Sunday, May 10, 2009

അദ്ധ്യാപകവൃത്തിയുടെ സംരക്ഷണത്തിനും വിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നതിനുമായി ഒരുമിക്കുക

ടീച്ചേഴ്‌സ് യൂണിറ്റി ഫോറം പുറത്തിറക്കിയ ലഘുലേഖ

ഒന്നര ദശാബ്ദമായി കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ലോകബാങ്കില്‍നിന്നും വായ്പ സ്വീകരിച്ചകൊണ്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാനപരിവര്‍ത്തനങ്ങള്‍ അതിന്റെ വിനാശലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയാണിത്. ലോകമെമ്പാടും ജനാധിപത്യാശയങ്ങള്‍ പ്രഭചൊരിഞ്ഞ നാളുകളില്‍ സൃഷ്ടിക്കപ്പെട്ടതും നമ്മുടെ നാട്ടില്‍ ദേശീയപോരാട്ടത്തിലൂടെ വളര്‍ന്നുവികസിച്ചതുമായ നവോത്ഥാനവിദ്യാഭ്യാസപ്രക്രിയ അസ്തമിക്കുകയാണ്. അറിവും സ്വഭാവമഹിമയും ആര്‍ജ്ജിച്ച ഉത്തമനായ മനുഷ്യനെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ആ വിദ്യാഭ്യാസപ്രക്രിയയുടെ ലക്ഷ്യം. മനുഷ്യകേന്ദ്രിതമായ പ്രസ്തുത വിദ്യാഭ്യാസവ്യവസ്ഥയ്ക്കു പകരം വിപണികേന്ദ്രിതമായ `ടെയ്‌ലര്‍ മേഡ്' വിദ്യാഭ്യാസം ആധിപത്യമുറപ്പിച്ചുകഴിഞ്ഞു. വിജ്ഞാനവിരുദ്ധതയാണ് അതിന്റെ മുഖമുദ്ര. വാചാടോപമാണ് അതിന്റെ സവിശേഷത. വിദ്യാവിഹീനതയാണ് അതിന്റെ ലക്ഷ്യം. നിലനിന്നിരുന്നതെല്ലാം വിദ്യാഭ്യാസവിരുദ്ധമായിരുന്നുവെന്ന് അവര്‍ ആക്ഷേപിച്ചു. അദ്ധ്യാപകന്‍, പാഠ്യപദ്ധതി, പാഠപുസ്തകം, പരീക്ഷ, ബോധനം, മൂല്യനിര്‍ണ്ണയം തുടങ്ങിയവയിലെല്ലാം അറുപിന്തിരിപ്പന്‍ സമീപനമാണ് നിലനില്ക്കുന്നതെന്ന് അവര്‍ വാദിച്ചു. സാഹിത്യ- വൈജ്ഞാനിക പ്രബുദ്ധതകൊണ്ട് മലയാളത്തെ ഔന്നിത്യങ്ങളിലെത്തിച്ച, എണ്ണമറ്റ പ്രതിഭകളെ രൂപപ്പെടുത്തിയ, വിഖ്യാതമായ കേരളമുന്നേറ്റത്തെ വാര്‍ത്തെടുത്ത, ദശാബ്ദങ്ങളിലൂടെ വികസിച്ചുവന്ന പാഠ്യപദ്ധതിയെയും പഠന-ബോധന സമ്പ്രദായങ്ങളെയും കഴമ്പുകെട്ടതെന്ന് മുദ്രയടിച്ച് ഒറ്റരാത്രികൊണ്ടവര്‍ കുഴിച്ചുമൂടി.

ചിട്ടയായ ബോധനത്തിന്റെയും വിജ്ഞാനദാനപ്രക്രിയയയുടെയും ശക്തമായ ഉപകരണങ്ങളായിരുന്ന പാഠപുസ്തകങ്ങള്‍ അര്‍ത്ഥശൂന്യമായ വിരസപ്രതിപാദനങ്ങളുടെ വിലക്ഷണരേഖകളായി മാറി. `കുട്ടികളുടേത്' എന്ന പേരില്‍ അരോചകമായ ഒരു ഭാഷയും അവതരിപ്പിച്ചു. സര്‍ഗ്ഗധനതയുടെ സ്പര്‍ശം പോലുമില്ലാത്ത അശിക്ഷിതരുടെ രചനാവൈകൃതങ്ങളെ പാഠപുസ്തകങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. കുട്ടികളുടെ മനസ്സുമായി എന്തുതരം പ്രതിപ്രവര്‍ത്തനമാണ് ഈ പുസ്തകങ്ങള്‍ നടത്തുക?

പരീക്ഷതന്നെ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന സമീപനമാണ് പുതിയ പാഠ്യപദ്ധതിയുടെ മുഖമുദ്ര. അറിവിന്റെ സ്വാംശീകരണമെന്നത് അര്‍ത്ഥപൂര്‍ണ്ണമായ ഓര്‍മ്മശക്തിയും അതിന്റെ പ്രയോഗവുമാണെന്ന വസ്തുത ബോധപൂര്‍വ്വം തള്ളിക്കളഞ്ഞുകൊണ്ട്, ഓര്‍മ്മശക്തി പരീക്ഷിക്കാനേ പാടില്ലെന്ന് ശഠിച്ചുകൊണ്ട്, എഴുന്നള്ളിച്ചിരിക്കുന്ന `പരീക്ഷ' അടിമുടി കഴമ്പുകെട്ട ഒരേര്‍പ്പാടായി മാറിയിരിക്കുന്നു. എന്തെഴുതിയാലും ഉത്തരമാകുന്ന, ഒന്നും എഴുതിയില്ലെങ്കിലും ഉത്തരമാകുന്ന തരത്തിലുള്ള പോസ്റ്റ് മോഡേണ്‍ ചോദ്യങ്ങളാണ് പരീക്ഷയിലുള്ളത്. മൂല്യനിര്‍ണ്ണയമാകട്ടെ പരീക്ഷ ഒരു വ്യര്‍ത്ഥമായ ഏര്‍പ്പാടാണെന്ന് സ്ഥാപിക്കാനുള്ള സമ്പ്രദായമായി മാറ്റപ്പെട്ടുകഴിഞ്ഞു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയിലെ വിജയികളില്‍ അവസാനഗ്രേഡുകള്‍ വാങ്ങിയ 2,30,000 കുട്ടികളില്‍ എത്രപേര്‍ക്ക് എഴുത്തും വായനയും അറിയാം? എത്രപേര്‍ക്ക് ഗണിതത്തിന്റെ അടിസ്ഥാനമുറച്ചിട്ടുണ്ട്? ഡി.ഇ.പി.യുടെ പാഠ്യപദ്ധതി സൃഷ്ടിച്ച ഭീതിജനകമായ നിലവാരത്തകര്‍ച്ച മറച്ചുവെയ്ക്കുന്നതിനായി അവതരിപ്പിച്ചിരിക്കുന്ന മൂല്യനിര്‍ണ്ണയസമ്പ്രദായം ഒരു വലിയ വിഭാഗം കുട്ടികളോടു ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത ചതിയായി മാറിയിരിക്കുന്നു. ഇനിയും ഇതിന് കാഴ്ചക്കാരായിരിക്കാന്‍ നമുക്കു കഴിയുമോ?

അദ്ധ്യാപനത്തിന്റെ നിരുദ്യോഗീകരണം (De- professionalisation of Teaching) 

അദ്ധ്യാപകവൃത്തിയുടെ അസ്തിത്വം - അതിന്റെ സിദ്ധാന്തവും പ്രയോഗവും- ഇത്രമേല്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ഒരു കാലവും ഇതിനുമുമ്പുണ്ടായിട്ടില്ല. വാചികവും അല്ലാത്തതുമായ ബോധനത്തെ നിഷ്കാസനം ചെയ്തുകൊണ്ട് പകരം സ്വയം പഠനമെന്ന സിദ്ധാന്തം അവതരിപ്പിച്ചതുതന്നെ അദ്ധ്യാപകനെ വിദ്യാഭ്യാസപ്രക്രിയയുടെ പടിക്കുപുറത്ത് നിര്‍ത്താനുള്ള കാര്യപരിപാടിയുടെ തുടക്കമായിരുന്നു. അറിവിലേക്കു നയിക്കുന്ന മാര്‍ഗ്ഗദര്‍ശി എന്ന നിലയിലുള്ള അദ്ധ്യാപകന്റെ ആധികാരികമായ പങ്കിനെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ആദ്യം `സഹായി'യെന്നും പിന്നീടു് `സാമൂഹികപ്രവര്‍ത്തക'നെന്നും മുദ്രചാര്‍ത്തി, അദ്ധ്യാപകനില്ലാതെയും നടത്താവുന്ന ഒന്നാണ് വിദ്യാഭ്യാസമെന്നു സ്ഥാപിക്കുകയാണ് പുതിയ പരിഷ്ക്കാരത്തിന്റെ വക്താക്കള്‍. കേവലം `സഹായി'മാത്രമാണു് അദ്ധ്യാപകനെങ്കില്‍ അയാള്‍ക്ക് നിശ്ചിയോഗ്യത വേണമെന്നോ സ്ഥിരമായി നിയമിക്കപ്പെടണമെന്നോ നിര്‍ബ്ബന്ധമില്ലല്ലോ. തൊഴില്‍രംഗത്തെ ഏകപ്രവര്‍ത്തനതത്വമായി ആഗോളവല്ക്കരണം അംഗീകരിച്ചിട്ടുള്ള കരാര്‍വല്ക്കരണം അങ്ങനെ വിദ്യാഭ്യാസരംഗത്തും വ്യാപകമാകുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്ന, അവര്‍ നല്കുന്ന തുച്ഛമായ പ്രതിഫലം കൈപ്പറ്റുന്ന ഒരു കൂലിത്തൊഴിലാളിയായി അദ്ധ്യാപകന്‍ മാറുകയാണ്. `വികേന്ദ്രീകരണ'മെന്നത് ജനക്ഷേമരംഗത്തുനിന്നുള്ള `സ്റ്റേറ്റി'ന്റെ പിന്മാറ്റത്തിനായി ആഗോളവല്ക്കരണം അവതരിപ്പിക്കുന്ന രാഷ്ട്രീയ അജണ്ട മാത്രമാണ്. വിദ്യാഭ്യാസത്തിന്റെ വികേന്ദ്രീകരണം നടപ്പാക്കിയ ചിലി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ പൊതുവിദ്യാഭ്യാസം പൂര്‍ണ്ണമായി തകര്‍ന്നുവെന്നത് നാം കാണാതിരുന്നുകൂടാ. പഞ്ചായത്തിന്റെ ഇടപെടല്‍ പ്രയോഗത്തിലെന്നല്ല, ആശയമെന്ന നിലയില്‍പ്പോലും ഒരു വലിയ ചതിക്കുഴിയായി മാറുന്നത് ഇതിനാലാണ്. കേരളവിദ്യാഭ്യാസച്ചട്ടം പൊളിച്ചെഴുതിയത് വിദ്യാഭ്യാസത്തിന്റെ വികേന്ദ്രീകരണം എന്ന ലക്ഷ്യം നിറവേറ്റാനാണെന്നതാണ് സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസസംവിധാനവും അദ്ധ്യാപകരും നേരിടുന്ന ഏറ്റവും വലിയ വിപത്ത്.

പ്രൗഢഭാഷയുടെ വ്യക്തതയും ഗണിതത്തിന്റെ സൂക്ഷ്മതയും ശാസ്ത്രത്തിന്റെ യുക്തിയും സ്വാംശീകരിച്ച് വളര്‍ന്ന ശിഷ്യസമ്പത്തിന്റെ സ്ഥാനത്ത് എഴുത്തും വായനയും പോലുമറിയാത്ത വി്യദാര്‍ത്ഥികളെ സൃഷ്ടിച്ച്, അവര്‍ക്ക് നിരര്‍ത്ഥകമായ വിജയപതക്കം നല്കി പുറത്തേക്ക് തള്ളുന്ന കാഴ്ച എന്ത് ജോലിസംതൃപ്തിയാണ് നമുക്ക് നല്കുന്നത്? നമ്മുടെ അദ്ധ്വാനം സാമൂഹ്യരംഗത്ത് സൃഷ്ടിപരമായതൊന്നിനും ജന്മം നല്കാതെ വ്യര്‍ത്ഥമായി ഒടുങ്ങുന്നത് നമ്മില്‍ ഏല്പിക്കുന്ന മാനസികാഘാതം എത്രയോ അളവറ്റതാണ്. എങ്കില്‍ ഇനിയും നിശ്ശബ്ദരായിരിക്കാന്‍ നമുക്ക് കഴിയുമോ?

ക്ലാസ് മുറികളില്‍ ദേശസ്നേഹത്തിന്റെ വിത്തുവിതച്ച് സാമൂഹ്യരംഗത്ത് മഹാവൃക്ഷങ്ങളെ വളര്‍ത്തിയ അദ്ധ്യാപകതലമുറ അവസാനിക്കുകയാണ്. കേരളത്തിന്റെ ബലിഷ്ഠമായ മതേതര-സാംസ്ക്കാരിക മനോഘടനയുള്‍പ്പെടെയുള്ള സാമൂഹ്യനന്മകളെ രചനാത്മകമായി കോര്‍ത്തിണക്കിയ അദ്ധ്യാപകസമൂഹം അസ്തമിക്കുകയാണ്. നമ്മുടെ വിഖ്യാതമായ പൊതുവിദ്യാഭ്യാസസംവിധാനം കല്ലിനുമേല്‍ കല്ലുവെച്ച് പടുത്തുയര്‍ത്താന്‍ ത്യാഗപൂര്‍വ്വം പണിയെടുത്ത അദ്ധ്യാപകന്‍ - പൊതിച്ചോര്‍ മോഷണത്തിന്റെ ദുര്‍വ്വിധി രുചിച്ച കാരൂര്‍ക്കഥകളിലെ അദ്ധ്യാപകന്‍ - പൊതുവിദ്യാഭ്യാസത്തോടൊപ്പം അപ്രത്യക്ഷമാവുകയാണ്. പ്രയോജനരഹിതമായ കുറേ പാഠ്യപ്രവര്‍ത്തനങ്ങളുടെ ചുമടുതാങ്ങികളായി, യശസ്സാര്‍ന്ന ഒരു വിദ്യാസൗധത്തിന്റെ തകര്‍ച്ചയുടെ മൂകസാക്ഷികള്‍ മാത്രമായി നമുക്കെത്രകാലം തുടരാനാവും?

അറിവ് നിഷേധിക്കുന്ന ഒരു പാഠ്യപദ്ധതിക്കെതിരെ ഉരിയാടാന്‍ അനുവദിക്കാത്ത തൊഴില്‍സുരക്ഷിതത്വമില്ലായ്മ ഒരുവശത്ത്; തന്നില്‍ വിശ്വാസമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ ഒരു വലിയ തലമുറ തകരുന്നത് കാണേണ്ടിവരുന്നതിന്റെ ധാര്‍മ്മികവേദന മറുവശത്ത്. ഇതിനിടയില്‍പ്പെട്ട് നിസ്സഹായരായി നില്ക്കുകയല്ല അദ്ധ്യാപകര്‍ ചയ്യേണ്ടത്. മാറിമാറി വരുന്ന ഭരണാധികാരികള്‍ വിദ്യാഭ്യാസതാല്പര്യവും ജനതാല്പര്യവും പരിഗണിക്കാതെ ആഗോള ഏജന്‍സികളുടെ ചൊല്പടിക്കുനിന്നുകൊണ്ട് അടിച്ചേല്പിക്കുന്ന വികലവും വിധ്വംസകവുമായ നയനടപടികളെ ജനാധിപത്യപരമായി വിലയിരുത്താനും തിരുത്താനുമുള്ള ധാര്‍മ്മികബാദ്ധ്യത വിദ്യാഭ്യാസരംഗത്ത് മറ്റാരെക്കാളും നമുക്കില്ലേ? അക്കാദമിക് താല്പര്യങ്ങളാല്‍ പ്രചോദിതമായ അത്തരം ചര്‍ച്ചകളും സംവാദങ്ങളുമല്ലേ ഒരു ജനാധിപത്യസമൂഹത്തിന്റെ വിദ്യാഭ്യാസനയങ്ങളും നടപടികളും തിരുത്തുകയും നവീകരിക്കുകയും ചെയ്യേണ്ടത്? കഴിഞ്ഞ ഒരു ദശകത്തിലേറെയായി നമ്മുടെ ക്ലാസ്സ്‌റൂം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത `വാചാടോപങ്ങള്‍' നാമെത്ര സഹിച്ചു? കോഴ്‌സുകളും ക്ലസ്റ്റര്‍ പരിശീലനങ്ങളും മനുഷ്യാദ്ധ്വാനവും പണവും ദുര്‍വ്യയം ചെയ്യുന്ന പൊറാട്ട് നാടകങ്ങളായധഃപതിച്ചിട്ട് വര്‍ഷങ്ങളെത്രയായി?

അറിവും മനോഭാവവും വളര്‍ത്തി ധാരണകള്‍ (concepts) രൂപപ്പെടുത്തുകയും ആ ധാരണകളുടെയടിസ്ഥാനത്തില്‍ ശേഷികള്‍ (competencies) ആര്‍ജ്ജിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നതാണ് ആധുനികവിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രമെന്ന് സംസ്കൃതി മനസ്സിലാക്കിയിട്ട് നൂറ്റാണ്ടുകളായി. എന്നിട്ടും വിജ്ഞാനത്തെയും ധാരണകളെയും പാടേ നിരാകരിക്കുന്ന, വാചികപഠനത്തെയും (verbal learning) വാചികബോധനത്തെയും (verbal teaching) പരിഹസിക്കുന്ന പാഠ്യപദ്ധതിയുടെ അടിസ്ഥാനദര്‍ശനം ചോദ്യം ചെയ്യപ്പെടാത്തതെന്തുകൊണ്ട്? മാറിയ ലോകസാഹചര്യത്തില്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും (content) പ്രദാനവും (delivery) നിര്‍വ്വഹണവും (management) പുനഃക്രമീകരിക്കുകയെന്ന ആഗോള അജണ്ടയുടെ ഭാഗമായി നവലിബറല്‍ ആശയങ്ങള്‍ ഒളിഞ്ഞിരിക്കുന്ന പാഠപുസ്തകങ്ങള്‍, ഭീകരമായ നിലവാരത്തകര്‍ച്ചയുടെ ഈ കാലഘട്ടത്തില്‍പ്പോലും ശരിയായി വിലയിരുത്തപ്പെടാതെ പോകുന്നതെന്തുകൊണ്ട്? ഇവിടെ നാമൊരു ആത്മപരിശോധനയ്ക്ക് വിധേയമായേ പറ്റൂ. സമൂഹം അദ്ധ്യാപകരില്‍നിന്നും പ്രതീക്ഷിക്കുന്ന ജാഗ്രത കാട്ടുവാന്‍ നാം തയ്യാറായേ മതിയാകൂ. വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള ഉറച്ച നിലപാടില്‍നിന്നുകൊണ്ട് പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള തുറന്ന ചര്‍ച്ചയും സ്ഥിരതയാര്‍ന്ന പ്രചാരണവും സംഘടിപ്പിക്കാന്‍ നാം ഒരു വേദിയില്‍ ഒന്നിക്കേണ്ടതുണ്ടു്. നമ്മുടെ അദ്ധ്യാപകസംഘടന ഏതുമാകട്ടെ. നിലനില്ക്കുന്ന സംഘടനകളില്‍ തുടര്‍ന്നുകൊണ്ടുതന്നെ അദ്ധ്യാപകവൃത്തിയുടെ മഹത്വവും അന്തസ്സും വീണ്ടെടുക്കുന്നതിനായുള്ള പ്രചാരണങ്ങളില്‍ നമുക്കൊരുമിക്കാം. വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കവും അക്കാദമികനിലവാരവും പുനഃസ്ഥാപിക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം. അദ്ധ്യാപകര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പെരുപ്പിക്കുകയല്ല ഐക്യത്തിനായുള്ള സ്വാഭാവികഘടകങ്ങള്‍ കണ്ടെത്തിക്കൊണ്ട് നിലകൊള്ളുകയാണ് വേണ്ടതെന്ന് സാഹചര്യം നമ്മോടാവശ്യപ്പെടുന്നു. അത്തരമൊരു പ്രവര്‍ത്തനത്തിനായി കേരളസംസ്ഥാന ജനകീയപ്രതിരോധസമിതിയുടെ മുന്‍കയ്യില്‍ ടീച്ചേഴ്‌സ് യൂണിറ്റി ഫോറം എന്നൊരു വേദിക്ക് രൂപം നല്കുകയാണ്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി പ്രതിരോധസമിതി വിദ്യാഭ്യാസമേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ പാരമ്പര്യമാണ് ഈ വേദിയുടെ ഊര്‍ജ്ജവും ഉറവിടവും. വിദ്യാഭ്യാസവും സംസ്ക്കാരവും നാഗരികതയും നിലനിന്നുകാണാനാഗ്രഹിക്കുന്ന ഏതൊരാളും ഇത്തരമൊരു പ്രവര്‍ത്തനവുമായി സഹകരിക്കണമെന്നും സഹാദ്ധ്യാപകരെ ഇതിലേക്ക് ബന്ധപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ,
ടീച്ചേഴ്‌സ് യൂണിറ്റി ഫോറം സംസ്ഥാനസമിതിക്കുവേണ്ടി,
ടി. മാധവന്‍, പ്രസിഡന്റ്, 04985 261625
കെ. ബിജിരാജ്,  സെക്രട്ടറി, 9387680303 


NB: എല്ലാ ജില്ലകളിലും ഫോറത്തിന്റെ കോര്‍ കമ്മറ്റികള്‍ രൂപീകരിക്കാനും അംഗങ്ങളും വിദ്യാഭ്യാസവിഷയവിദഗ്ദ്ധരുമായി നടത്തുന്ന ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സമഗ്രവിദ്യാഭ്യാസരേഖ - കേരള എജ്യുക്കേഷന്‍ മെമ്മോറിയല്‍ - തയ്യാറാക്കാനും ഉദ്ദേശിക്കുന്നു.

സെപ്റ്റംബര്‍ 5, അദ്ധ്യാപകദിനത്തില്‍ നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ അവതരിപ്പിക്കുന്ന രേഖ കേരളത്തിലെ രണ്ടാം വിദ്യാഭ്യാസനവോത്ഥാനത്തിന്റെയും അദ്ധ്യാപകപ്രസ്ഥാനത്തിന്റെയും ദിശാസൂചകമായ മാര്‍ഗ്ഗരേഖയായി മാറ്റേണ്ടത് മുഴുവന്‍ അദ്ധ്യാപകരുടെയും വിദ്യാഭ്യാസസ്നേഹികളുടെയും ബാദ്ധ്യതയും ഉത്തരവാദിത്തവുമായി ഞങ്ങള്‍ കരുതുന്നു. അതിനായി പ്രസ്തുത വിഷയത്തിലുള്ള കാഴ്ചപ്പാടുകള്‍ താഴെക്കാണുന്ന വിലാസത്തില്‍ എഴുതി അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കെ. രാജന്‍, മുല്ലക്കൊടി പി.ഒ., കണ്ണൂര്‍ 670602. 
ഫോണ്‍: 9995564312
e-mail: rajanmullakdkodi@gmail.com



No comments: