Sunday, June 21, 2009

കുറിഞ്ഞിയില്‍ ഡോ.സോമനാഥന്റെ ലേഖനത്തിനു് വന്ന പ്രതികരണത്തിനു് മറുപടി

തര്‍ജ്ജനി ലേഖനത്തിന് കുറിഞ്ഞി എന്ന ബ്ലോഗില്‍ വന്ന പ്രതികരണത്തിനു് മറുപടി

പ്രേമന്‍മാഷുടെ പ്രതികരണം നന്നായി. അദ്ദേഹം ഇടതുപക്ഷക്കാരനാണു് എന്നു വ്യക്തമായല്ലോ. ബ്രിട്ടീഷ് പാര്‍ലമെന്റിലെ സീറ്റുകളുടെ വിന്യാസമനുസരിച്ചാണു് ഇടതുപക്ഷമെന്ന പേരുവന്നതെന്നു് കേട്ടിട്ടുണ്ടു്. കേരളത്തിലെ ഇടതുപക്ഷം ഇടതുകമ്മ്യൂണിസ്റ്റും വലതുകമ്മ്യൂണിസ്റ്റും ഒന്നിച്ചിരിക്കുന്ന സ്ഥലമാണു്. പിന്നെയുള്ളതു് ജനതാദള്‍, കേരളകോണ്‍ഗ്രസ് എന്നൊക്കെ പറയുന്നവര്‍. ഇതില്‍ ഏതില്‍ പെടുന്നവര്‍ക്കും ഇടതുപക്ഷമെന്നു് അഭിമാനിക്കാം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണികളെ അവരവര്‍ നല്കുന്ന പേരില്‍ വ്യവഹരിക്കാം. പക്ഷെ കേരളസര്‍ക്കാറിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍/യു.ഡി.എഫ് സര്‍ക്കാര്‍ എന്നു വിളിക്കുന്നതില്‍ ജനാധിപത്യവിരുദ്ധതയുണ്ടു്. ആശയലോകത്തെ സംബന്ധിക്കുന്ന ഒരു പദമായാണു് ഇടതുപക്ഷം എന്നതു് ഉപയോഗിക്കുന്നതെങ്കില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ തന്നെയാണു് പ്രധാനം. ആഗോളവല്ക്കരണത്തിന്റെ അജന്‍ഡകളെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതു് ഇടതുമുന്നണി നേതൃത്വം നല്കുന്ന സര്‍ക്കാറാവുമ്പോള്‍ അതെല്ലാം ഇടതുപക്ഷമാണെന്നും അതു് ആഗോളവല്ക്കരണവിരുദ്ധമായ പ്രതിരോധമാണെന്നും വിശ്വസിക്കാന്‍ പ്രേമനു് സ്വാതന്ത്ര്യമുണ്ടു്. പക്ഷെ അതുകൊണ്ടു് വസ്തുതകള്‍ മാറുകയില്ലെന്നു മാത്രം. ഇങ്ങനെ വേഷപ്രച്ഛന്നമായി നടപ്പിലാവുന്ന ഇടനിലക്കാരുടെ ആഗോളവല്ക്കരണത്തെക്കാള്‍ നല്ലതു് സാമ്രാജ്യത്വം നേരിട്ട് നടപ്പിലാക്കുന്ന ആഗോളവല്ക്കരണമാണു്. ഒന്നുമില്ലെങ്കില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം ആഗോളവല്ക്കരണമെന്നു് ഉദ്‌ഘോഷിക്കുന്ന ഇടനിലക്കാര്‍ ഒഴിവായിക്കിട്ടുമല്ലോ.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വിദ്യാഭ്യാസം വളരെ മികച്ചതാണെന്നു് പ്രേമന്‍മാഷ് കരുതുന്നതില്‍ കുറ്റപ്പെടുത്താനാവില്ല. കാരണം അതിന്റെ തലപ്പത്താണു് അദ്ദേഹമിരിക്കുന്നതു്. അതു പരിപൂര്‍ണ്ണമായും ശരിയാണെന്നു് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാളെങ്കിലും ആ പദ്ധതിയില്‍ ഉണ്ടെന്നു് അറിയുന്നതുതന്നെ സന്തോഷം. പ്രേമന്‍ അക്കമിട്ടു പറയുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ തെറ്റാണെന്നു് ആരെങ്കിലും പറയുമോ. (തെരഞ്ഞടുപ്പു പത്രികയില്‍ ആരെങ്കിലും മോശമായ കാര്യങ്ങള്‍ എഴുന്നള്ളിക്കുമോ) പക്ഷെ `ശാന്ത' പ്രാഥമികമായും ജലദൗര്‍ലഭ്യതയെക്കുറിച്ചുള്ള ഒരു കവിതയാണു് എന്ന വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടു്. അതോടൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി ആ കവിതയില്‍ സൂചിതമായിട്ടുണ്ടു് എന്ന ഔദാര്യമാണോ ആ കവിത അര്‍ഹിക്കുന്നതു്. അതിന്റെ അദ്ധ്യാപകസഹായി എന്തൊക്കെ പറഞ്ഞാലും ഈ നിലപാടിനെ മറികടക്കാനാവില്ല. മാത്രമല്ല ഉദ്ദേശ്യം എന്തുതന്നെ ആയാലും അതു് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു് മലയാളം ഒന്നാം പേപ്പറിലല്ല, രണ്ടാം പേപ്പറിലാണു് എന്ന വസ്തുത ശ്രദ്ധിക്കേണ്ടതാണു്. പണ്ടു് നോണ്‍ ഡീറ്റെയില്‍ എന്നു വിളിച്ച, വിശദപഠനം ആവശ്യമില്ലാത്ത ഒരു പുസ്തകത്തിലാണു് അതുള്ളതു്. സംസ്കൃതവും അറബിയും ഉറുദുവും മറ്റും ഒന്നാം പേപ്പറായി പഠിക്കുന്നവരടക്കം പഠിക്കേണ്ടതാണതു്. ആഴ്ചയില്‍ രണ്ടു പിരിയഡ് മാത്രമാണു് അതിനു് അനുവദിക്കപ്പെട്ടതു്. എന്നിട്ടും ഇത്രയും വിശദാംശത്തോടെ ആ പാഠപുസ്കത്തിലെ മുഴുവന്‍ ഭാഗവും ക്ലാസ്സില്‍ പരിഗണിക്കപ്പെടും എന്നാണു വാദിക്കുന്നതെങ്കില്‍ ഒന്നാം പേപ്പറിലെ പാഠങ്ങളുടെ സ്ഥിതി എന്താവും എന്നു് ഊഹിക്കാന്‍ പറ്റുന്നില്ല.

