Tuesday, April 14, 2009

വേണ്ടതു് ജാഗ്രത- കൈവിലങ്ങുകള്‍ മാത്രമല്ലല്ലോ നഷ്ടപ്പെടാന്‍

2009 ഏപ്രില്‍ 7 ജാഗ്രതാദിനമായി പ്രഖ്യാപിച്ചുകൊണ്ടു് ഹയര്‍സെക്കണ്ടറി അദ്ധ്യാപകസംഘടനകള്‍ സംയുക്തമായി ഇറക്കിയ നോട്ടീസു് 

ഫെഡറേഷന്‍ ഒഫ് ഹയര്‍സെക്കന്ററി ആന്‍റു് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ടീച്ചേഴ്‌സ് അസ്സോസിയേഷന്‍(F.H.S.T.A.)
വേണ്ടതു് ജാഗ്രത- കൈവിലങ്ങുകള്‍ മാത്രമല്ലല്ലോ നഷ്ടപ്പെടാന്‍
ഏപ്രില്‍ 7 - ജാഗ്രതാദിനം


അദ്ധ്യാപകസുഹൃത്തേ,

അറിഞ്ഞില്ലേ, പുതിയ തീരുമാനങ്ങളൊക്കെ. പന്ത്രണ്ടാം ക്ലാസു് കഴിഞ്ഞിറങ്ങുമ്പോഴേക്കും ഓരോ കുട്ടിയും ഒരു തൊഴില്‍ പഠിച്ചിരിക്കണമത്രെ. ``പണിശാലകള്‍ക്കും വയലേലകള്‍ക്കും ആവശ്യമായ തൊഴിലാളികളിപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന അവസ്ഥയാണിവിടെ. കുറെ പഠിച്ചുപോയി എന്ന കാരണം പറഞ്ഞു് നമ്മുടെ കുട്ടികള്‍ തൊഴിലിനൊന്നും പോകുന്നില്ല. മുഴുവന്‍ കുട്ടികളെയും
തൊഴില്‍ പഠിപ്പിച്ചാല്‍ ഈ പ്രശ്‌നം തീരും''. `കേരളപഠന'ത്തിലൂടെ ശാസ്ത്രസാഹിത്യപരിഷത്തും `കേരളപാഠ്യപദ്ധതി ചട്ടക്കൂടി'ലൂടെ വിദ്യാഭ്യാസവിചക്ഷണരും പ്രഖ്യാപിച്ചപ്പോഴേക്കും നമ്മള്‍ക്കു് തോന്നിത്തുടങ്ങിയോ ഇതൊക്കെ ശരിയാണെന്നു്. വരട്ടെ, ജാഗ്രതയോടെ ആലോചിചച്ചിട്ടാവാമല്ലോ തീരുമാനങ്ങള്‍.

ആര്‍ക്കൊക്കെ, എങ്ങനെയൊക്കെയാവും തൊഴില്‍ പരിശീലനം. നാട്ടുമ്പുറത്തെ കുട്ടികള്‍ നാടന്‍പണിയും കടപ്പുറത്തെ കുട്ടികള്‍ കടലിലെ പണികളും തന്നെയാവുമോ പഠിക്കുക. കംപ്യൂട്ടറും സാങ്കേതികവിദ്യകളുമൊക്കെ നഗരത്തിലെ കുട്ടികള്‍തന്നെ പഠിച്ചോട്ടെ എന്നാണോ. ഉള്‍നാട്ടിലെ ചായക്കടയില്‍ ചെന്നു് ഹോട്ടല്‍ മാനേജ്‌മെന്റില്‍ വൈദഗ്ദ്ധ്യം നേടുമോ നാട്ടുമ്പുറത്തുകാരന്റെ
കുഞ്ഞുപൈതങ്ങള്‍. കുലത്തൊഴിലുകള്‍ക്കപ്പുറത്തേക്കു് പോകുന്നവനെ അങ്ങനെ കയറൂരി വിടുന്നതു് ശരിയാണോ. പഴയ അടിസ്ഥാനവര്‍ഗ്ഗക്കാരൊക്കെ നാലക്ഷരം പഠിച്ചു് നാടുവിട്ടാല്‍ നാടന്‍പണിക്കു് മാത്രമല്ല, കൊടിപിടിച്ചു് ജാഥ നയിക്കാനും നാളെ ആരാണുണ്ടാവുക?

ഭാഷാപഠനമെന്നും പറഞ്ഞു് എത്ര സമയമാണുു് കുട്ടികള്‍ നഷ്ടപ്പെടുത്തുന്നതു്. ഈ സമയത്തു് നമുക്കവരെ തൊഴില്‍ പഠിപ്പിച്ചുകൂടേ. കല്ലുവെട്ടുന്നവനും കൈക്കോട്ടെടുക്കുന്നവനും എന്തിനാണു് ഷേക്‌സ്പിയറും എഴുത്തച്ഛനും. ഡോക്ടറും എഞ്ചിനീയറുമാവാനുള്ളവന്‍ തുളസീദാസിനെയും ഇഖ്ബാലിനെയും പഠിച്ചു് നേരം കളയണോ. അറബിയും സംസ്കൃതവും പഠിക്കേണ്ടവര്‍ക്കു് മദ്രസയിലും
വേദപാഠശാലയിലും പൊയ്ക്കൂടേ.

ബയോളജിയും മാത്തമാറ്റിക്‌സും ഒന്നിച്ചു പഠിക്കുന്നതെന്തിനാണു്? ബയോളജിയില്‍ത്തന്നെ സസ്യങ്ങളുടെ ജീവിതം പഠക്കാന്‍ വേറെയും ജന്തുക്കളുടെ ജീവിതം പഠിക്കാന്‍ വേറെയും സമയം കളയണോ? ഒരേ കാര്യം പഠിപ്പിക്കാന്‍ രണ്ടു മാഷന്മാരെ വെച്ചു് കാശു് തുലയ്ക്കണോ. ജോഗ്രഫി പഠിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്കു് പോരേ ഇക്കണോമിക്‌സു്.. സാമൂഹ്യശാസ്ത്രവും രാഷ്ട്രതന്ത്രശാസ്ത്രവും
ഒരേ കുട്ടി പഠിച്ചാല്‍ ചൊറി പിടിക്കില്ലേ?

സംസ്ഥാനം പരീക്ഷാച്ചൂടിലും ഇലക്ഷന്‍ ചൂടിലും എരിപിരികൊള്ളുമ്പോള്‍ ഇതൊക്കെയായിരുന്നു തിരുവനന്തപുരത്തെ R.T.T.C.യില്‍ ചര്‍ച്ച, മാര്‍ച്ചു് 13, 14, 15 തീയതികളില്‍. സംസ്ഥാനത്തിനകത്തെയും പുറത്തെയും വമ്പന്മാരുണ്ടായിരുന്നു ചര്‍ച്ചയില്‍. ഹയര്‍സെക്കന്ററി കരിക്കുലമാറ്റത്തിന്റെ അടിയന്തിരശില്പശാലയായിരുന്നു വേദി.

എതിരുപറഞ്ഞവരെയൊന്നും ആസ്ഥാനപണ്ഡിതര്‍ അംഗീകരിച്ചില്ല. പൊതുവിദ്യാഭ്യാസം തൊഴില്‍വല്ക്കരിക്കാനാണു് തീരുമാനം (Vocationalisation of Education). വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയെന്ന `അസംബന്ധം' ഇനിയുണ്ടാകില്ല. CBSE സിലബസും NCERT പാഠപുസ്തകവുമൊക്കെ ഒരു വര്‍ഷം കൂടിയേ കാണൂ. അടുത്ത വര്‍ഷത്തേക്കു് നമ്മള്‍തന്നെ അതൊക്കെ പണിയും. പത്താംക്ലാസ്സുവരെ പണിഞ്ഞതിലൂടെ നൂറുശതമാനം വിജയവും അതിനൊത്ത
നിലവാരവുമായിട്ടുണ്ടു്. എന്നിട്ടും പ്ലസു് വണ്ണും പ്ലസു് ടൂവും കുട്ടകിള്‍ക്കത്ര ദഹിക്കുന്നില്ല. ആ കുഴപ്പം തീര്‍ക്കണം.

അഞ്ചപത്തുകൊല്ലം മുമ്പു് തുടങ്ങിയ പൊളിച്ചടുക്കിക്കലിലൂടെ ഗുട്ടന്‍സു് വേണ്ടത്ര പിടികിട്ടാതെ പോയവരിപ്പോള്‍ തെക്കുവടക്കോടുന്നുണ്ടു്. ചിലര്‍ക്കു് പ്രൊട്ടക്ഷനുണ്ടെങ്കില്‍ ചിലര്‍ക്കതുമില്ല. പൊതുവിദ്യാഭ്യാസം `ശക്തിപ്പെടുത്താ'ന്‍ നേതൃത്വം നല്കിയ `പൊതു'സംഘടനക്കാര്‍ സമ്മതിച്ചുതരില്ലെങ്കിലും `പൊതു'സ്ക്കൂളിലെത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൊല്ലംതോറും
കുറഞ്ഞുവരുന്നത്രെ. പാട്ടും കളിയും ആയിട്ടും, പഠനം പാല്പായസമാക്കിയിട്ടും കുട്ടികള്‍ വരുന്നില്ല.

കുട്ടികളധികം വരാതിരിക്കാനാണീ ബുദ്ധി കളിച്ചതെന്നു് പാവം സംഘടനക്കാര്‍ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലെന്നു് കരുതാനും വിഷമം. ഇനിയെങ്കിലും ഒരു കാര്യം അംഗീകരിക്കുന്നതല്ലേ സഖാക്കളേ നമുക്കു് നല്ലതു്. തൊഴിലു് പഠിപ്പിച്ചാലോ, ഉച്ചഭക്ഷണം കൊടുത്താലോ കുട്ടികള്‍ വരാന്‍ പോകുന്നില്ല. ജനവിശ്വാസം നഷ്ടപ്പെട്ട, അവരുടെ താല്പര്യങ്ങളെ ഒട്ടും പരിഗണിക്കാത്ത ഒരു
പാഠ്യപദ്ധതിയുമായി അധികമൊന്നും ഇനി ഓടാനാവില്ല. പട്ടിണി കിടന്നിട്ടാണെങ്കിലും കുട്ടികള്‍ക്കുള്ള സ്ക്കൂള്‍ഫീസു് കണ്ടെത്തി നാലക്ഷരം പഠിപ്പിക്കുന്നിടത്തേക്കു് നാട്ടുകാര്‍ കുട്ടികളെ പറഞ്ഞുവിടും. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഇവ കൂടി ആളില്ലാക്കളമാാക്കാനാണു് നീക്കമെങ്കില്‍ ഇതോടെ അതും നടക്കും. പൊതുവിദ്യാഭ്യാസമെന്ന കപ്പല്‍ വൈകാതെതന്നെ
പൂര്‍ണ്ണമായും മുങ്ങും.

മുക്കാന്‍ വരുന്നവര്‍ക്കുനേരെ പൊരുതാനുള്ള ദിവസങ്ങളാണിനി മുമ്പിലുള്ളതു്. ഏപ്രില്‍ 7-ാം തീയതിയിലെ ജാഗ്രതാദിനാചരണത്തോടെ നമ്മള്‍ പോരാട്ടം തുടങ്ങുകയാണു്. നമ്മുടെയൊക്കെ തൊഴിലിനു് ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെ മാത്രമല്ല, ഒരു സംസ്ഥാനത്തിന്റെതന്നെ ഭാവി പണയംവെച്ചു് പന്താടുന്നവര്‍ക്കെതിരെയാണു് നമ്മുടെ പോരാട്ടം. ദന്തഗോപുരവാസികളായ ബുദ്ധിജീവികള്‍ക്കും
രാഷ്ട്രീയതിമിരം ബാധിച്ച സംഘടനാനേതാക്കക്കള്‍ക്കുമെതിരെ ഹയര്‍സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ കൊളുത്തുന്ന പ്രതിഷേധാഗ്നിയാണിതു്. സ്വീകരിച്ചു് പ്രോജ്ജ്വലിപ്പിച്ചാലും.

അഭിവാദനങ്ങളോടെ,
ഡോ: നെടുമ്പന അനില്‍ (A.H.S.TA.), പി. വേണുഗോപാല്‍ (H.S.S.T.A), ഷാജി പാരിപ്പള്ളി (N.V.L.A.), ജോഷി ആന്റണി (K.A.H.S.T.A.), എന്‍. എ. സേവ്യര്‍ (K.P.H.S.T.A.), മുഹമ്മദു് അലി വിളക്കോട്ടൂര്‍ (K.H.S.T..U.), പരവൂര്‍ സജീബു് (A.K.V.H.S.S.A.).
തിരുവനന്തപുരം 
27-3-2009

No comments: