്. പരിഹാരമായി ഒരു ഒറ്റമൂലിയില്ലാത്ത രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലാണു് ഭാഷയും സാഹിത്യവും. ഇപ്പോഴും ശാന്തനായിരിക്കാന്‍ കഴിയുന്നുവെങ്കില്‍ താങ്കള്‍ക്കു് ഭാവുകങ്ങള്‍ നേരുന്നു. ഭാഷപഠിച്ച, ഭാഷയെ സേ്‌നഹിക്കുന്ന വിഡ്ഢികളോടു് നിങ്ങള്‍ക്കു സഹതപിക്കാം. പോംവഴികളെക്കുറിച്ചുള്ള ആലോചനപോലും പോരാട്ടമായിത്തീരുന്ന പൊള്ളുന്ന കാലമാണിതു്. ചിന്തിക്കുക. കരുതിയിരിക്കുക. നിലപാടുകള്‍ ഉറപ്പിക്കുക. ചരിത്രം നിങ്ങളെ ഉറ്റുനോക്കുന്നുണ്ടു്. 


                                                                                         കണ്‍വീനര്‍, ഭാഷാവേദി, പേരാമ്പ്ര
18/04/09 1 comment:

hAnLLaLaTh said...

പോസ്റ്റിനു നന്ദി..