പ്രേമന്‍ മാഷ് വിചാരിക്കുന്നപോലെ കേരളത്തിലെ എല്ലാ സി.ബി.എസ്.ഇ- അണ്‍എയിഡഡ്‌സ്ക്കൂളുകളും ഉന്നതനിലവാരം പുലര്‍ത്തുന്നു എന്ന തെറ്റിദ്ധാരണയിലല്ല രക്ഷിതാക്കളില്‍ പലരും തങ്ങളുടെ കുട്ടികളെ അവിടേക്കയക്കുന്നതു്. പലതും നിലവാരം കുറഞ്ഞവതന്നെയാണെന്നു് രക്ഷിതാക്കള്‍ക്കറിയാം. പക്ഷെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ചും അവര്‍ക്കു ചില ധാരണകളുണ്ടു് എന്നതാണു് പ്രശ്‌നം. പക്ഷെ കേരളത്തിലെ ചില എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ പൊതുവിദ്യാലയത്തിലെ കുട്ടികളെക്കാള്‍ പത്തു ശതമാനംവരെ മാര്‍ക്കു കുറഞ്ഞാലും സി.ബി.എസ്.ഇ.യിലെ കുട്ടികളാണു് മികച്ചവര്‍ എന്നു് അവരുടെ പ്രവേശനത്തിനുള്ള നിബന്ധനയില്‍ വെളിവാക്കുന്നു. കഴിഞ്ഞദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു എഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറും ഇതേ കാര്യ അസന്നിഗ്ദ്ധമായി വെളിപ്പെടുത്തി. ഇതിനൊക്കെ പുറമെ, ചില ജില്ലകളിലെ വിദ്യാഭ്യാലപിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇരുപതോളം അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ അനുമതി നല്കിക്കൊണ്ടു് ഉത്തരവിറക്കുകയാണു് സ്വാശ്രയവിരുദ്ധ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം കൈക്കൊണ്ട നടപടി. ആര്‍ക്കാണു് മാഷേ പൊതുവിദ്യാലയത്തില്‍ വിശ്വാസം?

കാര്യങ്ങളെ സൂക്ഷ്മമായി പഠിച്ചും വിശകലനം ചെയ്തും പൂച്ചു പുറത്താകാതെ സത്യങ്ങള്‍ വിളിച്ചു പറയുന്നതിന്റെ രീതി പ്രേമന്‍ മാഷ് കാണിച്ചുതരുന്നതു നോക്കുക. ``....അടിച്ചിട്ടായാലും കാണാപ്പാടം പഠിച്ചിരുന്നു പണ്ടു്. അവിടെ തെറ്റുകള്‍ വരാന്‍ സാദ്ധ്യത കുറവു്. അദ്ധ്യാപകന്‍ എഴുതിക്കൊടുക്കുന്നതു് കുട്ടി പരീക്ഷക്കടലാസ്സില്‍ പകര്‍ത്തുന്നു. ഇന്നു് ഒരു പുതിയ സാഹചര്യമാണു് ഓരോ ചോദ്യവും കുട്ടിയുടെ മുന്നില്‍ ഉയര്‍ത്തുന്നതു്. താന്‍ മനസ്സിലാക്കിയ ആശയങ്ങള്‍/സ്വായത്തമാക്കിയ ശേഷികള്‍ പ്രയോഗിക്കുന്നതിനാണു് ഊന്നല്‍. രചനകള്‍ സ്വതന്ത്രമായി അപ്പോള്‍ ജനിക്കുന്നവയാണു്. അതിനല്‍ നേരത്തേതിനെക്കാള്‍ കൂടുതല്‍ അക്ഷരത്തെറ്റുകള്‍ സ്വാഭാവികം'' വിചിത്രംതന്നെ ഈ നിരീക്ഷണം. ഉള്ളില്‍നിന്നു് സ്വയംരൂപപ്പെട്ടുവരുന്ന ഭാഷാപ്രയോഗങ്ങളാണു് മനപ്പാഠമാക്കി പുനരുല്പാദിപ്പിക്കുന്ന ഭാഷാപ്രയോഗങ്ങളെക്കാള്‍ സ്വാഭാവികവും എളുപ്പവും പിഴവുകള്‍ കുറഞ്ഞതും എന്നാണു് ഇതുവരെ കേട്ടിട്ടുള്ളതു്. മനപ്പാഠരീതി യാന്ത്രികമാണെന്നു് സ്ഥാനത്തും അസ്ഥാനത്തും പറയുന്ന പുതിയപാഠ്യപദ്ധതിയുടെ ആധികാരികവക്താവായ പ്രേമന്‍ മാഷ് വാദിച്ചുവാദിച്ചു് മനപ്പാഠരീതിയാണു് പിഴവുകുറഞ്ഞ എഴുത്തിനു് നല്ലതു് എന്നുവരെ പറഞ്ഞുകളഞ്ഞു. ഈ വാദപ്രകാരം കുറ്റമറ്റ ഭാഷാപ്രയോഗത്തിനു് മനപ്പാഠരീതി ആവിഷ്ക്കരിക്കണം എന്നല്ലേ സിദ്ധിക്കുക. അതിനു് അടിച്ചേ തീരൂ എന്ന ശാഠ്യം ഒഴിവാക്കുന്നതു് നന്നു് എന്നൊരു മാനഷികമുഖം നല്കിയെന്നു മാത്രം.

പഠനത്തിന്റെ യാന്ത്രികരീതി പുതിയപദ്ധതിയില്‍നിന്നു് തുടച്ചുമാറ്റി എന്നൊക്കെ ഊറ്റം കൊള്ളുന്നതു നല്ലതുതന്നെ. അതിന്റെ സ്വഭാവം വ്യക്തമാകാന്‍ സ്ക്കൂള്‍ വിടുന്ന നേരത്തു് ചില ബുക്ക്സ്റ്റാളുകളിലെ തിരക്കു നോക്കിയാല്‍ മതി. അധികവും അദ്ധ്യാപകരാണു് അവിടെ എത്തുന്നതു്. ` ഒരു സ്വാതന്ത്ര്യസമരനേതാക്കള്‍, ഒരു പച്ചക്കറികള്‍, ഒരു മൃഗങ്ങള്‍, ഒരു കവികള്‍' എന്നെല്ലാം അവര്‍ തിരക്കുകൂട്ടും. കുട്ടികളുടെ ശേഖരണത്തിനു് ചിത്രങ്ങള്‍ വാങ്ങി വീട്ടിലെത്താനുള്ള തത്രപ്പാടിലാണവര്‍. പ്രൊജക്ടുകളും ശേഖരണങ്ങളും എല്ലാം മാര്‍ക്കറ്റില്‍ സുലഭം. ഗൈഡുകളുടെ കഥ പഴയതിനെക്കാള്‍ കൂടുതലായിട്ടേയുള്ളൂ. പ്രേമന്‍ മാഷേ സ്ക്കൂളിനെ മാത്രം ആശ്രയിച്ചു പഠിക്കുന്നവരുടെ തലമുറ അവസാനിച്ചെന്നു തോന്നുന്നു.

``അക്ഷരത്തെറ്റുകള്‍, വ്യാകരണപ്പിശകുകള്‍, ആശയപരമായ പിഴവുകള്‍ എന്നിവ അക്കമിട്ടു നിരത്താന്‍ കുട്ടികളുടെ ഉത്തരക്കടലാസ്സിന്റെ ഫോട്ടോസ്റ്റാറ്റ് തപ്പിനടക്കുന്നവര്‍ക്കു് പ്രളയകാലം വരെ അതിനുള്ള സാദ്ധ്യത ഉണ്ടായിരിക്കുകതന്നന്ന ചെയ്യും.'' തെറ്റുകള്‍ ഉണ്ടാകുന്നുണ്ടു് എന്നദ്ദേഹം അംഗീകരിക്കുന്നു. അതു് എല്ലാ കാലത്തുമുണ്ടാകും എന്നും സമ്മതിക്കുന്നു. പിന്നെ എന്താണു് ഇതില്‍ വിശേഷമായി പറയാനുള്ളതു്? ഇപ്പോള്‍ തെറ്റുകളുടെ ആവൃത്തി വളരെ കൂടതലാണു്. എന്നിട്ടും ഈ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനെക്കുറിച്ചു് നിലവിലുള്ള പദ്ധതി ആലോചിക്കുന്നു പോലുമില്ല എന്നതാണു് ചൂണ്ടിക്കാണിക്കുന്നതു്. അതിനുള്ള ശ്രമം പ്രേമന്‍ മാഷുടെ പ്രതികരണത്തിലും കാണുന്നില്ല. പ്രേമന്‍ മാഷുടെ തുടര്‍ന്നുള്ള ചില പരാമര്‍ശങ്ങള്‍ നോക്കുക. ``കൗടില്യശാസ്ത്രത്തില്‍ അഗ്രഗണ്യരായ ഇവര്‍ക്കു് ശൂലത്തില്‍ കോര്‍ക്കാന്‍ ദലിതരുടെ, ആദിവാസികളുടെ, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ തെറ്റുകള്‍ നിറഞ്ഞ ഉത്തരക്കടലാസ്സുകള്‍ എത്രവേണെങ്കിലും ലഭിക്കും.'' എന്താണു് പ്രേമന്‍ മാഷെ ഇങ്ങനെയൊക്കെ പറയുന്നതു്. ദലിതരും ആദിവാസികളും ദരിദ്രരുമെല്ലാം എഴുതുന്നത്രയും തെറ്റുകളുടെ കൂമ്പാരമാണെന്നോ? സമ്പന്നരും സവര്‍ണ്ണരും എഴുതുന്നത്രയും തെറ്റില്ലാത്ത മലയാളമാണെന്നോ? എന്താവേശത്തിന്റെ പുറത്തായാലും ഇങ്ങനെയെല്ലാം പറയാമോ? ഇതാണോ പ്രേമന്‍ മാഷുടെ ദലിതപ്രേമം? എന്തും പറയാന്‍ അവകാശം വാങ്ങിയിട്ടുള്ള ആളാണെങ്കിലും സവര്‍ണ്ണസമ്പന്നന്മാര്‍ വരുത്തുന്ന പിഴവുകളുടെ ഉത്തരവാദിത്തം മാത്രമേ ഈ വിദ്യാഭ്യാസപദ്ധതി ഏറ്റെടുക്കൂ എന്നൊക്കെ പരസ്യമായി പറയാമോ?

No comments: