Monday, April 6, 2009

എങ്കില്‍ ഇനി കേരള സാഹിത്യ അക്കാദമിയും അടച്ചുപൂട്ടാം.

തര്‍ജ്ജനി മാസികയുടെ എഡിറ്റോറിയല്‍ ലേഖനം


എന്താണ് കേരളസര്‍ക്കാരിന്റെ ഭാഷാനയം? സാഹിത്യകലാദികളെക്കുറിച്ചു് സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്ന നയം എന്തായിരിക്കും? സര്‍ക്കാര്‍ നയത്തിന്റെ നിയന്ത്രണത്തിലല്ല കലാസാഹിത്യാദികള്‍ എന്ന വസ്തുത മറന്നുകൊണ്ടല്ല ഈ ചോദ്യം ഉന്നയിക്കുന്നതു്. ഈ ചോദ്യം പ്രസക്തമാകുന്ന ഒരു സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത വിധം തെളിഞ്ഞു വന്നിരിക്കുന്നു. കേരളത്തിലെ ചില നേതാക്കന്മാര്‍ മന്ത്രിമാരായതിനെത്തുടര്‍ന്നു് കവിതകള്‍ എഴുതിത്തുടങ്ങിയിട്ടുണ്ടു്. മുമ്പൊരു മന്ത്രി നോവലെഴുതുകയും ഒരു രസികന്‍ അതു് സിനിമയാക്കാന്‍ പുറപ്പെടുകയും ചെയ്തിരുന്നു. കവിതയുടെ നിലവാരം വിലയിരുത്താന്‍ ഞങ്ങള്‍ മുതിരുന്നില്ല. വാമൊഴിവഴക്കത്തോടൊപ്പം നിര്‍വ്വഹിക്കപ്പെടുന്ന ഇത്തരം വരമൊഴിസാഹസികതയുടെ പേരില്‍ ഇവര്‍ അനശ്വതര കൈവരിക്കുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്നു് ആശംസിക്കട്ടെ. മറ്റെല്ലാ പരിഗണനയും മാറ്റിവെച്ചു് ഇവരിലൊരാളെ കേരളത്തിന്റെ ആസ്ഥാനകവിയായി അവരോധിക്കപ്പെട്ടുവെന്നും വരാം. എന്നാല്‍ ഇതിനൊക്കെ സമാന്തരമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ഭാഷ, ഭാഷാപഠനം, സാഹിത്യം എന്നിവയെക്കുറിച്ചു് സ്വന്തം നിലയ്ക്കു് ചില അഭിപ്രായങ്ങള്‍ സ്വരൂപിച്ചു് പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ടു്. തര്‍ജ്ജനിയുടെ കഴിഞ്ഞ ലക്കം മുഖമൊഴി അതേക്കുറിച്ചായിരുന്നു. സര്‍വ്വകലാശാലാവിദ്യാഭ്യാസത്തില്‍ നിന്നും ഭാഷയേയും സാഹിത്യത്തേയും പടിയടച്ചു് പുറത്താക്കുന്ന ആ മഹാവിപ്ലവം നടപ്പാക്കാന്‍ കേരളത്തിലെ കോളേജ് അദ്ധ്യാപകരെ വിളിച്ചു് സര്‍വ്വകലാശാലകള്‍ തോറും ശില്പശാല നടത്തിക്കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശരേഖ അടിസ്ഥാനമാക്കി സിലബസ് നിര്‍മ്മിക്കുകയായിരുന്നു ഈ ശില്പശാലകളില്‍ നടന്ന പ്രവര്‍ത്തനം. സാധാരണനിലയില്‍ സര്‍വ്വകലാശാലകളുടെ പഠനബോര്‍ഡ് ചെയ്യുന്ന ഈ പ്രവര്‍ത്തനം, തികച്ചും അസാധാരണമായ നിലയില്‍ നിര്‍വ്വഹിക്കപ്പെടുന്നതു് എന്തുകൊണ്ടാണു്?

പാഠ്യപദ്ധതി കലോചിതമായി പരിഷ്കരിക്കണം എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ തന്നെ സമ്മതിക്കുന്നവരാണു് കേരളീയര്‍. അത്രത്തോളം ഭ്രമം പരിഷ്കാരത്തിന്റെ കാര്യത്തില്‍ നമ്മുക്കുണ്ടു്. ഇംഗ്ലീഷിനെ ഫങ്ഷനല്‍ ഇംഗ്ലീഷ് എന്നു് പേരു മാറ്റി വിളിച്ചാല്‍ പരിഷ്കരിക്കലായി.(ഒട്ടും ഫങ്ഷനലല്ലാത്ത ഭാഷയായ ഇംഗ്ലീഷിനെ ഇങ്ങനെ അവര്‍ ഫങ്ഷനലാക്കുന്നു!) ബി. എഡ് എന്ന ബിരുദത്തെ ബാച്ചിലര്‍ ഓഫ് എജുക്കേഷനല്‍ ടെനോളജി എന്നു വിളിക്കുന്നതു് മറ്റൊരു പരിഷ്കാരം. മലയാളം, ഹിന്ദി ബി.എ ബിരുദങ്ങളെ ബി.ടെക്‍ മലയാളം, ബി.ടെക്‍ ഹിന്ദി എന്നു പേരുമാറ്റി തൊഴിലധിഷ്ഠിതമാക്കിക്കൂടെ എന്നൊരു രസികന്‍ ചോദിച്ചതു് പരിഷ്കരണങ്ങളുടെ പരിഹാസ്യത കണ്ടു സഹിക്കവയ്യാതായപ്പോഴാണു്. അന്തസ്സാരശൂന്യമായ പരിഷ്കാരഭ്രമമുള്ള ഒരു സമൂഹത്തിന്റെ അജ്ഞത മുതലെടുത്തു് നടത്തുന്ന ഇത്തരം പേക്കൂത്തുകള്‍ ന്യായീകരിക്കാന്‍ നടക്കുക എന്ന പണി പാര്‍ട്ടിക്കാരുടെ ബി ടീമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകസംഘടനയുടേതാണു്. ഏതു് പ്രതിലോമാശയത്തേയും നിര്‍ല്ലജ്ജം പിന്തുണച്ചും ന്യായീകരിച്ചും കാലയാപനം ചെയ്യുന്ന ഈ സംഘങ്ങള്‍ കടുത്ത സാമൂഹികവിപത്താണെന്നു് പറയാതിരിക്കാനാവില്ല. സ്വകാര്യസ്ഥാപനങ്ങളില്‍ കൈക്കൂലികൊടുത്തു് ജോലിവാങ്ങിയ ആദര്‍ശധീരന്മാര്‍ മുതല്‍ ശുപാര്‍ശ കൊണ്ടു് യോഗ്യതയുള്ളവരെ മറികടന്നു് ജോലിനേടി സമര്‍ത്ഥരായവരും ചേരുന്ന ഈ ന്യായീകരണസംഘം വാസ്തവത്തില്‍ ഗുണഭോക്തൃസംഘമാണു്. പൊതുജീവിതത്തിലെ ജീര്‍ണ്ണതകള്‍ സ്വന്തം വളര്‍ച്ചയുടെ വളമാക്കി വളര്‍ന്നുപടരുന്ന ഈ ഗുണഭോക്തൃസംഘം പ്രസരിപ്പിക്കുന്ന വിധേയത്വത്തിന്റെ സംസ്കാരമാണു് സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെ കാറ്റില്‍ പറത്തുന്ന ശില്പശാലകള്‍ സാദ്ധ്യമാക്കിയതു്. തനിക്കു് അര്‍ഹമല്ലാത്തതും മറ്റൊരാള്‍ ചെയ്യേണ്ടതുമായ ജോലി നീതിബോധത്തിന്റെ അലോസരമില്ലാതെ ഏറ്റെടുത്തു് ചെയ്യുന്നവര്‍, ലോകം മുടിഞ്ഞാലും സ്വന്തം കാര്യം ഭദ്രമാവണം എന്നു മാത്രം കണക്കാക്കുന്നവര്‍ തന്നെ.

പരിഷ്കാരഭ്രമം മാത്രമല്ല വിദ്യാഭ്യാസത്തെക്കുറിച്ചു് ആഴം കുറഞ്ഞ ധാരണകളുള്ള സമൂഹമാണു് നമ്മുടേതു്. പഠിക്കേണ്ടതു് ഒന്നുകില്‍ മെഡിസിന്‍, അല്ലെങ്കില്‍ എഞ്ചിനീയറിംഗ് എന്ന കാഴ്ചപ്പാടുള്ള സമൂഹമാണിതു്. ഇതൊന്നും കിട്ടിയില്ലെങ്കില്‍ ദന്തവൈദ്യമോ ആയുര്‍വ്വേദമോ കൃഷിശാസ്ത്രമോ മൃഗപരിചരണമോ പഠിക്കാം. പഠനവിഷയത്തോടുള്ള പ്രതിപത്തിയല്ല ഇത്തരം തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. ഏറ്റവും കുറഞ്ഞ അദ്ധ്വാനം കൊണ്ടു് എങ്ങനെ സമ്പന്നനാകാം എന്ന ആലോചനയാണു്. ഭാഷ പഠിക്കുന്നെങ്കില്‍ എന്തിനു് മലയാളം പഠിക്കണം, ഹിന്ദിയോ സിറിയാക്കോ പഠിച്ചാല്‍ എളുപ്പത്തില്‍ മാര്‍ക്കു് കിട്ടും. ഇങ്ങനെ എഴുപ്പവഴിയില്‍ ക്രിയചെയ്യുന്നവരുടെ ലോകബോധമാണു് ജനസാമാന്യം പഠനത്തിന്റെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്നതു്. സ്വാശ്രയമെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്രം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഡോക്ടറായി വന്നാല്‍ പഠനത്തിനു് മുടക്കിയ കാശ് മുതലാക്കാന്‍ സാധാരണനിലയില്‍ കിട്ടാവുന്ന ശമ്പളം വെച്ചു് കണക്കുകൂട്ടിയാല്‍ എത്ര വര്‍ഷം വേണ്ടിവരും? അപ്പോള്‍ പെട്ടെന്നു് കാശുണ്ടാക്കി കടം വീട്ടാന്‍ ചികിത്സയല്ലാത്ത മാര്‍ഗ്ഗം തന്നെ പിന്തുടരേണ്ടിവരും. കൂണുപോലെ മുളച്ചു പൊന്തുന്ന ഹൈടെക്‍ ആശുപത്രികള്‍ പുതിയ ബിസിനസ്സ് മോഡല്‍ തന്നെ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ടു്. ഇത്തരം ഒരു സാഹചര്യം കൂടി ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്റെ പരിഷ്കാരനിര്‍ദ്ദേശത്തിനു് പശ്ചാത്തലമായുണ്ടു്. പ്രായോഗികതയില്‍ ഊന്നിയുള്ള ഒരു വിദ്യാഭ്യാസസമീപനം !!

ഇവിടെ പ്രായോഗികതയെന്നാല്‍ ആശയങ്ങള്‍ക്കും ചിന്തയ്ക്കും സര്‍ഗ്ഗാത്മകതയ്ക്കും സ്ഥാനമില്ലാത്ത എന്തോ ഒന്നാണെന്നു് മനസ്സിലാക്കാന്‍ സഹായിക്കുന്നു ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍. പരമ്പരാഗതമായി നമ്മുടെ സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ബിരുദപാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്ന പാര്‍ട്ട് ഒന്നു്, രണ്ടു് ഭാഷകളുടെ ഉള്ളടക്കത്തില്‍ വരുത്തിയ പരിഷ്കരണത്തെക്കുറിച്ചു് കഴിഞ്ഞ ലക്കത്തിന്റെ മുഖമൊഴിയില്‍ പ്രതിപാദിച്ചിരുന്നുവല്ലോ. നിര്‍ബ്ബന്ധിതഭാഷയായി എല്ലാ വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് പഠിക്കണം, മറ്റൊരു ഭാഷ തെരഞ്ഞടുടത്ത് പഠിക്കാം. അതു് മലയാളമോ ഹിന്ദിയോ തമിഴോ അറബിക്കോ എന്തിനു് സിറിയാക്കോ ആവാം. കേരളത്തിലെ കോളേജുകളില്‍ പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥി മലയാളം പഠിക്കാതെ തന്നെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന നിലയിലുള്ള പഴയ ക്രമീകരണം, അവിടെ തന്നെ രണ്ടാം ഭാഷയായി മാത്രം മലയാളം പരിഗണിക്കപ്പെടുന്ന അവസ്ഥ എന്നിവയെക്കുറിച്ചു് വിലപിക്കുക മലയാളവാരത്തെ ഒരു അനുഷ്ഠാനമായി നാം ഇപ്പോഴും ആചരിച്ചു വരുന്നുണ്ടു്. ഇത്തവണ മലയാളവാരം ഭാഷാകമ്പ്യൂട്ടിംഗ് വാരമായതിനാല്‍ സാംസ്കാരികനായകന്മാരുടെ പതിവു് പരിദേവനത്തിനു് വേദിയില്ലാതെ പോയിട്ടുണ്ടു്. പരിഷ്കരണത്തിന്റെ ഭാഗമായി രണ്ടാം ഭാഷ എന്ന അവസ്ഥയില്‍ നിന്നു് ഒന്നാം ഭാഷയായി മലയാളം ഉയര്‍ത്തപ്പെട്ടില്ല എന്നതോ പോകട്ടെ, മലയാളത്തിന്റെ ഉള്ളടക്കം അപ്പാടെ എടുത്തു കളയുകയും ചെയ്തിരിക്കുന്നു. ഇതു് മലയാളത്തിന്റെ കാര്യത്തില്‍ മാത്രം സംഭവിച്ചതല്ല. ഇംഗ്ലീഷിന്റേയും ഹിന്ദിയുടേയും ഉള്ളടക്കം ഇതുപോലെ തന്നെ അട്ടിമറിക്കപ്പെട്ടു. എന്നാല്‍ അദ്ധ്യാപകര്‍ ആശങ്കപ്പെടേണ്ടതില്ല, ഒരാള്‍ക്കും പണി നഷ്ടപ്പെടില്ല എന്ന ഉറപ്പു് കൗണ്‍സിലിന്റെ ഭാഗത്തു നിന്നും ഉണ്ടായി. അദ്ധ്യാപകര്‍ക്കു് ഇങ്ങനെ തൊഴിലുറപ്പു് പദ്ധതികൂടി ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പരിഷ്കാരമാണു് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെക്കുറിച്ചും സാഹിത്യ അക്കാദമിയെക്കുറിച്ചും ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നതു്.

ഭാഷ എന്നാല്‍ ആശയവിനിമയത്തിന്റെ ഉപാധിമാത്രമാണു് എന്ന കാഴ്ചപ്പാടിലേക്കുള്ള പറിച്ചു നടലാണു് പുതിയ പരിഷ്കാരത്തിന്റെ കാതല്‍. നേരത്തെ സാഹിത്യകൃതികള്‍ പഠിപ്പിക്കുന്നതിലൂടെ ഒരു ഭാഷാസമൂഹത്തിന്റെ ആശയരൂപീകരണചരിത്രവും സര്‍ഗ്ഗാത്മകജീവിതവും സര്‍വ്വകലാശാലാ പാഠ്യപദ്ധതികള്‍ കൈകാര്യം ചെയ്തിരുന്നു. പൊടുന്നനവേ അതെല്ലാം അപ്രസക്തമാകത്തക്കവണ്ണം എന്താണു് ഇവിടെ സംഭവിച്ചതു്? നമ്മുടെ സര്‍വ്വകലാശാലകളെല്ലാം കേരളത്തിന്റെ ഭാഷ, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുക എന്ന പ്രഖ്യാപിതലക്ഷ്യവുമായി സ്ഥാപിക്കപ്പെട്ടവയാണു്. കാര്‍ഷികസര്‍വ്വകലാശാലയും സാങ്കേതികസര്‍വ്വകലാശാലയും മാത്രമാണു് ഇതിനു് അപവാദം. പ്രഖ്യാപിതലക്ഷ്യം നേടുന്നതിനായി ഈ സ്ഥാപനങ്ങള്‍ എന്തു പ്രവത്തനം നടത്തിയെന്നതു് അന്വേഷിക്കേണ്ടതാണു്. ആ ലക്ഷ്യം അതിന്റെ പാരമ്യത്തില്‍ സര്‍വ്വകലാശാലകള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞുവെന്നതിനാലായിരിക്കുമോ ഇപ്പോള്‍ ഈ ചുവടുമാറ്റം? ഭാഷാപോഷണം എന്ന ഏകലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടതാണു് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഭാഷയും സാഹിത്യവുമാണു് കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനമണ്ഡലം. ഒരു പക്ഷേ ഈ സ്ഥാപനങ്ങളെല്ലാം ഇക്കഴിഞ്ഞ കാലയളവില്‍ ലക്ഷ്യപൂര്‍ത്തിയിലെത്തിയിരിക്കുമോ? കേരളത്തിലും പുറത്തും ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്ന മലയാളികള്‍ പക്ഷെ ഇക്കാര്യം അറിഞ്ഞിട്ടില്ല. സ്വന്തം ലക്ഷ്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞതിനാലായിരിക്കണം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സാഹിത്യഅക്കാദമി ചെയ്തു പോന്ന അവാര്‍ഡ് ദാനം അനുകരിച്ചു തുടങ്ങിയിട്ടുണ്ടു്. ഇനി ഇവിടെ വേണ്ടതു് അവാര്‍ഡ് കിട്ടാത്തവര്‍ക്കെല്ലാം അവാര്‍ഡ് നല്കുക എന്നതായിരിക്കും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുതിയ കാര്യപരിപാടി.

സര്‍ക്കാര്‍ നിയമിച്ച ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ഭാഷ, സാഹിത്യം എന്നിവയെക്കുറിച്ചുള്ള നയം രൂപീകരിക്കുന്നതില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും സാഹിത്യ അക്കാദമിയുടേയും അഭിപ്രായം ആരായുകയോ അവരുമായി ആശയവിനമയം നടത്തുകയോ ചെയ്യേണ്ടതാണു്. ഇവയെല്ലാം സര്‍ക്കാര്‍ നയം നടപ്പിലാക്കാനുള്ള സംവിധാനം എന്ന നിലയില്‍ പരസ്പരവിരുദ്ധമായ നയപരിപാടികള്‍ നടപ്പിലാക്കുന്നതു് ഉചിതമല്ല. അതിനാല്‍ ഞങ്ങള്‍ കരുതുന്നതു് സാഹിത്യം, ചിന്ത, ആശയരൂപീകരണം എന്നിവയെല്ലാം അപ്രസക്തമായിക്കഴിഞ്ഞു എന്ന നിലപാടും അതിന്റെ അടിസ്ഥാനത്തിലുള്ള നയപരിപാടികളുമാണു് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ളതു് എന്നാണു്. അല്ലെങ്കില്‍ ഇതിനകം പൊതുചര്‍ച്ചയില്‍ വന്നു കഴിഞ്ഞ ഈ പ്രശ്നങ്ങളില്‍ അക്കാദമിയോ ഇന്‍സ്റ്റിറ്റിയൂട്ടോ ഒരു അഭിപ്രായം പറയുകയെങ്കിലും ചെയ്യുമായിരുന്നല്ലോ? ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്റെ നിലപാടുകളോടു് ഈ സ്ഥാപനങ്ങള്‍ യോജിക്കുന്നുവെന്നാണെങ്കില്‍ ഇനിയെന്താണു് ഇവയുടെ പ്രസക്തി? എന്തിനാണു് ഇനി ഈ സ്ഥാപനങ്ങള്‍? അവയെല്ലാം എത്രയും വേഗം അടച്ചു പൂട്ടുക തന്നെ വേണം.

2 comments:

Melethil said...

Brilliant writing, this kind of articles are the reason why I read Malayalam Blogs which is otherwise full of trash(read blogs of various religious/fundamental outfits)..

chithrakaran:ചിത്രകാരന്‍ said...

ഛയ്...അടച്ചുപൂട്ടുകയോ ?....
നിലവിലുള്ള പിന്നോട്ടു നടക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ
ഊന്നു വടികളാണ് സര്‍ക്കാര്‍ അക്കാദമികളും,ഇന്‍സ്റ്റിറ്റ്യൂട്ടുകളും,
നിലവിലുള്ള കലാ-സാംസ്ക്കാരിക പരിവാരങ്ങളും.
പിന്നോട്ടുള്ള യാത്രയില്‍ അവ
സ്തുത്യര്‍ഹമായവിധം തങ്ങളുടെ ധര്‍മ്മം നിറവേറ്റുന്നുണ്ട്.
അതുകൊണ്ടുതന്നെ അവ അടപ്പിക്കാന്‍ ശ്രമിക്കുന്നത് നായയുടെ വാലിന്റെ വളവു തീര്‍ക്കാനുള്ള അദ്ധ്വാനം പോലെ ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുന്നതും,തലമുറകള്‍ നീണ്ടു നില്‍ക്കുന്നതുമായ മഹനീയ പ്രവര്‍ത്തനമാണ്.
പക്ഷേ,നോ ഗുണം !

സത്യത്തില്‍ വേണ്ടത്, തനിമയുള്ള പുതിയൊരു രാഷ്ട്രീയ ബോധത്തിന്റെ ആശയപ്രതലത്തിന്റെ നിര്‍മ്മാണമാണ്.കൂടുതല്‍ ആളൊന്നും വേണ്ട, അഞ്ചോ,പത്തോ പേര്‍ ധാരാളം.
മലയാള തനിമയുള്ള ആ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വായുമണ്ഡലമായി പൂര്‍ണ്ണമായും പുതിയതായ ഒരു സാംസ്ക്കാരികതകൂടി വിഭാവനം ചെയ്യേണ്ടിയിരിക്കുന്നു. കാരണം, വ്യത്യസ്തമായ സാംസ്കാരികത ഇല്ലെങ്കില്‍ പിന്നോട്ടു നടന്നുകൊണ്ടിരിക്കുന്ന നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയിലേക്കുള്ള
ഒരു പോഷക നദിമാത്രമായി (പുരോഗമന പ്രസ്ഥാനങ്ങള്‍ ഇല്ലാതായതുപോലെ)തനതു രാഷ്ട്രീയവും ബാല്യത്തിലെ മരിച്ചുപോകും.

നമുക്കു വേണം ഒരു മലയാളിരാഷ്ട്രീയ ബോധം.
അതില്ലാതെ മുകളില്‍ പണിയുന്ന സാംസ്കാരികതയെല്ലാം
വായുവില്‍ നിര്‍മ്മിക്കുന്ന ആകാശകൊട്ടാരങ്ങളാകും. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വടകരയില്‍ നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയുടെ സംഘാടകര്‍ക്കിടയില്‍ ഉയര്‍ന്നുവരണമെന്ന് ആഗ്രഹമുണ്ട്. ശില്‍പ്പശാലയില്‍ സഹകരിക്കുന്നതിനായി കടത്തനാടനുമായി ബന്ധപ്പെടുമല്ലോ.
എംബെഡഡ് ആയ കമന്റ് ബോക്സ് കമന്റുകളെഴുതുന്നത് ആയാസകരമായ ജോലിയാക്കുന്നുണ്ട്. മാറ്റുന്നത് നന്നായിരിക്കും.